Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, August 19, 2016

Glengarry Glen Ross (1992)



ജെയിംസ് ഫോളി സംവിധാനം ചെയ്ത് , അൽ പച്ചീനോ , അലക് ബാൾഡ്വിൻ , കെവിൻ സ്പേസി , ജാക്ക് ലെമൺ തുടങ്ങിയ വമ്പൻ അഭിനേതാക്കൾ അണിനിരന്ന ഒരു അമേരിക്കൻ ഡ്രാമ സിനിമയാണ് 'Glengarry Glen Ross'. നാല് റിയൽ എസ്റ്റേറ്റ് സെയിൽസ് മാൻമാരുടെ രണ്ടു ദിവസത്തെ കഥയാണ് ഈ സിനിമ. രണ്ടേ രണ്ടു ബിൽഡിങ്ങുകളിൽ ആണ് സിനിമ വികസിക്കുന്നത്. ഒരു കാലഘട്ടത്തിലെ (അല്ലെങ്കിൽ ഏതൊരു കാലഘട്ടത്തിലെയും) സെയിൽസ്മാൻമാരുടെ മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ അലെക് ബാൾഡ്വിന്റെ കഥാപാത്രത്തിന്റെ motivational talk-ലൂടെയാണ്. കരുണ ഒട്ടുമില്ലാത്ത ഒരു സെഷൻ. ഒരാഴ്ചക്കുള്ളിൽ ടാർഗ്ഗറ് അച്ചീവ് ചെയ്തില്ലെങ്കിൽ നാലിൽ രണ്ടു പേരെ കമ്പനിയിൽ നിന്നും പുറത്താക്കുമെന്നുള്ള അവസാന താക്കീതും. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഒരാളുടെ മകൾ ആശുപത്രിയിൽ , മറ്റൊരാൾക്ക് തന്റെ കഴിവിൽ ഒട്ടും വിശ്വാസമില്ല, വേറൊരാൾക്ക് എങ്ങനെയും കാശുണ്ടാക്കണം, നാലാമൻ ബഹുമിടുക്കൻ . ഇവരുടെ മനസ്സുകളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.

ഒരൊറ്റ രംഗത്തിലേയുള്ളെങ്കിലും അലെക് ബാൾഡ്വിൻ തന്റെ പ്രകടനം ഗംഭീരമാക്കി. വളരെ eye-catching ആയിട്ടുള്ള ഒരു പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റേത്. കെവിൻ സ്പേസിക്ക് അതി ഭയങ്കരമായ പ്രകടനം ഒന്നും പുറത്തെടുക്കേണ്ട  ഒരു വേഷമല്ലായിരുന്നു. പലയിടത്തും flat ആയ ഡെലിവറി ആയിരുന്നു. ഒരു പക്ഷെ, അതായിരിക്കാം ആ  കഥാപാത്രം ആവശ്യപ്പെട്ടത്. അൽ പച്ചീനോ പതിവ് പോലെ കസറി. പക്ഷെ, എനിക്ക് ഇതിൽ പ്രിയപ്പെട്ടത് ജാക്ക് ലെമണിന്റെ പ്രകടനമാണ്. മനസ്സിൽ നിന്നും അങ്ങനെ വിട്ടു പോവാത്ത ഒരു  പെർഫോമൻസ്.

ഒരു സെയിൽസ്മാൻ അനുഭവിക്കുന്ന പിരിമുറുക്കങ്ങളും, വ്യഥകളും, ചിന്തകളും എല്ലാം ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. മനുഷ്യ വികാരങ്ങൾക്ക് ഊന്നൽ നൽകിയാണ് ഓരോ സീനും. അത് പോലെ തന്നെ,  ഈ രംഗത്തെ കള്ളക്കളികളും , ഇതിൽ ഉൾപ്പെടുന്നവർ എത്ര മാത്രം ആത്മാർത്ഥത ഇല്ലാത്തവർ ആണെന്നും ഈ സിനിമ വരച്ചു കാട്ടുന്നു.

ഒരു പിടി നല്ല നടന്മാരുടെ മാസ്മരിക പ്രകടനങ്ങൾക്കായി ഈ സിനിമ കാണാം. നഷ്ടപ്പെടുത്തരുത്.

No comments:

Post a Comment