Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, June 30, 2015

The Fountain (2006)



ഇതൊരു ബല്ലാത്ത സിനിമയാണ്. കണ്ടു തുടങ്ങി ഒരു പത്ത് മിനിറ്റ് ആയപ്പോഴേക്കും മനസ്സിലായി എനിക്കൊരു പുല്ലും മനസ്സിലാവില്ല എന്ന്. പക്ഷെ, മനശക്തി ആർജിച്ചു ഇരുന്നു കണ്ടു തീർത്തപ്പോ മനസ്സിലായി ഒഴിവാക്കിയിരുന്നേൽ നല്ലൊരു സിനിമ നഷ്ടപ്പെട്ടേനെ എന്ന്. 'The Fountain' അമരത്വത്തിന്റെ കഥയാണ്‌. മരണം ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട ടോമ്മി എന്ന ശാസ്ത്രന്ജന്റെ കഥ .

മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. അതിൽ രണ്ടെണ്ണം സാങ്കൽപ്പികമാണ്‌. ടോമ്മിയുടെ ഭാര്യ കാൻസർ രോഗിയാണ്. അവർ എഴുതുന്ന നോവലിലെ തോമാസ് ആയിട്ടും, പിന്നീട് ഭാര്യയുടെ മരണശേഷം ആ നോവൽ എഴുതുന്ന കഥാനായകൻ, ആ നോവലിന്റെ അവസാന ഭാഗത്തിലെ 'ക്രിയോ' എന്ന കഥാപാത്രമായിട്ടും കടന്നു വരുന്നു. അങ്ങനെ ടോമ്മി , തോമാസ് ആയിട്ടും ക്രിയോ ആയിട്ടും സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. സ്വന്തം ഭാര്യയെ കാൻസറിൽ നിന്നും രക്ഷിക്കാൻ പരീക്ഷണങ്ങൾ നടത്തുന്ന ടോമ്മിക്ക് പക്ഷെ,  രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല. ആ വാശിയിൽ മരണമിലാത്ത ലോകം എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ.

സ്ക്രിപ്റ്റിംഗ് ആണ് മാരകം. ആകെ കൻഫ്യുഷൻ ആക്കുമെങ്കിലും എല്ലാം മനസ്സിലായി വരുമ്പോ ഒരു പ്രത്യേക രസമാണ്. ഈ മൊന്നു കഥാപാത്രങ്ങളും തേടുന്നത് അമരത്വം ആണ്. ഒരാൾ ഭൂതകാലത്തിലും മറ്റൊരാൾ വർതമാനകാലതിലും, വേറൊരാൾ ഭാവിയിലും. മനോഹരമായ വിഷ്വൽസും ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ . ഹ്യുഗ് ജാക്ക്മാൻ അഭിനയിച്ചു തകർത്തിരിക്കുന്നു.

ഇനി ഞാൻ പറഞ്ഞതല്ല ശരിക്കുള്ള സംഭവമെങ്കിൽ എനിക്കിനിയും കാണേണ്ടിയിരിക്കുന്നു.
കാണാത്തവർ കാണണം. 
മനുഷ്യ മനസ്സിലെ വികാരങ്ങൾക്ക് നിറമുണ്ടോ?
സ്നേഹത്തിനും പ്രേമത്തിനും കോപത്തിനും ദ്വേഷത്തിനും നിറങ്ങളുണ്ടോ ?
സന്തോഷത്തിനും സങ്കടത്തിനും ധൈര്യത്തിനും ഭയത്തിനും നിറങ്ങളുണ്ടോ ?
അസൂയക്കും ചതിക്കും കപടതയ്ക്കും നിറങ്ങളുണ്ടോ ?
വിശപ്പിനോ ദാഹത്തിനോ കാമത്തിനോ നിറങ്ങളുണ്ടോ ?

എം ടി 'സദയം' എന്ന സിനിമയിൽ പറയുന്നത് പോലെ 'പേടിക്ക്‌ എന്താ നിറം? ചുവപ്പ്? കറുപ്പ്? പേടിയുടെ നിറം മാറിക്കൊണ്ടിരിക്കും'. അങ്ങനെയൊന്നുണ്ടോ? മനുഷ്യനിലെ അടിസ്ഥാന വികാര വിചാരങ്ങൾക്ക് നിറങ്ങൾ ഇല്ലായിരിക്കാം.

എന്നാൽ ഒന്നറിയാം.
മനുഷ്യനിൽ അടിച്ചേൽപ്പിക്കപ്പെട്ട വികാരമായ മതത്തിനു നിറമുണ്ട്. കാവിയും പച്ചയും വെള്ളയും മറ്റനേകം  നിറങ്ങളായി...
മനുഷ്യനാൽ നിർമ്മിക്കപ്പെട്ട രാഷ്ട്രീയ വ്യവസ്ഥിതിക്ക് നിറങ്ങളുണ്ട്...ചുവപ്പും പച്ചയും മഞ്ഞയും നീലയും മറ്റനേകം നിറങ്ങളായി...

ഈ സൃഷ്ട്ടിക്കപ്പെട്ട വ്യവസ്ഥകളും വ്യവസ്ഥിതികളും സംഘർഷങ്ങളിൽ പെടുമ്പോൾ ബാക്കി വെയ്ക്കുന്ന ഒരു നിറമുണ്ട്.  അത് പക്ഷെ,  പൂക്കളുടെയും ഇലകളുടെയും പൂമ്പാറ്റകളുടെയും നിഷ്കളങ്കതയുടെ നിറങ്ങളല്ല .

എല്ലാ മനുഷ്യരിലും ഒരേ പോലെയുള്ള ചോരയുടെ നിറം.
മനുഷ്യത്വത്തിന്റെ നിറം.!

Monday, June 29, 2015

The Great Escape (1963)



ഒരു സംഭവകഥയെ ആസ്പദമാക്കി എടുത്ത ചിത്രം. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ്‌ ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 'The Great Escape'. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ നടൻ സ്റ്റീവ് മക് ഖ്വീനും ബ്രിട്ടീഷ്‌ അഭിനേതാവും പിന്നീട് 'ഗാന്ധി' എന്ന ചിത്രത്തിലൂടെ നമുക്കേവർക്കും സുപരിചിതനായ റിച്ചാർഡ്‌ ആറ്റൻബ്രോയും ഒന്നിച്ചഭിനയിച്ച സിനിമ.

വളരെ പതുക്കെ ബിൽഡ് ആയി വരുന്ന കഥാസന്ദർഭങ്ങൾ കൊണ്ട് ഉദ്വേഗം ജനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു സംവിധായകന്. ഇതൊരു 'നാച്ചുറൽ ക്ലാസ്സിക്' ആയിട്ടാണ് സിനിമ ലോകം വിലയിരുത്തുന്നത്. 250 തടവുകാരെ തുരങ്കങ്ങളിൽ കൂടി പുറത്തു കടത്തി നാസി സൈനികരുടെ ശ്രദ്ധ അവരെ പിടികൂടുന്നതിലേക്ക് തിരിക്കാനുള്ള തന്ത്രമാണ് കഥ. ഈ കഥയുടെ രചയിതാവായ പോൾ ബ്രിക്ക് ഹിൽ അക്കാലത്തെ ഒരു യുദ്ധതടവുകാരനായിരുന്നു. നാസി ഭീകരതയെ പറ്റി ഒന്നും ചിത്രം വലുതായി ചർച്ച ചെയ്യുന്നില്ലെങ്കിലും ഒരു മിഷന് വേണ്ടുന്ന പ്ലാനിംഗ് എന്നിവയൊക്കെ  കാണിച്ചിരിക്കുന്നു. യാഥാർത്യത്തിൽ നിന്നും അല്പം മാറിയാണ് സിനിമ സഞ്ചരിക്കുന്നത്, അത് സിനിമയുടെ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയാവാം. ഉദാഹരണത്തിന്, പ്ലെയ്ൻ വഴിയും ബൈക്ക് വഴിയും ഒന്നും യഥാർത്ഥത്തിൽ ആരും രക്ഷപെടാൻ ശ്രമിച്ചിരുന്നില്ല.

ഇതൊരു വാർ മൂവി അല്ല. പക്ഷെ, ഒരു 'escape plan' അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ വൃത്തിയായി തന്നെ കാണിച്ചിരിക്കുന്നു. സ്ലോ ബില്ഡ് അപ്പ്‌ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം  ബോധിക്കും. എ മസ്റ്റ്‌ വാച്ച്! 

Friday, June 26, 2015

കേരളത്തിലെ റോഡുകളിൽ കൂടി  യാത്ര ചെയ്യുമ്പോൾ മേക്കപ്പിടാൻ സാധിക്കുന്നില്ല എന്ന് ഒരു നടി പറഞ്ഞതിന്റെ വാലും പിടിച്ചു സോഷ്യൽ മീഡിയ ആ പ്രസ്താവനയെ ഒരു ആഘോഷമാക്കി (ഞാനുൾപ്പടെ). ഈ കളിയാക്കലുകൾക്കും ട്രോളുകൾക്കും അപ്പുറം യാഥാർത്ഥ്യം എന്നൊരു സംഭവമുണ്ട്. ശരിക്കും നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ എന്താണ്?

റോഡുകൾ സർക്കാർ നമുക്ക് സൗജന്യമായി ഉണ്ടാക്കി തരുന്ന സാധനങ്ങൾ ഒന്നുമല്ല. നമ്മുടെ തന്നെ നികുതിപ്പണം ഉപയോഗിച്ചാണ് (മുഴുവനായും നമ്മുടെയാണ് എന്ന് ഞാൻ പറയില്ല ) റോഡുകളും മറ്റു അടിസ്ഥാന സൌകര്യങ്ങളും മറ്റും സർക്കാർ നിർമ്മിക്കുന്നത്. അപ്പൊ, അങ്ങനെ നമ്മുടെ കൂടി കാശ് മുടക്കി നിർമ്മിക്കുന്ന റോഡുകൾ, ഒരൊറ്റ മഴയോട് കൂടി തോടുകൾ ആവുന്ന അവസ്ഥ അനുവദനീയമാണോ? സ്വന്തം കാശ് മുടക്കി ഒരു പട്ടിക്കൂട് ഒരുത്തനെക്കൊണ്ട്‌ പണിയിപ്പിക്കുക, അടുത്ത ദിവസത്തെ മഴയിൽ അത് പൊളിഞ്ഞു വീഴുമ്പോ ഈ വിഷമം മനസ്സിലാവും.

പൊട്ടിപ്പൊളിഞ്ഞ ഈ റോഡുകളിൽ കൂടിയാണ് സ്കൂളിൽ പോകേണ്ട കുട്ടികളും, ആശുപത്രിയിൽ പോകേണ്ട വൃദ്ധജനങ്ങളും, ആപ്പീസിൽ പോകേണ്ട മറ്റുള്ളവരും പാഞ്ഞു പോകേണ്ടത്. റോഡിന്റെ ദയനീയാവസ്ഥ കാരണം  സമയത്ത് ആശുപത്രിയിൽ എത്താത്ത എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളിലും ഓഫീസിലും താമസിച്ചെതുന്നത് വേറെ. അത് പോലെ തന്നെ, പച്ചക്കറികൾ, അരി , ധാന്യവർഗ്ഗങ്ങൾ..ഇവയെല്ലാം തന്നെ പതിയെ ഓടി എത്തുന്നു.

റോഡുകൾ വികസനത്തിന്റെ  നാഡികൾ ആണെന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്.  പക്ഷെ,കേരളത്തിലെ റോഡുകളുടെ ഒരു ആകാശ ചിത്രം എടുത്താൽ ഇത് ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലമാണോ എന്ന് സംശയിച്ചു പോകും. റോഡിന്റെ വീതിയോ കൂട്ടുന്നില്ല, എന്നാൽ ഒള്ളത് നന്നായി എങ്കിലും ഇട്ടു കൂടെ എന്നാണു സാധാരണക്കാരന്റെ ന്യായമായ ചോദ്യം.

വാൽ: അമൃതയുടെ പ്രസ്താവന കേട്ട ചാണ്ടി സാർ പറഞ്ഞു മേക്കപ്പ് ഇടാൻ പറ്റുന്നില്ലെങ്കിൽ പ്രചാരണത്തിന് വരുമ്പോ മേക്കപ്പ്  ഇടണ്ട എന്ന്. എന്നാലും റോഡ്‌ നന്നാക്കുമെന്ന് പറഞ്ഞില്ല! അതാണ്‌.

Wednesday, June 24, 2015

മഞ്ഞവെയിൽ മരണങ്ങൾ

മഞ്ഞവെയിൽ മരണങ്ങൾ
ബെന്യാമിൻ

പ്രതികൂല സാഹചര്യങ്ങളെ മനശക്തി കൊണ്ട് മറികടന്നു സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്ന മനുഷ്യന്റെ കഥയായിരുന്നു 'ആടുജീവിതം'. സ്വതവേ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ തടസ്സങ്ങളെയും കുറ്റം പറഞ്ഞും പിറു പിറുത്തും നേരിടുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് ഒരു പ്രചോദനമായിരുന്നു ആ പുസ്തകം. 'മഞ്ഞവെയിൽ മരണങ്ങൾ' ഒരിക്കലും ആ ഒരു വിശേഷണത്തിന് അർഹമല്ല. ഇതൊരു ത്രില്ലർ ആണ്. ഫിക്ഷനും റിയലിസവും നല്ല രീതിയിൽ കൂട്ടിക്കുഴച്ചുള്ള ഒരു മനോഹര നോവൽ.

അന്ത്രപ്പേർ കുടുംബം ചരിത്രപ്രാധാന്യമുള്ള കുടുംബമാണ്. ക്രിസ്തീയ ചരിത്രത്തിലും പോർച്ചുഗീസ്കാരുടെ ഇന്ത്യൻ അധിനിവേശ ചരിത്രത്തിലും അന്ത്രപ്പേർ കുടുംബം പ്രധാനികളാണ്. ഡീഗോ ഗാർഷ്യ എന്ന ദ്വീപ സമൂഹത്തിലെ അധികാരികൾ ആയിരുന്നു ഇവർ ഒരു കാലത്ത്. ഈ നോവൽ വികസിക്കുന്നത് ആ ദ്വീപിലും അവിടുള്ള അന്ത്രപ്പേർ കുടുംബത്തിലെ അംഗങ്ങളും , പിന്നെ ഒരു പട്ടം കുടിയേറ്റക്കാരിലൂടെയുമാണ്. ഒരു കൊലപാതകം. അതും വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച സുഹൃത്തിന്റെ. അതിനു പിന്നാലെ ഓടുന്ന ക്രിസ്റ്റി അന്ത്രപ്പേരിന്റെ കഥ. ജീവിതത്തിൽ ഒന്നുമാകാതെ, ദൌത്യങ്ങളിൽ പരാജയപ്പെടുന്ന ക്രിസ്റ്റി അന്ത്രപ്പേറിന്റെ കഥ.
നോവലിസ്റ്റും സുഹൃത്തുക്കളും ക്രിസ്റ്റിയുടെ പുസ്തകഭാഗങ്ങളിലൂടെ, ക്രിസ്റ്റിയുടേയും അന്ത്രപ്പേർ കുടുംബത്തിന്റെയും , മറ്റു പല സംഭാവങ്ങളിലൂടെയും കടന്നു പോകുന്നു.

ബെന്യാമിന്റെ തന്നെ 'ആടുജീവിത'ത്തിൽ നിന്ന് ഈ പുസ്തകത്തിലേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു 'ലെവൽ' , പക്ഷെ ഇതിൽ ലഭിക്കുന്നില്ല. പലയിടത്തും പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന പോലെ തോന്നി. പിന്നെ, ഈ രണ്ടു പുസ്തകങ്ങളും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.അതിനാൽ തന്നെ ഒരു താരതമ്യം മണ്ടത്തരമാണ്. പിന്നെ, ഒരു ത്രില്ലർ എന്ന നിലയിൽ ഒരു 90 ശതമാനത്തോളം നീതി പുലർത്തുന്നുണ്ട് ഈ പുസ്തകം. കാരണം, കുറെയേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരാതെയാണ് കഥ അവസാനിക്കുന്നത്(?). അത് പിന്നെ നോവലിന്റെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞു ഒഴിയാമെങ്കിലും, ഒരു സാധാരണ വായനക്കാരൻ അത് ക്ഷമിക്കില്ല.

പൊതുവിൽ വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്ന പുസ്തകമാണ് 'മഞ്ഞവെയിൽ മരണങ്ങൾ' . ബെന്യാമിൻ എന്ന എഴുത്തുകാരൻ നിങ്ങളെ നിരാശപ്പെടുതുന്നില്ല. അത് കൊണ്ട് തന്നെ, ഇനിയും മികച്ച സൃഷ്ടികൾ ഞങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

വാൽ: ക്രിസ്റ്റി അന്ത്രപ്പേർ, നീ എവിടെയാണ്! 

Sunday, June 14, 2015

ജുറാസിക് വേൾഡ്



ദിനോസറുകളുടെ അദ്ഭുത ലോകത്തെ നമുക്ക് പരിചയപ്പെടുത്തി തന്നത് സ്റ്റീവൻ സ്പീൽബർഗ് ആണ്. നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പേടിച്ചതും, എന്നാൽ കാണാൻ ആഗ്രഹിച്ചതും ആയ ഒരു ഇംഗ്ലീഷ് പടം ഇതായിരിക്കും. സംഭവം ഫിക്ഷൻ ആണെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ എഫ്ഫെക്സും കിടിലൻ ബാക്ക്ഗ്രൌണ്ട് സ്കോറുകളും വിസ്മയിപ്പിക്കുന്ന സ്റ്റുഡിയോ വർക്കുകളും കൊണ്ട് എല്ലാ വിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി തിയറ്ററുകൾ അടക്കി വാണിരുന്ന സിനിമയായിരുന്നു അത്. എന്നാൽ അതിനു ശേഷം വന്ന തുടർ ഭാഗങ്ങൾ ഏറെയും നിരാശാജനകമായിരുന്നു. പക്ഷെ, 'ജുറാസിക് വേൾഡ്' വ്യത്യസ്തമായ ഒരനുഭവമാണ്.

ആദ്യ ഭാഗവുമായി തട്ടിച്ചു നോക്കിയാൽ ഒരു പക്ഷെ ഇതൊരു വമ്പൻ സംഭാവമായിരിക്കില്ല. അത് ഒരു പക്ഷെ ആ സിനിമയ്ക്ക് ലഭിച്ച ഒരു 'ഫസ്റ്റ് മൂവർ അട്വാന്റെജ്‌ (First Mover Advantage)'  മാത്രമാവാനെ സാധ്യതയുള്ളൂ. മൊത്തമായും കുട്ടികളെ ലക്‌ഷ്യം വെക്കുന്ന ഈ സിനിമ പക്ഷെ, മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്നുണ്ട്. കഥാപരമായി പുതുമ ഒന്നുമില്ലെങ്കിലും കഥ സെറ്റ് ചെയ്തിരിക്കുന്നത് പുതുമയാണ്. പല സിനിമകളുടെയും  ജീനുകൾ പലയിടത്തും പ്രകടമാനെങ്കിൽ തന്നെയും , ട്രീറ്റ്മെന്റിലൂടെ ആ പോരായ്മകളൊക്കെ മറികടക്കുന്നുണ്ട് 'ജുറാസിക് വേൾഡ്'.

അഭിനേതാകൾക്ക് നിലവിളിക്കാനും ഓടാനും അല്ലാതെ വലിയ റോൾ ഒന്നുമില്ലാത്ത മറ്റൊരു 'ജുറാസിക്' സിനിമ ആണിതും. എങ്കിലും ആ കുട്ടികൾ മികച്ചു നിന്നു. മിതമായ അഭിനയത്തിലൂടെ നമ്മുടെ അഭിമാനമായ ഇർഫാൻ ഖാനും നന്നായി. വിഷ്വൽ എഫ്ഫെക്ട്സ് കിടുക്കി കളഞ്ഞു. പിന്നെ, 3Dയിൽ കാണാൻ മാത്രം ഒന്നുമിതിലില്ല. 2Dയിൽ  കണ്ടാലും നഷ്ടപ്പെടാൻ ഒന്നുമില്ല. വീണ്ടും  പറയുകയാണ്‌, ഗ്രാഫിക്സും വിഷ്വൽ വർക്സും കിടുക്കി!

വീണ്ടും ജുറാസ്സിക് പൂങ്കാവനതിലേക്കുള്ള നല്ലൊരു യാത്രയാണ് 'ജുറാസിക് വേൾഡ്'. കാശ് കളഞ്ഞു എന്തിനാടെയ് ഇംഗ്ലീഷ് പടത്തിനു കയറുന്നത് എന്ന് ചിന്തിക്കാൻ അവസരം തരാത്ത സിനിമ. ധൈര്യമായി ടിക്കറ്റ് എടുക്കാം.

വാൽ: കുട്ടികൾ തിയറ്റർ അനുഭവത്തിനു ഒരൽപം പ്രശ്നകാരികളാണ്. ലൈലാ ഓ ലൈലാക്കും നീനക്കും പ്രേമത്തിനും തിയറ്ററിൽ കരഞ്ഞ കുട്ടികൾ പക്ഷെ, ദിനോസർ സിനിമക്ക് അവർ ഫുൾ സപ്പോർട്ട് ആയിരുന്നു! അതാണീ സിനിമയുടെ വിജയവും!

Thursday, June 4, 2015

വായിക്കുന്ന മലയാളം നോവലുകളെ പറ്റി ഞാൻ ഫേസ്ബുക്കിൽ എഴുതാറുണ്ട്. താൽപര്യമുള്ള മറ്റു വായനകാർക്ക് അവരുടെ ലിസ്റ്റിൽ ഉൾപെടുതാനും, അത് പോലെ മറ്റുള്ളവർ നിർദേശിക്കുന്ന പുസ്തകങ്ങൾ എന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താനും അത് സഹായകമാകുന്നു. പക്ഷെ, എന്നോടൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി,  ' എന്തിനാടാ, ഈ മലയാളം പുസ്തകമൊക്കെ വായിച്ചു സമയം കളയുന്നത്? വല്ല ഇംഗ്ലീഷ് നോവലും വായിച്ചു ഇംഗ്ലീഷിൽ പോസ്ടിയാൽ അൽപം വിലയൊക്കെ കിട്ടും' എന്ന്. ഭാഷയെ സമൂഹത്തിൽ ഒരു 'വില' കിട്ടാനുള്ള ഉപാധിയായി മാത്രം കാണുന്നവർ കൂടി വരുന്ന ഒരു കാലഘട്ടമാണിത്.

എന്താണ് ഭാഷ? ആശയവിനിമയത്തിനുള്ള ഒരു ഉപാധി. ഏതു ഭാഷക്കും അതിന്റേതായ സൗന്ദര്യവും മഹത്വവും പരിമിതികളുമുണ്ട്. മറ്റൊരാളുടെ ഭാഷ കളിയാക്കാനുള്ളതല്ല, മറിച്ചു ബഹുമാനിക്കപ്പെടെണ്ടതാണ്. ബംഗ്ലൂരിലോ അത് പോലത്തെ അന്യ നഗരങ്ങളിലോ മലയാളത്തിനു പേര് 'ജലേബി ഭാഷ' എന്നാണു. മലയാളികൾ ഹിന്ദിയെ കളിയാക്കുന്നത് 'ഹാങ്ങർ ഭാഷ' എന്നാണു. മറ്റു ഭാഷകളിലെ 'ഴ' ഇല്ലായ്മയെ നമ്മളും, നമ്മുടെ ഭാഷയിലെ വേഗതയെ അവരും കളിയാക്കുന്നു. ചുരുക്കത്തിൽ, നമ്മൾ നമ്മുടെ നാടിന്റെ ഭാഷകളെ പരസ്പരം കളിയാക്കിക്കൊണ്ട് , വെള്ളക്കാരന്റെ ഭാഷയെ മഹത്വവൽക്കരിക്കുന്നു.

മലയാളത്തിലേക്ക് തിരിച്ചു വരാം. സ്കൂളിൽ മലയാളം പറഞ്ഞാൽ അടി അല്ലെങ്കിൽ ഫൈൻ കൊടുക്കുന്ന കാലം . അമ്മയെയും അച്ഛനെയും 'മമ്മി' എന്നും 'ഡാഡി' എന്നും തല്ലി വിളിപ്പിക്കുന്ന കാലം. ചേട്ടനെയും അളിയനെയും 'ഡ്യുഡും' , 'ബ്രോ'യും ആക്കിയ ഫ്രീക്കന്മാരുടെ കാലം. മലയാളത്തെ ആംഗലേയവല്ക്കരിക്കുന്ന അവതാരികമാരുടെ കാലം. അങ്ങനെയുള്ള ഈ കാലത്തിൽ എന്റെ സുഹൃത്ത് അങ്ങനെ പറഞ്ഞതിൽ എനിക്കദ്ഭുദമില്ല. ഞാനും 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്'സും , 'കൈറ്റ് റണ്ണ'റും , 'വൈറ്റ് റ്റൈഗ'റും ഒക്കെ വായിച്ച ആളാണ്‌. പക്ഷെ, ആ ഭാഷയോടുള്ള ബഹുമാനം വെച്ച് തന്നെ പറയട്ടെ, 'രണ്ടാമൂഴവും', 'ഉമ്മാച്ചു'വും , 'ആടുജീവിതവും', 'ഖസാക്കും' വായിക്കുന്ന ആ ഒരു സുഖം മറ്റൊന്നിനും ലഭിക്കില്ല.

ചോക്ക് മലയിൽ ഇരുന്ന മുയൽ ചോക്ക് തേടിപ്പോയ കഥ പോലെയാണിത്. സ്വന്തം ഭാഷയിലെ ക്ലാസിക്കുകൾ മറന്നിട്ട്, മറ്റു ഭാഷകളിലെ ക്ലാസ്സിക്കുകളിലേക്ക് ഓടുന്നത്. അത് മോശമെന്നല്ല, നല്ലത് തന്നെയാണ്. പക്ഷെ, മാതൃഭാഷയെ പുറമ്പോക്കിലെക്ക് തള്ളിയിട്ട്, മറ്റു ഭാഷകളെ ആലിംഗനം ചെയ്യുന്നത് മാതൃനിന്ദയ്ക്ക് തുല്യമാണെന്നെ പറയാനുള്ളൂ.