മരണം ഒരു സത്യവും, മരണാനന്തര ജീവിതം ഒരു സങ്കൽപ്പവും മാത്രമാണ്. കടുത്ത മത വിശ്വാസികൾ ആത്മാവിലും പുനർജന്മത്തിലും വിശ്വസിക്കുമ്പോൾ , ശാസ്ത്രം ആ ഒരു വിശ്വാസത്തെ പുച്ഛിച്ചു തള്ളുന്നു. എന്നാൽ സ്നേഹം , പ്രണയം എന്നീ വികാരങ്ങൾക്ക് മരണത്തിനപ്പുറവും ജീവനുണ്ട് എന്ന വിശ്വാസം ഏതാണ്ട് എല്ലാ മനുഷ്യരും ഒരേ പോലെ വിശ്വസിക്കുന്ന ഒന്നായിരിക്കും. അത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന സിനിമയാണ് 'Birth'.
ഒരു രാത്രിയിൽ, തന്റെ അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിൽ , ഒരു പത്തു വയസ്സുകാരൻ അന്നയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നു. മരിച്ചു പോയ അന്നയുടെ ഭർത്താവായ ഷോൺ ആണ് താനെന്നു പറയുന്നു. ആദ്യം തമാശയായി മാത്രം കാണുന്ന ആ വെളിപ്പെടുത്തൽ , പിന്നീട് ഓരോ സംഭവങ്ങളുടെ പിൻബലത്തിൽ, തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കുട്ടി ഷോൺ പറയുന്ന ഓരോ കാര്യങ്ങളും, തങ്ങളുടെ പഴയ ജീവിതത്തിലെ കാര്യങ്ങൾ തന്നെയാണെന്ന് ഞെട്ടലോടെ അന്ന തിരിച്ചറിയുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയെ പൂർണമാകുന്നത്.
അന്നയായി നിക്കോൾ കിഡ്മാനും , കുട്ടി ഷോണായി കാമറോൺ ബ്രൈറ്റും - - -ഇവരുടെ പ്രകടനങ്ങളാണ് സിനിമയുടെ നെടും തൂൺ. ഒരു പോയിന്റിനപ്പുറം പക്ഷെ, സിനിമ നമ്മളെ നിരാശപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. സിനിമയുടെ ക്ലൈമാക്സ് ഓപ്പൺ ആണെങ്കിലും, ഏതു രീതിയിൽ ചിന്തിച്ചാലും ചില തെറ്റുകൾ തിരക്കഥയിലുണ്ട്. ശക്തമായ പ്രകടനങ്ങൾ ഒന്ന് കൊണ്ട് മാത്രം ശ്രദ്ധ പിടിച്ചു പറ്റുന്ന സിനിമ. പിന്നെ, എടുത്തു പറയേണ്ടത് ഛായാഗ്രഹണമാണ്. നിറങ്ങളുടെയും പ്രകാശത്തിന്റെയും മനോഹരമായ സങ്കലനം പല രംഗങ്ങളിലും കാണാൻ സാധിക്കും. ഓരോ സീനും ഗ്രാൻഡ് ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു പക്ഷെ, തിരക്കഥയിലെ ചില ലൂപ്പ് ഹോൾസിൽ നിന്നും ശ്രദ്ധ മാറ്റാൻ ആയിരിക്കും.
ഒരു സ്ലോ ത്രില്ലർ എന്ന നിലയിലാണ് ഞാൻ ഈ സിനിമ കണ്ടത്, പക്ഷെ, ഒരു പോയിന്റിനപ്പുറം ആ ഒരു തുടിപ്പ് സിനിമക്ക് നഷ്ടപ്പെടുന്നു. കിടിലൻ performances കാണാൻ വേണ്ടി ഈ സിനിമ കാണാം.

No comments:
Post a Comment