Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, October 3, 2014

ടമാർ പഠാർ

ടമാർ പഠാർ:

ഇരുപതോ മുപ്പതോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിനു പറ്റിയ കഥ, വലിച്ചു നീട്ടി രണ്ടു രണ്ടര മണിക്കൂരിലെക്കാക്കിയാൽ എന്ത് സംഭവിക്കും ? 'ടമാർ പഠാർ' എന്ന സിനിമ ഉണ്ടാവും! ക്ലിഷേ എന്ന് ഞാൻ പറയില്ല, പക്ഷെ ഒരു സ്ഥിരം തീം - - 'സിസ്റ്റം' v/s 'പീപ്പിൾ'-- അത് തന്നെയാണ് ഈ സിനിമ.

ജനവും അധികാരവർഗവും തമ്മിലുള്ള 'യുദ്ധ'ത്തിന്റെ സിനിമാക്കഥകൾ കുറെ നമ്മുടെ മലയാള സിനിമയിൽ വന്നിട്ടുണ്ട്. പക്ഷെ, സ്ഥിരം തീം ആണെങ്കിലും ആ തീം അല്പം വ്യത്യസ്തമായി പറയാൻ ശ്രമിച്ചിരിക്കുന്നു സംവിധായകൻ. പക്ഷെ, ആ ശ്രമം അമ്പേ പാളി പോകുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണാൻ സാധിക്കുന്നത്. വളരെ പ്രതീക്ഷ നല്കിയാണ് പടം തുടങ്ങുന്നതെങ്കിലും ആ ഒരു 'ഫ്ലോ' പിന്നീടങ്ങോട്ടില്ല. സിനിമയിൽ മർമ്മപ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളുടെ അവതരണമാണ് ആദ്യ പകുതിയിൽ അധികവും. അതൊരുവിധം കഴിയുമ്പോ പ്രിത്വിരാജ് വരുന്നു. കൃത്യം ഇടവേളയ്ക്കു തൊട്ടു മുൻപ്.

തുറന്നു പറയാമല്ലോ, അഭിനേതാക്കൾ ആരും തന്നെ വെറുപ്പിച്ചില്ല. പക്ഷെ, കഥാപാത്രസൃഷ്ടിയിലെ പാളിച്ചകളാവാം, അല്ലെങ്കിൽ തിരക്കഥയിലെ അപാകതകളാവം, ഈ കഥാപാത്രങ്ങൾ ഒന്നും പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല. ഒരു പരിധി വരെ പ്രിത്വി തന്റെ സ്ക്രീൻ പ്രെസന്സിലൂടെ ചിത്രത്തെ താങ്ങി നിർത്തുന്നുണ്ട്. എങ്കിൽ തന്നെയും, ചില രംഗങ്ങളിൽ വല്ലാത്ത ഒരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. ബാബുരാജും ചെമ്പനും നന്നായി തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ക്യാമറയും സംഗീതവും നന്നായി.

സംവിധായകന്റെ ആദ്യ സിനിമ എന്നാ രീതിയിൽ നോക്കുവാണേൽ, നല്ല ഒരു ശ്രമം ആണ് ഈ പടം. പക്ഷെ, രണ്ടു മണിക്കൂർ ആസ്വദിക്കാൻ തിയേറ്ററിൽ പോകുന്നു പ്രേക്ഷകർക്ക്‌ നിരാശയാണ് ഈ സിനിമ നല്കുന്നത്. സമീപകാലത്ത് ഒരു പിടി നല്ല സിനിമകളുമായി മുന്നേറിയ പ്രിത്വിയും  ഈ സിനിമയിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പലപ്പോഴും ഈ സിനിമയിൽ പ്രിത്വിക്കു പകരം ഇന്ദ്രജിത്ത് ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി.

ഒരൽപം ക്ഷമയും, പിന്നെ നവാഗതരെ പ്രോത്സാഹിപ്പിക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ധൈര്യമായി കേറാം ഈ സിനിമയ്ക്കു. അതല്ല, ഒന്ന് എൻജോയ് ചെയ്യാം എന്ന് കരുതി പോകുകയാണെങ്കിൽ ഒന്ന് കൂടി ആലോചിച്ചിട്ട് പോയാൽ മതി എന്നാണു എന്റെ അഭിപ്രായം. ഇനി ഇതും വായിച്ചു പ്രിത്വി ആരാധകർ എന്റെ നെഞ്ചത്ത് കേറി പോങ്കാലയിടരുത്. പ്ലീസ്.

വാൽ:  പടം കഴിഞ്ഞപ്പോ ആകെപ്പാടെ ഒരു നിശബ്ദദ ആയിരുന്നു തിയേറ്ററിൽ ആകെ. ആരോ പറയുന്നത് കേട്ടു," പ്രിത്വിരാജിന്റെ പടമാണെന്ന് വെച്ച് ധൈര്യമായി വന്നതാ. വേണ്ടായിരുന്നു. പടത്തിന്റെ വിധി പടത്തിന്റെ പേര് പോലെ ആകാതിരുന്നാൽ മതിയാരുന്നു".  പ്രിത്വിരാജ്, സൂപ്പർ സ്റ്റാർ ദ്വയങ്ങളുടെ സിനിമകളേക്കാൾ വിശ്വാസം താങ്കളുടെ പടങ്ങൾക്കിപ്പോ ഉണ്ട്. അത് കളയരുത്. കാത്തിരിക്കുന്നു, "മൊയ്തീന്" വേണ്ടി !

No comments:

Post a Comment