പാരിസ് നഗരത്തിലെ ഒരു നിശാ ക്ലബ്. ആ ക്ലബ്ബിലേക്ക് ഒരു കറുത്ത ഫെഡോറയും, ഗ്രേ റയിൻകോട്ടും ധരിച്ച, ഉയരമുള്ള ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. തന്ത്രപരമായി ആരുടേയും കണ്ണിൽ പെടാതെ ആ ക്ലബ്ബിന്റെ മറ്റൊരു വശത്തുള്ള, ഒരു ഇടനാഴിയിലേക്ക് അയാൾ കടക്കുന്നു. അവിടെയുള്ള ഒരു മുറിയിലേക്ക് തള്ളിക്കയറുന്നു. അവിടെ ഒരു മേശക്കപ്പുറം ഇരിക്കുന്ന മധ്യവയസ്ക്കൻ ഞെട്ടിക്കൊണ്ട് ചോദിക്കുന്നു,' നീ ആരാണ്? നിനക്കെന്തു വേണം?". തണുത്ത കണ്ണുകൾ ഉള്ള ആ ചെറുപ്പക്കാരൻ നിസ്സാരമായി പറയുന്നു,' I came to kill you ". വെടിയൊച്ചകൾക്കവസാനം ആ ചെറുപ്പക്കാരൻ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നു. ക്ലബ്ബിൽ പിയാനോ വായിച്ചു കൊണ്ടിരുന്ന യുവതി യാദൃശ്ചികമായി കൊലയാളിയെ കാണുന്നു. തരിമ്പും ഞെട്ടലില്ലാതെ പുറത്തേക്ക് പോകുന്ന കൊലയാളിയെ പലരും ഒരു പുകമറ പോലെ കാണുന്നു.
സിനിമയുടെ ആദ്യ 30 മിനിറ്റ് ആണിത്. ആ മുപ്പത് മിനുട്ടിൽ ആകെയുള്ളത് മുകളിൽ പറഞ്ഞ രണ്ടേ രണ്ടു സംഭാഷണങ്ങൾ മാത്രം. പക്ഷെ ആ രണ്ടു സംഭാഷണങ്ങളിലേക്കുള്ള ബിൽഡ് അപ്പ് ഗംഭീരമായിരുന്നു. കൊലയാളിയെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദൃക്‌സാക്ഷികൾ, അതിൽ മനപ്പൂർവം 'മനസിലാക്കാത്ത' പിയാനിസ്റ്. കൊലയ്ക്ക് മുൻപേ കൊലയാളി create ചെയ്യുന്ന ശക്തമായ double alibi, ആരാണ് തന്നെ ഈ കൊലപാതകത്തിന് കൂലി കൊടുത്തിരിക്കുന്നത്....അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് സിനിമ പുരോഗമിക്കുന്നത്.
ജെഫ് കോസ്റ്റല്ലോ എന്ന ഒരു വാടക കൊലയാളിയാണ് നമ്മുടെ കഥാനായകൻ . തികച്ചും ഏകാന്തജീവിതം നയിക്കുന്ന, തണുത്ത കണ്ണുകളുള്ള , സുന്ദരനായ ഒരു കൊലയാളി. അയാൾ എവിടുന്നു വന്നു, അയാളുടെ ബാക്ക്ഗ്രൗണ്ട് എന്ത് , അയാൾ എങ്ങനെയുള്ള ആളാണ് തുടങ്ങിയ സംഭവങ്ങൾ ഒന്നും കാണിക്കുന്നില്ല. ആ നഗരത്തിലെ ഒരു ചെറിയ ഒരു മുറി വാടകവീട്ടിൽ കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയും അയാളും മാത്രം. ജെഫ് എന്ന കഥാപാത്രത്തിന്റെ detailing ഗംഭീരമാണ്. ഒരു സമുറായിയുടെ ഏകാന്തതയ്ക്ക് അപ്പുറം ഒന്നുമില്ല എന്ന വാക്യത്തിന് തുല്യം നിൽക്കുന്ന കഥാപാത്ര സൃഷ്ടി. വാക്കിലും, നോക്കിലും എല്ലാം ഒരു അചഞ്ചലത, പക്ഷെ തികഞ്ഞ ശൂന്യതയുള്ള നോട്ടങ്ങൾ. ജെഫിന്റെ ഈ സവിഷേതകൾ വിളിച്ചോതുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. അത് പോലെ തന്നെ, ജെഫിന്റെ മുറിയിലെ കൂട്ടിൽ അടച്ച കിളിയും. ഒരു കൊലയാളിയുടെ മാനുഷിക വശം കാണിക്കാനുകുമോ അത്? ക്ലൈമാക്സും അങ്ങനെയൊരു ചിന്ത മുന്നോട്ടു വെക്കുന്നു.
അലൈൻ ഡെലോൺ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ കാണാൻ കഴിയുക. പിന്നെ, Jean-Pierre Melville എന്ന അതുല്യ ഫ്രഞ്ച് സംവിധായകന്റെ കയ്യൊപ്പും (ആ ഓപ്പണിങ് ഷോട്ട് തന്നെ മാരകമാണ്! കട്ട detailing ). ക്ലാസിക്ക് നോയർ ക്രൈം ഡ്രാമകൾ കാണാൻ താൽപ്പര്യമുള്ളവർ കാണേണ്ട സിനിമ.

No comments:
Post a Comment