സത്യം പറയാമല്ലോ, ഒരേ തരം കഥാപാത്രങ്ങളിൽ പെട്ട് ബോറായി തുടങ്ങിയിരുന്നു ഫഹദിന്റെ അഭിനയം. അപ്പൊ ദാ വരുന്നു ആ വാർത്ത : ഫഹദ് അഡ്വാൻസ് തിരികെ നൽകുന്നു...ഒരു ഇടവേള എടുക്കുന്നു...എന്നൊക്കെ. ആദ്യം കേട്ടപ്പോ വിഷമമായി, നല്ലൊരു നടൻ സിനിമയിൽ നിന്നും, താൽകാലികമായെങ്കിലും പിൻവാങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ. പക്ഷെ 'അയാൾ ഞാനല്ല' എന്ന സിനിമ കണ്ടപ്പോ ആ വിഷമം മാറി. ഒരു ഒന്നൊന്നര തിരിച്ചുവരവ്!
കഥ പറയുന്നില്ല. പഴയ ബോംബ് കഥയൊന്നുമല്ല, പക്ഷെ ചിലപ്പോ ഏതെങ്കിലും ഭാഷയിൽ എപ്പോഴെങ്കിലും കണ്ടു മറന്ന ഏതെങ്കിലും സിനിമകളുടെ ചായകൾ കാച്ചിയത് പോലെ തോന്നാം. അതെന്തായാലും കഥ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ അൽപം 'വഴി തെറ്റിയ കുഞ്ഞാടിനെ' പോലെ തിരക്കഥ പോയെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ പടം ഫിനിഷിംഗ് ലൈൻ കടത്തി. ചിരിക്കാൻ കുറേയുണ്ട്. നല്ലൊരു പാട്ടും.
'ഹായ് , ഭഗത് ബാസിൽ ' ! പടം തുടങ്ങി ഫഹദിനെ സ്ക്രീനിൽ കാണിച്ചപ്പോ പിന്നിലിരുന്ന ഒരു കൊച്ചു കുട്ടി പറഞ്ഞതാണ്. ഈ ഒരൊറ്റ പ്രതികരണം മതി ഫഹദ് എന്ന നടന്റെ സ്വീകാര്യത മനസ്സിലാക്കാൻ. ഫഹദ് എന്ന നടനെ, അല്ലെങ്കിൽ അദ്ധേഹത്തിന്റെ സ്ഥിരം മാനറിസങ്ങൾ ഒന്നും തന്നെ ആദ്യ പകുതിയിൽ കാണാൻ കഴിയില്ല. കൊയിലാണ്ടിക്കാരൻ പ്രകാശനായി പുള്ളി തകർത്തു . മൃദുല തന്റെ വേഷം ഭംഗിയാക്കി. ശ്രീകുമാറും, രണ്‍ജി പണിക്കരും, ജിൻസ് ഭാസ്കറും , ദിലീഷും അവരുടെ റോളുകൾ ഗംഭീരമാക്കി.വിനീത് കുമാർ ഇജ്ജാതി ഒരു കിടിലം ആണെന്ന് അറിയില്ലാരുന്നു. രഞ്ജിത്തിന്റെ ഒരു ആവറേജ് കഥ ഇത്രയെങ്കിലും മനോഹരമായി ചെയ്തത് വിനീതിന്റെ കഴിവാണ്.
മനസ്സ് നിറഞ്ഞു ചിരിക്കാൻ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. 'അയാൾ ഞാനല്ല' എന്ന സിനിമക്ക് ടിക്കറ്റ് എടുത്താൽ കാശെന്തായാലും മുതലാവും. സൊ, ഇപ്പൊ തന്നെ വിട്ടോ..തിയട്ടരിലേക്ക്.
വാൽ: ഫഹദാണ് , അവൻ തിരിച്ചു വരും!