Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, October 12, 2014

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ:

ബംഗ്ലൂരിൽ 'വെള്ളിമൂങ്ങ' വൈകിയാണ് പറന്നെത്തിയത്‌. അതിനാൽ തന്നെ സിനിമയെ കുറിച്ച് കുറെ ഓണ്‍ലൈൻ നിരൂപണങ്ങൾ വായിച്ചിരുന്നു. അതിലധികവും സിനിമ വളരെ നല്ലതാണ് എന്ന രീതിയിലായിരുന്നു. രണ്ടു ദിവസം ടിക്കെറ്റ് നോക്കിയെങ്കിലും നല്ല തിരക്കായതു കാരണം മൂന്നാം ദിവസം ആണ് ടിക്കറ്റ്‌ തരപ്പെട്ടത്. തിയറ്ററിലെ സഹ സിനിമാ ആസ്വാദകരും നിരൂപണങ്ങൾ വായിച്ചിട്ടുണ്ടാകണം, കാരണം, നിറഞ്ഞ കയ്യടികളോടെയാണ് സിനിമയെ അവർ വരവേറ്റത്. സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ സിനിമ വിജയിക്കുന്ന അപൂർവ കാഴ്ച്ച.

ഇടി-വെടി, അണ്ടകടാഹം, കൂറ ഫലിതം, ബ്രഹ്മാണ്ഡം - ഇത്യാദി സിനിമകൾക്കിടയിൽ യാതൊരു ബഹളവുമില്ലാതെ പറന്നിറങ്ങി പ്രേക്ഷക വിജയത്തിന്റെ കതിരും കൊത്തി പറന്നുയരുകയാണ് ഈ 'വെള്ളിമൂങ്ങ'. ലോജിക് പലയിടങ്ങളിലും നമ്മൾ പോക്കെറ്റിൽ വെയ്ക്കേണ്ടി വരുമെങ്കിലും, നല്ലൊരു നന്മയുള്ള സിനിമയാണ് 'വെള്ളിമൂങ്ങ'. രാഷ്ട്രീയക്കളരിയിലെ നേരും നെറിയും കെട്ട അടവുകൾ പലപ്പോഴും പല സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്- നർമ്മത്തിലൂടെയും അല്ലാതെയും. എന്നാൽ, ഈ സിനിമ അതെ സാധനം വ്യത്യസ്തമായ രീതിയിൽ ആണ് പറഞ്ഞു പോകുന്നത്. നാൽപ്പതുകളിൽ അവിവാഹിതനായ 'ചെറുപ്പക്കാരന്റെ' പ്രശ്നങ്ങളും, പ്രണയവും, രാഷ്ട്രീയവും - എല്ലാം നന്നായി തന്നെ പറയുന്നുണ്ട്.  കണ്ടു മറന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നർമ്മത്തിന്റെ ഭാഷയിൽ പറഞ്ഞു ആ രാഷ്ട്രീയക്കൂട്ടങ്ങൾക്ക് ഒരു കുത്ത് കൊടുക്കുന്നുണ്ട് കഥാകൃത്ത്. പാട്ടുകൾ ഹൃദ്യമല്ലെങ്കിലും വെറുപ്പിച്ചില്ല. എടിറ്റിങ്ങിലെ ചെറിയ പാളിച്ചകൾ , പക്ഷെ, കഥയിലെ നർമ്മം കൊണ്ട് സംവിധായകൻ മറച്ചിട്ടുണ്ട്. ക്യാമറക്ക്‌ വലിയ സാധ്യതകൾ ഇല്ലാതിരുന്നിട്ടും ക്യാമറ വർക്ക്‌ നന്നായിരുന്നു.

ബിജു മേനോൻ എന്ന നടന് അഭിനയിക്കാൻ അറിയാം എന്ന് എല്ലാ മലയാളിക്കും അറിയാം. പക്ഷെ, ആ നടനെ വർഷങ്ങളായി വില്ലൻ വേഷങ്ങളിലും , നായകൻറെ സഹചാരി വേഷങ്ങളിലും പൂട്ടി ഇട്ടിരിക്കുവാരുന്നു മലയാള സിനിമ. പിന്നീടു, നർമ്മ പ്രധാന വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു കൊണ്ട് ഒരു പിടി കോമഡി കഥാപാത്രങ്ങളും അദ്ദേഹം ചെയ്തു. പക്ഷെ, 'വെള്ളിമൂങ്ങ' അതിൽ നിന്നും വിഭിന്നമായ ഒരു വേഷപ്പകര്ച്ച ആയിരുന്നു. അയത്നലളിതമായി തന്നെ പുള്ളി അത് കൈകാര്യം ചെയ്തു. ടിനി ടോമും അജുവും എല്ലാരും തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. പ്രത്യേകിച്ച് പറയേണ്ടത്, പാഷാണം ഷാജിയുടെ പ്രകടനമാണ്(അദ്ദേഹത്തിന്റെ ശെരിയായ പേര് ഇതാണോ എന്നറിയില്ല). ഒട്ടും ഓവറാക്കാതെ തന്മയത്വത്തോടെ തന്റെ വേഷം ഗംഭീരമാക്കി. നന്നായി മുന്നോട്ടു പോയാൽ, വൈകാതെ തന്നെ മലയാള സിനിമയിൽ നല്ലൊരു ഹാസ്യ നടനെ നമുക്ക് കാണാൻ കഴിയും.

'വെള്ളിമൂങ്ങ' ഒരു ഓർമപ്പെടുത്തലാണ്. നല്ല സിനിമയ്ക്കു സൂപ്പർ സ്റ്റാറോ, സിക്സ് പായ്ക്കോ, വിദേശ ലൊക്കെഷനൊ ഒന്നും വേണ്ട എന്നും, നല്ല ഒരു കഥയും കഥയ്ക്ക്‌ ചേർന്ന താരങ്ങളും മതിയെന്നും.സിനമയുടെ വെള്ളിവെളിച്ചതിനുള്ളിൽ നിന്നും കൊണ്ട് 'വെള്ളിമൂങ്ങ' നൽകുന്ന ഈ സന്ദേശം ഉൾകൊള്ളാൻ തയ്യാറായാൽ ഇനിയും ഒരു നല്ല സിനിമകൾ, നന്മയുള്ള സിനിമകൾ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വാൽ: ബിജു മേനോന് പകരം മമ്മൂട്ടി ആയിരുന്നേൽ പടം മെഗാ ഹിറ്റ്‌ ആയേനെ എന്നൊരു കമന്റ്‌ എവിടെയോ  കേട്ടു. മമ്മൂക്കയോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയുകയാണ്, മമ്മൂക്ക ആയിരുന്നേൽ ഒരു പക്ഷെ, തിരക്കഥയെ മാറിയേനെ, പടവും പാളിയേനെ. ചെറുതാണേലും പടം നല്ലതായാൽ അഭിനന്ദിക്കുന്നതല്ലേ അതിന്റെയൊരു ശരി?

Friday, October 3, 2014

ടമാർ പഠാർ

ടമാർ പഠാർ:

ഇരുപതോ മുപ്പതോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിനു പറ്റിയ കഥ, വലിച്ചു നീട്ടി രണ്ടു രണ്ടര മണിക്കൂരിലെക്കാക്കിയാൽ എന്ത് സംഭവിക്കും ? 'ടമാർ പഠാർ' എന്ന സിനിമ ഉണ്ടാവും! ക്ലിഷേ എന്ന് ഞാൻ പറയില്ല, പക്ഷെ ഒരു സ്ഥിരം തീം - - 'സിസ്റ്റം' v/s 'പീപ്പിൾ'-- അത് തന്നെയാണ് ഈ സിനിമ.

ജനവും അധികാരവർഗവും തമ്മിലുള്ള 'യുദ്ധ'ത്തിന്റെ സിനിമാക്കഥകൾ കുറെ നമ്മുടെ മലയാള സിനിമയിൽ വന്നിട്ടുണ്ട്. പക്ഷെ, സ്ഥിരം തീം ആണെങ്കിലും ആ തീം അല്പം വ്യത്യസ്തമായി പറയാൻ ശ്രമിച്ചിരിക്കുന്നു സംവിധായകൻ. പക്ഷെ, ആ ശ്രമം അമ്പേ പാളി പോകുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണാൻ സാധിക്കുന്നത്. വളരെ പ്രതീക്ഷ നല്കിയാണ് പടം തുടങ്ങുന്നതെങ്കിലും ആ ഒരു 'ഫ്ലോ' പിന്നീടങ്ങോട്ടില്ല. സിനിമയിൽ മർമ്മപ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളുടെ അവതരണമാണ് ആദ്യ പകുതിയിൽ അധികവും. അതൊരുവിധം കഴിയുമ്പോ പ്രിത്വിരാജ് വരുന്നു. കൃത്യം ഇടവേളയ്ക്കു തൊട്ടു മുൻപ്.

തുറന്നു പറയാമല്ലോ, അഭിനേതാക്കൾ ആരും തന്നെ വെറുപ്പിച്ചില്ല. പക്ഷെ, കഥാപാത്രസൃഷ്ടിയിലെ പാളിച്ചകളാവാം, അല്ലെങ്കിൽ തിരക്കഥയിലെ അപാകതകളാവം, ഈ കഥാപാത്രങ്ങൾ ഒന്നും പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല. ഒരു പരിധി വരെ പ്രിത്വി തന്റെ സ്ക്രീൻ പ്രെസന്സിലൂടെ ചിത്രത്തെ താങ്ങി നിർത്തുന്നുണ്ട്. എങ്കിൽ തന്നെയും, ചില രംഗങ്ങളിൽ വല്ലാത്ത ഒരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. ബാബുരാജും ചെമ്പനും നന്നായി തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ക്യാമറയും സംഗീതവും നന്നായി.

സംവിധായകന്റെ ആദ്യ സിനിമ എന്നാ രീതിയിൽ നോക്കുവാണേൽ, നല്ല ഒരു ശ്രമം ആണ് ഈ പടം. പക്ഷെ, രണ്ടു മണിക്കൂർ ആസ്വദിക്കാൻ തിയേറ്ററിൽ പോകുന്നു പ്രേക്ഷകർക്ക്‌ നിരാശയാണ് ഈ സിനിമ നല്കുന്നത്. സമീപകാലത്ത് ഒരു പിടി നല്ല സിനിമകളുമായി മുന്നേറിയ പ്രിത്വിയും  ഈ സിനിമയിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പലപ്പോഴും ഈ സിനിമയിൽ പ്രിത്വിക്കു പകരം ഇന്ദ്രജിത്ത് ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി.

ഒരൽപം ക്ഷമയും, പിന്നെ നവാഗതരെ പ്രോത്സാഹിപ്പിക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ധൈര്യമായി കേറാം ഈ സിനിമയ്ക്കു. അതല്ല, ഒന്ന് എൻജോയ് ചെയ്യാം എന്ന് കരുതി പോകുകയാണെങ്കിൽ ഒന്ന് കൂടി ആലോചിച്ചിട്ട് പോയാൽ മതി എന്നാണു എന്റെ അഭിപ്രായം. ഇനി ഇതും വായിച്ചു പ്രിത്വി ആരാധകർ എന്റെ നെഞ്ചത്ത് കേറി പോങ്കാലയിടരുത്. പ്ലീസ്.

വാൽ:  പടം കഴിഞ്ഞപ്പോ ആകെപ്പാടെ ഒരു നിശബ്ദദ ആയിരുന്നു തിയേറ്ററിൽ ആകെ. ആരോ പറയുന്നത് കേട്ടു," പ്രിത്വിരാജിന്റെ പടമാണെന്ന് വെച്ച് ധൈര്യമായി വന്നതാ. വേണ്ടായിരുന്നു. പടത്തിന്റെ വിധി പടത്തിന്റെ പേര് പോലെ ആകാതിരുന്നാൽ മതിയാരുന്നു".  പ്രിത്വിരാജ്, സൂപ്പർ സ്റ്റാർ ദ്വയങ്ങളുടെ സിനിമകളേക്കാൾ വിശ്വാസം താങ്കളുടെ പടങ്ങൾക്കിപ്പോ ഉണ്ട്. അത് കളയരുത്. കാത്തിരിക്കുന്നു, "മൊയ്തീന്" വേണ്ടി !

Thursday, October 2, 2014

ബാങ്ങ് ബാങ്ങ് !

ബാങ്ങ് ബാങ്ങ് ! (ഹിന്ദി):

രജനികാന്തിനെ നമുക്ക് മറക്കാം. വിജയകാന്തിനെയും ബാലകൃഷ്ണയെയും മറക്കാം. ഇതാ പുതിയ ആക്ഷൻ അവതാരം : ഹൃതിക് റോഷൻ! ഈ സിനിമയുടെ നിരീക്ഷണം ഇങ്ങനെ തുടങ്ങേണ്ടി വന്നതിൽ ഖേദമുണ്ട്. അത്രയ്ക്ക് നിരാശപ്പെടുത്തി ഈ 'ബാങ്ങ് ബാങ്ങ്!'. 140 കോടി രൂപ മുടക്കി ഇങ്ങനെയൊരു പടം എടുത്തു നമ്മുടെ മുന്നിലേക്കിടാൻ കാട്ടിയ ചങ്കൂറ്റം അപാരം തന്നെ. പിന്നെ, ബോളിവുഡിൽ ഇപ്പൊ ഇതു സൂപ്പർ സ്റ്റാർ പടം ഇറങ്ങിയാലും , അതെത്ര കൂതറ ആണേലും , '100 കോടി ക്ലബ്‌' അംഗത്വം ഉറപ്പാണല്ലോ. അത് കൊണ്ട് ഈ പടവും നൂറോ ഇരുന്നൂറോ കടന്നേക്കാം.

ക്ലീഷേ! ക്ലീഷേ! ക്ലീഷേ! ക്ലീഷേ! ക്ലീഷേ!.  അതാണീ പടം. ക്ലീഷേ എങ്ങാനും ഈ പടം കണ്ടാൽ അത് പോലും തലയിൽ മുണ്ടിട്ടു ഓടും! ( ചളിയാണ്‌, ക്ഷമിക്കുക!). ആദ്യത്തെ മൂന്നോ നാലോ സീൻ കഴിയുമ്പോ തന്നെ സിനിമയുടെ അവസാനം എങ്ങനെയാവുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. പിന്നെ, അതിനിടയ്ക്ക്, എത്ര ഫൈറ്റ് ഉണ്ട്, എത്ര ബോംബ്‌ പൊട്ടും, തോക്കെത്ര, എത്ര കാറ് പറക്കും....അങ്ങനെയുള്ള സംശയങ്ങളെ ഉള്ളു. ലോജിക് ഇല്ല എന്ന് ഞാൻ കുറ്റപ്പെടുത്തണ്ട എന്ന് ഞാൻ വിചാരിച്ചതാ, കാരണം, ഇപ്പോഴത്തെ ഒട്ടു മിക്ക പടങ്ങളിലും അതില്ലല്ലോ. പക്ഷെ, ഇത് ലോജിക് ഇല്ലായ്മയുടെ കാർണിവൽ ഫെസ്റ്റ് ആണ്. കാലം ഇത്രയായിട്ടും, ഇന്ത്യൻ സിനിമയിൽ ബുള്ളറ്റ് തീരാത്ത തോക്ക് ആണല്ലോ ഉപയോഗിക്കുന്നത്! വെടിയോടു വെടി, ഒരു റീലോഡ് ഷോട്ട് പോലുമില്ല !

ഹിന്ദി സിനിമ ആയാൽ പ്രണയം വേണം, പ്രണയം ആയാൽ കുറെ പാട്ട് വേണം. ആവശ്യതിനില്ലെങ്കിലും അനാവശ്യത്തിന് പാട്ടുകൾ കയറ്റിയിട്ടുണ്ട്. പിന്നെ, വില്ലൻ ഗാങ്ങിൽ ഒരു പൊട്ടൻ ഗുണ്ട. ആ പൊട്ടനെ തന്നെ അതിബുദ്ധിമാനും അരോഗദ്രിടഗാത്രനുമായ  നായകനെ പിടിക്കാൻ വിടുന്നു! എങ്ങനുണ്ട് വില്ലൻ ചേട്ടന്റെ ബുദ്ധി! ഹൃതിക് റോഷൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് : ബോഡി ഉണ്ടാക്കാൻ, സംഘട്ടന രംഗങ്ങൾ നന്നാക്കാൻ , പിന്നെ അഭിനയിക്കാനും. കത്രീന പതിവ് പോലെ തന്നെ : ഒരു വികാരവും ഇല്ല. സിനിമ മൊത്തത്തിൽ ഇവരുടെ രണ്ടു പേരുടെയും 'ബോഡി ഷോ' ആണ്.

നല്ല ലൊക്കേഷനുകൾ, അത്യാവശ്യം നല്ല ക്യാമറ പണി, ഭേദപെട്ട പാട്ടുകൾ ...ഇതൊക്കെയാണ് ഈ സിനിമയുടെ എനിക്ക് തോന്നിയ ചില നല്ല വശങ്ങൾ. പശ്ചാത്തല സംഗീതം മൊത്തത്തിൽ കുഴപ്പമില്ലായിരുന്നു എങ്കിലും ചില സംഘട്ടന രംഗങ്ങളിൽ ചില ബാർ മ്യുസിക്കിനെ ഓർമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.

നല്ല കട്ട ഹൃതിക് ഫാൻസിനും നല്ല കട്ട കത്രീന ഫാൻസിനും പോയി കാണാം ( അവർക്ക് വേണേൽ യൂ റ്റ്യൂബിലും പാട്ടുകൾ കാണാം!). അല്ലാത്തവർ ഈ സിനിമ കളിക്കുന്ന സ്ഥലത്തേക്ക് നോക്കുകയെ വേണ്ട. അതി ദയനീയം ഈ 'ബാങ്ങ് ബാങ്ങ് !'.

വാൽ: സിനിമയിൽ ഒരു സീനിൽ ഹൃതിക് കത്രീനയോടു ചോദിക്കുന്നു, ' തും പാഗൽ ഹോ ക്യാ ? '. മറുപടി വരുന്നതിന്റെ ആ ഒന്നൊന്നര സെക്കന്റ്‌ ഗാപ്പിൽ എവിടെ നിന്നോ ഒരു മലയാളി ശബ്ദം : " നഹി, ഹം നിശ്ചൽ ഹേ"!   #മലയാളി റോക്ക്സ്!