Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, December 30, 2015

ചാർളി



എങ്ങനെ ജീവിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്ന സിനിമകൾ കുറെ വന്നിട്ടുണ്ട്. പലതും പല തരത്തിലാണ് അതിന്റെ സന്ദേശം നമ്മിലേക്ക് എത്തിക്കുന്നത്. ചിലത് തല്ലിപ്പൊളി ആയി നടന്നു നന്നാവുന്ന നായകൻറെ കഥയായിരിക്കാം, മറ്റു ചിലത് കട്ട ഉപദേശ പടങ്ങളും. എന്നാൽ 'ചാർളി' ഇതൊന്നുമല്ല. ജീവിതത്തിനെ എങ്ങനെ വേറൊരു രീതിയിൽ നോക്കിക്കാണാം എന്ന് കാട്ടി തരികയാണ് ഈ സിനിമ.

നൂലില്ലാത്ത പട്ടം പോലെ പാറി നടക്കുന്ന ഒരു യുവാവ്. ഉന്മാദിയും എന്നാൽ സഹജീവി സ്നേഹം വേണ്ടുവോളം ഉള്ള ഒരു മനുഷ്യൻ. അതാണ്‌ 'ചാർളി'. ആ ചാർളിയെ തേടി നടക്കുന്ന ഒരു പെണ്‍കുട്ടി. ഇവരിലൂടെയാണ് കഥ വികസിക്കുന്നത്. കേട്ടു മറന്ന നന്മകൾ ഇതിലുമുണ്ട്, പക്ഷെ അതവതരിപ്പിച്ച രീതി മികച്ചതാണ്. പക്ഷെ, യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു ലൈഫ് സാധ്യമാണോ എന്നത് സംശയമാണ്. ഇതിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങളും സാമ്പത്തികമായി നല്ല പിൻബലം ഉള്ളവരാണല്ലോ. അപ്പോൾ, 'ഇവർക്ക് എന്തുമാവാല്ലോ' എന്നൊരു ചോദ്യം തിയറ്ററിൽ കേട്ടു. ഒരു തരത്തിൽ അത് സിനിമയുടെ വിജയമാണ്, കാരണം ആ കഥാപാത്രം പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണത്.

'ചാർളി' ദുൽഖരിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ഉന്മാദിയായ ചാർലിയായി അദ്ദേഹം തകർത്തു. ചില രംഗങ്ങളിൽ സ്വന്തം അച്ഛന്റെ ശൈലിയുടെ നിഴലുകൾ കാണാൻ സാധിച്ചെങ്കിലും  അതൊന്നും ഒരു കുറവായി തോന്നിയില്ല. പതിവ് പോലെ പാർവതിയും പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചു. നെടുമുടിയും അപർണയും സൗബിനും മനോഹരമായി തന്നെ അവരുടെ റോളുകൾ ഭംഗിയാക്കി. മാർടിൻ പ്രക്കാട്ട് ട്രാക്ക് മാറ്റി പിടിച്ചത് നല്ലൊരു സിനെമാക്കായിരുന്നു  എന്നതിൽ സന്തോഷം. ഇനിയും താങ്കളിൽ നിന്നും ഇത്തരം ഫ്രഷ് സിനിമകൾ പ്രതീക്ഷിക്കുന്നു.  ഉണ്ണി ആർ എന്ന എഴുത്തുകാരനെ പ്രത്യേകിച്ച് പരാമർശിച്ചു പുകഴ്ത്തേണ്ട കാര്യമില്ല. ഈ സിനിമയിലും അദ്ദേഹം തന്റെ തൂലിക കൊണ്ട് മനോഹരമായ സംഭാഷണങ്ങൾ നൽകി.  പക്ഷെ, എന്റെ അഭിപ്രായത്തിൽ ഈ സിനിമയുടെ  യഥാർത്ഥ ഹീറോസ് ക്യാമറയും ആർട്ട് വർക്കും ആണ്. നിറങ്ങൾ മനോഹരമായി ചാലിച്ച രംഗങ്ങളും, പ്രകാശത്തെ മനോഹരമായി സമന്വയിപ്പിച്ച ഷോട്ടുകളും കൊണ്ട് സമ്പന്നമായിരുന്നു 'ചാർളി'.

'ചാർളി ' സ്വാതന്ത്ര്യമാണ്, പ്രണയമാണ്, സ്നേഹമാണ്, ചക്കയാണ്, മാങ്ങയാണ്‌ എന്നൊക്കെ കേട്ടെങ്കിലും, ഇതൊന്നുമാല്ലെങ്കിലും 'ചാർളി' നല്ലൊരു സിനിമയാണ്. ചുണ്ടിൽ ഒരു പുഞ്ചിരിയുമായല്ലാതെ ഈ സിനിമ കണ്ടു ഇറങ്ങാനാവില്ല.  കേട്ട് മറന്ന കഥകളുടെ സ്വാധീനം വേണ്ടുവോളം ഉണ്ടെങ്കിലും, രണ്ടു മണിക്കൂർ ബോറടിക്കാതെ നല്ലൊരു ഫീൽ ഗുഡ്  സിനിമ കാണാൻ 'ചാർളി'ക്ക് ടിക്കറ്റ് എടുക്കാം!

വാൽ : മാർട്ടിയെട്ടാ , നല്ല കളറ് പടം ട്ടാ!

No comments:

Post a Comment