Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, June 26, 2015

കേരളത്തിലെ റോഡുകളിൽ കൂടി  യാത്ര ചെയ്യുമ്പോൾ മേക്കപ്പിടാൻ സാധിക്കുന്നില്ല എന്ന് ഒരു നടി പറഞ്ഞതിന്റെ വാലും പിടിച്ചു സോഷ്യൽ മീഡിയ ആ പ്രസ്താവനയെ ഒരു ആഘോഷമാക്കി (ഞാനുൾപ്പടെ). ഈ കളിയാക്കലുകൾക്കും ട്രോളുകൾക്കും അപ്പുറം യാഥാർത്ഥ്യം എന്നൊരു സംഭവമുണ്ട്. ശരിക്കും നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ എന്താണ്?

റോഡുകൾ സർക്കാർ നമുക്ക് സൗജന്യമായി ഉണ്ടാക്കി തരുന്ന സാധനങ്ങൾ ഒന്നുമല്ല. നമ്മുടെ തന്നെ നികുതിപ്പണം ഉപയോഗിച്ചാണ് (മുഴുവനായും നമ്മുടെയാണ് എന്ന് ഞാൻ പറയില്ല ) റോഡുകളും മറ്റു അടിസ്ഥാന സൌകര്യങ്ങളും മറ്റും സർക്കാർ നിർമ്മിക്കുന്നത്. അപ്പൊ, അങ്ങനെ നമ്മുടെ കൂടി കാശ് മുടക്കി നിർമ്മിക്കുന്ന റോഡുകൾ, ഒരൊറ്റ മഴയോട് കൂടി തോടുകൾ ആവുന്ന അവസ്ഥ അനുവദനീയമാണോ? സ്വന്തം കാശ് മുടക്കി ഒരു പട്ടിക്കൂട് ഒരുത്തനെക്കൊണ്ട്‌ പണിയിപ്പിക്കുക, അടുത്ത ദിവസത്തെ മഴയിൽ അത് പൊളിഞ്ഞു വീഴുമ്പോ ഈ വിഷമം മനസ്സിലാവും.

പൊട്ടിപ്പൊളിഞ്ഞ ഈ റോഡുകളിൽ കൂടിയാണ് സ്കൂളിൽ പോകേണ്ട കുട്ടികളും, ആശുപത്രിയിൽ പോകേണ്ട വൃദ്ധജനങ്ങളും, ആപ്പീസിൽ പോകേണ്ട മറ്റുള്ളവരും പാഞ്ഞു പോകേണ്ടത്. റോഡിന്റെ ദയനീയാവസ്ഥ കാരണം  സമയത്ത് ആശുപത്രിയിൽ എത്താത്ത എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളിലും ഓഫീസിലും താമസിച്ചെതുന്നത് വേറെ. അത് പോലെ തന്നെ, പച്ചക്കറികൾ, അരി , ധാന്യവർഗ്ഗങ്ങൾ..ഇവയെല്ലാം തന്നെ പതിയെ ഓടി എത്തുന്നു.

റോഡുകൾ വികസനത്തിന്റെ  നാഡികൾ ആണെന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്.  പക്ഷെ,കേരളത്തിലെ റോഡുകളുടെ ഒരു ആകാശ ചിത്രം എടുത്താൽ ഇത് ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലമാണോ എന്ന് സംശയിച്ചു പോകും. റോഡിന്റെ വീതിയോ കൂട്ടുന്നില്ല, എന്നാൽ ഒള്ളത് നന്നായി എങ്കിലും ഇട്ടു കൂടെ എന്നാണു സാധാരണക്കാരന്റെ ന്യായമായ ചോദ്യം.

വാൽ: അമൃതയുടെ പ്രസ്താവന കേട്ട ചാണ്ടി സാർ പറഞ്ഞു മേക്കപ്പ് ഇടാൻ പറ്റുന്നില്ലെങ്കിൽ പ്രചാരണത്തിന് വരുമ്പോ മേക്കപ്പ്  ഇടണ്ട എന്ന്. എന്നാലും റോഡ്‌ നന്നാക്കുമെന്ന് പറഞ്ഞില്ല! അതാണ്‌.

No comments:

Post a Comment