Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, February 13, 2018

ഹേ ജൂഡ്



ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ഉള്ള മനുഷ്യരോട് നമ്മളിൽ ഭൂരിഭാഗവും വാരിക്കോരി കൊടുക്കുന്ന ഒന്നാണ് സഹതാപം. സഹതാപത്തിനപ്പുറം അവർ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ അർഹിക്കുന്ന ഒന്നാണ് നമ്മളെ പോലെയുള്ളവർ വിഹരിക്കുന്ന , നമ്മൾ 'നോർമൽ' എന്ന് അടയാളപ്പെടുത്തുന്ന ലോകത്തിന്റെ ഭാഗമായി അവരെ കാണുക എന്നത്. എന്നാൽ നമ്മൾ കൂടി ഭാഗമായ ഈ സമൂഹത്തിൽ അങ്ങനെയൊരു പരിഗണന പലപ്പോഴും ഈ കൂട്ടർക്ക് ലഭിക്കാറില്ല എന്നതാണ് വസ്തുത. ആ രീതിയിൽ കേരളം കാണേണ്ട സിനിമയാണ് 'ഹേ ജൂഡ് '.

'Asperger Syndrome' എന്ന വളരെ മൈൽഡ് ആയ ഓട്ടിസ്റ്റിക് സ്വഭാവ സവിശേഷതകൾ കാണിക്കുന്ന ഒരാളാണ് ജൂഡ്. തന്റേതായ ഒരു ലോകം നിർമ്മിച്ച്, ആ ലോകത്തിലേക്ക് 'നോർമൽ' ലോകത്തിന്റെ അറിവുകളെ സന്നിവേശിപ്പിച്ചു, ചെറിയ ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒരു സാധു. തന്റെ മകന് ഇങ്ങനെയൊരു അവസ്‌ഥ ഉണ്ടെന്നു അറിയാതെ, ജീവിതത്തെ നേരിടാൻ മടിയായി നടക്കുന്ന ഒരാളാണെന്ന് കരുതുന്ന അച്ഛൻ. സാഹചര്യവശാൽ കണ്ടുമുട്ടുന്ന , മറ്റൊരു മാനസിക വൈകല്യത്തിന് ഇരയായ, ക്രിസ്  എന്ന പെൺകുട്ടിയും , മാനസികരോഗ വിദഗ്ദ്ധൻ ആയ അവളുടെ അച്ഛനും.  ഈ നാല് പേരാണ് സിനിമയുടെ തുടിപ്പ്. ഒരിക്കലും ഒരു സുഹൃദ്ബന്ധം സാധ്യമല്ലാത്ത, രണ്ടു ധ്രുവങ്ങളിലുള്ള മാനസിക നിലകളുള്ള രണ്ടു പേർ  തങ്ങളുടെ സൗഹൃദം വളരുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

നിവിൻ പോളി എന്ന നടൻ തന്റെ comfort zone-ഇൽ  നിന്നും പുറത്തേക്ക് വന്നു ചെയ്ത ഒരു കഥാപാത്രമാണ് ജൂഡ്. വളരെ മിതമായി, തന്മയത്വത്തോട് കൂടിത്തന്നെ നിവിൻ ജൂഡിനെ ചെയ്തിരിക്കുന്നു. വിജയ് മേനോൻ ആണ് മറ്റൊരു  മികച്ച പെർഫോർമർ. തൃഷയും സിദ്ദിക്കും പ്രതീക്ഷിച്ച പോലെ തന്നെ നന്നായിരുന്നു. ചുരുക്കത്തിൽ, നല്ലൊരു ഫീൽ ഗുഡ് സിനിമാക്കപ്പുറം , സമൂഹത്തിന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ സാധിക്കുന്ന സിനിമയാണ്  'ഹേ ജൂഡ്'. വലിയ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടി, ചെറിയ സന്തോഷങ്ങൾ അനുഭവിക്കാൻ  മറക്കുന്ന ഒരു 'നോർമൽ' സമൂഹത്തിന് , ചെറിയ ആഗ്രഹങ്ങൾ തേടി , അത് നേടുമ്പോൾ വലിയ സന്തോഷങ്ങൾ അനുഭവിക്കുന്ന  ജൂഡിന്റെ കഥ ഒരു പാഠമാണ്.