Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, November 29, 2016

CHILDREN OF MEN (2006)



നമ്മുടെ നാളെ എന്താണ്? പ്രകൃതി ദുരന്തങ്ങളോ മാരക രോഗങ്ങളോ അല്ല, മറിച്ചു മനുഷ്യൻ തമ്മിൽ കൊല്ലുന്ന ഭാവിയിലേക്കാണോ നാം നീങ്ങുന്നത്? ഈ ഭൂമിയുടെ അവസാന നല്ല നാളുകളാണോ ഇപ്പോൾ നാം അനുഭവിക്കുന്നത്? ലോകത്തു പലയിടത്തും തീവ്രവാദ അക്രമങ്ങൾ, മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികൾ, ഭരണകൂട ഭീകരതകൾ..അങ്ങനെ പലതും ഇപ്പോൾ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ, വെളിച്ചത്തേക്കാൾ ഇരുട്ട് കൂടുതലുള്ള ഒരു നാളെയാവാം നമ്മെ കാത്തിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയെ മനോഹരമായി, ഹൃദയത്തിൽ ആഴത്തിൽ പതിക്കും വിധം അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് 'CHILDREN OF MEN'.


ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ, 18 വയസ്സുള്ള ഒരു പയ്യൻ കൊല്ലപ്പെടുന്നു. ലോകം മുഴുവൻ ആ കുട്ടിയുടെ മരണത്തിൽ കേഴുന്നു. കാരണം, കഴിഞ്ഞ 18 വർഷമായി ഭൂമിയിൽ കുട്ടികൾ ഉണ്ടാവുന്നില്ല. ഒരു സ്ത്രീക്കും ഗർഭിണിയാവാനോ അഥവാ ആയാൽ, ജീവനുള്ള ഒരു കുഞ്ഞിനെ നൽകാൻ കഴിയുന്നില്ല. അതിന്റെ കൂടെ, ലോകം മുഴുവൻ തീവ്രവാദവും കലാപങ്ങളും കൊണ്ട് നശിക്കുന്നു. ആകെയുള്ള, താരതമ്യേന law & order ഉള്ള രാഷ്ട്രമായി ബ്രിട്ടൻ നിലകൊള്ളുന്നു. പക്ഷെ, അവിടെയും സ്വദേശവാദവും, മറ്റു രാജ്യക്കാരെ  ബ്രിട്ടനിൽ നിന്നും ഒഴിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. അങ്ങനെ ഒരവസരത്തിൽ ഒരു അഭയാർത്ഥി പെൺകുട്ടി ഗർഭിണിയാകുന്നു. ജനിക്കാൻ പോകുന്ന കുട്ടിയും ആ അമ്മയും ഈ മാനവരാശിക്ക് തന്നെ  പ്രതീക്ഷയാകുന്നു. കഥാനായകൻ ആ പെൺകുട്ടിയെ സംരക്ഷിക്കുകയും, ഹ്യൂമൻ പ്രൊജക്റ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമ.

സിനിമ ചർച്ച ചെയ്യുന്ന വിഷയം അതീവ പ്രാധാന്യമുള്ളതാണ്. പത്തു കൊല്ലം മുൻപെടുത്ത സിനിമയാണെങ്കിലും അതിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റും നാം കണ്ടു, കാണുന്നു, ഇനിയും കാണും. ഒരു പ്രത്യേക പക്ഷം ചേരാതെ, വ്യക്തമായി ഒരു രാഷ്ട്രീയം സംവിധായകൻ പറയുന്നുണ്ട്. എല്ലാ മത  സിംബോളിസങ്ങളും പല സീനുകളിൽ അദ്ദേഹം നന്നായി തന്നെ തുന്നിച്ചേർത്തിട്ടുമുണ്ട്. ഇതൊരു warning  സിനിമ ആയി കണക്കാക്കാം. പിന്നെ, ചിത്രത്തിന്റെ ആർട്ട് വർക്ക്, ഗംഭീരം! സെറ്റുകൾ എല്ലാം തന്നെ വളരെ ഒറിജിനാലിറ്റി തോന്നിപ്പിക്കുന്നവയായിരുന്നു. ക്യാമറയും മനോഹരം . ഒരു തരത്തിലുള്ള ഹീറോയിസം ഇല്ലാതെ, വളരെ നാച്ചുറൽ ആയ വാർ സീനുകൾ, നായകൻറെ നിസ്സഹായത കാണിക്കുന്ന ഒരുപാട് സീനുകൾ....അങ്ങനെ ഏച്ചുകെട്ടൽ ഒട്ടും അനുഭവപ്പെടുന്നില്ല.ഒരുപാട് സിംഗിൾ ഷോട്ടുകൾ ഈ സിനിമയിൽ കാണാൻ കഴിയും.

'Gravity' സംവിധാനം ചെയ്ത Alfonso Cuarón ആണ് സിനിമയും ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രമായി Clive Owen ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഗംഭീര വർക്കാണ്, കാണാത്തവർ കാണണം!

Friday, November 25, 2016

Downfall (Der Untergang)



നാസി ഭീകരത പല സിനിമകളിലായി നാം കണ്ടിട്ടുണ്ട്, പല പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ഏതാണ്ട് ആറു മില്യൺ ജൂതന്മാരെ കൊന്നൊടുക്കിയ ഭീകരമായ നാസി ഭരണമാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നടന്നത്. ഒരു പക്ഷെ , നാം കണ്ടിട്ടുള്ള സിനിമകളിൽ ഹിറ്റ്ലർ ഒരു കഥാപാത്രമായി തിരശ്ശീലയിൽ വന്നിട്ടുണ്ടാവില്ല. വാക്കുകളിലൂടെയോ മറ്റോ മാത്രം നിറഞ്ഞു നിൽക്കുന്ന, അമാനുഷികനായ ഒരു ഭീകരൻ. എന്നാൽ, ഈ സിനിമയിൽ നാം സഞ്ചരിക്കുന്നത്, ഹിറ്റ്ലറുടെ ഒപ്പമാണ്. അയാളുടെ അവസാന നാളുകളിലൂടെ.

ഈ സിനിമയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം ഹിറ്റ്ലറുടെ ബങ്കറിനുള്ളിൽ ആണ് നടക്കുന്നത്. റഷ്യൻ സൈന്യം ബെർലിൻ നഗരം തകർത്തെറിയുമ്പോൾ, യുദ്ധം തോറ്റു എന്നറിഞ്ഞിട്ടും തന്റെ മനക്കോട്ടയിൽ ഇല്ലാത്ത തന്ത്രങ്ങൾ മെനയുകയാണ് ഹിറ്റ്ലർ. തന്റെ സാമ്രാജ്യത്വ സ്വപ്നത്തിനു ഏറ്റ പ്രഹരം ഉൾക്കൊള്ളാനാവാതെ , മനോനില തെറ്റിയ ഒരു വൃദ്ധനെ പോലെ പെരുമാറുന്ന ഹിറ്റ്ലറെ നമുക്ക് കാണാൻ കഴിയും. ഇല്ലാത്ത സൈന്യ ട്രൂപ്പുകളെ യുദ്ധ പ്രദേശങ്ങളിലേക്ക് വിന്യസിക്കാൻ ആജ്ഞാപിക്കുക, കൊല്ലപ്പെട്ട സൈനിക മേധാവികൾ യുദ്ധം നയിക്കുന്നുണ്ട് എന്ന് ആണയിട്ടു ഉറപ്പു വരുത്തുക, എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന ജർമൻ സൈന്യത്തിൽ ഇനിയും ആയിരങ്ങൾ ഉണ്ടെന്നു കരുതുക തുടങ്ങി ഒരുപാട് imaginary     കാര്യങ്ങൾ അയാൾ  മനസ്സിൽ കണക്കു കൂട്ടുന്നു. ഒരു സന്ദർഭത്തിൽ, ബെർലിൻ നഗരം അടിയറവു വെച്ചത്, തന്റെ  സൈനിക തന്ത്രമാണെന്നു പോലും ഹിറ്റ്ലർ പറയുന്നുണ്ട്.

തികച്ചും 'മനുഷ്യൻ' ആയ ഹിറ്റ്ലറിനെ ആണ് ഈ സിനിമയിൽ കാണാൻ കഴിയുക. തന്റെ വനിതാ സഹപ്രവർത്തകരെ  ബഹുമാനത്തോടും സ്നേഹത്തോടും കൂടി മാത്രം പെരുമാറുന്ന, തന്റെ വളർത്തു നായയെ കളിപ്പിക്കുന്ന  തികച്ചും മനുഷ്യനായ ഹിറ്റ്ലർ. തന്റെ ഈഗോക്ക് കോട്ടം തട്ടുന്ന, അനിവാര്യമായ തോൽവിയിലും  , ഈ യുദ്ധം തന്റേതാണ് അതിനാൽ തന്റെ പൗരന്മാരെ കുറിച്ച് ഓർത്തു ഒരു തുള്ളി കണ്ണുനീർ പോലും താൻ പൊഴിക്കില്ല എന്നും ആ സ്വേച്ഛാധിപതി പറയുന്നുണ്ട്. കോപവും, ദുഖവും, സ്നേഹം എല്ലാം നിമിഷങ്ങൾ കൊണ്ട് മാറി മറയുന്നു  അയാളിൽ.  Traudl Junge എന്ന , 1942൦ൽ ഹിറ്റ്ലർ റിക്രൂട് ചെയ്ത തന്റെ സെക്രട്ടറിയുടെ ഒപ്പമാണ് പ്രേക്ഷകർ ഹിറ്റലറിന്റെ ലോകത്തു എത്തുക. അടിമത്വസ്വഭാവമുള്ള ആജ്ഞാനുവർത്തികളും , സൈനിക ജനറൽമാരും എല്ലാം ആ ലോകത്തിനു ജീവൻ പകരുന്നു.

Bruno Ganz എന്ന നടനാണ് ഹിറ്റ്ലർ ആയി ഈ സിനിമയിൽ തകർത്താടിയിരിക്കുന്നതു. മാനസികമായ തോറ്റ ഹിറ്റ്ലറിൻറെ ശരീരഭാഷ അതിമികവോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. തന്റെ അഭിനയ പൂര്ണതയ്ക്ക് വേണ്ടി ഏതാണ്ട് നാല് മാസത്തോളം റിസർച്ച്  ചെയ്താണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്.  സിനിമ ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരുന്നു, ഭീകരനായി മാത്രം കേട്ടറിവുള്ള ഒരു സ്വേച്ഛാധിപതിയെ എങ്ങനെ ഒരു സാധാരണ മനുഷ്യനായി കാണിക്കാൻ കഴിയും എന്നൊക്കെ വാദങ്ങൾ പല പത്രങ്ങളും മുന്നോട്ടു വെച്ചിരുന്നു പോലും.  ഒരുപാട് ഗവേഷണത്തിന് ശേഷവും, survivors-ന്റെയും ദൃക്‌സാക്ഷികളുടെയും  വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.

ഹിറ്റ്ലറുടെ ഭീകരത victim സൈഡിൽ നിന്നും നാം ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഈ സിനിമ നമുക്ക് മറ്റൊരു പോയിന്റ് ഓഫ് വ്യൂ  ആണ് തരുന്നത്. കാണാത്തവർ കാണണം, ഒരു മഹദ് സൃഷ്ടി തന്നെയാണ് ഈ സിനിമ.

Wednesday, November 23, 2016

Birth (2004 )


മരണം ഒരു സത്യവും, മരണാനന്തര ജീവിതം ഒരു സങ്കൽപ്പവും മാത്രമാണ്. കടുത്ത മത വിശ്വാസികൾ ആത്മാവിലും പുനർജന്മത്തിലും വിശ്വസിക്കുമ്പോൾ , ശാസ്ത്രം ആ ഒരു വിശ്വാസത്തെ പുച്ഛിച്ചു തള്ളുന്നു. എന്നാൽ സ്നേഹം , പ്രണയം എന്നീ വികാരങ്ങൾക്ക് മരണത്തിനപ്പുറവും ജീവനുണ്ട് എന്ന വിശ്വാസം ഏതാണ്ട് എല്ലാ മനുഷ്യരും ഒരേ പോലെ വിശ്വസിക്കുന്ന ഒന്നായിരിക്കും. അത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമയാണ്  'Birth'.

ഒരു രാത്രിയിൽ, തന്റെ അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിൽ , ഒരു പത്തു വയസ്സുകാരൻ അന്നയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നു. മരിച്ചു പോയ അന്നയുടെ ഭർത്താവായ ഷോൺ ആണ് താനെന്നു പറയുന്നു. ആദ്യം തമാശയായി മാത്രം കാണുന്ന ആ  വെളിപ്പെടുത്തൽ , പിന്നീട് ഓരോ സംഭവങ്ങളുടെ പിൻബലത്തിൽ, തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കുട്ടി ഷോൺ പറയുന്ന ഓരോ കാര്യങ്ങളും, തങ്ങളുടെ പഴയ ജീവിതത്തിലെ കാര്യങ്ങൾ തന്നെയാണെന്ന് ഞെട്ടലോടെ അന്ന തിരിച്ചറിയുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയെ പൂർണമാകുന്നത്.

അന്നയായി നിക്കോൾ കിഡ്മാനും , കുട്ടി ഷോണായി കാമറോൺ ബ്രൈറ്റും  - - -ഇവരുടെ പ്രകടനങ്ങളാണ് സിനിമയുടെ നെടും തൂൺ.  ഒരു പോയിന്റിനപ്പുറം പക്ഷെ, സിനിമ നമ്മളെ നിരാശപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. സിനിമയുടെ ക്ലൈമാക്സ് ഓപ്പൺ ആണെങ്കിലും, ഏതു രീതിയിൽ ചിന്തിച്ചാലും ചില തെറ്റുകൾ തിരക്കഥയിലുണ്ട്. ശക്തമായ പ്രകടനങ്ങൾ ഒന്ന് കൊണ്ട് മാത്രം ശ്രദ്ധ പിടിച്ചു പറ്റുന്ന സിനിമ. പിന്നെ, എടുത്തു പറയേണ്ടത് ഛായാഗ്രഹണമാണ്. നിറങ്ങളുടെയും പ്രകാശത്തിന്റെയും മനോഹരമായ സങ്കലനം  പല രംഗങ്ങളിലും കാണാൻ സാധിക്കും. ഓരോ സീനും ഗ്രാൻഡ് ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു പക്ഷെ, തിരക്കഥയിലെ ചില ലൂപ്പ് ഹോൾസിൽ നിന്നും ശ്രദ്ധ മാറ്റാൻ ആയിരിക്കും.

ഒരു സ്ലോ ത്രില്ലർ  എന്ന നിലയിലാണ് ഞാൻ ഈ സിനിമ കണ്ടത്, പക്ഷെ, ഒരു പോയിന്റിനപ്പുറം ആ ഒരു തുടിപ്പ് സിനിമക്ക് നഷ്ടപ്പെടുന്നു. കിടിലൻ performances കാണാൻ വേണ്ടി ഈ സിനിമ കാണാം.