പ്രതീക്ഷകൾ വാനോളം. രഞ്ജിത്ത് , ഉണ്ണി.ആർ , ബിജു മേനോൻ കൂട്ടുകെട്ട്. വായനയിലും പുനർ വായനയിലും നിരവധി അർത്ഥതലങ്ങൾ കണ്ടെത്താന് കഴിയുന്ന ഒരു കഥ. അങ്ങനെയൊരു കഥ സിനിമയായി വരുമ്പോൾ അതെങ്ങനെ ആകും എന്നുള്ള ആകാംക്ഷ. പക്ഷെ, പത്ത് പേജിൽ കഥാകാരൻ സൃഷ്ട്ടിച്ച മാസ്മരികത, പക്ഷെ ചെറുതായെങ്കിലും നഷ്ട്ടപ്പെടുന്നുണ്ട്, അതിന്റെ സിനിമാവിഷ്കാരത്തിൽ.
കുറെയേറെ വിചിത്രമായ കാമനകൾ വെച്ച് പുലർത്തുന്ന കുട്ടിയപ്പൻ എന്ന കേന്ദ്ര കഥാപാത്രം. അയാൾക്ക് ചുറ്റും ഉപഗ്രഹങ്ങൾ പോലെ കറങ്ങുന്ന ദാസപാപ്പിയും , പിള്ളേച്ചനും , ഏലിയാമ്മ ചേടത്തിയും മറ്റും. മാടമ്പിത്തരം നായകനാകുന്ന സ്ഥിരം രഞ്ജിത്ത് സിനിമകളുടെ പകർപ്പല്ല 'ലീല', മറിച്ചു അവയ്ക്കിട്ടൊരു കൊട്ടാണ് ഈ സിനിമ. തന്തയുണ്ടാക്കിയ സ്വത്ത് തോന്നിയപോലെ ചിലവാക്കുന്ന ഒരു typical താന്തോന്നിയാണ് കുട്ടിയപ്പൻ എങ്കിലും, അയാളുടെ ഉള്ളിലെ നന്മകളും നമുക്ക് സിനിമയിൽ കാണാം. 'ലീല' എന്ന ചെറുകഥ പിള്ളേച്ചനിലൂടെയാണ് നീങ്ങിയതെങ്കിൽ , 'ലീല' എന്ന സിനിമ കുട്ടിയപ്പനിലൂടെയാണ് കഥ പറയുന്നത്. അങ്ങനെ വന്നത് കാരണമാകാം സിനിമയിൽ പിള്ളേച്ചന്റെ റോൾ ലേശം കുറഞ്ഞു പോയത്. അങ്ങനെ, ഭ്രാന്തമായ കാമനകളിലൂടെ സഞ്ചരിക്കുന്ന കുട്ടിയപ്പന്റെ യാത്ര ചെന്നെത്തുന്നത്, ആ പെൺകുട്ടിയിലെക്കാണ് - കുട്ടിയപ്പൻ ലീല എന്ന് വിളിക്കുന്ന പെൺകുട്ടിയിലെക്ക്.
'ലീല' എന്ന വാക്ക് തന്നെ പല അർത്ഥ തലങ്ങൾ ഉള്ളതാണ്. അതിൽ ലൈംഗികമായ ഒരർത്ഥം കൂടിയുണ്ട്. കുട്ടിയപ്പൻ എല്ലാ രീതികളിൽ ഉള്ള 'ലീല'കളുടെയും ഉസ്താദാണ്. പക്ഷെ, കഥയിൽ ചിലയിടത്തും കുട്ടിയപ്പന്റെ ലൈംഗികമായുള്ള കഴിവിനെ താഴ്ത്തിക്കാനിക്കുന്നുണ്ട്, പരോക്ഷമായെങ്കിലും. ആ കുറവിൽ നിന്നും ഒളിച്ചോടാൻ, കാശെറിഞ്ഞു തന്റെ പുരുഷത്വം പല രീതിയിലും കാണിക്കാൻ കുട്ടിയപ്പൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, പലയിടത്തും സ്ത്രീകളിൽ നിന്ന് തന്നെ തിരിച്ചറിവിന്റെ കയ്പ്പ് നീർ കുട്ടിയപ്പന് കുടിക്കേണ്ടി വരുന്നു (അപ്പോഴൊക്കെ കൂളിംഗ് ഗ്ലാസ് വെച്ച് അത് പുള്ളി മറയ്ക്കുന്നുണ്ട്).
കുട്ടിയപ്പൻ ഒരു പ്രതീകമാണ്. ഒരു പക്ഷെ, ഏതൊരു മനുഷ്യന്റെയും മനസ്സിന്റെ ഉള്ളിലെവിടെയോ കിടക്കുന്ന മോഹങ്ങളുടെയും കാമനകളുടെയും പ്രതീകം. അതെ സമയം , പിള്ളേച്ചൻ ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാണ്. അയാൾ കുട്ടിയപ്പന്റെ ഭ്രാന്തുകളിൽ ഭാഗമാകാൻ ആഹ്രഹിക്കുന്നുണ്ടെങ്കിലും , അയാളുടെ ആശങ്കകളും, സംശയങ്ങളും എല്ലാം നില നിൽകുന്ന സമൂഹത്തിന്റെ സ്വഭാവത്തിനോട് ചേർന്ന് നിൽക്കുന്നവയാണ്. അങ്ങനെ വരുമ്പോൾ കുട്ടിയപ്പനും, പിള്ളേച്ചനും ഒരു മനുഷ്യന്റെ മനസ്സിന്റെ രണ്ടു വശങ്ങൾ ആവുന്നു.
സിരകളിൽ ഓടുന്ന ചോരക്ക് പോലും കള്ളിന്റെയും കാശിന്റെയും കാമത്തിന്റെയും ഗന്ധം മാത്രമുള്ള , ഒരേയൊരു കണ്ണോടു കൂടി മാത്രം സ്ത്രീയെ കാണുന്ന, ഒരു പറ്റം ആണുങ്ങളുടെ പ്രതീകമാണ് തങ്കപ്പൻ നായര്.
സ്വന്തം മകളെ ഭോഗിച്ചതിനു ശേഷവും കുറ്റബോധമോ പാപബോധാമോ അയാളുടെ പ്രവർത്തികളിൽ കാണുന്നില്ല ( ചിലപ്പോ ഒരു രംഗത്തിൽ അത് കാണാം). എന്നാൽ, അതെ പ്രായത്തിലുള്ള ഒരു മകളുള്ള പിള്ളേച്ചനും കുട്ടിയപ്പന്റെ ആഗ്രഹപൂർത്തീകരണത്തിന് കൂട്ടു നിൽക്കുമ്പോൾ തെളിയുന്നത്, നവകാലഘട്ട പുരുഷന്റെ പല മുഖങ്ങളും നയങ്ങളുമാണ്. എന്നാൽ, ലീലയോ? പ്രതികരണ ശേഷിയില്ലാത്ത സ്ത്രീയുടെ പ്രതീകമാണവൾ . ആൺ മേധാവിത്വത്തിന്റെ കാലഘട്ടത്തിൽ, വെറും ശരീരങ്ങൾ മാത്രമാകുന്ന സ്ത്രീകളുടെ പ്രതീകം.
കുട്ടിയപ്പനായി ബിജു മേനോൻ നന്നായി തന്നെ പകർന്നാടി. പക്ഷെ,അതിൽ കുറെയേറെ ബിജു മേനോൻ മാനറിസംസ് ഉണ്ടായിരുന്നത് കൊണ്ടാകാം പ്രേക്ഷകർക്ക് കൂടുതൽ connect ചെയ്യാൻ സാധിച്ചത്. വിജയരാഖവനും ജഗദീഷും തകർപ്പൻ പ്രകടനമായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം വെറുപ്പീരില്ലാതെ ജഗദീഷിനെ സ്ക്രീനിൽ കാണാൻ സാധിച്ചു. ലീലയായി പാർവതി നമ്പ്യാരും നന്നായി. തിരക്കഥയിൽ ചിലയിടത്തൊക്കെ ഒരു ഒഴുക്ക് ഫീൽ ചെയ്തില്ല. പക്ഷെ, വളരെ ചടുലമായി തന്നെ കഥ പറഞ്ഞു പോകുന്നുണ്ട്. ച്ഛായഗ്രഹണവും പശ്ചാത്തല സംഗീതവും നന്നായിരുന്നു.
ഉണ്ണി.ആറിന്റെയോ രണ്ജിതിന്റെയോ 'ലീല' എന്ന കഥയുടെയോ മഹത്വം വെച്ച് ഈ സിനിമക്ക് കയറരുത്. പക്ഷെ, സിനിമകളിലെ ആൺ അഹങ്കാരത്തിന് മേൽ ഒരടി എന്ന നിലയിൽ ഈ സിനിമക്ക് ഒരു ടിക്കറ്റ് അർഹിക്കുന്നു. കഥയിലെ ലീല കഥ കഴിഞ്ഞും നമ്മുടെ ഉള്ളിൽ കൊത്തി വലിഞ്ഞു, ഒരു മുറിവായി നിൽക്കും. പക്ഷെ, സിനിമയിൽ ആ മാജിക് കാണാൻ സാധിച്ചില്ല.
വാൽ : ഈ നവയുഗ ലോകം ഇത്തരം കുട്ടിയപ്പന്മാർക്കും തങ്കപ്പൻ നായർമാർക്കും വേണ്ടിയാണ്. അവരുടെ ഭ്രാന്തിനും 'ലീല'കൾക്കും വേണ്ടിയുള്ളത്. അങ്ങനെയുള്ള ഈ ലോകത്തിൽ പ്രതിഷേധിക്കാൻ പോലും ശേഷിയില്ലാത്ത, സാഹചര്യങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന, വിധിയെന്ന കരിയുടെ ഉപരിസുരതത്തിൽ അവസാനിക്കുന്ന ഒരുപാട് 'ലീല'മാർ ഉണ്ടാവും...ഉണ്ടായിക്കൊണ്ടെയിരിക്കും.

No comments:
Post a Comment