Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, August 17, 2014

ഞാൻ സ്റ്റീവ് ലോപ്പസ് :

ഞാൻ സ്റ്റീവ് ലോപ്പസ് :

ബാംഗ്ലൂരിൽ ഈ പടം എപ്പോ വരും എന്ന് കാത്ത് കാത്തിരുന്ന് അവസാനം ആ സുദിനം വന്നെത്തി. ഒരുപാട് നല്ല റിവ്യുസ് വായിച്ച ശേഷമാണ് (മോശമായി ഒന്നും ആരും എഴുതിക്കണ്ടില്ല) ഞാൻ പടത്തിനു പോയത്. ഒള്ളത് പറയാമല്ലോ, തികച്ചും വ്യത്യസ്തമായ ഒരു സിനിമ തന്നെയാണ് "ഞാൻ സ്റ്റീവ് ലോപ്പസ്", കഥയിൽ അല്ല...കഥപറച്ചിലിൽ.
സിനിമയെ ഒരു വിനോദ മാധ്യമം എന്ന നിലയിൽ മാത്രം  കാണുന്ന ഒരു പ്രേക്ഷകന് ഈ സിനിമ അത്ര ദഹിക്കില്ല. പഞ്ച് ഡയലോഗുകളോ കണ്ണഞ്ചിപ്പിക്കുന്ന നൃത്ത രംഗങ്ങളോ സംഘട്ടനങ്ങളോ ഇതിൽ ഇല്ല. ചിരിച്ചു മറിയാൻ പറ്റിയ തമാശകളും ഇല്ല. പിന്നെന്തു തേങ്ങയാണ് ഈ പടത്തിൽ ഉള്ളതെന്ന് ചോദിച്ചാൽ എന്റെ ഉത്തരം , "പോയി കാണു സുഹൃത്തേ " എന്നാണു. ആരെങ്കിലും എഴുതി വെച്ചത് വായിച്ചോ അല്ലെങ്കിൽ ദ്രിശ്യ മാധ്യമങ്ങളിൽ വരുന്ന മുഖാമുഖം പരിപാടികൾ കണ്ടോ വിലയിരുത്തേണ്ട ഒരു ചിത്രമല്ല 'സ്റ്റീവ് ലോപ്പസ്'. അത് കണ്ടു തന്നെ ജഡ്ജ് ചെയ്യേണ്ട സിനിമയാണ്.
വളരെ കൃത്യമായ തിരക്കഥ. കയ്യടക്കമുള്ള സംവിധാനം. നല്ല സംഗീതം. ക്യാമറയും നന്നായി. ഫർഹാൻ ഫാസിൽ, ചേട്ടന്റെ ഏഴയലത്ത് എത്തിയിട്ടില്ലെങ്കിലും, ഭാവിയുള്ള നടൻ ആണെന്ന പ്രതീതി നല്കി. അഹാന കയ്യടക്കമുള്ള അഭിനയം കാഴ്ച വെച്ചു. അഭിനയിച്ച ബാക്കി എല്ലാവരും തന്നെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്.
പലരും പലയിടത്തും എഴുതി വെച്ചതു പോലെ "അതി ഭയങ്കരമായ" ഒരു സിനിമ ഒന്നുമല്ല 'സ്റ്റീവ് ലോപ്പസ്'. പക്ഷെ മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. മേക്കിംഗ് ആണ് ഈ സിനിമയുടെ വ്യത്യസ്തത...ഈ സിനിമയുടെ ജീവനും.

വാൽ: സിനിമ കാണാൻ പോകുന്നതിനു മുൻപ് ടി വിയിൽ ഫർഹാൻ ഫാസിലിന്റെ ഒരു ഇന്റർവ്യു ഉണ്ടായിരുന്നു. അതിൽ അദ്ദേഹം പറയുന്നുണ്ട് "ഞാൻ സ്റ്റീവ് ലോപ്പസ്' ഒരു പ്രത്യേക സിനിമാ ഗണത്തിൽ പെടുന്നതല്ല എന്ന്. അത് അക്ഷരം പ്രതി ശെരി വെക്കുന്നതായിരുന്നു  സിനിമ. എന്നതായാലും, 'വിക്രമാദിത്യൻ', 'അവതാരം' എന്നീ സിനിമകളേക്കാൾ വളരെ നല്ല സിനിമയാണ് 'സ്റ്റീവ് ലോപ്പസ്'.

Sunday, August 10, 2014

ഹെർക്കുലീസ്

ഹെർക്കുലീസ്( ആംഗലേയം):
ഞാൻ പൊതുവെ ഈ ടൈപ്പ് പടങ്ങൾ കാണാറില്ല. വേറൊന്നും കൊണ്ടല്ല, ഇത്തരം സിനിമകളിൽ കഥ ഒന്നുകിൽ നമുക്ക് നേരത്തെ അറിയാവുന്നതായിരിക്കും, അല്ലെങ്കിൽ കഥ പുഷ്പം പോലെ ഊഹിക്കാവുന്നതയിരിക്കും. നായകൻ വരുന്നു, ഒരു ചെറിയ സെറ്റപ്പിൽ അടി, ഇടി, പോക ...പിന്നെ വില്ലന്റെ കൌണ്ടർ തന്ത്രങ്ങൾ..എന്തൊക്കെയായാലും വിഷ്വൽ എഫ്ഫെക്ട്സ് തീർക്കുന്ന പുക മറ മായുമ്പോഴേക്കും നായകൻ എങ്ങനെയെങ്കിലും ജയിക്കും. ക്യാപ്റ്റൻ അമേരിക്ക കാണാൻ പോയപ്പോഴും ഇതേ ലൈൻ ആയിരുന്നു.

ഹെർക്കുലീസ് എന്ന 'പകുതി ദൈവം പകുതി മനുഷ്യൻ' അവർകളുടെ ഐതിഹ്യത്തിലൂടെയാണ് തുടക്കം. മറ്റൊരു സ്ഥിരം പുരാണ ഹീറോയിസം കാണാൻ തയ്യാറായ എന്നെ പക്ഷെ കഥ എഴുതിയ ആൾ ഞെട്ടിച്ചു (പറ്റിച്ചു  എന്നും പറയാം) കളഞ്ഞു. നമ്മൾ കേട്ട് പഴകിയ പല ഇതിഹാസങ്ങളും പറഞ്ഞു പെരുപ്പിച്ച കെട്ടുകഥകൾ ആണെന്ന് ഒരു ചെറിയ ഒര്മാപ്പെടുത്തൽ ആണ് ഈ സിനിമ. പക്ഷെ, ഹെർക്കുലീസ് മഹാശക്തൻ തന്നെ , ഈ പടത്തിൽ. ശങ്കരൻ വീണ്ടും മാധവന്റെ ഷാപ്പിൽ തന്നെ എന്ന് പറഞ്ഞത് പോലെ പടം കുറെ ബഹളങ്ങളിലൂടെ കടന്നു പോയി, ഹീറോയിസത്തിന്റെ അതി പ്രസരത്തിലൂടെ നായകൻ ജയിക്കുന്നു. ഹെർക്കുലീസ് ശെരിക്കും മനുഷ്യനാണോ അതോ സ്യുസ് ദേവന്റെ മകനാണോ എന്ന ഉത്തരം നമ്മുടെ ബുദ്ധിക്കു വിട്ടിട്ടു പടം  തീരുന്നു. എന്താണേലും, ഇംഗ്ലീഷ് സിനിമകളുടെ സംഘട്ടന രംഗങ്ങളും , യുദ്ധ രംഗങ്ങളും, വിഷ്വൽ ഗിമിക്കുകളും അപാരം തന്നെ. ഹാറ്റ്സ് ഓഫ്‌ !

ഇതൊരു മോശം സിനിമ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. ഡ്വവയ്ണ്‍ ജോണ്‍സൻ (റോക്ക് ) നന്നായി തന്നെ തന്റെ കഥാപാത്രം അഭിനയിച്ചു വെച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും, ആക്ഷൻ രംഗങ്ങളും എല്ലാം നല്ലത് തന്നെ. പക്ഷെ, ഒരു ക്ലാസ്സ്‌ വാർ മൂവി അല്ലെങ്കിൽ പീരീഡ്‌ മൂവി എന്നൊന്നും ഇതിനെ പറയാനാവില്ല( ബെൻഹരും , ട്രോയിയും ഒക്കെ നമ്മുടെ മുന്നിലുണ്ട്). പിന്നെ, ഒട്ടും പ്രവച്ചനാതീതമല്ലാത്ത തിരക്കഥയും.റോക്കിനെ ഇഷ്ടപ്പെടുന്നവർക്കും ആക്ഷൻ ആസ്വദിക്കുന്നവർക്കും ഒരു വണ്‍ ടൈം വാച്ച് ആണ് ഹെർക്കുലീസ്!

വാൽ: പഴയ റോക്ക് പടങ്ങളിൽ പുള്ളിയുടെ മുഖവും പേരും ഒരു പോലെയായിരുന്നു --- റോക്ക് പോലെ, നോ വികാരംസ്...പക്ഷെ ഇതിൽ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയാമെന്നു പുള്ളി തെളിയിച്ചിട്ടുണ്ട്. റോക്ക് റോക്ക്ഡ് !

Monday, August 4, 2014

ഒരു മാരത്തോണ്‍ സിനിമ സായാഹ്നം

ഒരു മാരത്തോണ്‍ സിനിമ സായാഹ്നം:
എനിക്ക് സിനിമ ഒരു ആവേശമാണ്. ചില സമയത്ത് ആരെന്തു പറഞ്ഞാലും, ഒരു സിനിമ കാണണമെന്ന് തോന്നിയാൽ പോയി കണ്ടിരിക്കും. ചിലപ്പോ പടം നന്നായിരിക്കും, മറ്റു ചിലപ്പോ അതി ഭീകരമാം വിധം കൂതറയും ആയിരിക്കും. എന്തായാലും ഇന്നലെ രണ്ടു മലയാളം സിനിമകൾ ഒന്നിന് പിറകെ ഒന്നായി കണ്ടു.
വിക്രമാദിത്യൻ:
പലരും പറഞ്ഞു, പോകണ്ടാന്നു. കേട്ടില്ല. പോയി. ലാൽ ജോസ് എന്ന സംവിധായകനെ ബഹുമാനമുള്ള ഒരു ആളെന്ന നിലയിൽ, അദ്ധേഹത്തിൽ മാത്രം പ്രതീക്ഷ അർപ്പിച്ചാണ് പോയത്. പടം പോരാ. ആദ്യ പകുതി നന്നായി ഇഴഞ്ഞു. രണ്ടാം പകുതി ഇത്തിരി വേഗത്തിൽ ഇഴഞ്ഞു എന്ന് മാത്രം ( എഡിറ്റിംഗ് സമയത്ത് ലാൽ ജോസ് ലോക പര്യടനത്തിനു പോയേക്കുവാരുന്നു എന്ന് കേട്ടു, പര്യടനം പൊളിഞ്ഞു, ഇവിടെ ഇരുന്നിരുന്നെങ്കിൽ ഈ പടം അല്പം കൂടി മെച്ചപ്പെട്ടേനെ). കുറ്റം പറയരുതല്ലോ, ദുൽഖർ ഭായ് കലക്കി. പുള്ളിയുടെ മറ്റു പടങ്ങളിൽ ഇല്ലാതിരുന്ന, വികാര-ഭാവ ഇത്യാദികൾ മുഖത്ത് വന്നു. പിന്നെ, അനൂപ്‌ മേനോൻ, നല്ല പ്രകടനം. പുള്ളി ഇങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങളെ ഇനിയും സ്വീകരിക്കുകയാണെങ്കിൽ, നല്ലൊരു സ്വഭാവനടൻ ആയിതീരാനുള്ള എല്ലാ ചേരുവകളും അദ്ധേഹത്തിന്റെ അഭിനയതിലുണ്ട്. ബാക്കി ഒന്നും പറയാൻ മാത്രമില്ല. ഒരു ടൈം പാസ്‌ മൂവി. അത്രേയുള്ളൂ. ( അത്രയ്ക്കുമില്ല എന്നും ഒരഭിപ്രായമുണ്ട്)
വാൽ : ലാൽ ജോസ് സർ, ഒരു ചെറിയ കഥയൊക്കെ ഉണ്ടായിരുന്നു. പക്ഷെ, അങ്ങട് കലങ്ങീല്ല !
അവതാരം:
വിക്രമാദിത്യൻ കണ്ടിറങ്ങിയപ്പോ വീണ്ടും ഒരു ബോധോദയം. എന്നാ പിന്നെ "അവതാരം" കൂടി കണ്ടേക്കാം. സുഹൃത്തുക്കൾ പറഞ്ഞു വേണ്ട വേണ്ട എന്ന്. ഞാൻ പറഞ്ഞു, ഫേസ്ബുക്കിൽ ഒക്കെ അത്യാവശ്യം പോസിറ്റീവ് അഭിപ്രായങ്ങൾ വന്നതാ, കണ്ടേക്കാം. ഞാൻ ഫേസ്ബുക്ക്‌ ബുജികളെയും എന്റെ ഫ്രണ്ട്സ് എന്നെയും വിശ്വസിച്ചു പടത്തിനു കയറി. പടം കാണാൻ അധികം ആൾകൂട്ടം ഒന്നുമില്ലായിരുന്നു. പടം തുടങ്ങി ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോഴേക്കും രണ്ടു വശത്ത് നിന്നും കൂർക്കം വലി കേട്ട് തുടങ്ങി. സ്ഥിരം ക്ലിഷേ കഥ. ദിലീപിന്റെ സ്ഥിരം 'ആക്ഷൻ' ഐറ്റംസ്. ആർക്കും മനസ്സിലാക്കാവുന്ന ട്വിസ്റ്റ്‌. ഒരു ആവശ്യവുമില്ലാത്ത കുറച്ചു പാട്ടുകളും കഥാപാത്രങ്ങളും ( നായിക ഇല്ലാത്ത ഒരു സോളിഡ് ആക്ഷൻ/ ത്രില്ലർ എന്ന് വരുമോ എന്തോ ). തുറന്നു പറഞ്ഞാ, പടം ഒട്ടും അങ്ങട് ഇഷ്ടായില്ല. അധികം ഒന്നും പറയാനില്ല. കാശ് പോയി , അത്ര മാത്രം.
വാൽ: പടം കഴിഞ്ഞു ഇറങ്ങിയപ്പോ എന്റെ സുഹൃത്ത്‌: 'ജോഷി നമ്മളെ ചതിച്ചു അളിയാ'. സത്യം. എന്ത് പറ്റി ജോഷി സാറിനു ?
ഒരു പൊതു വാൽ: ദുൽഖരിനു വേണ്ടി 'വിക്രമാദിത്യനും', കട്ട ദിലീപ് ഫാൻസ്‌ ആണെങ്കിൽ 'അവതാരവും' കാണാം.