നാസി ഭീകരത പല സിനിമകളിലായി നാം കണ്ടിട്ടുണ്ട്, പല പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ഏതാണ്ട് ആറു മില്യൺ ജൂതന്മാരെ കൊന്നൊടുക്കിയ ഭീകരമായ നാസി ഭരണമാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമനിയിൽ നടന്നത്. ഒരു പക്ഷെ , നാം കണ്ടിട്ടുള്ള സിനിമകളിൽ ഹിറ്റ്ലർ ഒരു കഥാപാത്രമായി തിരശ്ശീലയിൽ വന്നിട്ടുണ്ടാവില്ല. വാക്കുകളിലൂടെയോ മറ്റോ മാത്രം നിറഞ്ഞു നിൽക്കുന്ന, അമാനുഷികനായ ഒരു ഭീകരൻ. എന്നാൽ, ഈ സിനിമയിൽ നാം സഞ്ചരിക്കുന്നത്, ഹിറ്റ്ലറുടെ ഒപ്പമാണ്. അയാളുടെ അവസാന നാളുകളിലൂടെ.
ഈ സിനിമയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം ഹിറ്റ്ലറുടെ ബങ്കറിനുള്ളിൽ ആണ് നടക്കുന്നത്. റഷ്യൻ സൈന്യം ബെർലിൻ നഗരം തകർത്തെറിയുമ്പോൾ, യുദ്ധം തോറ്റു എന്നറിഞ്ഞിട്ടും തന്റെ മനക്കോട്ടയിൽ ഇല്ലാത്ത തന്ത്രങ്ങൾ മെനയുകയാണ് ഹിറ്റ്ലർ. തന്റെ സാമ്രാജ്യത്വ സ്വപ്നത്തിനു ഏറ്റ പ്രഹരം ഉൾക്കൊള്ളാനാവാതെ , മനോനില തെറ്റിയ ഒരു വൃദ്ധനെ പോലെ പെരുമാറുന്ന ഹിറ്റ്ലറെ നമുക്ക് കാണാൻ കഴിയും. ഇല്ലാത്ത സൈന്യ ട്രൂപ്പുകളെ യുദ്ധ പ്രദേശങ്ങളിലേക്ക് വിന്യസിക്കാൻ ആജ്ഞാപിക്കുക, കൊല്ലപ്പെട്ട സൈനിക മേധാവികൾ യുദ്ധം നയിക്കുന്നുണ്ട് എന്ന് ആണയിട്ടു ഉറപ്പു വരുത്തുക, എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന ജർമൻ സൈന്യത്തിൽ ഇനിയും ആയിരങ്ങൾ ഉണ്ടെന്നു കരുതുക തുടങ്ങി ഒരുപാട് imaginary കാര്യങ്ങൾ അയാൾ മനസ്സിൽ കണക്കു കൂട്ടുന്നു. ഒരു സന്ദർഭത്തിൽ, ബെർലിൻ നഗരം അടിയറവു വെച്ചത്, തന്റെ സൈനിക തന്ത്രമാണെന്നു പോലും ഹിറ്റ്ലർ പറയുന്നുണ്ട്.
തികച്ചും 'മനുഷ്യൻ' ആയ ഹിറ്റ്ലറിനെ ആണ് ഈ സിനിമയിൽ കാണാൻ കഴിയുക. തന്റെ വനിതാ സഹപ്രവർത്തകരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടി മാത്രം പെരുമാറുന്ന, തന്റെ വളർത്തു നായയെ കളിപ്പിക്കുന്ന തികച്ചും മനുഷ്യനായ ഹിറ്റ്ലർ. തന്റെ ഈഗോക്ക് കോട്ടം തട്ടുന്ന, അനിവാര്യമായ തോൽവിയിലും , ഈ യുദ്ധം തന്റേതാണ് അതിനാൽ തന്റെ പൗരന്മാരെ കുറിച്ച് ഓർത്തു ഒരു തുള്ളി കണ്ണുനീർ പോലും താൻ പൊഴിക്കില്ല എന്നും ആ സ്വേച്ഛാധിപതി പറയുന്നുണ്ട്. കോപവും, ദുഖവും, സ്നേഹം എല്ലാം നിമിഷങ്ങൾ കൊണ്ട് മാറി മറയുന്നു അയാളിൽ. Traudl Junge എന്ന , 1942൦ൽ ഹിറ്റ്ലർ റിക്രൂട് ചെയ്ത തന്റെ സെക്രട്ടറിയുടെ ഒപ്പമാണ് പ്രേക്ഷകർ ഹിറ്റലറിന്റെ ലോകത്തു എത്തുക. അടിമത്വസ്വഭാവമുള്ള ആജ്ഞാനുവർത്തികളും , സൈനിക ജനറൽമാരും എല്ലാം ആ ലോകത്തിനു ജീവൻ പകരുന്നു.
Bruno Ganz എന്ന നടനാണ് ഹിറ്റ്ലർ ആയി ഈ സിനിമയിൽ തകർത്താടിയിരിക്കുന്നതു. മാനസികമായ തോറ്റ ഹിറ്റ്ലറിൻറെ ശരീരഭാഷ അതിമികവോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. തന്റെ അഭിനയ പൂര്ണതയ്ക്ക് വേണ്ടി ഏതാണ്ട് നാല് മാസത്തോളം റിസർച്ച് ചെയ്താണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്. സിനിമ ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരുന്നു, ഭീകരനായി മാത്രം കേട്ടറിവുള്ള ഒരു സ്വേച്ഛാധിപതിയെ എങ്ങനെ ഒരു സാധാരണ മനുഷ്യനായി കാണിക്കാൻ കഴിയും എന്നൊക്കെ വാദങ്ങൾ പല പത്രങ്ങളും മുന്നോട്ടു വെച്ചിരുന്നു പോലും. ഒരുപാട് ഗവേഷണത്തിന് ശേഷവും, survivors-ന്റെയും ദൃക്‌സാക്ഷികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.
ഹിറ്റ്ലറുടെ ഭീകരത victim സൈഡിൽ നിന്നും നാം ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഈ സിനിമ നമുക്ക് മറ്റൊരു പോയിന്റ് ഓഫ് വ്യൂ ആണ് തരുന്നത്. കാണാത്തവർ കാണണം, ഒരു മഹദ് സൃഷ്ടി തന്നെയാണ് ഈ സിനിമ.

No comments:
Post a Comment