Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, May 20, 2015

ലൈലാ ഓ ലൈലാ



കണ്ടു മടുത്ത കാഴ്ച്ചകളും ക്ലീഷേകളുടെ ഘോഷയാത്രയുമായി വന്നിറങ്ങിയ മറ്റൊരു തട്ടിക്കൂട്ട് ജോഷി സിനിമയാണ് 'ലൈലാ ഓ ലൈലാ'. കെട്ടുറപ്പോ കയ്യടക്കമോ ഇല്ലാത്ത ഒരു തിരക്കഥയും, പുതുതായി എന്ത്   ചെയ്യണമെന്നറിയാത്ത സംവിധാനവും കൈമുതലായുള്ള ഈ സിനിമ , ബോക്സ്‌ ഓഫീസിൽ എന്തേലും നേടിയിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ എന്ന നടനോടുള്ള മലയാളിയുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്.

'ജോഷി ചതിച്ചാശാനെ!' എന്ന നിലവിളി പ്രേക്ഷകനിൽ നിന്നുയരാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ഇനിയിപ്പോ ഈ മലയാളദേശത്ത് ആ മുറവിളി കേൾക്കാൻ ശ്രീ. ജോഷി മാത്രമേ ഉള്ളെന്നാണ് തോന്നുന്നത്. വെടി വെച്ചാൽ ഈ ജന്മത്ത് ഞാൻ കൊള്ളിക്കില്ല എന്ന് പ്രതിഞ്ജ എടുത്ത വില്ലനും, ഒരു കൂട്ടം കോമാളികളുടെ സ്പൈ സങ്കേതവും, ദ്വയാർത്ഥം നിറഞ്ഞു നിൽക്കുന്ന പ്രണയ സംഭാഷണങ്ങളും, ഒരു ആവശ്യവുമില്ലാത്ത പാട്ടുകളും, ജോസ് പ്രകാശ് കാലഘട്ടത്തിലെ ബോംബ്‌ നിർവീര്യമാക്കലും...അങ്ങനെ അങ്ങനെ പോകുന്നു ഈ സിനിമയുടെ ഗുണഗണങ്ങൾ. ബോളിവൂടിലെ 'മോസ്റ്റ്‌ വാണ്ടഡ്' തിരക്കഥാകൃത്ത് പക്ഷെ മലയാളത്തിനു നൽകിയത് വെറും ചവറു മാത്രം.

മോഹൻലാൽ എന്ന നടൻ മാത്രമാണ് ഈ സിനിമയുടെ പ്ലസ്. എന്നും കരുതി അദ്ദേഹം അങ്ങ് അഭിനയിച്ചു മറിച്ചു എന്നല്ല. ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രതിനുള്ളിൽ നിന്ന് കൊണ്ട് , ഒട്ടും അടുക്കില്ലാത്ത ഒരു തിരക്കഥയിൽ നിന്ന് കൊണ്ട്  , അദ്ദേഹം നന്നായി തന്നെ തന്റെ ഭാഗം കൈകാര്യം ചെയ്തു. പലരും പറഞ്ഞത് പോലെ അതി ഭയങ്കരമായ ഫൈറ്റ് ഒന്നും കണ്ടില്ലെങ്കിലും,  നല്ല വൃത്തിയായി അതൊക്കെ അദ്ദേഹം നിർവഹിച്ചു. പറ്റുമെങ്കിൽ ലാലേട്ടനും ജോഷി സാറും  ഇനിയെങ്കിലും ആ 'ചിറകൊടിഞ്ഞ കിനാവുകൾ' ഒന്ന് കാണുന്നത്  നന്നായിരിക്കും.

വർഷത്തിൽ ഒരുപാട് ചവർ സിനിമകൾ ഇറക്കുന്നതിലും നല്ലത്, വല്ലപ്പോഴും ഒരു നല്ല സിനിമ ചെയ്യുന്നതാണ്. അല്ലെങ്കിൽ മലയാളത്തിലെ 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' എന്ന പേര് ജോഷിക്ക് നഷ്ടമാവാൻ അധികം കാലമെടുക്കില്ല.

വാൽ: ഈ സിനിമയിൽ തീവ്രവാദികളായി അഭിനയിച്ചിരിക്കുന്നവരെ കണ്ടപ്പോ തോന്നിയത്, ഇവന്മാർ ജനിച്ചപ്പോഴേ ഇങ്ങനെയൊക്കെ ആയിരുന്നോ എന്നാണു. അഭിനയിക്കുന്ന എല്ലാ പടത്തിലും തീവ്രവാദികൾ! 

No comments:

Post a Comment