മനുഷ്യൻ, അവൻ എത്ര മാന്യനായാലും ഒരു അപകടം നടന്നാലോ ഒരു അക്രമ സംഭാവമുണ്ടായാലോ, അവിടേക്ക് എത്തി നോക്കി ആ രംഗം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവനാകും. അപകടങ്ങളിൽ പെട്ട് ചോര വാർന്നു കിടക്കുമ്പോഴും , അവരെ രക്ഷിക്കാതെ, ആ ദൃശ്യങ്ങൾ ക്യാമറകളിൽ ഒപ്പിയെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ ഒരു വിഷയത്തെ , അതായത് വയലൻസിനോടുള്ള മനുഷ്യന്റെ പ്രതികരണത്തെ , പറ്റിയുള്ള ഒരു പ്രബന്ധം തയ്യാറാക്കുന്ന ഒരു സിനിമാ വിദ്യാർത്ഥിനിയുടെയും , അവർ കടന്നു പോകുന്ന ഞെട്ടിക്കുന്ന സന്ദർഭങ്ങളുടെയും കഥയാണ് ഈ സിനിമ.
സിനിമകളിലെ വയലൻസിന്റെ അതിപ്രസരവും അത് കുടുംബങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നുള്ള വിഷയത്തിൽ പ്രബന്ധം തയ്യാറാക്കുന്ന ആൻജെല എന്ന പെൺകുട്ടി. തീസിസിനു വേണ്ടി, തന്റെ അധ്യാപകനോട് , പുറം ലോകം കാണാത്ത , വയലൻസ് അധികമുള്ള ടേപ്പുകൾ ലഭ്യമാണോ എന്നാരായുന്നു. യൂണിവേഴ്സിറ്റിയുടെ വീഡിയോ ലൈബ്രറിയിൽ ആരും കാണാത്ത ഒരു മുറിയിൽ നിന്നും ഒരു ടേപ്പ് ആ മുതിർന്ന അദ്ധ്യാപകൻ കണ്ടെടുക്കുന്നു. അടുത്ത ദിവസം, സ്ക്രീനിംഗ് റൂമിൽ മരിച്ച നിലയിൽ അദ്ദേഹത്തെ ആഞ്ചേല കാണുന്നു. പക്ഷെ, ആരെയും അറിയിക്കാതെ അദ്ദേഹം കണ്ടു കൊണ്ടിരുന്ന ടേപ്പ് മോഷ്ടിച്ച് കൊണ്ട് ആൻജെല പുറത്തു കടക്കുന്നു. എന്തായിരിക്കും ആ ടേപ്പിനുള്ളിൽ? ആരായിരിക്കും ആ അധ്യാപകന്റെ കൊലയാളി? ആ ടേപ്പിനു വേണ്ടി ആരെങ്കിലും ആഞ്ജലയെ പിന്തുടരുന്നുണ്ടോ? ഇങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഉദ്വേഗജനകമായ രീതിയിൽ സിനിമയിൽ പറയുന്നത്.
സിനിമയുടെ ആകെമൊത്തമുള്ള മൂഡ് തന്നെയാണ് സിനിമയുടെ ഒരു രംഗങ്ങളും കാണിക്കുന്നത്. ഓരോ സീനിന്റെയും ലൈറ്റിംഗ്, കളർ ടോൺ, രംഗപരിസരങ്ങൾ ....അങ്ങനെ എല്ലാം ഒരു ത്രില്ലർ മൂഡ് തരുന്നുണ്ട്. പിന്നെ കിടിലൻ പശ്ചാത്തല സംഗീതവും. അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവുറ്റതാണ്. ഭയവും , പ്രതികാരവും, പ്രണയവും, എല്ലാം കൃത്യമായി മുഴച്ചു നിൽക്കാത്ത രീതിയിൽ കാണിച്ചിട്ടുണ്ട്. സിനിമ നിർമിച്ച കാലഘട്ടത്തിൽ സ്പെയിനിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വമ്പിച്ച ജനരോഷത്തിനിടയാക്കിയിരുന്നു. സ്ത്രീ തന്നെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രവും. അന്ന് മാത്രമല്ല, ഇന്നും പ്രസക്തിയുള്ള ഒരു ശക്തമായ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
സംവിധായകനായ Alejandro Amenábar ('The Others' സംവിധാനം ചെയ്ത അതേ ആൾ) മാഡ്രിഡിൽ പഠിച്ചു കൊണ്ടിരിക്കെ ചെയ്ത ആ സിനിമ ആറോളം സ്പാനിഷ് ദേശിയ പുരസ്കാരങ്ങൾ നേടി. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും കാണാവുന്ന സിനിമ!

No comments:
Post a Comment