ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ നടത്താൻ ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാർത്തി നോക്കിക്കാണുന്ന സിനിമയാണ് 'ആഭാസം'.
ഡെമോക്രസി എന്ന ബസ് ട്രാവൽസും അവരുടെ തന്നെ 'ഗാന്ധി', 'ജിന്ന', 'ഗോഡ്‌സെ', അംബ്ദേക്കർ ' തുടങ്ങിയ ബസ്സുകളും മറ്റും നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ പല ഇടങ്ങളിലായി ഇടപെടലുകൾ നടത്തിയ വ്യക്തികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഓരോ സീനിലും, ഇടവേള വരെ എങ്കിലും, രാഷ്രീയമായോ സാമൂഹികമായോ ചിന്താപരമായോ ഉള്ള ഒരു റഫറൻസ് എങ്കിലും സംവിധായകൻ ഉൾപ്പെടുത്തുന്നുണ്ട്. 'ഗാന്ധിക്ക്' അള്ളു വെയ്ക്കുന്ന 'ഗോഡ്‌സെ' ബസിന്റെ കിളി, സ്ത്രീ ശരീരങ്ങളെ കാമക്കണ്ണോടു മാത്രം നോക്കിക്കാണുന്ന ഒരു കുട്ടിയുടെ അച്ഛൻ, മനസ്സിൽ കപടസദാചാരവും പുറമെ കമ്മ്യൂണിസ്റ്റിന്റെ തോലും അണിയുന്ന കപട സഖാവും, മൂന്നാം ലിംഗക്കാരോട് സമൂഹത്തിനുള്ള അറപ്പും, കൂട്ടം തെറ്റി സ്വന്തം വഴി തേടി പോയി അവസാനം ചതഞ്ഞരഞ്ഞു പോയ ഒരു ഉള്ളിയും.....അങ്ങനെ സമൂഹത്തിലുള്ള പലതിനോടും സംവിധായകൻ കണക്ട് ചെയ്തിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ കപടതകളും രാഷ്ട്രീയവും അരാഷ്ട്രീയവും എല്ലാം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.
അഭിനേതാക്കളിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും സുരാജിന്റെ പ്രകടനം ഉയർന്നു നിന്നു. കോപ്രായ പ്രകടനങ്ങളിൽ നിന്നും കയ്യടക്കമുള്ള ഒരു നടനായി മാറിയ സുരാജിന്റെ വളർച്ച അഭിനന്ദനാർഹം തന്നെ. ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിച്ചത് കൊണ്ടും, കഥാപാത്രങ്ങളുടെ ആധിക്യം കൊണ്ടും പാതിരാത്രിയിൽ വഴി തെറ്റിപ്പോയ ഒരു ബസ്സിന്റെ അവസ്ഥ തന്നെ സിനിമക്കും രണ്ടാം പകുതിയിൽ വരുന്നുണ്ട്. എങ്ങോട്ടെന്നില്ലാതെ പോയി എങ്ങനെയോ സിനിമ അവസാനിച്ചു. പക്ഷെ, ആ ക്ലൈമാക്സ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമാണ്. കാണാവുന്ന കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് 'ആഭാസം'. പക്ഷെ, ഒഴുക്കില്ലാത്ത രണ്ടാം പകുതി ഒരു പക്ഷെ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
ജനാധിപത്യം എന്നർത്ഥം വരുന്ന ബസ്സ് കാവിമുണ്ടും കയ്യിൽ ഏലസ്സുകളും ഉള്ള ഒരു വ്യക്തിയുടെ കയ്യിലാണ് എത്തിപ്പെടുന്നത്. അതും അയാൾ ചതിയിലൂടെ കയ്യിലാക്കുന്നതും. ആ വണ്ടി 'Welcome to Gods Own Country' എന്ന ബോർഡ് താണ്ടി വരുന്നത് കേരളത്തിലേക്കാണ്. ഒന്ന് സൂക്ഷിക്കേണ്ടത് അനിവാര്യതയാണ്.






