Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Thursday, April 28, 2016

ലീല


പ്രതീക്ഷകൾ വാനോളം. രഞ്ജിത്ത് , ഉണ്ണി.ആർ , ബിജു മേനോൻ കൂട്ടുകെട്ട്. വായനയിലും പുനർ വായനയിലും  നിരവധി അർത്ഥതലങ്ങൾ  കണ്ടെത്താന് കഴിയുന്ന ഒരു കഥ. അങ്ങനെയൊരു കഥ സിനിമയായി വരുമ്പോൾ അതെങ്ങനെ ആകും എന്നുള്ള ആകാംക്ഷ. പക്ഷെ, പത്ത് പേജിൽ കഥാകാരൻ സൃഷ്ട്ടിച്ച മാസ്മരികത, പക്ഷെ ചെറുതായെങ്കിലും നഷ്ട്ടപ്പെടുന്നുണ്ട്, അതിന്റെ സിനിമാവിഷ്കാരത്തിൽ.

കുറെയേറെ വിചിത്രമായ കാമനകൾ വെച്ച് പുലർത്തുന്ന കുട്ടിയപ്പൻ എന്ന കേന്ദ്ര കഥാപാത്രം. അയാൾക്ക് ചുറ്റും ഉപഗ്രഹങ്ങൾ പോലെ കറങ്ങുന്ന ദാസപാപ്പിയും , പിള്ളേച്ചനും , ഏലിയാമ്മ ചേടത്തിയും മറ്റും. മാടമ്പിത്തരം  നായകനാകുന്ന സ്ഥിരം രഞ്ജിത്ത് സിനിമകളുടെ പകർപ്പല്ല 'ലീല', മറിച്ചു അവയ്ക്കിട്ടൊരു കൊട്ടാണ് ഈ സിനിമ. തന്തയുണ്ടാക്കിയ സ്വത്ത് തോന്നിയപോലെ ചിലവാക്കുന്ന ഒരു typical താന്തോന്നിയാണ് കുട്ടിയപ്പൻ എങ്കിലും, അയാളുടെ ഉള്ളിലെ നന്മകളും നമുക്ക് സിനിമയിൽ കാണാം. 'ലീല' എന്ന ചെറുകഥ പിള്ളേച്ചനിലൂടെയാണ് നീങ്ങിയതെങ്കിൽ , 'ലീല' എന്ന സിനിമ കുട്ടിയപ്പനിലൂടെയാണ് കഥ പറയുന്നത്. അങ്ങനെ വന്നത് കാരണമാകാം സിനിമയിൽ പിള്ളേച്ചന്റെ റോൾ ലേശം കുറഞ്ഞു പോയത്. അങ്ങനെ, ഭ്രാന്തമായ കാമനകളിലൂടെ സഞ്ചരിക്കുന്ന  കുട്ടിയപ്പന്റെ യാത്ര ചെന്നെത്തുന്നത്, ആ പെൺകുട്ടിയിലെക്കാണ് - കുട്ടിയപ്പൻ ലീല എന്ന്  വിളിക്കുന്ന പെൺകുട്ടിയിലെക്ക്.

'ലീല' എന്ന വാക്ക് തന്നെ പല അർത്ഥ തലങ്ങൾ ഉള്ളതാണ്. അതിൽ ലൈംഗികമായ ഒരർത്ഥം കൂടിയുണ്ട്. കുട്ടിയപ്പൻ  എല്ലാ രീതികളിൽ ഉള്ള 'ലീല'കളുടെയും ഉസ്താദാണ്. പക്ഷെ, കഥയിൽ ചിലയിടത്തും കുട്ടിയപ്പന്റെ  ലൈംഗികമായുള്ള കഴിവിനെ താഴ്ത്തിക്കാനിക്കുന്നുണ്ട്, പരോക്ഷമായെങ്കിലും. ആ കുറവിൽ നിന്നും ഒളിച്ചോടാൻ,  കാശെറിഞ്ഞു തന്റെ പുരുഷത്വം പല രീതിയിലും കാണിക്കാൻ കുട്ടിയപ്പൻ ശ്രമിക്കുന്നുണ്ട്. പക്ഷെ,  പലയിടത്തും  സ്ത്രീകളിൽ നിന്ന് തന്നെ തിരിച്ചറിവിന്റെ കയ്പ്പ് നീർ കുട്ടിയപ്പന് കുടിക്കേണ്ടി വരുന്നു  (അപ്പോഴൊക്കെ കൂളിംഗ് ഗ്ലാസ് വെച്ച്  അത് പുള്ളി മറയ്ക്കുന്നുണ്ട്).

കുട്ടിയപ്പൻ ഒരു പ്രതീകമാണ്. ഒരു പക്ഷെ, ഏതൊരു മനുഷ്യന്റെയും മനസ്സിന്റെ ഉള്ളിലെവിടെയോ കിടക്കുന്ന മോഹങ്ങളുടെയും കാമനകളുടെയും  പ്രതീകം. അതെ സമയം , പിള്ളേച്ചൻ ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാണ്. അയാൾ കുട്ടിയപ്പന്റെ ഭ്രാന്തുകളിൽ ഭാഗമാകാൻ ആഹ്രഹിക്കുന്നുണ്ടെങ്കിലും , അയാളുടെ ആശങ്കകളും, സംശയങ്ങളും എല്ലാം നില നിൽകുന്ന സമൂഹത്തിന്റെ സ്വഭാവത്തിനോട് ചേർന്ന് നിൽക്കുന്നവയാണ്.  അങ്ങനെ വരുമ്പോൾ കുട്ടിയപ്പനും, പിള്ളേച്ചനും ഒരു മനുഷ്യന്റെ മനസ്സിന്റെ രണ്ടു വശങ്ങൾ ആവുന്നു.

സിരകളിൽ ഓടുന്ന ചോരക്ക് പോലും കള്ളിന്റെയും കാശിന്റെയും കാമത്തിന്റെയും ഗന്ധം മാത്രമുള്ള , ഒരേയൊരു കണ്ണോടു കൂടി മാത്രം സ്ത്രീയെ കാണുന്ന, ഒരു പറ്റം ആണുങ്ങളുടെ  പ്രതീകമാണ് തങ്കപ്പൻ നായര്.
സ്വന്തം മകളെ ഭോഗിച്ചതിനു ശേഷവും കുറ്റബോധമോ പാപബോധാമോ അയാളുടെ പ്രവർത്തികളിൽ കാണുന്നില്ല ( ചിലപ്പോ ഒരു രംഗത്തിൽ അത് കാണാം).  എന്നാൽ, അതെ പ്രായത്തിലുള്ള ഒരു മകളുള്ള പിള്ളേച്ചനും  കുട്ടിയപ്പന്റെ ആഗ്രഹപൂർത്തീകരണത്തിന് കൂട്ടു നിൽക്കുമ്പോൾ തെളിയുന്നത്, നവകാലഘട്ട  പുരുഷന്റെ  പല മുഖങ്ങളും നയങ്ങളുമാണ്. എന്നാൽ, ലീലയോ? പ്രതികരണ ശേഷിയില്ലാത്ത സ്ത്രീയുടെ പ്രതീകമാണവൾ . ആൺ മേധാവിത്വത്തിന്റെ കാലഘട്ടത്തിൽ, വെറും ശരീരങ്ങൾ മാത്രമാകുന്ന സ്ത്രീകളുടെ പ്രതീകം.

കുട്ടിയപ്പനായി ബിജു മേനോൻ നന്നായി തന്നെ പകർന്നാടി.  പക്ഷെ,അതിൽ കുറെയേറെ ബിജു മേനോൻ മാനറിസംസ് ഉണ്ടായിരുന്നത് കൊണ്ടാകാം പ്രേക്ഷകർക്ക് കൂടുതൽ connect  ചെയ്യാൻ സാധിച്ചത്.  വിജയരാഖവനും ജഗദീഷും തകർപ്പൻ പ്രകടനമായിരുന്നു.  ഒരുപാട് നാളുകൾക്ക് ശേഷം വെറുപ്പീരില്ലാതെ ജഗദീഷിനെ സ്ക്രീനിൽ കാണാൻ സാധിച്ചു. ലീലയായി പാർവതി നമ്പ്യാരും നന്നായി.  തിരക്കഥയിൽ ചിലയിടത്തൊക്കെ ഒരു ഒഴുക്ക് ഫീൽ ചെയ്തില്ല. പക്ഷെ, വളരെ ചടുലമായി തന്നെ കഥ പറഞ്ഞു പോകുന്നുണ്ട്. ച്ഛായഗ്രഹണവും പശ്ചാത്തല സംഗീതവും നന്നായിരുന്നു.

ഉണ്ണി.ആറിന്റെയോ രണ്ജിതിന്റെയോ 'ലീല' എന്ന കഥയുടെയോ മഹത്വം വെച്ച് ഈ സിനിമക്ക് കയറരുത്. പക്ഷെ, സിനിമകളിലെ ആൺ അഹങ്കാരത്തിന് മേൽ ഒരടി എന്ന നിലയിൽ ഈ സിനിമക്ക് ഒരു ടിക്കറ്റ് അർഹിക്കുന്നു. കഥയിലെ ലീല കഥ കഴിഞ്ഞും നമ്മുടെ ഉള്ളിൽ കൊത്തി വലിഞ്ഞു, ഒരു മുറിവായി നിൽക്കും. പക്ഷെ, സിനിമയിൽ ആ മാജിക്‌ കാണാൻ സാധിച്ചില്ല.


വാൽ : ഈ നവയുഗ ലോകം ഇത്തരം കുട്ടിയപ്പന്മാർക്കും  തങ്കപ്പൻ നായർമാർക്കും  വേണ്ടിയാണ്.  അവരുടെ ഭ്രാന്തിനും 'ലീല'കൾക്കും വേണ്ടിയുള്ളത്. അങ്ങനെയുള്ള ഈ ലോകത്തിൽ പ്രതിഷേധിക്കാൻ പോലും ശേഷിയില്ലാത്ത, സാഹചര്യങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന, വിധിയെന്ന കരിയുടെ ഉപരിസുരതത്തിൽ അവസാനിക്കുന്ന ഒരുപാട് 'ലീല'മാർ ഉണ്ടാവും...ഉണ്ടായിക്കൊണ്ടെയിരിക്കും.

Friday, April 22, 2016

സ്വപ്നവും പ്രതീക്ഷയും : ഗയ് v/s റോസ്മേരി



'Rosemary's Baby' എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്നത് ഒരു ഹൊറർ സിനിമ എന്നതിലുപരി , മനുഷ്യമനസ്സുകളുടെ പല സ്വഭാവ, വികാര, വിചാര തലങ്ങളുടെ പരസ്പരമുള്ള കലഹങ്ങൾ ആണ്. ചിലരുടെ വിശ്വാസങ്ങൾ മറ്റു ചിലർക്ക് അവിശ്വാസാങ്ങളോ മണ്ടത്തരങ്ങളോ ഭ്രാന്തമായ ചിന്തകളോ ആവുന്നു. ചിലർ മറ്റുള്ളവർക്ക് വേണ്ടിയും, മറ്റുള്ളവർ അവരവർക്ക് വേണ്ടിയും ജീവിക്കുമ്പോൾ ഉണ്ടാകുന്ന relationship gap. ബന്ധങ്ങൾക്ക് മുകളിൽ പ്രശസ്തിയും പണവും ചിലർ കൽപ്പിക്കുമ്പോൾ, ചിലർക്ക് ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്നു. ഇങ്ങനെയൊക്കെയുള്ള സങ്കീർണമായ പല sociology-based elements-ലൂടെ ഈ സിനിമ കടന്നു പോവുന്നു. സംവിധായകൻ വിജയിക്കുന്നത്, ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു പോവുമ്പോഴും, അതെത്ര ലളിതമായാണ് പ്രേക്ഷകനിലേക്ക് convey ആവുന്നത് എന്നതിലാണ്.

ആദ്യം ഗയ് എന്ന റോസ്മേരിയുടെ ഭർത്താവിൻറെ മനസ്സിലേക്ക് കടക്കാം. അയാൾ ഒരു നടൻ ആണ്. എന്നാൽ, വളരെ established ആയ നടൻ അല്ല. പല രംഗങ്ങളിലും റോസ്മേരി  അയാളെ മറ്റൊരാൾക്ക് പരിചയപ്പെടുത്തുമ്പോൾ ആവർത്തിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് : "He was in Luther and Nobody Loves an Albatross and a lot of television plays and commercials." ഈ വാചകം തന്നെ സൂചിപ്പിക്കുന്നുണ്ട്, ഗയ് വളരെയധികം struggle ചെയ്യുന്ന ഒരു കലാകാരൻ ആണെന്നും,  അതിൽ റോസ്മേരി എത്രത്തോളം insecure ആണെന്നും. ഈയൊരു ego situation  ഗയ് മനസ്സിലാക്കുകയും , അതിൽ നിന്നൊരു മോചനം അയാൾ ആഗ്രഹിക്കുകയും ചെയ്യുന്നു. സിനിമയിൽ പറയുന്നത് പോലെ അയാൾ self-centered ആണ്. അയാളുടെ സ്വപ്നം വളരെ established ആയ ഒരു നടൻ ആവുക എന്നതാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ്‌ അയാളുടെ ഏറ്റവും പ്രധാന സ്വപ്നം - തന്റെ ഭാര്യയോ  അവർ 'plan' ചെയ്യുന്ന കുട്ടിയോ അല്ല.  തന്റെ സ്വപ്നസാഫല്യത്തിനു വേണ്ടി അയാൾ തന്റെ ഭാര്യയുടെ ആരോഗ്യവും, സ്വപ്നവും, ജീവിതവും വരെ നശിപ്പിക്കാൻ തയ്യാറാണ്.

പക്ഷെ, അയാളുടെ പ്രതീക്ഷ എന്നത്, തന്റെ ഭാര്യ തനിക്കൊപ്പം ഏതു അവസരത്തിലും നിൽക്കും എന്നതാണ്. തന്റെ എല്ലാ  ഇങ്ങിതങ്ങൾക്കും തന്റെ ഭാര്യ വഴങ്ങും എന്നതാണ്. ആ പ്രതീക്ഷ ചിലയിടങ്ങളിൽ break ചെയ്യപ്പെടുമ്പോൾ  ഗയ് വളരെ subtle ആയിട്ടാണ് പ്രതികരിക്കുന്നത്. അവസാന  സീൻ വരെയും അയാൾ ആ പ്രതീക്ഷയിൽ തന്നെയാണ് ( സ്വന്തം ഭാര്യ മുഖത്ത് തുപ്പിയതിനു ശേഷം പോലും! ). തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം, self -centered ആയ , egoistic ആയ അയാൾക്ക് , ഒരേ ലക്ഷ്യത്തിലേക്കാണ്.

എന്നാൽ, റോസ്മേരിയുടെ സ്വപ്നവും പ്രതീക്ഷയും തമ്മിൽ കലഹമാണ്. അത് സിനിമയിൽ പലയിടങ്ങളിലും കാണാൻ സാധിക്കും . റോസ്മേരി  ഒരു സ്വപ്നജീവിയാണ്. ഒരു സാങ്കൽപിക ideal ലൈഫ് ആണ് അവർ ആഗ്രഹിക്കുന്നത്. അവർ കാണുന്ന സ്വപ്നങ്ങളിൽ പോലും ഒരമ്മ ആവുക എന്ന ultimate ആഗ്രഹം ആണ്. അത് പോലെ സ്വപ്നങ്ങളിലെ അവരുടെ ഭർത്താവും ideal material ആണ്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായാണ്  അവർ പല രീതിയിൽ രേക്ഷപ്പെടാൻ ശ്രമിക്കുന്നത്. അതിനായി അവരെ നയിക്കുന്നത് അവരുടെ പ്രതീക്ഷയാണ്. തന്റെ ഭർത്താവ് തന്നെ ഒരിക്കലും അപകടപ്പെടുതില്ല എന്ന പ്രതീക്ഷ,  Dr.ഹിൽ  തന്നെ വിശ്വസിക്കും എന്ന പ്രതീക്ഷ,  കുഞ്ഞ് മരിച്ചു എന്ന് പറഞ്ഞിട്ടും അങ്ങനെ ഉണ്ടാവില്ല എന്നുള്ള പ്രതീക്ഷ.  അതിൽ ഒരേയൊരു പ്രതീക്ഷ മാത്രമാണ് സത്യമാവുന്നത്. പക്ഷെ, അവിടെപ്പോലും ഒരു conflict  ആണ് സംഭവിക്കുന്നത്. തന്റെ സ്വപ്നവും പ്രതീക്ഷയും രണ്ടു extreme ആയിപ്പോകുന്നു.

സ്വപ്നവും പ്രതീക്ഷയും ഗയ് എന്ന മനുഷ്യന് സ്വപ്നസാഫല്യമാണ് നൽകുന്നത്. പണവും, പ്രശസ്തിയും എല്ലാം. പക്ഷെ, റോസ്മേരിക്ക് സ്വപ്ന സാഫല്യം നടക്കുന്നത് ഒരർത്ഥത്തിൽ സ്വന്തം സ്വപ്നത്തെ കൊന്നു കൊണ്ടാണ്....ചെകുത്താന്റെ സന്തതിയെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്താം എന്ന പ്രതീക്ഷയിൽ തന്റെ സ്വപ്നം അവർ മറക്കുകയാണ്.

Thursday, April 21, 2016

The Jungle Book (2016)



കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന വികാരമാണ് നൊസ്റ്റാൽജിയ. അത് പോലെ, ഗൃഹാതുരത്വം ഉണർത്തുന്ന , നമ്മെയൊക്കെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്ന, ഹോളിവുഡ് സിനിമയാണ് 'ജംഗിൾ ബുക്ക്‌'.

'ജംഗിൾ ബുക്ക്‌' എന്താണെന്നും , കഥ എങ്ങനെയാണെന്നും, കഥയിൽ ആരോക്കെയാനെന്നും സിനിമ കാണാൻ പോകുന്നവർക്കെല്ലാം അറിയാം. മൌഗ്ലിയും , ബഗീരയും, ഭാലുവും ഒക്കെ നിറഞ്ഞു നിന്ന കുട്ടിക്കാലമാകണം ഭൂരിഭാഗം പ്രേക്ഷകർക്കും. അപ്പൊ പ്രമേയപരമായി പുതിയതൊന്നുമില്ലെങ്കിലും , അവതരണത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കാൻ സ്വാഭാവികമായിട്ടും അണിയറപ്രവർത്തകർ ശ്രമിക്കും . ആ ശ്രമത്തിൽ അവർ വിജയിച്ചു എന്ന് തന്നെ വേണം കരുതാൻ. ഒരു 'വിഷ്വൽ ട്രീറ്റ്' ആയിരുന്നു ഈ സിനിമ.

ഏതാണ്ട് നമ്മുടെ കുട്ടിക്കാലത്തിന്റെ അത്ര വലിപ്പമുള്ള കഥയെ, രണ്ടു മണിക്കൂരിനകത്തു നിൽക്കുന്ന സിനിമയാക്കുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. അതിനാൽ തന്നെ, നമ്മുടെ ഓർമയിലുള്ള പല 'elements-ഉം' ഇതിൽ  ഉണ്ടാവില്ല, പക്ഷെ അതൊന്നും തന്നെ ആസ്വാദനത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ല. കാടിന്റെ ഭംഗിയും  ഭീകരതയും, മികച്ചു നിൽക്കുന്ന ഡബ്ബിങും , മനോഹരമായ പശ്ചാത്തല സംഗീതവും എല്ലാം തന്നെ ചിത്രത്തിന്റെ മാറ്റു  കൂട്ടുന്നു.

വിപണിയിൽ വിജയിച്ച ഒരു പ്രോഡക്റ്റ് , അതിനുള്ള existing ഉപഭോക്താക്കളെ കൂടാതെ, പുതിയ ഉപഭോക്താക്കളെ സൃഷ്ട്ടിക്കുന്നിടതാണ്, അതിന്റെ വിജയം. അത് പോലെ, 'ജംഗിൾ ബുക്ക്‌' പുതിയ ആരാധകരെ സൃഷ്ട്ടിക്കും എന്നതിനുള്ള തെളിവ് തിയറ്റരുകളിൽ കാണുന്നുണ്ട് - - ഷേർ ഖാൻ മരിക്കുമ്പോൾ തിയറ്ററിലെ കൊച്ചു  ആരാധകർ 'yes!' എന്ന് ഉച്ചത്തിൽ കൂവി വിളിച്ചത് പോലെ!

മനസ്സിൽ ഇപ്പോഴും ഒരു കൊച്ചു കുട്ടി ഉണ്ടെങ്കിൽ തീർച്ചയായും ആസ്വദിക്കാനാകുന്ന സിനിമയാണിത്.
കാണുക.

വാൽ : ബംഗ്ലൂർ പ്രേക്ഷകരോട്....ഓൾഡ്‌ മദ്രാസ് റോഡിലുള്ള ഗോപാലൻ ഗ്രാൻഡ്‌ മാളിൽ പോയി ദയവായി 3ഡി  സിനിമകൾ കാണരുത്. ദയനീയമാണ്.

Wednesday, April 13, 2016

ട്രംമ്പോ (2015)



കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെയും അതിന്റെ പ്രവർത്തകരെയും മറ്റും വളരെ റാഡിക്കൽ ആയ, അപകടകാരികളായ elements ആയിട്ടാണ് പ്രധാനമായും മുതലാളിത്ത വ്യവസ്ഥിതികൾ കാണുന്നതും ചിത്രീകരിക്കുന്നതും. അമേരിക്ക പോലൊരു രാജ്യത്തിൽ , അപ്പോൾ, കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും ആ ആശയങ്ങളെ ഫോളോ ചെയ്യുന്നവരുടെയും അവസ്ഥ ഒന്നാലോചിച്ചു നോക്കു.

ശീത യുദ്ധ സമയത്ത് , അമേരിക്ക തങ്ങളുടെ രാജ്യത്തെ കമ്മ്യുണിസ്റ്റ് അനുഭാവികളെ മൊത്തമായി രാജ്യദ്രോഹ കുറ്റം ചുമത്തുകയും, അവരെ അവരുടെ ജോലികളിൽ നിന്നും പിരിച്ചു വിടുകയും, മാപ്പ് പറയാത്ത പക്ഷം ജയിലറകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എല്ലാ വിധ തൊഴിൽ മേഘലകളിലും ഈ കാടത്തം അധികാരികൾ കാട്ടിയിരുന്നു. സിനിമാ വ്യവസായവും അതിൽ നിന്നും മോചിതമായിരുന്നില്ല. ഒരു സമൂഹത്തെ കൂട്ടമായി സ്വാധീനിക്കാൻ തക്ക ശക്തിയുള്ള മാധ്യമമാണ് സിനിമയെന്ന് മനസ്സിലാക്കിയ അവർ, ആ മേഖലയിൽ , സിനിമകളിൽ കൂടി കമ്മ്യുണിസ്റ്റ് ആശയങ്ങൾ പടർത്താൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കി. അങ്ങനെ, സിനിമയിൽ പ്രവർത്തിക്കുന്ന , കമ്മ്യുണിസ്റ്റ് അനുഭാവികളായ , കലാകാരന്മാരെയും അവർ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കി, ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തു. അക്കൂട്ടത്തിൽ പ്രധാനി ആയിരുന്നു അക്കാലത്തെ genius തിരക്കധാകൃതായിരുന്ന  ഡാൾട്ടൻ ട്രംമ്പോ.

 ട്രംമ്പോയുടെയും സുഹൃത്തുക്കളുടെയും (Hollywood 10) , ഈ സിസ്റ്റതിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്‌ ഈ സിനിമ.  The house of  un-american activities Committee യുടെ മുന്നിൽ ടെസ്റ്റിഫൈ ചെയ്യാൻ വിസമ്മതിച്ചതോടെ ട്രാമ്പോയേയും സുഹൃത്തുക്കളെയും  ജയിൽ ശിക്ഷക്ക് വിധിക്കുന്നു. ജയിലിൽ നിന്നും ഇറങ്ങിയ ട്രംമ്പോക്ക് തന്റെ ഗതകാല സൌഭാഗ്യങ്ങൾ നഷ്ട്ടപ്പെടുന്നു.  പക്ഷെ,തോറ്റു കൊടുക്കാൻ മനസ്സില്ലാതെ,  കള്ള പേരുകളിൽ  തിരക്കഥകൾ എഴുതുന്നു.  അതിൽ ചിലത് ഓസ്കാർ വരെ നേടുന്നു. അങ്ങനെ, തൊഴിൽ നിഷേധിച്ച  അധികാരികളുടെ മുഖത്തേക്ക് സിമ്പോളിക്ക് ആയി ഒരു എതിർ പോരാട്ടം നടത്തുന്നു.

സിനിമയുടെ വിഷയം അതീവ ഗൗരവം ഉള്ളതാണ്. പക്ഷെ, ആ ഒരു ഗൗരവം സിനിമയിൽ പലയിടത്തും കാണാൻ സാധിക്കില്ല.  അത് പോലെ ട്രംമ്പോ തനിക്കെതിരെ വരുന്ന നിലപാടുകളെ, അല്ലെങ്കിൽ ആക്ഷൻസിനെ പലയിടത്തും (ചായ എറിയുന്ന സീൻ, ജയിലിലെ സീൻ) ഒരു വിപ്ലവകാരിയുടെ  ഉശിരോടെയല്ല പ്രതികരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ്‌ എന്നതിലുപരി ഒരു 'democratic socialist ' എന്നതായിരികും ട്രംമ്പോക്ക് ചേരുന വിശേഷണം. ഒരു mild മൂഡ്‌ ആണ് സിനിമക്ക് നൽകിയിരിക്കുന്നത്. ഒരു പക്ഷെ, അമേരിക്കൻ ആസ്വാദകർ ഏതു രീതിയിൽ സ്വീകരിക്കും എന്ന ആശങ്കയിൽ നിന്നായിരിക്കാം ആ തീരുമാനം. ട്രംമ്പോയുടെ കുടുംബ ജീവിതം,  ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അദ്ദേഹം അനുഭവിക്കുന്ന  പ്രശ്നങ്ങൾ , ഒരേ സമയം creative-ഉം radical-ഉം socialist-ഉം  ആയ ഒരാളുടെ ബൌധികമായ struggles, ഇതെല്ലാം നന്നായി തന്നെ സിനിമയിലൂടെ കാണിക്കുന്നുണ്ട്.

Austin Powers സിനിമകളുടെ സംവിധായകനും, 'Borat ', '50 First Dates' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവും ആയ  Jay Roach  ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. Austin Powers-ൽ നിന്നും ട്രംമ്പോയുടെ വിഷയത്തിന്റെ നിലവാരത്തിലേക്ക് എത്തുമ്പോ ഒരു സംവിധായകൻ എന്ന നിലയിൽ ഒരു വലിയ വീഴ്ചയൊന്നും കാണാൻ സാധിക്കുന്നില്ല. എന്നിരുന്നാലും ചില രംഗങ്ങളുടെ ലെങ്ങ്ത് , lighting issues ഒക്കെ പരിഹരിക്കാമായിരുന്നു. Bryan Cranston എന്ന നടൻ വളരെ underrated ആണെന്നാണ്‌ എന്റെ അഭിപ്രായം. അദ്ധേഹത്തിന്റെ കാലിബർ വെച്ച് നോക്കുമ്പോൾ ഈ വേഷം വെറും  cake walk ആയിരുന്നു അദ്ദേഹത്തിന്. ആ  ക്ലൈമാക്സ്‌ സീൻ ഒക്കെ അദ്ദേഹം മനോഹരമാക്കി. Academy അവാർഡ്‌ nomination അദ്ദേഹത്തിന് ഈ വേഷത്തിനു ലഭിച്ചു.

ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള വിഷയത്തെ സാമാന്യം മോശമല്ലാത്ത രീതിയിൽ കാണിക്കുന്ന ചിത്രമാണിത്. പക്ഷെ, അതിന്റെ ഒരു seriousness അല്പം ചോർന്നു പോയി എന്നാണു എന്റെ അഭിപ്രായം. ആവിഷ്കാര സ്വാതന്ത്ര്യവും  രാജ്യസ്നേഹവും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്, ലോകത്തിലെ ഏറ്റവും മികച്ച രാജ്യം  എന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയിലെ സമാനമായ ഒരു ഇരുണ്ട കാലത്തിന്റെ   ഒരു ചെറിയ ഏട് ആണീ സിനിമ. കാണേണ്ട സിനിമയാണിത്.

Monday, April 11, 2016

ജേക്കബിന്റെ സ്വർഗ്ഗരാജ്യം



ഒരു ഉൽപ്പന്നം വിറ്റു പോവുന്നതിൽ അതിന്റെ പാക്കേജിങ്ങിനും ഒരു വലിയ പങ്കുണ്ട്. ഒരു നല്ല സാധനം , വൃത്തിയില്ലാത്ത രീതിയിൽ പായ്ക്ക് ചെയ്തു കൊടുത്താൽ ആളുകൾ വാങ്ങില്ല, അത് പോലെ തന്നെ ആവറേജ് ആയ  ഒരു സാധനം വളരെ ആകർഷകമായി പൊതിഞ്ഞു കൊടുത്താൽ , ആളുകൾ അത് വാങ്ങും. അതേ തന്ത്രം തന്നെയാണ് ചില വിനീത് ശ്രീനിവാസൻ സിനിമകൾ കാണുമ്പോൾ. തട്ടത്തിൻ മറയത്ത് അത് പോലൊരു സിനിമയാണ്. കേട്ട് പരിചയിച്ച വിഷയം മനോഹരമായി അവതരിപ്പിച്ചു. അത് തന്നെയാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്ന സിനിമയും. യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത സംഭവമാണെങ്കിലും, നമ്മൾ പലയിടത്തും കേട്ട് മറന്ന വിഷയമാണീ സിനെമയുടെത്. പക്ഷെ, അതെങ്ങനെ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ കാണിക്കാം എന്ന് വിനീത് ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

'ജേക്കബിന്റെ സ്വർഗ്ഗരാജ്യം ' ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ്‌. അവരുടെ സ്വപ്നങ്ങളുടെയും അദ്ധ്വാനത്തിന്റെയും കഥയാണ്‌. ജേക്കബ് എന്ന നല്ലവനായ വ്യവസായിയുടെ സന്തുഷ്ട കുടുംബം. ഒരുപാട് സൗഹൃദങ്ങളും , അതിനൊപ്പം തന്നെ സമ്പാദ്യവും ഉള്ള ജേക്കബിനെ ഒരാൾ ചതിക്കുന്നു. അയാൾ കടുത്ത  കടക്കാരനാകുന്നു. ആ സാഹചര്യങ്ങളിൽ ജേക്കബിന്റെ ഭാര്യയും മകനും നടത്തുന്ന അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ കഥയാണ്‌ ഈ സിനിമ . ഈ അവസരത്തിൽ യഥാർത്ഥ ജേക്കബ് കുടുംബത്തിനു ഒരു സല്യുട്ട്.

കഥാപരമായി അല്പം കൂടി വലിയ ക്യാൻവാസ്സിൽ വരേണ്ട ചിത്രമാണിത്. ഒരുപാട് സംഭവങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ  ഒരു ഭാഗം മാത്രമേ കാണിക്കുന്നു എന്നുള്ളത് ശരി തന്നെ, പക്ഷെ, ചിലയിടങ്ങളിൽ തിരക്കഥയിൽ ചില മിസ്സിംഗ്‌ അനുഭവപ്പെട്ടു. പക്ഷെ, അഭിനേതാക്കളുടെ സ്ക്രീൻ പ്രെസൻസിൽ അത് മുഴച്ചു നിൽക്കുന്നില്ല. വിനീതിന്റെ സംവിധാനവും, ജോമോന്റെ ക്യാമറയും മികച്ചു നിന്നപ്പോൾ, തിരക്കഥയിൽ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. പശ്ചാത്തല സംഗീതവും അത്ര എറിച്ചില്ല.

നിവിൻ പോളി വീണ്ടും 'സേഫ്' ആയ ഒരു വേഷം തന്നെ തിരഞ്ഞെടുത്തു. അധികം അഭിനയ മുഹൂർത്തങ്ങൾ ഒന്നും തന്നെ  അദ്ദേഹത്തിന് ഈ സിനിമയിൽ ഇല്ല, പക്ഷെ, തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് തന്റെ റോൾ വെടിപ്പാക്കി. അത് പോലെ , ഒരു ബ്രോ ടൈപ്പ് കഥാപാത്രം പോലെ തോന്നിപ്പിചെങ്കിലും, ശ്രീനാഥ് ഭാസി നല്ലൊരു പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷെ, സിനിമയുടെ പ്രധാന ആകർഷണം രൺജി പണിക്കർ ആണ്. ജൂഡ് ആന്റണിക്ക് നന്ദി, ഇദ്ദേഹത്തെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നതിനു. അല്ലെങ്കിൽ ഈ റോൾ ചിലപ്പോ ലാലു അലക്സ്‌ 'പേർസണൽ ആയി' കൊളമാക്കിയേനെ. അത് പോലെ തന്നെ ശക്തയായ ഭാര്യയായി ലക്ഷ്മി രാമകൃഷ്ണനും തകർത്തു.

ഈ അവധിക്കാലത്ത്‌ കുടുംബങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു ചിത്രം തന്നെയാണിത്. ആ നിലയിൽ ഈ ചിത്രം 100% നീതി പുലർത്തുന്നുണ്ട്. സന്തോഷങ്ങളും, സങ്കടങ്ങളും, സന്ദേശങ്ങളും നിറഞ്ഞ ഒരു ക്ലീൻ ഫാമിലി മൂവി. കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പക്ഷെ, നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകനായ വിനീതിൽ നിന്നും  ഇതിലും മുകളിൽ നിൽക്കുന്ന സിനിമകൾ പ്രതീക്ഷിക്കുന്നു.

വാൽ : എല്ലാ കുടുംബങ്ങളും സ്വർഗ്ഗരാജ്യങ്ങളാണ്. അത് നരകമാക്കാൻ ഒന്നിനെയും, ഒരുത്തനെയും അനുവദിക്കരുത്.

Friday, April 1, 2016

കലി


ദേഷ്യം, കോപം, കലി , കലിപ്പ്, മൊട.........ദേഷ്യത്തിന് പര്യായങ്ങൾ ഏറെ. ദേഷ്യം കൂടിപ്പോയാൽ ചിലർ എന്തൊക്കെ ചെയ്യുമെന്നു ആർക്കും പറയാൻ പറ്റില്ല. ദേഷ്യപ്പെടുന്ന ആൾക്കുംഅഭിമുഖീകരിക്കേണ്ട ആളുകൾക്കും, അനുഭവം  ഒട്ടും  സുഖകരമല്ല. അങ്ങനെ 'ദേഷ്യം' അഥവാ 'കലി' വിഷയമാകുന്ന ഒരു സമീർ താഹിർ സിനിമയാണ് 'കലി'

ആദ്യമേ പറയാമല്ലോ, ഇതൊരു കഥാഷ്ടിത സിനിമയല്ല. ഒരു വ്യക്തമായ, structure ഉള്ള, ഒരു കഥ ഇതിനില്ല. ഒരാളുടെ സ്വഭാവം, അതിൽ നിന്നുണ്ടാകുന്ന പരിണിതഫലങ്ങൾ , സന്ദർഭങ്ങൾ , സാഹചര്യങ്ങൾ...അങ്ങനെ ഒരു സ്വാഭാവികമായ ഒഴുക്കാണ് സിനിമ. കൃത്യമായ തിരക്കഥയ്ക്ക് അനുയോജ്യമായ എഡിറ്റിംഗ് കൂടി ആയപ്പോൾ പടം ഉഷാറായി. 'കലി'മാനായ കേന്ദ്ര കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യ പകുതി. നായകന്റെയും നായികയുടെയും സ്വഭാവ സവിശേതകൾ വിവരിക്കുന്ന രംഗങ്ങൾ. അതിനു സഹായകാമാവുന്ന മറ്റു താരങ്ങൾ. രണ്ടാം പകുതിയോടു കൂടി സിനിമയുടെ താളം മുറുക്കുന്നു, ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു. പ്രതീക്ഷിതമെങ്കിലും , രസച്ചരട് പൊട്ടിക്കാതെ അവസാന രംഗത്തിലേക്ക് സിനിമ ഒഴുകി അടുക്കുന്നു.

ദുൽഖർ എന്ന നടന്, ഇതൊരു വെല്ലുവിളി നിറഞ്ഞ വേഷമൊന്നുമല്ല. Angry young man വേഷങ്ങളുടെ നിഴലാട്ടങ്ങൾ മറ്റു പല ദുൽഖർ സിനിമകളിലും കണ്ടതാണ്. എന്നിരുന്നാലും, തന്റെ വേഷം അദ്ദേഹം ഗംഭീരമാക്കി. ചാർലിയിലെ eccentric ആയ  വേഷത്തിൽ  നിന്നും സിനിമയിലെ റോളിലെക്കുള്ള transition മനോഹരമായിരുന്നുസായി പല്ലവിയും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നുള്ള പ്രകടനം ആയിരുന്നു. അവരുടെ ശബ്ദത്തെ കുറ്റം പറയുന്നവരോട്, കേരളത്തിലെ എല്ലാ നായികമാർക്കും ഭാഗ്യലെക്ഷ്മിയുടെ ശബ്ദം വേണം എന്ന് വാശിപിടിക്കരുത്. ചെമ്പൻ വിനോദും വിനായകനും തങ്ങളുടെ പ്രതി നായക വേഷങ്ങൾ ഓവർ ആക്കാതെ തന്നെ ഗംഭീരമാക്കിസൗബിൻ ഉൾപ്പടെ ഉള്ള മറ്റ് അഭിനേതാക്കളും, ചെറുതെങ്കിലും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.    സമീർ താഹിറിന്റെ മികവിനും കഥ പറചിലിനുമോപ്പം, വിവേക് ഹർഷന്റെ എഡിറ്റിങ്ങും രാജേഷ്ഗോപിനാഥിന്റെ എഴുത്തും മികച്ചു നിന്നു. രാത്രി രംഗങ്ങളിലെ ഭംഗിയും മറ്റും ക്യാമറ വിഭാഗത്തിന്റെ മികവ്  കാണിക്കുന്നു.

ചുരുക്കത്തിൽ, കണ്ടിരിക്കേണ്ട സിനിമ അല്ലെങ്കിലും, കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണ് 'കലി' . നവ യുഗ സിനിമ  എന്ന ലേബലിൽ , കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ ഇറങ്ങിയ ചവറുകൾ കണ്ടു കലി പിടിക്കുന്നതിനു പകരം, ഇത്തരം നല്ല പരീക്ഷണ സിനിമകൾക്ക് ടിക്കറ്റ് എടുക്കുന്നതാണ്.