സ്റ്റീഫൻ കിംഗ് എന്ന വിഖ്യാത നോവലിസ്റ്റിന്റെ ഇതേ പേരിലുള്ള നോവല്ലയെ (novella) ആസ്പദമാക്കി ഫ്രാങ്ക് ഡാരാബോണ്ട് ( The Shawshank Redemption, The Green Mile) എന്ന ബ്രില്ല്യന്റ് സംവിധായകൻ (തിരക്കഥാകൃത്തും) ഒരുക്കിയ ഒരു ഹൊറർ മൂവി ആണ് 'The Mist'. നോവലുകൾ സിനിമയാക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന പരാതിയാണ് , നോവലിന്റെ സൌന്ദര്യം പൂർണമായും ഒപ്പിയെടുക്കാൻ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല എന്നത്. പക്ഷെ, ഈ സിനിമയുടെ കാര്യത്തിൽ , നോവല്ലക്കും ഒരു പടി മുകളിൽ നിൽക്കും, അതിൽ നിന്നും ജന്മമെടുത്ത ഈ സിനിമ.
ഒരു കൊടുംകാറ്റു കൊണ്ടുണ്ടായ സാഹചര്യത്തിൽ ടൌണിലെ സൂപ്പർ മാർക്കറ്റിലെക്ക് പോകുന്ന ഒരു അച്ഛനും (Thomas Jane), മകനും, അയൽക്കാരനും. സൂപ്പർ മാർക്കറ്റിൽ നിലക്കുമ്പോൾ പുറത്തു അതി ശക്തമായ മൂടൽ മഞ്ഞു രൂപം കൊള്ളുന്നു. മൂടൽ മഞ്ഞിനുള്ളിൽ മനുഷ്യരെ നശിപ്പിക്കുന്ന പല തരാം ഭീകര ജീവികൾ മറഞ്ഞിരിക്കുന്നു. മഞ്ഞിനുള്ളിലേക്ക് ഇറങ്ങിയാൽ അവിടെ പതിയിരിക്കുന്ന മരണം തങ്ങളെ അവസാനിപ്പിക്കുമെന്ന് എല്ലാവരും മനസ്സിലാക്കുന്നു. കഥ ഇങ്ങനെ ആ സൂപ്പർ മാർക്കറ്റിനുള്ളിൽ വികസിക്കുന്നു.
ഈ സിനിമ ചർച്ച ചെയ്യുന്നത് പക്ഷെ ആ ഭീകര ജീവികളെ പറ്റിയല്ല. ഏറിയാൽ നാലോ അഞ്ചോ സീനുകളിൽ മാത്രമാണ് ആ ജീവികൾ സിനിമയിൽ കാണുന്നത്. ഒരു crisis situation നേരിടുമ്പോൾ ഒരു സമൂഹം എങ്ങനെ അതിനെ നേരിടുന്നു എന്നതാണ് ഈ സിനിമ സംവദിക്കുന്നത്. ആ സൂപ്പർ മാർക്കറ്റിൽ എല്ലാ തരത്തിലുള്ള ആൾക്കാരുമുണ്ട് : കോളേജ് വിദ്യാഭ്യാസം നേടിയവർ മുതൽ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവർ വരെ. അവർ ഓരോരുത്തരും എങ്ങനെ ഒരു പ്രശ്നത്തെ നേരിടുന്നു, എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വളരെ വിശദമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഓരോന്നായി നമുക്കൊന്ന് നോക്കാം :
1. പ്രധാനമായും നാലു തരത്തിലുള്ള മനുഷ്യർ ആ സൂപ്പർ മാർക്കറ്റിൽ ഉണ്ട്. ഒന്ന്, Thomas Jane അവതരിപ്പിക്കുന്ന കഥാപാത്രം (David Drayton , Artist ) ചിന്തിക്കുന്ന പോലെയുള്ള മനുഷ്യർ. മഞ്ഞിനുള്ളിൽ ഭീകര സത്വങ്ങൾ ഉണ്ടെന്നറിഞ്ഞതിനു ശേഷം, അദ്ദേഹം എടുക്കുന്ന തീരുമാനം ഷോപ്പിനുള്ളിൽ തന്നെ നിൽക്കാനാണ്. Risk എടുക്കാതെ സഹായം എത്തുന്നതും കാത്തു നിൽക്കാനുള്ള തീരുമാനം. അതെ സമയം Andre Braugher അവതരിപ്പിക്കുന്ന കഥാപാത്രം (Brent Norton, Lawyer ) അതിനായി കാത്തു നിൽക്കാതെ, Risk എടുത്തുകൊണ്ട് സഹായത്തിനായി പുറത്തേക്ക് പോകുകയാണ്, കൂടെ കുറച്ചു പേരും. വേറൊരു സ്ത്രീ സർവതും ദൈവത്തിൽ അർപ്പിച്ചു, മതപ്രഭാഷണം നടത്തുന്നു. ബാക്കിയുള്ളവർ എങ്ങോട്ട് വേണേലും manipulate ചെയ്യപ്പെടാവുന്ന അവസ്ഥയിലും.
2. ഭീകരത മനസ്സിലാക്കിയ ശേഷം ഒരു സ്ത്രീ തനിക്ക് വീട്ടിൽ പോകണം, കുട്ടികൾ തനിച്ചാണ് എന്ന് പറയുന്നുണ്ട്. ആരെങ്കിലും തന്നെ വീടെത്താൻ സഹായിക്കണം എന്നും അഭ്യർത്ഥിക്കുന്നു. പക്ഷെ, കഥാനായകൻ ഉൾപ്പടെ ആരും തന്നെ ആ സ്ത്രീയ്ക്കൊപ്പം പുറത്തേക്ക് പോകാൻ തയ്യാറാകുന്നില്ല. ഇവിടെ, മനുഷ്യൻ അടിസ്ഥാനപരമായി സ്വാർഥൻ ആണെന്ന് കാണിക്കുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് നായകൻ പറയുന്ന ഡയലോഗ് : " i have my own kid to worry about" .
3. മതം. സിനിമയിൽ തന്നെ പറയുന്നുണ്ട്, ഭയത്തെ ഏറ്റവും കൂടുതൽ ഉപയോഗിച്ച് ലാഭം കൊയ്യുന്ന രണ്ടു സംഭവങ്ങളാണ് മതവും രാഷ്ട്രീയവും എന്ന്. അതിന്റെ ഏറ്റവും ഭീകരമായ രംഗങ്ങൾ സിനിമയിൽ കാണാം. മത വിഷം തുളുമ്പുന്ന വാക്കുകൾ കൊണ്ട് ആദ്യം ആൾക്കൂട്ടത്തെ വെറുപ്പിക്കുകയും , പിന്നീട് അവരുടെ ഭയം മുതലെടുത്ത് തന്റെ ആജ്ഞകൾ അനുസരിപ്പികുകയും ചെയ്യുന്ന കാഴ്ച ഇതിൽ കാണാം. മതത്തിന്റെ പേരിൽ ചോര വീഴ്ത്താൻ പോലും മടിക്കാത്ത തരത്തിൽ ഒരാളെ മാറ്റാൻ ഭയത്തിന്റെ സഹായത്തോടെ മതത്തിനു സാധിക്കും എന്നും കാണാം.
4. ശാസ്ത്രം. എന്നും ശാസ്ത്രം അതിര് കടന്നാൽ വില്ലനാണ്. ഈ സിനിമയിലും അത് തന്നെ സംഭവം. ഒരു ആർമി ഉദ്യോഗസ്ഥൻ പറയുന്നുണ്ട്, എലിയൻസുമായി communicate ചെയ്യാനുള്ള ശ്രമം പാളിയതിനാലാണ് ഈ ജീവികൾ ഇവിടെയെതിയതെന്നു. അതെത്ര മാത്രം ശരിയാണെന്നറിയില്ല. ഒരു പക്ഷെ, പരീക്ഷണങ്ങളിൽ തോത് കൂടി ജനിതക മാറ്റം സംഭവിച്ച ജീവികളുമാകാം. എന്ത് തന്നെയായാലും , പ്രകൃതിയെ മറന്നു ശാസ്ത്രം പുരോഗമിച്ചാൽ, മനുഷ്യന്റെ നാശത്തിലേക്ക് അധികം ദൂരമില്ല എന്നും സിനിമ പറയുന്നു.
5. സിനിമയുടെ അവസാനം : ഒറിജിനൽ കഥയുടെ author ആയ സ്റ്റീഫൻ കിംഗ് പറഞ്ഞത് , " സംവിധായകൻ ഈ കഥയുടെ അവസാനം മാറ്റി എഴുതിയിര്ക്കുകയാണ്. വളരെ മനോഹരമായിട്ടുണ്ട്. ആ അവസാനത്തെ പറ്റി ആരെങ്കിലും ഈ സിനിമ കാണാത്തവരോട് പറയുകയാണെങ്കിൽ അവരെ തൂക്കിക്കൊല്ലാനുള്ള നിയമം പാസ്സാക്കണം " എന്നായിരുന്നു. അത് കൊണ്ട് ഞാനതിനു മുതിരുന്നില്ല.നോവല്ലയിൽ നിന്നും വ്യത്യസ്തമായി ഒരു tragic end ആണ് സംവിധായകൻ സിനിമക്ക് നൽകിയിരിക്കുന്നത്. പല പ്രേക്ഷകർക്കും അതത്ര സ്വീകാര്യമായി തോന്നിയില്ല. പക്ഷെ, വളരെ ഷോക്കിംഗ് ആയുള്ള ഒരു climax ആണ് ഈ സിനെമയുടെത്. സിനിമ കഴിഞ്ഞു കുറച്ചു നാൾ , ആ ഒരു ഭാരം നെഞ്ചിൽ ഫീൽ ചെയ്യും.
മനുഷ്യൻ ഒരു പ്രത്യേക ജീവിയാണ്. ഒരേ സമയം പല മുഖങ്ങൾ ഉള്ള ഒരു ജീവി.The Mist എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്ന ചോദ്യം : ഭീകരത മുന്നിൽ കാണുന്ന മൂടൽ മഞ്ഞിലാണോ, അതോ നമ്മുടെയൊക്കെ ഉള്ളിൽ തന്നെയാണോ?




