***Expect Spoilers***
ടോം ക്രൂസ് എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്. ടോപ് ഗണ്ണും റെയ്ൻ മാനും ദി ലാസ്റ്റ് സാമുറായിയും ഒക്കെ ആ നടന്റെ റേഞ്ച് നമുക്ക് കാട്ടി തന്നു. പക്ഷെ, 'Mission Impossible' ആണ് പുള്ളിയെ ഒരു 'ബ്രഹ്മാണ്ട' നായകനാക്കി മാറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ Mission Impossible സീരീസിലെ ഏറ്റവും പുതിയതാണ് Rogue Nation .
Mission Impossible സിനിമകൾ എല്ലാം തന്നെ 'me against the world ' പ്ലോട്ടിൽ ഉണ്ടാക്കിയതാണ്. ഒരു തരം അടി-ഇടി-വെടി-പൊക ലൈൻ . പക്ഷെ, ഇതൊരു മാതിരി തട്ടിക്കൂട്ട് അടിയും വെടിയും അല്ല. അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ഈ സീരീസുകളിൽ കാണാൻ കഴിയുന്നത്. പുതിയ മിഷനിലും കാര്യങ്ങൾ വ്യത്യസ്തമല്ല. നല്ല കിണ്ണം കാച്ചിയ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Mission Impossible - Rogue Nation.
IMF (Impossible Mission Force) പിരിച്ചു വിടാൻ തീരുമാനിക്കുന്നിടത്താണ് പടം തുടങ്ങുന്നത്. പക്ഷെ, സിണ്ടിക്കേറ്റ് എന്ന തീവ്രവാദി സംഘടനയെപ്പറ്റിയുള്ള വിവരങ്ങൾ തേടി ഈതൻ ഹണ്ട് മറു വശത്ത്. ആ രഹസ്യ സംഘടനയെ പറ്റിയുള്ള വിവരങ്ങൾ തേടിപ്പിടിക്കുന്നതാണ് കഥാചുരുക്കം. ആദ്യ പകുതിയിൽ ഒരല്പം ആവർത്തന വിരസത ഒക്കെ തോന്നുമെങ്കിലും, രണ്ടാം പകുതിയിൽ ആ ക്ഷീണം അങ്ങ് തീർത്തു. നേരത്തെ സൂചിപ്പിച്ചത് പോലെ കിടിലൻ ആക്ഷൻ രംഗങ്ങൾ, വേഗതയുള്ള സ്ക്രിപ്റ്റ് , ചടുലതയുള്ള ക്യാമറ വർക്കുകൾ.
ടോം ക്രൂസ് വീണ്ടും കിടുക്കി. 53 വയസുള്ള ഒരു മനുഷ്യന് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം. നായികയായി വന്ന റെബേക്ക ഫെർഗുസനും കലക്കി. പിന്നെ, ഇത്തരം സിനിമകളിൽ ഒഴിവാക്കാനാവാത്ത ലോജിക്ക് ഇല്ലാത്ത ചില 'കത്തി' സീനുകളും ഉണ്ടായിരുന്നു.
ഈ അച്ചിൽ വാർത്ത ഒരുപാട് സിനിമകളുണ്ട്. പക്ഷെ 'Mission Impossible - Rogue Nation' അതിലൊക്കെ ഒരു പടി മുകളിലാണ്. തിയറ്ററിൽ തന്നെ കാണണം.
വാൽ : ഇതിൽ ഈതൻ ഹണ്ട് ഒരു ജനൽ പൊളിച്ചു വീഴുന്ന സീനുണ്ട്. അത് കഴിഞ്ഞു പുള്ളി മുടന്തിയാണ് പോകുന്നത്. മറ്റൊരു സീനിൽ, പുള്ളി ഓടിക്കുന്ന കാർ വളരെ വേഗത്തിൽ ഇടിച്ചു മറിഞ്ഞു ഒരു ആറേഴു മലക്കം കഴിഞ്ഞു തലയും കുത്തി നിക്കുന്നിടത്ത് നിന്നും ടിയാൻ പുട്ട് പോലെയാണ് എഴുന്നേറ്റു പോകുന്നത്. ഇത്തരം സിനിമകളിൽ ഇത്തരം രംഗങ്ങൾ ഒഴിവാക്കാൻ ആവില്ലെങ്കിലും, പകച്ചു പോയി!
No comments:
Post a Comment