Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, July 30, 2014

വേല ഇല്ലാ പട്ടധാരി (തമിഴ്) :

വേല ഇല്ലാ പട്ടധാരി (തമിഴ്) : 
പൊതുവേ എനിക്ക് ധനുഷ് സിനിമകൾ ഇഷ്ടമാണ്. പുള്ളി തിരഞ്ഞെടുക്കുന്ന കഥയും കഥാപാത്രങ്ങളും ഒരിക്കലും അദ്ധേഹത്തിന്റെ കയ്യിൽ നിന്നും വഴുതി പോയിട്ടില്ല . തനിക്ക് യോജിക്കുന്നതും ചെയ്യാൻ കഴിയുന്നതും എന്നാൽ വ്യത്യസ്തങ്ങളും ആയ കഥാപാത്രങ്ങളെ ഇത് വരെ അദ്ദേഹം തിരഞ്ഞെടുതിട്ടുള്ളു. പോലീസ് ജീപ്പ് വലിച്ചു കീറുന്നതും ഒരു പത്തമ്പത് ഗുണ്ടകളെ ഇടിച്ചു തെറിപ്പിക്കുന്നതും ( ചിലപ്പോഴൊക്കെ ഒരു പത്തു പേരെയൊക്കെ തല്ലിയിട്ടുണ്ടാകും , ക്ഷമി!) , പുള്ളിയുടെ ഒരു ശൈലി അല്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല, അദ്ധേഹത്തിന്റെ സിനിമകൾ, മറ്റു ഭൂരിഭാഗം തമിഴ് സിനിമകളെ വെച്ച് താരതമ്യം ചെയ്യുമ്പോ , ജീവിതത്തോട് അല്പമെങ്കിലും അധികം അടുത്ത് നിൽക്കുന്നവയാണ്.

പ്രസ്തുത ചിത്രം അദ്ധേഹത്തിന്റെ 25-ാ മത് സിനിമയാണ്. അതിനാൽ തന്നെ ഒരു ഒന്നൊന്നര വരവാണ് പുള്ളി ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. അത് അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. ലാലേട്ടനും ജയറാമും ദിലീപും മുകേഷും ഒക്കെ പല സിനിമകളിലും നമ്മെ കാട്ടി തന്ന തൊഴിലില്ലായ്മ തന്നെയാണ് പ്രമേയം . പക്ഷെ, ഒരു വ്യത്യസ്ത ട്രാക്ക് ആണ് ഈ സിനിമയിൽ. സ്ഥിരം പ്രണയ ക്ലീഷേകളും പുട്ടിനു പീര പോലെയുള്ള കുറെ പാട്ടുകളും ( നല്ല പാട്ടുകളാണ്, പക്ഷെ അതിന്റെ ആധിക്യം പടത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് ) ഒഴിച്ചു നിർത്തിയാൽ ഈ ചിത്രം കാണേണ്ടത് തന്നെയാണ്. ആദ്യ പകുതി കിടിലം തന്നെയാണ്. ഒട്ടും മുഷിപ്പിക്കില്ല. ഇക്കിളിയിടാതെ തന്നെ ചിരിക്കാൻ കഴിയുന്ന നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ അല്പം നീട്ടൽ തോന്നിയെങ്കിലും കണ്ടിരിക്കാവുന്ന രീതിയിൽ തന്നെയാണ് സംഭവം കൊണ്ട് പോയെക്കുന്നത് . കുറെ രജനി സ്റ്റൈൽ പുഞ്ച ഡയലോഗുകളും ആർക്കും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടെ.

മൊത്തത്തിൽ ഒരു ധനുഷ് ഷോ ആണ് ഈ ചിത്രം. പുള്ളി അത് മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് (ചില രംഗങ്ങളിൽ സ്വന്തം അമ്മായി അച്ഛനെ അനുകരിച്ചോ എന്നൊരു തോന്നൽ ). അമല പോളിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സമുദ്രക്കനിയും ശരണ്യ പൊൻവണ്ണനും തന്റെ റോളുകൾ ഭംഗിയാക്കി. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ ഇതിലെ വില്ലൻ തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം അലമ്പാക്കി കളഞ്ഞു. സംഗീതം നന്നായിട്ടുണ്ട്---പാട്ടുകളും പശ്ചാത്തല സംഗീതവും. "വാട്ട് എ കർവാട്" മറ്റൊരു കൊല വെരി ആവില്ല എന്നാണു എനിക്ക് തോന്നുന്നത്.

എന്തായാലും കാണാത്തവർ പറ്റുമെങ്കിൽ കാണണം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല തമിഴ് മാസ്സ് പടം തന്നെയാണ് ഇത്. പിന്നെ, കണ്ടില്ലേലും വലിയ നഷ്ടമോന്നുമല്ല.

വാൽ : ഒരു സിനിമയിൽ ഏറ്റവും നീളം കൂടിയ സംഭാഷണം ഒറ്റ ശ്വാസത്തിൽ പറഞ്ഞതിന്റെ ലോക റെക്കോർഡ്‌ മിക്കവാറും ധനുഷിന് കിട്ടും! ആ ഡയലോഗ് കഴിഞ്ഞപ്പോ ആരോ വിളിച്ചു പറയുന്നത് കേട്ടു : "ഒരു ഷോട"...മലയാളി തന്നെ!

ഉമ്മാച്ചു

ഉമ്മാച്ചു :

ശ്രീ. ഉറൂബിന്റെ (പി.സി. കുട്ടികൃഷ്ണൻ) മനോഹരമായ ഒരു പുസ്തകം തന്നെയാണ് "ഉമ്മാച്ചു". അല്ലേലും, മലയാള സാഹിത്യത്തിലെ അതി കായന്മാരിൽ ഒരാളായ ഉറൂബിൽ നിന്നും അതല്ലേ പ്രതീക്ഷിക്കാൻ കഴിയു. പക്ഷെ, വ്യക്തിപരമായി എനിക്കീ പുസ്തകം ഒരു നല്ല വായനാനുഭവം സമ്മാനിച്ചില്ല. ഒരുപാട് കഷ്ടപ്പെട്ട്, പലപ്പോഴും ബോറടിച്ചാണ് ഈ പുസ്തകം വായിച്ചു തീർത്തത്. ലളിതമായ, എന്നാൽ സൗന്ദര്യമുള്ള രീതിയിൽ തന്നെയാണ് ഈ കഥയുടെ ആഖ്യാനമെങ്കിലും, ഈ ഒരു തലമുറയിൽ ഉള്ള ഒരാൾക്ക്‌ ഇതെത്ര മാത്രം ദഹിക്കും എന്ന് കണ്ടറിയണം.

എനിക്ക് തോന്നുന്നത്, ഈ പുസ്തകത്തിന്റെയോ അല്ലെങ്കിൽ രചയിതാവിന്റെയോ കുറ്റമല്ല, മറിച്ചു , ഒരുപാട് സിനിമകളിലും ( ഈ നോവൽ തന്നെ ഒരു സിനിമ ആയിട്ടുണ്ട്) മറ്റും കണ്ടു പരിചിതമായ കഥാ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, പൈങ്കിളി രൂപേണയുള്ള സംഭാഷണങ്ങൾ, വായിക്കുന്ന ആളുടെയും കഥയുടെയും കാലഘട്ടങ്ങളുടെ അന്തരം ...ഇവയോക്കെയാകാം എനിക്ക് ഈ പുസ്തകത്തെ അത്ര കണ്ടു അങ്ങ് ഇഷ്ടപെടാതെ പോകാനുള്ള കാരണം. ഒരു പക്ഷെ, മറ്റൊരാള്ക്ക് വേറൊരു അഭിപ്രായം ആയിരിക്കാം.

കാമിനി മൂലമുള്ള കലഹങ്ങളുടെ കഥയാണ്‌ "ഉമ്മാച്ചു". അത് നന്നായി തന്നെ പറയുന്നുമുണ്ട്. പക്ഷെ, എല്ലാം വളരെ പതുക്കെയും പ്രവചിക്കാവുന്നതമാണ്.എന്തായാലും, എന്നെക്കാൾ മുതിര്ന്ന തലമുറയിൽ ഉള്ളവർക്ക് ഈ പുസ്തകം നല്ലൊരു വായനാനുഭവം ആയിരിക്കും. അവർക്ക് വേണ്ടി ഞാൻ ഈ പുസ്തകം ഡെഡിക്കേറ്റ് ചെയുന്നു.

വാൽ: ഇനി കുറച്ചു നാൾ മലയാളം ക്ലാസ്സിക്‌ നോവലുകൾക്ക് ഒരു അവധി കൊടുക്കാമെന്നു വെച്ചു. പിന്നെ, ഉറൂബിനെ പോലുള്ള മഹാരഥന്മാരെ വിമർശിക്കാൻ ഞാൻ ആളല്ല. എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. വാക്കുകൾ കൊണ്ടെന്നെ കൊല്ലരുത്.