Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, September 28, 2014

മദ്രാസ്‌(തമിഴ്)

മദ്രാസ്‌(തമിഴ്) :
ഒരു സ്ഥിരം അടി-ഇടി-വെടി തമിഴ് പടം ആണെന്ന് പ്രതീക്ഷിച്ചാണ് 'മദ്രാസ്' കാണാൻ പോയത്. ഒരുപാടൊന്നും ഞെട്ടിച്ചില്ലെങ്കിലും 'മദ്രാസ്‌' എന്ന സിനിമ ജീവിതത്തോട് കുറച്ചൊക്കെ അടുത്ത് നിൽക്കുന്നതാണ്.

അധികാരം എന്ന ലഹരിയെ പറ്റിയാണ് 'മദ്രാസ്' പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയിൽ അധികാരത്തെ ഒരു വലിയ മതിലിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. ഈ മതിലിൽ ആരുടെ പടം വരണം എന്നതിനെ പറ്റിയുള്ള സംഘർഷങ്ങൾ ആണ് മൊത്തത്തിൽ ഈ സിനിമ. കേൾക്കുമ്പോൾ ബാലിശമെന്നു തോന്നാവുന്ന കഥാതന്തു. പക്ഷെ, ഈ മതിലിനെയും അതിനു വേണ്ടിയുള്ള പരാക്രമങ്ങളെയും  അല്പം കൂടി വലിയ ക്യാൻവാസിൽ ചിന്തിച്ചാൽ സംവിധായകൻ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാവും. ഒരു മതിലിനു വേണ്ടി എന്തിനാ ഇത്ര ചോരയൊഴുക്കുന്നത്, ഇതെന്തു ലോജിക്കാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അവർക്ക് ഈ തീം അത്രയ്ക്ക് അങ്ങട് തലയിലേക്ക് കേറിയിട്ടില്ല എന്ന് വേണം കരുതാൻ.

തമിഴിൽ ഇത്തരം രാഷ്ട്രീയ സിനിമകൾ മുൻപും വന്നിട്ടുണ്ട്. അതായതു പറഞ്ഞു തേഞ്ഞ ഒരു പഴയ ബോംബ്‌ കഥ തന്നെ. പക്ഷെ, ഇറങ്ങിയിട്ടുള്ള ഇത്തരം സിനിമകളിലെ അതിഭാവുകത്വം നിറഞ്ഞ, ഐസക്‌ ന്യുട്ടനെ അനുസരിക്കാത്ത രംഗങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ. റിയലിസ്ടിക് ആയ ലൊക്കേഷൻ, മനോഹരമായ പ്രകാശ സമന്വയം, നല്ല ക്യാമറ വർക്ക്,  പറന്നു കളിക്കാതെ ഭൂമിയിൽ നിന്നുള്ള ഒറിജിനാളിറ്റിയുള്ള സംഘട്ടന രംഗങ്ങൾ ..അങ്ങനെ അങ്ങനെ...

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു വളരെ നല്ല സിനെമയോന്നുമല്ല. പറഞ്ഞു തേഞ്ഞ കഥ, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ്, വികാരങ്ങൾ മുഘത്ത്‌ വരാത്ത നായിക, രണ്ടാം പകുതിയിലെ ഒച്ചിഴയും പോലെയുള്ള പോക്ക് ...അങ്ങനെ അങ്ങനെ. കാർത്തി ഇപ്പോഴും പരുത്തിവീരനിൽ തന്നെ നില്ക്കുന്നു. ഏതാണ്ട് പടത്തിലും ഒരേ 'റഫ്' കഥാപാത്രങ്ങൾ. ചേട്ടനെ കണ്ടു പടിക്കൂ കാർത്തി ( പുള്ളിയും പക്ഷെ ഇപ്പൊ കണക്കാ!).

ചുരുക്കത്തിൽ, അതിഭാവുകത്വം നിറഞ്ഞ, അവിഞ്ഞ കുറെ പാട്ടുകളും സംഘട്ടനങ്ങളും നിറഞ്ഞ, സാധാരണ രാഷ്ട്രീയ തമിഴ് സിനിമകളേക്കാൾ മേന്മ 'മദ്രാസ്‌' സിനിമക്കുണ്ട്. അത് കൊണ്ട്, കാണുന്നതിൽ തെറ്റില്ല.

വാൽ: ജയലളിത കേസ് വിധി വരികയും അതിനെ പിൻ പറ്റി ബംഗ്ലൂരിൽ അല്പം പ്രശ്നങ്ങൾ നടക്കുകയും ചെയ്ത അതെ സമയത്താണ് ഞാനീ പടം കണ്ടത്. അകത്തും പുറത്തും ആകെ സംഘർഷം! എന്തായാലും  അവസാനം നന്മ ജയിച്ചു, മറ്റെയിടത്ത് എന്താകുമോ എന്തോ!

Thursday, September 25, 2014

മല്ലു അല്ല , മലയാളി!

'മലയാളി' എന്നാൽ മലയാളം സംസാരിക്കുന്ന നാട്ടുകാരൻ എന്നാണു. നമ്മുടെ ഭാഷയേയും സംസ്കാരത്തേയും പ്രതിഫലിപ്പിക്കുന്ന ഒരു വാക്ക്. ഈ കാലത്ത്(കുറെ കാലമായുണ്ട്!) എന്റെ തലമുറയിൽ പെട്ടവർക്കും അത് കഴിഞ്ഞു വന്നവർക്കും ഒക്കെ 'മലയാളി' എന്നതിന് പകരം 'മല്ലു' ആണ് കൂടുതൽ പ്രതിപത്തി. ഞാൻ  'ന്യു ജനറേഷൻ'  തലമുറയിൽ പെട്ട ആളാണ്‌. പക്ഷെ, എന്നാലും 'ഞാനൊരു മലയാളി' ആണ് എന്ന് പറയുമ്പോ കിട്ടുന്ന ഒരു സുഖവും അഭിമാനവും ഒന്നും ' ഞാനൊരു മല്ലു ആണ് ' എന്ന് പറയുമ്പോ കിട്ടില്ല.

അല്ലാ, എന്താണീ മല്ലു? എനിക്കറിയില്ല. ഈ പേര് വിളിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒന്നും ഈ വാക്കിന്റെ അർഥം അറിയാമോ എന്ന് ഒടേതംബുരാനറിയാം!  വിളിക്കുന്നവർക്ക് അറിയാം 'ഞാൻ വിളിക്കുന്നത്‌ ഒരു മലയാളിയെ ആണെന്ന്'...എന്നാ പിന്നെ 'മലയാളി' എന്ന് വിളിച്ചു കൂടെ? കേൾക്കുന്നവർക്കറിയാം, തന്നെ തന്നെയാ വിളിക്കുന്നതെന്ന്, എന്ന പിന്നെ മറ്റവനോടു ' ഭയ്യാ , ഇറ്റ്‌ ഈസ്‌ നോട്ട് മല്ലു, ഇറ്റ്‌ ഈസ്‌ മലയാളി' എന്ന് തിരുത്തിക്കൂടെ ? എവിടെ, വിളിക്കുന്നവനും കേൾക്കുന്നവനും ഈ 'മല്ലു' ഒരു സ്റ്റൈൽ സിംബൽ ആണ്.

ദേശസ്നേഹത്തിൽ മലയാളികൾ പൊതുവെ  ദരിദ്രർ ആണ്..നമ്മൾ യുദ്ധങ്ങളോ കടന്നാക്രമണങ്ങളോ കണ്ടിട്ടില്ലല്ലോ..അപ്പൊ എന്തോന്ന് ദേശസ്നേഹം. പക്ഷെ, പൊതുവെ കേരളീയർക്ക്, തങ്ങൾ കേരളത്തിൽ നിന്നാണെന്നു മറ്റുള്ളവരോട് പറയുമ്പോ ഒരു അഭിമാനം തോന്നാറുണ്ട്. എന്റെയൊരു സുഹൃത്തിന്റെ സുഹൃത്ത് , ജോലി ചെയുന്ന അമേരിക്കൻ കമ്പനിയുടെ ഹെഡ് ഓഫീസിൽ പോയി..അങ്ങ് അമേരിക്കയിൽ. സായിപ്പ് ചോദിച്ചു," where  are  you from ?" . നമ്മുടെ ആള് പറഞ്ഞു," i am from Kerala". അപ്പൊ സായിപ്പു, " oh , i thought  you  are from India".  പ്ലിംഗ്! ഇങ്ങനെ രാജ്യത്തിൻറെ പേരിനു മുകളിൽ നമ്മുടെ നാടിന്റെ പേര് പറയാൻ തിടുക്ക് കാട്ടുന്ന അല്ലെങ്കിൽ കേരളത്തിൽ നിന്നാണെന്ന് അഭിമാനപൂർവം പറയുന്ന മലയാളി തന്നെ യാതൊരു അസ്തിത്വവും ഇല്ലാത്ത 'മല്ലു' എന്ന വിളിപ്പേരിനു ചെവി കൊടുക്കുന്നു!

ബംഗാളികളെയും തമിഴൻമാരെയും പിന്നെ കിഴക്കേ മൂലയിലുള്ള സംസ്ഥാനകൂട്ടങ്ങളിലെ  ആൾക്കാരെയും ഇതേപോലെ പല ചെല്ലപ്പേരുകളിലൂടെയും അഭിസംബോധന ചെയുന്നത് ഇപ്പോൾ സ്ഥിരമാണ്. ഈ പേര് വിളികൾ വർഗീയമാകാം, അല്ലെങ്കിൽ തമാശ രൂപേണ ആകാം, പക്ഷെ, പലരും നമ്മളെ 'മല്ലു' എന്ന് വിളിക്കുന്നത്‌  ബഹുമാനപൂർവമല്ല എന്ന് നിസ്സംശയം പറയാം.

'മാതൃഭാഷ' എന്നാണ് നാം പറയാറ്. അപ്പോൾ മലയാളം നമ്മുടെ അമ്മയ്ക്ക് തുല്യമാണ്. ആ അമ്മയുടെ മക്കൾ ആയതു കൊണ്ടാണ് നമുക്ക് 'മലയാളി' എന്ന പേര്. അപ്പൊ ആ പേര് മാറ്റി 'മല്ലു' എന്ന് വിളിക്കുമ്പോ, ആ വിളി സമ്മതിച്ചു കൊടുക്കുമ്പോ, അർഥം ആകെ മാറി മറിയുന്നു. തിരുത്തണം. മാറണം !

ഇതെന്റെ അഭിപ്രായമാണ്. ഇതിനെ ബഹുമാനിച്ചു നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം.

വാൽ: ഒരിക്കൽ ഒരു ഉത്തരേന്ത്യക്കാരൻ ഒരു മലയാളിയെ "ഹേ മല്ലു" എന്ന് വിളിച്ചു. അപ്പോൾ മലയാളി "മല്ലു അല്ലേട കോപ്പേ, മലയാളി". അത്രേയുള്ളൂ!
( ആ ഹിന്ദിക്കാരനെ കൊണ്ട് 'മലയാളി' എന്ന് വിളിപ്പിചിട്ടെ ആ മലയാളി സുഹൃത്ത് പോയുള്ളൂ )

Saturday, September 20, 2014

സപ്തമശ്രീ തസ്കരാ:

സപ്തമശ്രീ തസ്കരാ:  :

' ഒരു നല്ല കള്ളത്തിൽ സത്യത്തിന്റെ ഒരു ചെറിയ അംശം ഉണ്ടായിരിക്കും' . ഇതാരോ പണ്ട് പറഞ്ഞതാണ്. ഈ സിനിമയുടെ ഒരു സ്വഭാവവും ഏതാണ്ട് ഇത് പോലെയാണ്. അതെങ്ങനെയാനെന്നു സിനിമ കാണാത്തവർ കണ്ടു തന്നെ മനസ്സിലാക്കുക.

ഇതിപ്പാ ഒരു ജാതി പടാണ് ചെങ്ങായി. ഒരുപാടു കോലാഹലങ്ങൾ ഇല്ലാതെ വന്ന്, പ്രേക്ഷകരുടെ ഇഷ്ടം കട്ടോണ്ട് പോയ സിനിമ. സിനിമയുടെ ടാഗ് ലൈൻ പോലെ തന്നെ ' ഐശ്വര്യം ഉള്ള ഏഴു കള്ളന്മാരുടെ കഥ'. ആദ്യ പകുതി നല്ല ഉഷാറായി തന്നെ പോയി. ഓരോ കള്ളന്മാരുടെ കഥകളും മറ്റും അതി രസകരമായി തന്നെ സംവിധായകൻ പറഞ്ഞു.രണ്ടാം പകുതിയിൽ ഇവന്മാര് എന്താണ് ചെയ്യാൻ പോകുന്നത് എന്ന ഒരു ആകാംഷയും തന്നു. രണ്ടാം പകുതിയും ഉഷാരായിരുന്നു, ;എന്നാൽ ആദ്യതത്തിന്റെ അത്ര ഏശിയില്ല. സിനിമ ഓടി കൊണ്ടിരുന്ന സ്പീഡിൽ ഒരു വലിവ് അനുഭവപ്പെട്ടു. പക്ഷെ ആ വലിവോക്കെ ക്ലൈമാക്സിൽ അങ്ങ് ശെരിയാക്കി. ചുരുക്കത്തിൽ ഒരു നല്ല 'ഫീൽ ഗുഡ്' സിനിമ.

അഭിനേതാക്കളെല്ലാം ഒരേ പോലെ തങ്ങളുടെ റോളുകൾ ഭംഗിയാക്കുന്ന ഒരു അപൂർവ കാഴ്ചയാണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്. മാർട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പൻ എന്ന നടൻ ആണ് ശെരിക്കും ഈ സിനിമയിൽ സ്കോർ ചെയ്തിരിക്കുന്നത്. ബാക്കി നടന്മാര് മോശമാക്കി എന്നല്ല, പക്ഷെ ഇദ്ദേഹം കലക്കി! ആസിഫ് അലിയുടെ കഥാപാത്രം അദ്ധേഹത്തിന്റെ സ്ഥിരം കലിപ്പ് സെറ്റ് അപ്പ്‌ തന്നെ ആയിരുന്നു എങ്കിലും ഒരു മെച്ചപ്പെട്ട പ്രകടനം ആണ് പുള്ളി കാഴ്ചവെച്ചത്. പ്രിത്വിയുടെ ഒരു ബഹളവുമില്ലാത്ത, ശാന്തമായ ഒരു പ്രകടനം ആയിരുന്നു, ക്ലൈമാക്സ് വരെ ! നെടുമുടി  പതിവ് പോലെ തന്നെ തന്റെ ഭാഗം നന്നാക്കി. ജോയ് മാത്യു, തന്റെ സ്ഥിരം മാനറിസങ്ങളിൽ നിന്നും രക്ഷപ്പെടുന്ന കാഴ്ച്ഗയാണ് ഇതിൽ. നല്ല വ്യത്യസ്ത റോളുകൾ കൊടുത്താൽ അത് തന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു.

പാട്ടുകൾ ഒരു വട്ടം കേൾക്കാൻ ബെസ്റ്റാ. പശ്ചാത്തല സംഗീതം നന്നായി. പാട്ടുകൾ കൊണ്ട് വെറുപ്പിക്കാൻ സംവിധായകൻ തയ്യാറാവാഞ്ഞത് നന്നായി. ' നോർത്ത്  24 കാതം' എന്ന സിനിമ കണ്ടാൽ  തന്നെ അറിയാൻ പറ്റും, ശ്രീ. അനിൽ രാധാകൃഷ്ണൻ മേനോന്റെ, കഥ പറച്ചിലിന്റെ ക്രാഫ്റ്റ്. അത്ര ഭയങ്കരമാല്ലാത്ത ഒരു തീം എങ്ങനെ വ്യത്യസ്തമായി പറയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'സപ്തമശ്രീ'. ഭാഗ്യത്തിന് പടം കഴിഞ്ഞപ്പോ കള്ളന്മാരാരും കൂടെ ഇറങ്ങി വന്നില്ല! (ഇഫ് യു നോ വാട്ട് ഐ മീൻ ;) )

വാൽ : പ്രിത്വിരാജ്, ഇതുപോലെ , നല്ല കഥാപാത്രങ്ങളെ അവതിരിപ്പിച്ചു മുന്നോട്ടു പോകുവാണേൽ മലയാള സിനിമ ചരിത്രത്തിൽ  സത്യന്റെയും, തിലകന്റെയും, ഭരത് ഗോപിയുടെയും, മോഹൻലാലിന്റെയും , മമ്മൂട്ടിയുടെയും ഒക്കെ കൂടെ ഒരു കസേര വലിച്ചു നീക്കി ഇടാവുന്നതെയുള്ളൂ. ഹാറ്റ്സ് ഓഫ്‌ !

Tuesday, September 16, 2014

പെരുച്ചാഴി

പെരുച്ചാഴി :
പടം ഇറങ്ങിയ സമയത്ത് ചില തിരക്കുകൾ മൂലം കാണാൻ സാധിച്ചില്ല. പക്ഷെ, ഓണ്‍ലൈൻ നിരൂപണങ്ങൾ വായിക്കാറുണ്ടായിരുന്നു. തളർത്തിയും വളർത്തിയും ഉള്ള അഭിപ്രായങ്ങൾ കണ്ടു. എന്തായാലും, രണ്ടു ദിവസം മുൻപ് 'പെരുച്ചാഴി' കണ്ടു.
പലയിടത്തും വിജയ്‌ ബാബു പറഞ്ഞത് പോലെ രണ്ടു കാര്യങ്ങൾ ആദ്യമേ മനസ്സിൽ വെച്ചു കൊണ്ട് വേണം 'പെരുച്ചാഴി' കാണാൻ. ഒന്ന്, ലോജിക് വീട്ടിൽ വെച്ചിട്ട് വേണം പടത്തിനു പോകാൻ. രണ്ടു, മോഹൻലാലിൻറെ ഇത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരാഘോഷമാണ് ഈ ചിത്രം. ഈ രണ്ടു കാര്യങ്ങൾ വെച്ച് നോക്കുവാണേൽ പടം ഓക്കേ!
ഒരു സിനിമയേയും താഴ്ത്തി കെട്ടാൻ എനിക്കത്ര ഇഷ്ടമല്ല. പരമാവധി നല്ല വശങ്ങൾ കണ്ടു പിടിക്കാൻ നോക്കുന്ന ഒരാളാണ് ഞാൻ. കാരണം മറ്റൊന്നുമല്ല, ഏതു സിനിമ ആണേലും അതിന്റെ പിന്നിലെ അധ്വാനം വലുതാണ്‌. അതിനോടുള്ള ഒരു ബഹുമാനം. ഒരു വിമർശകന്റെ കണ്ണോടെ 'പെരുച്ചാഴി' കണ്ടാൽ ഒരിക്കലും ഇതൊരു നല്ല സിനിമയാണെന്ന് പറയാൻ കഴിയില്ല. ദുർബലമായ തിരക്കഥ, ചിലയിടങ്ങളിൽ മുഴച്ചു നില്കുന്ന എഡിറ്റിംഗ്, അവിശ്വസനീയത കലര്ന്ന രംഗങ്ങൾ...അങ്ങനെ അങ്ങനെ കുറ്റങ്ങൾ ഒരുപാട് കണ്ടു പിടിക്കാം.
എന്നാൽ, സ്ഥിരം പറയുന്നത് പോലെ, വൈകുന്നേരം വരെ കഷ്ടപ്പെട്ട് ജോലി ചെയ്തു, ഒരൽപം ചിരിക്കാനായി വരുന്നവർക്ക് അത്യാവശ്യം ഒരു വിരുന്നാണ് 'പെരുച്ചാഴി'. പലരും പറഞ്ഞു കേട്ട് ഇതിൽ ലോജിക് ഇല്ലെന്നു. അല്ലാ, ഇപ്പൊ ഇറങ്ങുന്ന എത്ര പടത്തിലുണ്ട് ഈ ലോജിക് ? ഹിന്ദിക്കാരന്റെ ധൂമിനും തമിഴന്റെ അൻജാനും കയ്യടിക്കുന്നവർ തന്നെയല്ലേ ഇവിടുത്തെ പ്രേക്ഷകർ? വിജയ്‌മാർക്കും അല്ല് അർജുനന്മാർക്കും വിസിൽ അടിക്കുന്നവർ തന്നെയല്ലേ ഇവിടുത്തെ പ്രേക്ഷകർ? അപ്പൊ, ലോജിക് വിട്. അതിൽ വലിയ കാര്യമൊന്നുമില്ല( ജെയിംസ്‌ പടങ്ങളിലും മറ്റു ചില 'ലോകോത്തര' ആക്ഷൻ പടങ്ങളിലും ഫയങ്കര ലോജിക് അല്ലെ!).
പിന്നെ കേട്ടൊരു സാധനം, ഇത് ദിലീപ് ചെയ്യുമ്പോ എഹെ , മോഹൻലാൽ ചെയ്യുമ്പോ ആഹ...എന്നാണെന്ന്. ഒരു പരിധി വരെ , ദിലീപ് സിനിമകളിലെ ഹ്യൂമരിന്റെ നിലവാരമേ പെരുചാഴിയിലും ഉള്ളു. പക്ഷെ, മോഹൻലാൽ എന്ന നടൻ ആ ഹ്യൂമർ ഡീൽ ചെയ്യുമ്പോ, ആ ചളിക്കും ഒരു നിലവാരം വന്നു പോകുന്നു.
മോഹൻലാലിന് ഇപ്പോഴും കോമഡി നന്നായി തന്നെ വഴങ്ങും എന്ന് തെളിയിക്കാൻ പറ്റിയ സിനിമ.ദുര്ബലമായ ഒരു തിരക്കഥയെ അദ്ദേഹം ഒറ്റയ്ക്ക് രക്ഷിച്ചു എന്ന് വേണം പറയാൻ. ബാബുരാജും അജുവും മോശമാക്കിയില്ല. ചില 'സ്പൂഫ്' സീനുകളും കലക്കി. മുകേഷിന് അധികം റോൾ ഇല്ലാതിരുന്നിട്ട് കൂടിയും നന്നായി. നായിക സൌന്ദര്യത്തിൽ മാത്രം ഒതുങ്ങി. പാട്ടുകൾ ദയനീയം, പശ്ചാത്തല സംഗീതം കൊള്ളാം.
സിനിമ സീരിയസ് ആയി കാണുന്നവർക്ക് 'പെരുച്ചാഴി' ദഹിക്കില്ല. പക്ഷെ, സിനിമയെ എല്ലാ രീതിയിലും സ്വീകരിക്കാൻ കഴിയുന്നവർക്ക് ഇതൊരു മോശം പടമാണെന്ന് പറയാൻ പറ്റില്ല. കണ്ടിരിക്കാവുന്ന ഒരു എന്റർറ്റൈനെർ ..അതാണ്‌ ഇത് !
വാൽ: ലാലേട്ടനും ബുള്ളറ്റും തന്നെയാണ് മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും നല്ല ജോടികൾ ! ഹൈ..എന്താ ലുക്ക്‌ !

Wednesday, September 10, 2014

മേരി കോം (ഹിന്ദി )

മേരി കോം (ഹിന്ദി ):
ഒരാളുടെ ആത്മകഥ സിനിമയാക്കുമ്പോൾ, ആ സിനിമ ആ ആത്മകഥയോടു പരമാവധി നീതി പുലർത്തണം എന്ന അഭിപ്രായക്കാരനാണ് ഞാൻ (100 ശതമാനം നീതി പുലർത്തണം എന്നല്ല ഞാൻ പറഞ്ഞത്). ഒരു വാണിജ്യ സിനിമയ്ക്കു വേണ്ട ഉപ്പും മുളകും മല്ലിപ്പൊടിയും ചേർക്കാൻ ശ്രമിക്കുമ്പോൾ തന്നെ സിനിമയുടെ ജീവനായ കഥയിൽ നിന്നും എത്രമാത്രം തെന്നി മാറണം എന്നത് വളരെ വെല്ലുവിളി ഉയർത്തുന്ന കാര്യം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ "മേരി കോം " നല്ലൊരു സിനിമയാണ്. ശെരിയാണ്, ഈ സിനിമ യഥാർത്ഥ മേരി കോമിന്റെ ജീവിത മുഹൂർത്തങ്ങളിൽ നിന്നും ചിലയിടങ്ങളിലെങ്കിലും മാറിയാണ് സഞ്ചരിക്കുന്നത്. എന്നാൽ മേരി കോം ആരായിരുന്നു, എന്തൊക്കെ വെല്ലുവിളികളെ നേരിട്ടാണ് ഈ നേട്ടങ്ങൾ വെട്ടിപ്പിടിച്ചത് തുടങ്ങിയ വശങ്ങൾ അത്യാവശ്യം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മണിപ്പൂർ ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ജനത ഇവിടെയുണ്ട് എന്ന ഇരുണ്ട യാഥാർത്ഥ്യത്തിലേക്കും ഈ സിനിമ വിരൽ  ചൂണ്ടുന്നുണ്ട്.

പ്രിയങ്ക ചോപ്ര എന്ന നടിയെ  ഒരു ബഹുഭൂരിപക്ഷം മീഡിയ കുതുകികൾ ഇഷ്ടപെടുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് നിരൂപണങ്ങൾ. ചില രംഗങ്ങളിലെ അമിതാഭിനയം മാറ്റി നിർത്തിയാൽ, പ്രിയങ്കയുടെ മികച്ച പ്രകടനം തന്നെയായിരുന്നു 'മേരി കോം'. ഈ കഥാപാത്രത്തിന് വേണ്ടി അവർ ചെയ്ത കഠിനാധ്വാനത്തിനു കൊടുക്കണം ഒരു ബിഗ്‌ സല്യൂട്ട്. ബാക്കി നടീ  നടന്മാരും  തങ്ങളുടെ വേഷങ്ങൾ വെടിപ്പായി തന്നെ അവതരിപ്പിച്ചു. സാധാരണ ഹിന്ദി സിനിമകളെ പോലെ, വേണ്ടിടത്തും വേണ്ടാത്തിടത്തും ഉള്ള  പാട്ടുകൾ കൊണ്ട് വെറുപ്പിച്ചില്ല ഈ സിനിമ . എങ്കിൽ തന്നെയും ഒന്ന് രണ്ടു നല്ല പാട്ടുകൾ ഈ സിനിമയിലുണ്ട്. എങ്കിൽ തന്നെയും, വാണിജ്യപരമായ ലക്ഷ്യങ്ങൾ വെച്ചുള്ള നാടകീയ മുഹൂർത്തങ്ങളും ഈ സിനിമയിലുണ്ട്, പക്ഷെ അത്തരം രംഗങ്ങളുടെ അതിപ്രസരമില്ല.

ചില ന്യൂനതകൾ (അതിപ്പോ ഇതു പടത്തിനാ ഇല്ലാത്തതു) മാറ്റി നിർത്തിയാൽ കാണാൻ കൊള്ളാവുന്ന പടം തന്നെയാണ് 'മേരി കോം' . ജീവിതത്തിലെ മേരി കോമിനറെയും വെള്ളിത്തിരയിലെ മേരി കോമിനറെയും സമർപ്പണത്തിനും അധ്വാനത്തിനും വേണ്ടിയെങ്കിലും ഈ സിനിമ വിജയിക്കേണ്ടത് തന്നെയാണ്.

വാൽ: പ്രിയങ്ക ചോപ്രയുടെ രാഷ്ട്ര സ്നേഹം ഉണർത്തുന്ന  രംഗങ്ങൾ കണ്ടു കയ്യടിച്ച ഒരു ഹിന്ദി പ്രേക്ഷകൻ പടം കഴിഞ്ഞു പറയുന്നത് കേട്ട് : " വിചാരിച്ചത്ര അവൾ കാണിച്ചില്ല (ഹിന്ദിയിലാ പറഞ്ഞത് !)" . ഈ അവൻ തന്നെ ദേശിയ ഗാനം കേട്ടപ്പോ  എഴുന്നേറ്റു നിന്നും ദേശ സ്നേഹവും കാണിച്ചു .