വെള്ള സാരി. നിശബ്ദത. അതിനു ശേഷമുള്ള കോലാഹലം. പിന്നണിയിൽ പാട്ട് . ദ്രംഷ്ട. ചോര. നിലവിളി. പക.
ഇതൊക്കെയാണ് സ്ഥിരം പ്രേത സിനിമകളുടെ കൂട്ടുകൾ. ഇതെല്ലാം കൃത്യമായി ചാലിച്ചെടുത്താൽ അത്യാവശ്യം ബോറടിപ്പിക്കാതെ ഒരു മലയാള ഗോസ്റ് സിനിമ കാണാം. പക്ഷെ, തേഞ്ഞു പഴകിയ ഒരു ടെംപ്ലേറ്റിൽ ഡെവലപ്പ് ചെയ്യുന്ന ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിൽ ഭയത്തിനു പകരം , ചിരിയോ പുച്ഛമോ ആയിരിക്കും തിയറ്ററുകളിൽ ഉയർത്തുക. ഈ മർമ്മം അറിഞ്ഞു കൊണ്ട് , കളം മാറ്റി ചവിട്ടിക്കൊണ്ടു , സ്ഥിരം വീഞ്ഞ് പല പല കുപ്പികളിലായി , പുതിയ ട്രീറ്റ്മെന്റുമായി എത്തുകയാണ് 'പ്രേതം' എന്ന സിനിമയിലൂടെ.
Mentalism എന്ന പ്രതിഭാസത്തിന്റെ ചുവടു പിടിച്ചാണ് സിനിമ ഡെവലപ്പ് ചെയ്യുന്നത്. മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയുക തുടങ്ങിയ അത്യപൂർവ കഴിവുകൾ ഉള്ള ഒരു Mentalist ആയി ജയസൂര്യ വേഷമിടുന്നു. മൂന്നു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു റിസോർട്ടിലെ ഒരു മുറിയിൽ ചില അസ്വാഭിവകമായ സംഭവങ്ങൾ നടക്കുന്നു. അവരെ സഹായിക്കാനായി ജയസൂര്യയുടെ കഥാപാത്രം വരുന്നു. ചിലതൊക്കെ കണ്ടു പിടിക്കുന്നു. സിനിമ അവസാനിക്കുന്നു. ആദ്യ പകുതി അല്പം ചിരിപ്പിക്കുന്നുണ്ട്, കൗതുകം ഉണർത്തുന്നുമുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ കഥ ചുരുളഴിയുമ്പോ എവിടെയോ കണ്ടു മറന്ന വിസ്മയത്തുമ്പുകൾ പോലെ തോന്നും സിനിമ. നന്നായി തുടങ്ങിയ സിനിമ, ഒരു ആവറേജ് സിനിമ ആയി അവസാനിക്കുകയാണ്.
പ്രകടനപരമായി ആരും തന്നെ മോശമാക്കിയില്ല. ചിലയിടങ്ങളിൽ അജുവിന്റെ 'ജഗതിസം' അല്പം കല്ലുകടിയായി തോന്നി. ടെലിവിഷനിലെ വെരുപ്പീര് പത്മസൂര്യ കാണിച്ചില്ല, നല്ലതായിരുന്നു പുള്ളിയുടെ പെർഫോമൻസ്. കഥാപാത്രമായി പുതുമയൊന്നുമില്ലെങ്കിലും, അത് പറയാൻ സ്വീകരിച്ച പശ്ചാത്തലം പുതുമയുള്ളതായിരുന്നു. ചിരിക്കാനുള്ള തമാശകൾ അങ്ങിങ്ങു ഉണ്ടെങ്കിലും, ചിലതൊക്കെ അശ്ലീലം കലർന്നതും, സ്ത്രീ വിരുദ്ധവുമായിരുന്നു എന്നും പറയേണ്ടി വരും.
'പ്രേതം' ഒരു വമ്പൻ സിനിമയല്ല. പക്ഷെ, സ്ഥിരം അച്ചിൽ വാർത്തു വരുന്ന പ്രേതങ്ങൾക്ക് ഇടയിൽ ഒരു വ്യത്യസ്തത ആണീ 'പ്രേതം'. അല്പം കൂടി മാറി ചിന്തിച്ച ഒരു കഥ ഉണ്ടായിരുന്നെങ്കിൽ അല്പം കൂടി നല്ല സിനിമയായി മാറിയേനെ 'പ്രേതം'.
വാൽ : പണ്ടൊക്കെ പ്രേതം കിണ്ടിയും കോളാമ്പിയും ഒക്കെ ആയിരുന്നു പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിപ്പോ മൊബൈലും ടീവിയും സ്കൈപ്പും.

