Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, August 12, 2015

Mission Impossible - Rogue Nation



***Expect Spoilers***

ടോം ക്രൂസ് എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്‌. ടോപ്‌ ഗണ്ണും റെയ്ൻ മാനും ദി ലാസ്റ്റ് സാമുറായിയും ഒക്കെ ആ നടന്റെ റേഞ്ച് നമുക്ക് കാട്ടി തന്നു. പക്ഷെ, 'Mission Impossible' ആണ് പുള്ളിയെ ഒരു 'ബ്രഹ്മാണ്ട' നായകനാക്കി മാറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ  Mission Impossible സീരീസിലെ ഏറ്റവും പുതിയതാണ് Rogue Nation .

Mission Impossible സിനിമകൾ എല്ലാം തന്നെ 'me against the world ' പ്ലോട്ടിൽ ഉണ്ടാക്കിയതാണ്. ഒരു തരം  അടി-ഇടി-വെടി-പൊക ലൈൻ . പക്ഷെ, ഇതൊരു മാതിരി തട്ടിക്കൂട്ട് അടിയും വെടിയും അല്ല. അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ഈ സീരീസുകളിൽ കാണാൻ കഴിയുന്നത്. പുതിയ മിഷനിലും കാര്യങ്ങൾ വ്യത്യസ്തമല്ല. നല്ല കിണ്ണം കാച്ചിയ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Mission Impossible - Rogue Nation.

IMF (Impossible Mission Force) പിരിച്ചു വിടാൻ തീരുമാനിക്കുന്നിടത്താണ് പടം തുടങ്ങുന്നത്. പക്ഷെ, സിണ്ടിക്കേറ്റ് എന്ന തീവ്രവാദി സംഘടനയെപ്പറ്റിയുള്ള വിവരങ്ങൾ തേടി ഈതൻ ഹണ്ട് മറു വശത്ത്. ആ രഹസ്യ സംഘടനയെ പറ്റിയുള്ള വിവരങ്ങൾ തേടിപ്പിടിക്കുന്നതാണ് കഥാചുരുക്കം. ആദ്യ പകുതിയിൽ ഒരല്പം ആവർത്തന വിരസത ഒക്കെ തോന്നുമെങ്കിലും, രണ്ടാം പകുതിയിൽ ആ ക്ഷീണം അങ്ങ് തീർത്തു. നേരത്തെ സൂചിപ്പിച്ചത് പോലെ കിടിലൻ ആക്ഷൻ രംഗങ്ങൾ, വേഗതയുള്ള സ്ക്രിപ്റ്റ് , ചടുലതയുള്ള ക്യാമറ വർക്കുകൾ.
ടോം ക്രൂസ് വീണ്ടും കിടുക്കി. 53 വയസുള്ള ഒരു മനുഷ്യന് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം. നായികയായി വന്ന റെബേക്ക ഫെർഗുസനും കലക്കി. പിന്നെ, ഇത്തരം സിനിമകളിൽ ഒഴിവാക്കാനാവാത്ത ലോജിക്ക് ഇല്ലാത്ത ചില 'കത്തി' സീനുകളും ഉണ്ടായിരുന്നു.

ഈ അച്ചിൽ വാർത്ത ഒരുപാട് സിനിമകളുണ്ട്. പക്ഷെ 'Mission Impossible - Rogue Nation' അതിലൊക്കെ ഒരു പടി മുകളിലാണ്. തിയറ്ററിൽ തന്നെ കാണണം.

വാൽ : ഇതിൽ ഈതൻ ഹണ്ട് ഒരു ജനൽ പൊളിച്ചു വീഴുന്ന സീനുണ്ട്. അത് കഴിഞ്ഞു പുള്ളി മുടന്തിയാണ്‌ പോകുന്നത്. മറ്റൊരു സീനിൽ, പുള്ളി ഓടിക്കുന്ന കാർ വളരെ വേഗത്തിൽ ഇടിച്ചു മറിഞ്ഞു ഒരു ആറേഴു മലക്കം കഴിഞ്ഞു തലയും കുത്തി നിക്കുന്നിടത്ത് നിന്നും ടിയാൻ  പുട്ട് പോലെയാണ് എഴുന്നേറ്റു പോകുന്നത്. ഇത്തരം സിനിമകളിൽ ഇത്തരം രംഗങ്ങൾ  ഒഴിവാക്കാൻ ആവില്ലെങ്കിലും, പകച്ചു പോയി!

Thursday, August 6, 2015

Buried (2010)



റോഡ്രിഗോ കൊർറ്റെസ് എന്ന സ്പാനിഷ് സംവിധായകനാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരേയൊരു ലൊക്കേഷൻ, ഒരൊറ്റ അഭിനേതാവ്. ഈ രണ്ടു സംഭവങ്ങൾ വെച്ച് ഒരു അത്ഭുത സിനിമയാണ് നമുക്ക് കാണാൻ സാധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസും തീ പാറുന്ന ആക്ഷൻ സീക്വൻസുകലും പ്രതീക്ഷിക്കുന്നവർക്ക് ഒരു പക്ഷെ ഇതൊരു വിരുന്നാവില്ല.

ഇറാഖിൽ വിമതരുടെ പിടിയിൽ അകപ്പെട്ട് മണ്ണിനടിയിൽ ഒരു ശവപ്പെട്ടിയിൽ കുഴിചിട്ടിരിക്കുകയാണ് നായകനെ. മുഴുവൻ സിനിമയും ഈ പെട്ടിക്കുള്ളിൽ തന്നെ. പ്രേക്ഷകൻ സ്വയം ആ അവസ്ഥയിൽ എത്തിച്ചേരുന്നുണ്ട്. ഒരിക്കലെങ്കിലും നീലാകാശം കാണാനുള്ള നായകൻറെ വ്യഗ്രത പതിയെ പ്രേക്ഷകനിലെക്കും പകർത്താൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ , മനുഷ്യ മനസ്സിന്റെ വികാരങ്ങളെ മനോഹരമായി കോർത്തിണക്കിയ തിരക്കഥ. കിടിലൻ ക്യാമറ വർക്ക്. റയാൻ രെനോൽട്സിന്റെ കിടിലൻ പ്രകടനം. അങ്ങനെ നല്ലൊരു സിനിമ ആസ്വദിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഇതിലുണ്ട്.

'മിനിമലിസ്റ്റിക് ഫിലിം മേകിംഗ്'ന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ സിനിമ. നഷ്ടപ്പെടുത്തരുത്, ഈ കൊച്ചു, മനോഹര ചിത്രം.

Monday, August 3, 2015

കേട്ട കഥ :
1998. കോയമ്പത്തൂർ ബോംബ്‌ സ്ഫോടനം. അതിനു ശേഷം രാജ്യത്തെങ്ങും അതിജാഗ്രത പാലിക്കാൻ നിർദേശം വന്നു (അല്ലേലും ദുരന്തത്തിന് ശേഷമാണല്ലോ നിർദേശങ്ങൾ!). അപ്പോൾ കേരളത്തിലെ ഒരുയർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു , ' നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തോന്ന് പൊട്ടിക്കാനാ!' എന്ന്.

മേൽപ്പറഞ്ഞത്‌ സത്യമാണോ എന്നൊന്നും അറിയില്ല. പക്ഷെ, പൊതുവെ ഇങ്ങനെയൊരു മനോഭാവം കേരള ജനതയ്ക്ക് ഉണ്ടെന്നു തോന്നുന്നു. തീവ്രവാദി ആക്രമണവും യുദ്ധവും ഒക്കെ അങ്ങ് വടക്കല്ലേ ഉള്ളൂ , നമുക്കോരോ ചായയും പരിപ്പുവടയുമായി അതൊക്കെ മനോരമയിൽ വായിക്കാലോ എന്ന്. കാര്യമൊക്കെ ശരി തന്നെ. മതപരമായും മറ്റും, മറ്റു ചില സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ കേരളം സമാധാനപരമാണ്. പക്ഷെ, കാലം മാറുന്നു. സാഹചര്യങ്ങളും.

കേരളം ഇന്ന് മലയാളം മാത്രമല്ല സംസാരിക്കുന്നത്. ഹിന്ദിയും, തമിഴും, കന്നടയും, മറാത്തിയും തുടങ്ങി ഒരുപാട് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനമാണ്. പല സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ ജോലി ചെയ്യുന്നു. പല മേഖലകളിൽ , പല ജോലികളിൽ അവർ ഏർപ്പെട്ടിരിക്കുന്നു. ഇവരുടെ പോക്കുവരവുകൾ , ഇടപാടുകൾ ഒക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടോ? ആര്ക്കറിയാം !

കൊച്ചി പഴയ കൊച്ചിയല്ല. അത് പോലെ ഭീകരവാദികളും പഴയ സ്റ്റൈൽ അല്ല. വൻ നഗരങ്ങളിൽ നിന്നും ശ്രദ്ധ മാറ്റി ചെറു  നഗരങ്ങളാണ് അവർ ലക്ഷ്യം വെക്കുന്നതെന്ന് ഈയടുത്ത് വന്ന ഐ എസ്സിന്റെ (അങ്ങനെ പറയപ്പെടുന്ന ) ലേഖനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ തീരദേശങ്ങൾ സുരക്ഷിതമാണോ? ആർക്കറിയാം !

ഒരു പക്ഷെ നാമെല്ലാവരും 100% സുരക്ഷിതാരവാം. നമ്മുടെ പോലീസും മറ്റും എല്ലാ ജാഗ്രതാ നടപടികളും എടുതിട്ടുണ്ടാവാം. എന്റെ അഞ്ജത ആവാം ഈയൊരു കുറിപ്പ്. പക്ഷെ, എന്നാലും പോട്ടെണ്ടാതോക്കെ എവിടെയായാലും പൊട്ടും.  അതിനു വേണ്ട കരുതലുകൾ ഭരണാധികാരികൾ എടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.