മലയാള സിനിമയുടെ ആറാം തമ്പുരാൻ...കിരീടം വെയ്ക്കാത്ത രാജാവ്...ദി കമ്പ്ലീറ്റ് ആക്ടർ ...അങ്ങനെ അങ്ങനെ ഒരുപാട് പട്ടങ്ങൾ കൊണ്ട് അലങ്കൃതമാണ് ആ പേര്. അങ്ങനെയുള്ള ആരാധക കേന്ദ്രീകൃത വിശേഷണങ്ങൾക്കപ്പുറമുള്ള മോഹൻലാലിനെയാണ് എനിക്കിഷ്ടം. മോഹൻലാൽ എന്ന മനുഷ്യന്റെ നിലപാടുകളും വീക്ഷണങ്ങളും സ്വഭാവങ്ങളും എന്തുമായിക്കൊള്ളട്ടെ, പക്ഷെ മോഹൻലാൽ എന്ന നടൻ മലയാളിയുടെ ദൈനം ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനിൽ മിന്നി മാഞ്ഞ ക്രൂരഭാവങ്ങൾ കണ്ട മലയാളി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ആ മുഖത്ത് കുസൃതിയും പ്രണയവും ദൈന്യതയുമെല്ലാം മിന്നി മായുമെന്നു. തിരനോട്ടത്തിൽ സൈക്കിളിൽ നിന്ന് വീഴുന്ന ഷോട്ട് കണ്ട സുഹൃത്തുക്കൾ കരുതിയിട്ടുണ്ടാവില്ല, ആ വീഴ്ച നടന വിസ്മയങ്ങളുടെ കൊടുമുടിയിലേക്കുള്ള യാത്രയുടെ തുടക്കമാവുമെന്ന്. ജയന്റെയും നസീറിന്റെയും സോമന്റെയും മറ്റും ഇടി കൊണ്ട് നടന്ന കാലത്ത്, ആരും വിചാരിച്ചിട്ടുണ്ടാവില്ല ഭാവിയിൽ ഒരുപാട് പേരെ ഇടിക്കേണ്ട ആക്ഷൻ ഹീറോ ആകുമെന്ന്. അങ്ങനെ ചിരിയും ചിന്തയും, കുസൃതിയും സങ്കടവും, ദൈന്യതയും രൌദ്രവും, ശൃംഗാരവും എല്ലാം കൂടിയുള്ള ഒരു 'കമ്പ്ലീറ്റ് പാക്കേജ്' ആയിരുന്നു മോഹൻലാൽ.
യുവാക്കൾക്ക് ലാലേട്ടനും, മുതിര്ന്നവര്ക്ക് ലാലും, അമ്മമാർക്ക് ലാലനും ലാൽ മോനും ലാലുവും, കുട്ടികൾക്ക് മോഗൻലാലും ആയി ആ മനുഷ്യൻ മലയാളിയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിട്ടു വർഷങ്ങൾ ഏറെയായി. ബുള്ളറ്റ് ബൈക്ക് ഓടിക്കുമ്പോ , ഹെർക്കുലീസ് സൈക്കിൾ ചവിട്ടുമ്പോ തോൾ അറിയാതെ ചരിയുന്നതും, മുണ്ടുടുക്കുമ്പോ നരസിംഹം ശൈലി നോക്കുന്നതും, മുടി ചീകുമ്പോ ഒരു വശം ചരിച്ചു ചെയ്യുന്നതും, കാമുകിയോട് സോള്ളുമ്പോ അറിയാതെ ലാലിസം വരുന്നതുമെല്ലാം മോഹൻലാൽ എന്ന നടൻ എത്ര മാത്രം മലയാളിയുടെ മനസ്സിൽ സ്വാധീനം ചെലുത്തുന്നു എന്ന് വേണം കരുതാൻ.
മഞ്ഞിൽ വിരിഞ്ഞ ആ ഇതിഹാസം ഇന്ന് 55 വയസ്സ് പൂർത്തിയാക്കുകയാണ്. ചരിഞ്ഞ തോളുമായി കുസൃതി നിറഞ്ഞ നോട്ടവുമായി മലയാളിയുടെ മനസ്സുകളിലേക്ക് നടന്നു കയറിയ ആ മഹാനടന് ജന്മദിനാശംസകൾ.
വാൽ: മലയാള സിനിമയെ കുറിച്ചുള്ള ഏതോ ഒരു പഠനത്തിൽ മമ്മൂട്ടിയെ ശ്രീരാമൻ ആയിട്ടും മോഹൻലാലിനെ ശ്രീകൃഷ്ണൻ ആയിട്ടുമാണ് ഉപമിച്ചത്. അങ്ങനെ നോക്കുവാണേൽ ഇന്ന് 'ശ്രീകൃഷ്ണ ജയന്തി' ആണ്!
No comments:
Post a Comment