Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, April 20, 2015

ഓ കെ കണ്മണി



ഒരുപാട് നാളുകൾക്ക് ശേഷം പ്രണയം പൊതിഞ്ഞ ഒരു മണിരത്നം സിനിമ. സിനിമയ്ക്ക് മുൻപേ ഹൃദയങ്ങൾ കീഴടക്കിയ, എ ആർ റഹ്മാന്റെ മനോഹര ഗാനങ്ങൾ. മലയാളത്തിന്റെ സ്വന്തം ദുൽഖർ-നിത്യ ജോടികൾ. അങ്ങനെ ഒരുപാട് പ്രതീക്ഷകൾ കൊണ്ടാണ് 'ഓ കെ കണ്മണി'ക്ക് ടിക്കറ്റ് എടുത്തത്. ആളുകൾ പറയുന്നത് പോലെ മണിരത്നത്തിന്റെ മാന്ത്രിക സ്പർശം തിരിച്ചു വന്നതൊന്നും കണ്ടില്ല, പക്ഷെ, ഒട്ടും മോശമല്ലാത്ത, തികച്ചും ആസ്വാദ്യകരമായ ഒരു നല്ല കൊച്ചു സിനിമയാണ് 'ഓ കെ കണ്മണി'.

'രാവണും' 'കടലും' തകർന്നടിഞ്ഞ ഭൂതകാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് മണിരത്നം ഈ സിനിമയിലേക്ക് കടന്നതെന്ന് കരുതുന്നു. കാരണം, പ്രമേയ പരമായും മറ്റും ഒട്ടും 'റിസ്ക്‌' ഇല്ലാതെയാണ് ഈ സിനിമ പറഞ്ഞു പോകുന്നത്. എങ്കിൽ തന്നെയും ഭൂരിഭാഗം വരുന്ന യുവ പ്രേക്ഷകരെയും മണിരത്നം ആരാധകരെയും തൃപ്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ എല്ലാം ഉണ്ട് താനും. ഈ സിനിമ ഗുണം ചെയ്യുന്നത് മണിരത്നതിനേക്കാൾ , ഇതിലെ നായികാ-നായകന്മാരായ നിത്യ മേനോനും ദുൽഖരിനും തന്നെയായിരിക്കും എന്നതിന് സംശയമില്ല. ഇതേ റോളുകൾക്ക് സമീപിച്ച (അത് നിരസിച്ച) മറ്റു നടീ-നടന്മാർ അസൂയയോടു കണ്ടിരിക്കേണ്ടി വരും ഈ ചിത്രം.

കല്യാണം എന്ന വ്യവസ്ഥിതിയിൽ വിശ്വാസമില്ലാത്ത രണ്ടു പേരുടെ പ്രണയ കഥയാണ്‌ 'ഓ കെ കണ്മണി'. പ്രമേയത്തിൽ വലിയ പുതുമ ഇല്ലെങ്കിലും , ഈ സിനിമ ഒരു 'പ്രോഡക്റ്റ്' ആയി വന്നപ്പോൾ , അതിന്റെ മേക്കിംഗ് ആ പുതുമയില്ലായ്മ നന്നായി മറച്ചിരിക്കുന്നു. മനോഹരമായ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ഒപ്പം സഞ്ചരിക്കുന്ന സിനിമ ഒരിക്കൽ പോലും ബോറടിപ്പിക്കുന്നില്ല. വളരെ ചെറിയ ഒരു വിഷയം ഇത്ര ഭംഗിയായി ചിത്രീകരിച്ചതിന് മണിരത്നം അഭിനന്ദനമർഹിക്കുന്നു( അദ്ധേഹത്തെ വിലയിരുത്താൻ ഞാൻ ആളല്ല). ദുൽഖർ നന്നായി തന്നെ തന്റെ റോൾ ചെയ്തെങ്കിലും വല്ലാത്ത ഒരു ആവർത്തന വിരസത അദ്ധേഹത്തിന്റെ കഥാപാത്രങ്ങളിലും പ്രകടനങ്ങളിലും കാണുന്നുണ്ട് (ആ താടിയും മീശയും വരെ ഒരേ പോലെ തന്നെ പടങ്ങളായി). നിത്യ മേനോൻ പലയിടങ്ങളിലും ദുൽഖരിന്റെ പ്രകടനത്തിന് മുകളിൽ കഴിവ് തെളിയിച്ചതായി തോന്നി. എന്തൊക്കെയായാലും ആ കണ്ണുകൾ പ്രണയം പറയുന്നവയാണ്. പ്രകാശ്‌ രാജും ലീല സാംസനും മനോഹരമായി. റഹ്മാന്റെ സംഗീതത്തെ പറ്റി ഇനി പറയേണ്ട കാര്യമില്ലല്ലോ. പി.സി. ശ്രീരാമിന്റെ ക്യാമറയും മികവു പുലർത്തി. ക്ലൈമാക്സ്‌ അടുത്തപ്പോ ഓടിച്ചിട്ട്‌ തീര്ത്തത് പോലെ തോന്നിയത് മാത്രം അരോചകമായി തോന്നി.

ചുരുക്കത്തിൽ, ഒരു മണിരത്നം ക്ലാസ്സിക് ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ പോകണമെന്നില്ല. എന്നാൽ, ഒരു ഫീൽ ഗുഡ് പ്രണയ കഥക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പൈങ്കിളി ആണെന്ന് പേടിക്കുന്നവർ പേടിക്കുകയും വേണ്ട. മണിരത്നം 'സേഫ്' ആയി തിരിച്ചു വന്നിരിക്കുന്നു ഈ സിനിമയിലൂടെ. 'ഓ കെ കണ്മണി' ഈസ്‌ 'ഓക്കേ'.(y)

വാൽ: സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടതിനേക്കാൾ മികച്ച പ്രണയം പ്രകാശ്‌ രാജിന്റെയും ലീല സാംസന്റെയും കഥാപാത്രങ്ങളുടെതായിരുന്നു. കുറച്ചു രംഗങ്ങളെ ഉള്ളെങ്കിൽ കൂടി പടം 'ഓ കെ കണ്മണി' ആയിട്ടല്ല, 'ഓ കെ ഭവാനി' എന്നാണു തോന്നിയത്.

No comments:

Post a Comment