Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, September 15, 2015

തനി ഒരുവൻ


വില്ലൻ നായകനെ നിഷ്പ്രഭമാക്കുന്ന സിനിമകൾ വിരളമാണ്. 'തനി ഒരുവൻ' അതിൽ ഒന്നാണ്. എന്നാൽ, ആഖ്യാനത്തിൽ ദുഷ്ടനിഗ്രഹം തന്നെ അടിസ്ഥാന വിഷയം.തമിഴ് സിനിമയുടെ സാധാരണ വില്ലൻ- ഹീറോ ബഹളങ്ങൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ സിനിമ.
'ഇമോഷൻസ്' ഇല്ലാത്ത, ഒറ്റയാനായ ഒരു പോലീസ് ഓഫീസറും , അതെ മനസ്ഥിതിയുള്ള ഒരു ശാസ്ത്രഞ്ഞനും തമ്മിലുള്ള യുദ്ധമാണ് 'തനി ഒരുവൻ'. ബുദ്ധിയും യുക്തിയും കൊണ്ട് തമ്മിൽ മത്സരിച്ചു കീഴടക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന രണ്ടു പേർ. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ, രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും വേഗതയും ചടുലതയും കൈ വരിക്കുന്നു.കിടിലൻ ബാക്ഗ്രൌണ്ട് സ്കോറുകളും സ്റ്റൈലൻ ഷോട്ടുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുത്തിയ ഒരു പാട്ട് മാറ്റി നിർത്തിയാൽ, നല്ല 'ഫ്ലോ' ആണ് ഈ സിനിമക്ക്. ചിലയിടങ്ങളിലെ കളർ ടോണിലെ പെട്ടെന്നുള്ള വ്യതിയാനവും അരോചകമാക്കി. എങ്കിലും ആകെ മൊത്തം ഒരു നല്ല അനുഭവമാണ് ഈ ചിത്രം.
ജയം രവിയുടെ ഇതിനു മുൻപൊരു സിനിമ കണ്ടത് ഏഴു വര്ഷം മുൻപാണ് : 'സന്തോഷ്‌ സുബ്രമണ്യം'. എന്തോ, ജയം രവി ഒരു നല്ല നടനല്ല എന്നൊരു അഭിപ്രായം വെച്ച് പുലർത്തിയിരുന്ന ആളാണ്‌ ഞാൻ. 'തനി ഒരുവൻ' കണ്ടതിനു ശേഷം ആ അഭിപ്രായത്തിൽ വലിയ മാറ്റമൊന്നുമില്ല , പക്ഷെ, വളരെ മെച്ചപ്പെട്ടതായി തോന്നി (ചിലയിടങ്ങളിൽ വെറുപ്പിചെങ്കിലും) അദ്ധേഹത്തിന്റെ പ്രകടനം. അരവിന്ദ സാമി തകർത്തു . അതൊരു പൊതു അഭിപ്രായമായത് കൊണ്ട് അധികം പറയുന്നില്ല. എങ്കിലും ഇതിലും മികച്ച വില്ലൻ പ്രകടനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. നയൻസിന് സ്ഥിരം വേഷം തന്നെ.
ട്രെയിലറും ഹിപ്പ് ഹോപ്പ് തമിഴന്റെ പാട്ടും കണ്ടു ഇതോരു വമ്പൻ സംഭവമാണെന്നും കരുതി പോകേണ്ട കാര്യമില്ല. ഒരു സാധാരണ സിനിമ, മികച്ച മേക്കിംഗ് കൊണ്ടും , അരവിന്ദ് സാമിയുടെ അപാര സ്ക്രീൻ പ്രെസൻസ് കൊണ്ടും, നല്ലൊരു വിഷ്വൽ അനുഭവം ആകുന്നു. കാണുന്നത് കൊണ്ട് യാതൊരു നഷ്ടവുമില്ല.
വാൽ : ഇതൊരു വലിയ വില്ലൻ പ്രകടനം ആയി കൊണ്ടാടുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. 'ഉയരങ്ങളിൽ' എന്നൊരു സിനിമയുണ്ട്. അതിൽ ജയരാജൻ എന്നൊരു വില്ലനുമുണ്ട്.

Monday, September 14, 2015

Anatomy of a Murder (1959)



മിച്ചിഗൻ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന ജോണ്‍ വോൾകർ എഴുതിയ ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. ഇതൊരു ക്രൈം noir ക്ലാസ്സിക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒരൊറ്റ ക്രൈം സീൻ പോലും കാണിക്കാതെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന സിനിമയാണിത്. കോടതിമുറിയിലെ പിരിമുറുക്കങ്ങളും വാദപ്രതിവാദങ്ങളും എല്ലാം തന്നെ വളരെ brilliant ആയി കാണിച്ചിരിക്കുന്നു. കേയ്സിന്റെ സിനിമയിലെ വിധി എന്ത് തന്നെയാണെങ്കിലും , യഥാർത്ഥ വിധി തീരുമാനിക്കാൻ പ്രേക്ഷകന് വിട്ടു കൊടുക്കുന്നുണ്ട്.

നല്ല കിടുക്കൻ ടൈറ്റിൽ കാർഡും , മികച്ച അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ. വളരെ ലളിതമായി, എന്നാൽ സംഭവത്തിന്റെ ചൂട് ചോർന്നു പോകാതെ തന്നെ , ചടുലമായ സ്ക്രീൻ പ്ലേ. മികച്ച സംവിധാനം. അഭിനേതാക്കൾ എല്ലാം തന്നെ മികച്ചു നിന്നു.

Wendell Mayes എഴുതി Otto Preminger സംവിധാനം ചെയ്ത ഈ സിനിമ  ഓസ്കാർ നോമിനഷൻസ് നേടി. കൂടാതെ, അമേരിക്കൻ ബാർ അസ്സോസ്സിയേഷന്റെ എക്കാലത്തെയും മികച്ച 25  നിയമ സിനിമകളിൽ നാലാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോടതി സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പലരും തകർത്താടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, ലോകത്തിറങ്ങിയ കോർട്ട് റൂം  ഡ്രാമകളുടെ വാപ്പയായി വരും ഈ സിനിമ. എ മസ്റ്റ്‌ വാച്ച് !

Wednesday, September 9, 2015

കുഞ്ഞിരാമായണം



ഒരുപാട് വൈകിയാണ് പടം കണ്ടത്. അത്യാവശ്യം നല്ല അഭിപ്രായങ്ങളും കണ്ടു..കേട്ടു. ഒരുപാട് നിരൂപണങ്ങളും അഭിപ്രായങ്ങളും കയറിയിറങ്ങിയ സിനിമയായത് കൊണ്ട് വിസ്തരിക്കുന്നില്ല. 'കുഞ്ഞിരാമായണം' ഒരു മോശം സിനിമയല്ല. എന്നാൽ കൊട്ടിഘോഷിച്ചത് പോലെയുള്ളതൊന്നും ഇതിലില്ല താനും.

വിശ്വാസങ്ങളെ അന്ധമായി ആചരിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നന്നായി ഒന്ന് കൊട്ടിയിട്ടുണ്ട് ഈ ചിത്രത്തിൽ (അറിഞ്ഞോ അറിയാതെയോ!). സർവേ കല്ലിനെ പോലും തൊഴുന്ന ആളുകളുള്ള ഈ നാട്ടിൽ അങ്ങനെയുള്ള മണ്ടൻ ചിന്താഗതിയെ കളിയാക്കാൻ ഈ സിനിമ ശ്രമിച്ചിട്ടുണ്ട്. പല സീനുകൾ പെറുക്കി എടുത്തു വെച്ച, ഷോർട്ട് ഫിലിം ലെവലിലുള്ള ആദ്യ പകുതി നിരാശപ്പെടുത്തി. രണ്ടാം പകുതി ഭേദമായിരുന്നു. ഗ്രാമത്തിൻറെ നൈർമല്യതെയും ഗൃഹാതുരതെയും ഏച്ച് വെച്ച് കെട്ടിയത് പോലെ തോന്നി. ടൈറ്റിൽ സൊങ്ങ് ഒഴിച്ച് വന്ന പാട്ടുകൾ ഒട്ടും മികച്ചവയായിരുന്നില്ല. ബേസിൽ, ഇത് തുടക്കമാണ്, മെച്ചപ്പെടാൻ ഇനിയും ഏറെ സമയമുണ്ട് .

വിനീത് ഒരു 'ഭയങ്കര' നടൻ ഒന്നുമല്ലെങ്കിലും അത്യാവശ്യം ഭേദപ്പെട്ട അഭിനേതാവാണ്. പക്ഷെ ഈ സിനിമയിൽ പലയിടത്തും സ്വന്തം അച്ഛനെ അനുകരിക്ക്യ്ന്നത് പോലെ തോന്നി ( ബോധപൂർവമാണോ ആവോ). ധ്യാൻ പക്ഷെ മോശമാക്കിയില്ല. അജു വർഗീസ്‌ വെറുപ്പിക്കൽ ആണെന്ന് പറയുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല. ഈ സിനിമയിലും അദ്ദേഹം ഭേദപെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്.  തിളങ്ങിയത് പക്ഷെ, നീരജ് മാധവാണ്. പുള്ളി ഒരു മുതൽ കൂട്ടാണ്.

ചുരുക്കത്തിൽ,  പെറുക്കി വെച്ച കുറെ സീനുകൾ തുന്നി വെച്ചത് പോലെയാണ് ഈ സിനിമ. ഓർത്തു വെക്കാവുന്ന നിമിഷങ്ങൾ വിരളം. മറ്റു ഓണപ്പടങ്ങൾ ചതിച്ചെങ്കിൽ ഇതിനു ടിക്കറ്റ് എടുക്കാം...'കുഞ്ഞിരാമായണം ' അങ്ങനെ വിജയിച്ചിതാവാനേ സാധ്യതയുള്ളൂ.

വാൽ : മോഹൻലാലിനും മമ്മൂട്ടിക്കും ഇടയിൽ നിന്നാണ് ഈ 'കുഞ്ഞി'പ്പടം കത്തിക്കയറിയത്. അതൊരു മുന്നറിയിപ്പാണ്.  അതിലുപരി വലിയൊരു വിജയവും!