തികച്ചും പൈങ്കിളി ആയ ഒരു ടൈറ്റിൽ. തികച്ചും പൈങ്കിളി ആയ ഒരു പ്രമേയം. അത് ഒട്ടും പൈങ്കിളി ആകാതെ അവതരിപ്പിച്ച പുത്രൻ സാറിനു ആദ്യത്തെ സല്യൂട്ട്. ബുദ്ധിപരമായ അവതരണ ശൈലിയിലൂടെ ഒട്ടും പുതുമയില്ലാത്ത ഒരു കഥയെ തിയറ്ററിലെ കയ്യടികളാക്കി മാറ്റിയ സംവിധാന മികവിന് സല്യൂട്ട്. നിവിമ്പോളിസത്തെ ലാലിസവുമായി താരതമ്യം ചെയ്യപ്പെട്ടത് തന്നെ നിവിൻ പോളിയുടെ വിജയമാണ്. ആ പ്രകടനത്തിന് സല്യൂട്ട്. ചുരുക്കത്തിൽ കാശ് മുടക്കി ടിക്കറ്റ് എടുക്കുന്നവനു ധൈര്യമായി കണ്ടിരിക്കാവുന്ന ഒരു ക്ലീൻ എന്റർറ്റൈനെർ...അതാണ് 'പ്രേമം'.
മൂന്നു പ്രണയങ്ങൾ. ഒരു നായകൻ. അതാണ് 'പ്രേമം'. മൂന്നു കാലഘട്ടങ്ങളിൽ സംഭവിക്കുന്ന (പ്രണയം സംഭവിച്ചു പോകുന്ന ഒന്നാണല്ലോ !) പ്രണയങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വളരെ ഫ്രഷ് ആയ തുടക്കം, പക്ഷെ പിന്നെ സ്ഥിരം ട്രാക്കിലോടുന്ന പടം, എങ്കിലും അവതരണത്തിൽ കൂടിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രെസന്സിലൂടെയും പ്രേക്ഷകരെ കൂടെ നിർത്താൻ സംവിധായകന് സാധിച്ചു.
നിവിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും മോഹൻലാലുമായി താരതമ്യം ചെയ്യുന്നത് ഇപ്പൊ പതിവായിട്ടുണ്ട്. അതൽപം കടന്ന കയ്യാണെങ്കിലും, മോഹൻലാലിനെ പോലെ തന്നെ ഒരു 'സ്നേഹം' തോന്നുന്ന മാനറിസങ്ങൾ ആണ് നിവിന്റെയും. കുസൃതിയും കലിപ്പും ചമ്മലും വിരഹവും നന്നായി തന്നെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ, സ്ഥിരം കാമുകൻ കളിച്ചു നടക്കാതെ ട്രാക്ക് മാറ്റി പിടിക്കുന്നത് വളരെ നന്നായിരിക്കും. പുതുമുഖങ്ങൾ എല്ലാവരും തന്നെ കട്ടയ്ക്ക് കട്ടയ്ക്ക് നിന്നഭിനയിച്ചു. പ്രത്യേകിച്ച് ഗിരിരാജൻ കോഴി! സൌണ്ട് മിക്സിങ്ങ് മികച്ചു നിന്ന്. പിറു പിറുക്കലുകളും എക്കോയും മറ്റും പഴയ ചില പ്രിയദർശൻ സിനിമകളെ ഓർമിപ്പിച്ചു. വയറു നിറയെ പാട്ടുകൾ ഉണ്ടെങ്കിലും വയറിളക്കം ഒന്നും സംഭവിച്ചില്ല, ഒരു പക്ഷെ, ആ 'സീൻ കൊണ്ട്ര' എന്ന പാട്ട് ഒഴിവാക്കാമായിരുന്നു. എഡിറ്റിംഗ്, ക്യാമറ എന്നിവയും നന്നായി.
അൽഫോൻസ് പുത്രൻ ബുദ്ധിമാനായ സംവിധായകനാണ്. നല്ല ഹൈപ് കൊടുത്ത്, ട്രെയിലർ ഇല്ലാതെ, ഒരു പഴയ ബോംബ് കഥ മനോഹരമായി തന്നെ പറഞ്ഞു വെച്ചിരിക്കുന്നു. ഇനിയും നല്ല സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. പറഞ്ഞു പഴകിയ കഥകൾ ആണെങ്കിലും കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ ആഖ്യാനശൈലിക്ക് കഴിയുമെങ്കിൽ അതിൽ തെറ്റില്ല എന്നാണു എന്റെ പക്ഷം. എന്തായാലും ഇനി കുറച്ചു നാൾ കേരളം 'പ്രേമിക്കട്ടെ'.
വാൽ: ലാലേട്ടൻ കഴിഞ്ഞാൽ മീശ പിരി ഇത്രയും കിടുക്കിയ വേറെ നടനുണ്ടോ എന്ന് സംശയമാണ്. നിവിമ്പോളിസം.