'ചളി' (അല്ലെങ്കിൽ 'ചളു') എന്നത് തമാശയുടെ ഒരു നിർദോഷ രൂപമാണ്. അതിഭയങ്കര, ലോജിക്കൽ തമാശകൾ മാത്രം ആസ്വദിക്കുന്നവർ 'അയ്യേ, ചളി' എന്ന് പറഞ്ഞു ചവറ്റുകൊട്ടയിൽ തള്ളുന്ന സാധനം. അത്തരം ചളികൾ മാത്രം അടിക്കുന്ന പ്രബുദ്ധരായ ആൾകാരെ 'ചളിയന്മാർ' എന്നും വിളിക്കുന്നു. ഇങ്ങനെ ചളികളുടെയും ചളിയന്മാരുടെയും ഒരു വമ്പിച്ച, വിജ്രുംബിച്ച ഓണ്‍ലൈൻ കൂട്ടായ്മ ആണ് 'ഇന്റർനാഷണൽ ചളു യുണിയൻ' അഥവാ 'ഐ സി യു'. ഈ യൂണിയനെ ചില വ്രണക്കാർ ചേർന്നു ഒതുക്കുകയും അവരുടെ ഓണ്‍ലൈൻ പേജ് സുക്കർബർഗ് അണ്ണനെ കൊണ്ട് താഴിട്ടു പൂട്ടിക്കുകയും ചെയ്തു.
ചില കാര്യങ്ങൾ പറയാനുണ്ട്. ഈ ചളി പറയുക എന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്ന പോലെ അത്ര നിസ്സാരമല്ല. അതിനു അതിഭയങ്കരമായ ആലോചനാശക്തി വേണം, ബുദ്ധി വേണം, ഭാവന വേണം, നർമബോധം വേണം, പിന്നെ മമ്മൂക്ക പറയുന്നത് പോലെ സെൻസും സെൻസോഡൈൻ ടൂത്ത് പേസ്റ്റും വേണം. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ആയിരങ്ങളെ ചിരിപ്പിക്കാൻ തക്കതുള്ള ഒരു ചളി അടിക്കാൻ. എന്റെ തന്നെ എത്രയോ ചളികൾ ആരും തിരിഞ്ഞു നോക്കാതെ ഈ ഗ്രൂപ്പിൽ ചീഞ്ഞളിഞ്ഞു പോയിരിക്കുന്നു! അപ്പോൾ, ആയിരമോ രണ്ടായിരമോ ആളുകൾ ലൈക്കുന്ന ചളികളുടെ ഗുണമേന്മയും അതിന്റെ പിന്നിലുള്ള 'തലവേദനയും എത്രയോ അധികമായിരിക്കും?! ക്രിയാത്മകതയും സർഗാത്മകതയും എല്ലാം കൂടി ചേർന്ന് വളർന്നു നിൽക്കുന്ന ഒരു വൻ മരമാണ് ഈ യൂണിയൻ. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളും എല്ലാം തന്നെ അംഗീകരിച്ച താണ് ഈ പ്രതിഭകളുടെ കൂട്ടത്തെ. അപ്പോൾ, ഈ താഴിട്ടു പൂട്ടൽ സർഗാത്മകതക്ക് എതിരെയുള്ള കടന്നു കയറ്റമല്ലേ?
ഈ യൂണിയൻ ചളികളുടെ കാര്യത്തിൽ ഒരു സോഷിയലിസ്റ്റ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത്, എല്ലാർക്കും ആവതു പോലെ കൊടുക്കും. മമ്മൂക്കയ്ക്കും ലാലേട്ടനും, അച്ചുതാനന്ദനും ചാണ്ടിക്കും, സരിതയ്ക്കും ജോർജ്ജിനും..അങ്ങനെ ക്രിസ്തുവിനും കൃഷ്ണനും വരെ. അത് നിർദോഷമായ ഒരു തമാശയായി കാണാനുള്ള 'വിവരം' , സാക്ഷരകേരളത്തിലെ 'വിശ്വാസി'കൾക്ക് ഇല്ലാതെ പോയി. ഈ പറയുന്ന കൃഷ്ണനും ക്രിസ്തുവും അവരുടെ ജീവിതത്തിലെ ഏതെങ്കിലും അവസരത്തിൽ ചളി അടിച്ചിട്ടില്ല എന്നെങ്ങനെ പറയാൻ പറ്റും? ചുരുങ്ങിയ പക്ഷം, കൃഷ്ണൻ എങ്കിലും. സദാ സ്ത്രീ സമക്ഷത്തിൽ ആയിരുന്ന അദ്ദേഹം എന്തായാലും ഒരു ചളിയെങ്കിലും അടിചിട്ടുണ്ടാവണം.
ചുരുക്കത്തിൽ, കേരളത്തിന്റെ ഭൂപടം പോലെ തന്നെയാണ് ഇവിടുത്തെ പലരുടെയും മനസ്സ്, വളരെ ഇടുങ്ങിയത്. അതെന്നൊരു രാജസ്ഥാൻ മരുഭൂമി പോലെ വിശാലമാകുന്നോ, അന്നേ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ഒരു സ്വതന്ത്ര സമൂഹം ഇവിടെ വരൂ. (എന്ന് കരുതി, മതങ്ങളേയോ, മതചിഹ്നങ്ങളെയോ , ബിംബങ്ങളെയോ ആഞ്ഞു കയറി ആക്രമിക്കാൻ അല്ല പറയുന്നത്). ഒരു താഴിനും, ചളിയന്മാരുടെ ഭാവനേയോ അവരുടെ സൃഷ്ടികളെയോ പൂട്ടാൻ പറ്റില്ല.
ചളിയന്മാരാണ്...അവർ തിരിച്ചു വരും.