Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, March 8, 2016

ഓർമ്മകൾ ഉണ്ടായിരിക്കണം

"അവൾ ...അവൾ വല്ലാതെ മാറിപ്പോയെടാ ". ഒരു സുഹൃത്ത് അവന്റെ സുഹൃത്തിനെ പറ്റി പറഞ്ഞതാണ്. ഒരു കാലത്ത് അവളുടെ എല്ലാം പറയാനും , കരയാനും ചിരിക്കാനും എല്ലാം അവൻ വേണമായിരുന്നു പോലും. ഇപ്പൊ നോ തിരിഞ്ഞു നോട്ടം.

ഭൂതകാലം ഓർമ്മകളാൽ നിർമ്മിക്കപ്പെട്ട ഒരു കൂടാരമാണ്. അമ്മൂമ്മയുടെ ദോശയുടെ സ്വാദും, അപ്പൂപ്പന്റെ കഥകളുടെ ഭംഗിയും, അച്ഛന്റെ സ്നേഹമുള്ള ശകാരത്തിന്റെ ചൂടും, അമ്മയുടെ സങ്കടങ്ങളുടെ ചുരുളും, ചേച്ചിയുടെയോ ചേട്ടന്റെയോ വീരേതിഹാസങ്ങളുടെ കഥകളും...അങ്ങനെ പലതും ആ കൂടാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും തെളിഞ്ഞു കിടക്കുന്ന ഒന്നാണ് സൗഹൃദങ്ങൾ.

ആണായാലും പെണ്ണായാലും , സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ, ആ ഓർമകൾക്ക് ഒരു പ്രത്യേക സുഖമുണ്ട്. നിങ്ങൾക്ക് താങ്ങായും, ചില സമയത്ത് നിങ്ങൾക്കിട്ട് തന്നെ 'താങ്ങാനും', ഒരു support എന്നതിലുപരി ഒരു വലിയ ക്യാനവാസ്സിൽ പെടുത്താവുന്ന ബന്ധങ്ങളാണ് പല സൗഹൃദങ്ങളും. പക്ഷെ, ജീവിതത്തിൽ പല തലങ്ങളിലേക്ക് പറക്കുമ്പോഴും ചിലർ അത് മറക്കുന്നു...സൗകര്യപൂർവ്വം.

ജീവിതത്തിൽ പുതിയത് പലതും വരാം. പണം, പദവി, പുതിയൊരു കുടുംബം, പുതിയ സൗഹൃദങ്ങൾ...അതൊന്നും തെറ്റല്ല . പക്ഷെ, സുഖലോലുപതയുടെയും പണക്കെട്ടുകളുടെയും ചിലവിൽ, കാലം മായ്ക്കുന്ന ജീവിത കെട്ടുകാഴ്ച്ചകൽക്കിടയിലും , നാം എങ്ങനെ, എവിടുന്നു, വന്നു എന്ന് മറക്കരുത്. അക്കൂട്ടത്തിൽ ഒരു കാലത്ത് കൂടെ നിന്ന സൗഹൃദങ്ങളേയും.

ഓർമ്മകൾ ഉണ്ടായിരിക്കണം!

Thursday, March 3, 2016

വേട്ട



ആദ്യമായി ശ്രീ രാജേഷ്‌ പിള്ളയ്ക്ക് ആദരാഞ്ജലികൾ!

ത്രില്ലർ ഗണത്തിലുള്ള സിനിമകൾ ആവോളം മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ, mind game അടിസ്ഥാനമാക്കി ഒരു ത്രില്ലർ അധികം ഉണ്ടായിട്ടുണ്ടോ എന്ന് എന്റെ അറിവിലില്ല. അത്തരത്തിൽ, ആ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് രാജേഷ്‌ പിള്ളയുടെ 'വേട്ട'.

വേട്ട - സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് കഥ നീങ്ങുന്നത്. ജീവിതം ഒരു വേട്ടയാണ്, ആര് വേട്ടയാടണം , ആര് വേട്ടയാടാപ്പെടണം എന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് - സിനിമ തുടങ്ങുന്നത് തന്നെ ഈയൊരു ആമുഖത്തോട് കൂടിയാണ്. ആ വരികളോടും സിനിമയുടെ പേരിനോടും ഏതാണ്ട് നല്ല പോലെ തന്നെ നീതി പുലർത്തിയിട്ടുണ്ട് സംവിധായകനും കഥാകൃത്തും.

സിനിമയുടെ ആദ്യ പകുതി അക്ഷരാർഥത്തിൽ കിടുക്കിക്കളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഒരു പിടിയും കിട്ടാത്ത രീതിയിൽ , വളരെ വേഗത്തിലും ചടുലതയിലും നീങ്ങുന്ന തിരക്കഥ, കയ്യടക്കമുള്ള തിരക്കഥ - അങ്ങനെ എന്ത് കൊണ്ടും ത്രില്ലടിപ്പിച്ച ആദ്യ പകുതി. എന്നാൽ ആ ഒരു താളം രണ്ടാം പകുതിയിൽ ഉണ്ടായിരുന്നില്ല. ആസ്വാദനത്തെ അത് ബാധിചെങ്കിലും, കഥയ്ക്ക് ആവശ്യമായത് കൊണ്ട് കുറ്റം പറയാൻ പറ്റില്ല. പിന്നെ, അല്ലറ ചില്ലറ ലോജിക്ക് ഇല്ലായ്മകൾ, അല്ലെങ്കിൽ അസ്വാഭിവകത അനുഭവിച്ച ഒന്ന് രണ്ടു രംഗങ്ങൾ ഒഴിവാക്കിയാൽ , ഒരു സാമൂഹ്യ വിഷയം ചർച്ച ചെയ്ത നല്ലൊരു ത്രില്ലർ  സിനിമയാണ് 'വേട്ട'. കുഞ്ചാക്കോയുടെ കഥാപാത്രം മറ്റുള്ളവരുടെ ചിന്തകളെ manipulate ചെയ്യുന്നതൊക്കെ കിടിലം ആണ്.

ചിരിയിൽ ഒളിപ്പിച്ച ചതിയും, തന്ത്രവും , ദുഖവും , പകയും എല്ലാം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. കരിയർ ബെസ്റ്റ് എന്നൊന്നും പറയാനവില്ലെങ്കിലും , ആദ്യ പകുതിയിൽ അദ്ദേഹം തകർത്തു. ഇന്ദ്രജിത്തിന്റെ പോലീസ് റോളും നന്നായിരുന്നു. manipulated ആവുന്ന അവസ്ഥയൊക്കെ അദ്ദേഹം നന്നായി തന്നെ  പകർത്തിയിരിക്കുന്നു. മഞ്ജു വാരിയരുടെ റോൾ അത്ര അഭിനയ പ്രാധാന്യം ഉള്ളതായിരുന്നില്ലെങ്കിലും, പലരും പറഞ്ഞത് പോലെ വെറുപ്പീരൊന്നും ആയിരുന്നില്ല. ക്യാമറയും പശ്ചാത്തല സംഗീതവും മികച്ചു നിന്നു.

മലയാളത്തിലെ നവയുഗ സിനിമയുടെ തുടക്കം രാജേഷ്‌ പിള്ളയുടെ തന്നെ 'ട്രാഫിക്' എന്ന സിനിമയിലൂടെ ആയിരുന്നു എന്ന് വേണം കരുതാൻ. അതൊരു വ്യത്യസ്ത മേക്കിംഗ് ആയിരുന്നു. 'മിലി'യും  വ്യത്യസ്ത പാതയിലൂടെ സഞ്ചരിച്ച സിനിമ ആയിരുന്നു. 'വേട്ട'യും  മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്. വ്യത്യസ്തത  തേടിക്കൊണ്ടിരുന്ന , പ്രതിഭാധനനായ ഒരു സംവിധായകനെ ആണ് നമുക്ക് നഷ്ട്ടപ്പെട്ടത്‌. ഒരുപാട് നല്ല സിനിമകൾ  നമുക്ക് നൽകാൻ ബാക്കി വെച്ച്, മൺ മറഞ്ഞു പോയ ആ പ്രതിഭയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.

'വേട്ട' കാണണം. സ്വപ്നങ്ങളുമായി സ്വർഗ്ഗമേറിയ ഒരു ആത്മാവിന്റെ പ്രതിഭയുടെ സ്പർശമാണ് ഈ സിനിമ. അത് കാണാതെ പോകരുത്.