Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Thursday, December 28, 2017

മായാനദി

ജീവിതത്തിൻറെ മായിക സൗന്ദര്യം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല, മറിച്ചു അനുഭവിക്കേണ്ട യാഥാർഥ്യം ആണെന്ന് വില്യം വെർഡ്സ് വെർത് പറഞ്ഞിട്ടുണ്ട്. 'മായാനദി' എന്ന സിനിമ അത് പോലെ ഒരു അനുഭവമാണ്. ഓരോ മനുഷ്യമനസ്സും മായികമായ ഒരു നദി പോലെയാണല്ലോ, പ്രണയവും വെറുപ്പും,കോപവും , തെറ്റും ശരിയും എല്ലാം കലങ്ങി മറിഞ്ഞു ഒഴുകിയകലുന്ന ഒരു നദി. 

ആഷിക് അബുവിന്റെ സിനിമകളിൽ പലതും ശക്തരായ , പോരാളികളായ സ്ത്രീകളുടെ കഥകൾ പറയുന്നവയാണ്. ടെസ്സ ആയാലും, മായ ആയാലും, റാണിയോ പദ്മിനിയോ ആയാലും അടിച്ചമർത്തപ്പെട്ടപ്പോൾ അടിമ ആവുന്നതിനു പകരം, തങ്ങളാൽ കഴിയുന്ന വിധം പ്രതിരോധം തീർത്തു , പോരാടി വിജയിച്ച സ്ത്രീ കഥാപാത്രങ്ങൾ ആണിവർ. ആ പട്ടികയിലേക്ക് ഇതാ അപർണ്ണയും. ഡോക്ടർ ആയ, എന്നാൽ പ്രാക്ടീസ് ചെയ്യാത്ത അമ്മയെയും സഹോദരനേയും തന്നാൽ കഴിയുന്ന വിധം പോറ്റുകയും , തന്റെ സ്വപ്നങ്ങൾക്ക് ചിറക് വെയ്ക്കാൻ അശ്രാന്തം പരിശ്രമിക്കുകയും, തന്റെ ആത്മാഭിമാനത്തെ പറ്റിച്ച കാമുകനെ ഒരുപാട് സ്നേഹിച്ചു കൊണ്ട് വെറുക്കുകയും (അല്ലെങ്കിൽ ഒരുപാട് വെറുത്തു കൊണ്ട് സ്നേഹിക്കുകയും) ചെയ്യുന്ന അപർണ്ണ. ലൈംഗികത ഒരു വാക്കുകൊടുക്കലോ, വാഗ്ദാനമോ അല്ലെന്നു പറയുന്ന , ശരീരങ്ങൾക്ക് അപ്പുറമുള്ള പ്രണയത്തിന്റെ ആഴത്തെ കാട്ടിത്തരുന്ന അപർണ്ണ. സിനിമയിലെ തിളങ്ങി നിൽക്കുന്ന നായികയും തന്റെ സുഹൃത്തുമായ താരത്തേക്കാൾ കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അപർണ്ണ. അവൾ അതിജീവനമാണ്. പോരാളിയാണ്.

സാഹചര്യങ്ങൾ മൂലം വഴി തെറ്റി പല വഴികളിലൂടെ ഓടുന്ന മാത്തനാണ് അപർണ്ണയുടെ കാമുകൻ. പൂച്ചയുടെ ജന്മമാണ്, അവൻ ഏതു അവസ്ഥയിലും രക്ഷപെടും എന്നാൽ പക്വത ഇല്ലാത്തവൻ എന്ന് അപർണ്ണ പറയുന്ന മാത്തൻ. സാഹചര്യങ്ങൾ കൊലപാതകി ആക്കിയ മാത്തൻ, തന്റെ ഭാവി കാണുന്നത് ഒരു രക്ഷപെടലിലൂടെ അല്ല. താൻ മൂലം അകന്നു പോയ തന്റെ പ്രണയിനിയുടെ ഒപ്പം ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു, തുടർച്ചയായ അവഗണനകളിലോ തിരിച്ചടികളിലോ തളരാതെ തന്റെ പ്രണയത്തിനായി വീണ്ടും വീണ്ടും തിരികെ അപർണ്ണയിലേക്ക് എത്തുന്ന മാത്തൻ. അവസാന നിമിഷത്തിലും , തന്റെ പ്രണയവും പ്രണയിനിയും സത്യമായിരുന്നു എന്ന് വിശ്വസിച്ചുകൊണ്ട് മരണത്തിന്റെ മായാനദിയിലേക്ക് ഊളിയിട്ടു പോകുന്ന മാത്തൻ. അവൻ പ്രണയമാണ്. പ്രതീക്ഷയാണ്.

ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടെയും തൂലികയിൽ നിന്നും മനോഹരമല്ലാത്തതു ഒന്നും ജന്മം എടുക്കില്ലല്ലോ. 'മായാനദി'യും അങ്ങനെ തന്നെ. കണ്ണിമ ചിമ്മുന്ന പ്രതീതിയിലൂടെ , അവസാന രംഗത്തിലെ 'അപ്സ്' വിളിയിലൂടെ , പ്രതീക്ഷയുടെ ഒരു തരി വെട്ടം സംവിധായകനും എഴുത്തുകാരും ബാക്കി വെച്ചോ? അവൻ പൂച്ചയുടെ ജന്മമല്ലേ....അറിയില്ല.

മായാനദി ഒരു കാശുവാരി പടമായിരിക്കില്ല. ആകാശത്തു പറന്നു നടക്കുന്ന താരങ്ങളും ഇതിലില്ല. പക്ഷെ, ഒന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോ ഇടനെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ, തിരിഞ്ഞു നോക്കുമ്പോൾ എവിടെയോ മാത്തനും അപർണ്ണയും !

No comments:

Post a Comment