Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, May 29, 2018

ആ ഭാ സം



ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാർത്തി നോക്കിക്കാണുന്ന സിനിമയാണ് 'ആഭാസം'.

ഡെമോക്രസി എന്ന ബസ് ട്രാവൽസും അവരുടെ തന്നെ 'ഗാന്ധി', 'ജിന്ന', 'ഗോഡ്‌സെ', അംബ്ദേക്കർ ' തുടങ്ങിയ ബസ്സുകളും മറ്റും നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ പല ഇടങ്ങളിലായി ഇടപെടലുകൾ നടത്തിയ വ്യക്തികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഓരോ സീനിലും, ഇടവേള വരെ എങ്കിലും, രാഷ്രീയമായോ സാമൂഹികമായോ ചിന്താപരമായോ ഉള്ള ഒരു റഫറൻസ് എങ്കിലും സംവിധായകൻ ഉൾപ്പെടുത്തുന്നുണ്ട്. 'ഗാന്ധിക്ക്' അള്ളു വെയ്ക്കുന്ന 'ഗോഡ്‌സെ' ബസിന്റെ കിളി, സ്ത്രീ ശരീരങ്ങളെ കാമക്കണ്ണോടു മാത്രം നോക്കിക്കാണുന്ന ഒരു കുട്ടിയുടെ അച്ഛൻ, മനസ്സിൽ കപടസദാചാരവും പുറമെ കമ്മ്യൂണിസ്റ്റിന്റെ തോലും അണിയുന്ന കപട സഖാവും, മൂന്നാം ലിംഗക്കാരോട് സമൂഹത്തിനുള്ള അറപ്പും, കൂട്ടം തെറ്റി സ്വന്തം വഴി തേടി പോയി അവസാനം ചതഞ്ഞരഞ്ഞു പോയ ഒരു ഉള്ളിയും.....അങ്ങനെ സമൂഹത്തിലുള്ള പലതിനോടും സംവിധായകൻ കണക്ട് ചെയ്തിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ കപടതകളും രാഷ്ട്രീയവും അരാഷ്ട്രീയവും എല്ലാം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.

അഭിനേതാക്കളിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും സുരാജിന്റെ പ്രകടനം ഉയർന്നു നിന്നു. കോപ്രായ പ്രകടനങ്ങളിൽ നിന്നും കയ്യടക്കമുള്ള ഒരു നടനായി മാറിയ സുരാജിന്റെ വളർച്ച അഭിനന്ദനാർഹം തന്നെ. ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിച്ചത് കൊണ്ടും, കഥാപാത്രങ്ങളുടെ ആധിക്യം കൊണ്ടും പാതിരാത്രിയിൽ വഴി തെറ്റിപ്പോയ ഒരു ബസ്സിന്റെ അവസ്ഥ തന്നെ സിനിമക്കും രണ്ടാം പകുതിയിൽ  വരുന്നുണ്ട്. എങ്ങോട്ടെന്നില്ലാതെ പോയി എങ്ങനെയോ സിനിമ അവസാനിച്ചു. പക്ഷെ, ആ ക്ലൈമാക്സ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമാണ്. കാണാവുന്ന കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് 'ആഭാസം'. പക്ഷെ, ഒഴുക്കില്ലാത്ത രണ്ടാം പകുതി ഒരു പക്ഷെ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

ജനാധിപത്യം എന്നർത്ഥം വരുന്ന ബസ്സ് കാവിമുണ്ടും കയ്യിൽ ഏലസ്സുകളും ഉള്ള ഒരു വ്യക്തിയുടെ കയ്യിലാണ് എത്തിപ്പെടുന്നത്. അതും അയാൾ ചതിയിലൂടെ കയ്യിലാക്കുന്നതും. ആ വണ്ടി 'Welcome to Gods Own Country' എന്ന ബോർഡ് താണ്ടി വരുന്നത് കേരളത്തിലേക്കാണ്. ഒന്ന് സൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. 

Wednesday, May 2, 2018

അങ്കിൾ


മമ്മൂട്ടി ചിത്രങ്ങൾക്ക് തിളക്കം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് , മുൻവിധികളോടെയാണ് 'അങ്കിൾ' എന്ന സിനിമക്ക് ടിക്കറ്റു എടുത്തത്. റിലീസുകൾക്ക് പഞ്ഞമില്ലെങ്കിലും, ഒരു തികഞ്ഞ വിജയചിത്രം അവകാശപ്പെടാൻ മമ്മൂട്ടിക്ക് ഒരു പക്ഷെ വർഷങ്ങൾ പിന്നോട്ട് പോകേണ്ടി വന്നേക്കാം. എല്ലാം തികഞ്ഞ ഒരു സിനിമ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും, കാണാതെ പോകേണ്ട ഒരു കാഴ്ച അല്ല ഈ സിനിമ. 'അങ്കിൾ' മുന്നോട്ടു വെയ്ക്കുന്ന വിഷയവും രാഷ്ട്രീയവും കാലികവും കാണേണ്ടതുമാണ്.
സ്ത്രീജിതനായ ഒരു സുഹൃത്തിനൊപ്പം മണിക്കൂറുകൾ നീളുന്ന ഒരു കാർ യാത്രയിൽ തന്റെ മകളുണ്ട് എന്നറിയുന്ന ഒരു മനുഷ്യൻ. ഒരച്ഛന്റെ ആകുലതകളും, ആത്മസുഹൃത്തിനെ സംശയിക്കേണ്ടി വരുമോ എന്നുള്ള ഒരു സുഹൃത്തിന്റെ മനോവ്യാപാരങ്ങളും കലഹിക്കുന്ന മനസ്സുമായി അയാൾ നിമിഷങ്ങൾ തള്ളി നീക്കുന്നു. ആ കാർ യാത്രയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളും , ആ വിഷയങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ആകുലതകളുമാണ് ഈ സിനിമ.
ഈ സിനിമയുടെ ഏറ്റവും interesting ആയിട്ടുള്ള ഭാഗം ആദ്യ പകുതിയാണ്. തികച്ചും കയ്യടക്കമുള്ള സ്ക്രിപ്റ്റിങ് ആ ഭാഗങ്ങളെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്നു. അച്ഛന്റെ ആത്മസുഹൃത്തായ കെ കെ ശരിക്കും ആരാണ്, എങ്ങനെയുള്ള മനുഷ്യനാണ് , എന്തിനാണ് അയാൾ ആ പെൺകുട്ടിയെ പല വഴികളിലൂടെ കൊണ്ട് പോകുന്നത് ...അങ്ങനെ പല ചോദ്യങ്ങൾ ആദ്യ പകുതി ബാക്കി വെയ്ക്കുന്നു. നെഗറ്റീവ് ഷേഡ് ഉള്ള കെ കെ യും , ഒരു റോഡ് മൂവി മൂഡിൽ കടന്നു പോകുന്ന രംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ ആ ഒരു കയ്യടക്കം കൈ വിട്ടു പോകുന്നതായി തോന്നി. ആദ്യ പകുതി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പെട്ടെന്ന് ഉത്തരങ്ങൾ തരാനുള്ള വ്യഗ്രതയിൽ, സിനിമയുടെ മൂഡ് വല്ലാതെ മാറി. അതിന്റെ കൂടെ, ആവശ്യമില്ലാതിരുന്ന പാട്ടുകളും.
മമ്മൂട്ടിയുടെ കയ്യിൽ കെ കെ എന്ന ക്യാരക്ടർ ഭദ്രമായിരുന്നു. പക്ഷെ, അദ്ദേഹത്തേക്കാളും മികച്ചു നിന്നത് ജോയ് മാത്യു അവതരിപ്പിച്ച വിജയൻ ആയിരുന്നു. വളരെ കൺട്രോൾഡ് ആയിട്ടുള്ള ഒരു പെർഫോമൻസ്. ചില രംഗങ്ങളിൽ വളരെ amateurish ആയിട്ടുള്ള ക്യാമറ വർക്ക് അനുഭവപ്പെട്ടു. ഷൂട്ട് ചെയ്ത സ്ഥലങ്ങളും പശ്ചാത്തലസംഗീതവും മനോഹരമായിരുന്നു.
കാലികപ്രസക്തിയുള്ള ഒരു വിഷയം , അതുറക്കെ പറയാൻ സിനിമയെന്ന മാധ്യമം ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ല. സദാചാരത്തിന്റെ പേരിൽ മറ്റുള്ളവന്റെ കക്കൂസിൽ വരെ ഇടപെടുന്ന ഒരു സമൂഹത്തിന് ഇങ്ങനെയെങ്കിലും ഒരു കൊട്ട് കൊടുക്കുന്നത് നല്ലത് തന്നെ. 'അങ്കിൾ' അർഹിക്കുന്ന വിജയം നേടിയാലും ഇല്ലെങ്കിലും, സിനിമ പറയുന്ന സന്ദേശം പ്രസക്തമാണ്. ആ സന്ദേശം വിജയിച്ചേ മതിയാകൂ !