ഒരു ഉൽപ്പന്നം വിറ്റു പോവുന്നതിൽ അതിന്റെ പാക്കേജിങ്ങിനും ഒരു വലിയ പങ്കുണ്ട്. ഒരു നല്ല സാധനം , വൃത്തിയില്ലാത്ത രീതിയിൽ പായ്ക്ക് ചെയ്തു കൊടുത്താൽ ആളുകൾ വാങ്ങില്ല, അത് പോലെ തന്നെ ആവറേജ് ആയ ഒരു സാധനം വളരെ ആകർഷകമായി പൊതിഞ്ഞു കൊടുത്താൽ , ആളുകൾ അത് വാങ്ങും. അതേ തന്ത്രം തന്നെയാണ് ചില വിനീത് ശ്രീനിവാസൻ സിനിമകൾ കാണുമ്പോൾ. തട്ടത്തിൻ മറയത്ത് അത് പോലൊരു സിനിമയാണ്. കേട്ട് പരിചയിച്ച വിഷയം മനോഹരമായി അവതരിപ്പിച്ചു. അത് തന്നെയാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്ന സിനിമയും. യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത സംഭവമാണെങ്കിലും, നമ്മൾ പലയിടത്തും കേട്ട് മറന്ന വിഷയമാണീ സിനെമയുടെത്. പക്ഷെ, അതെങ്ങനെ പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ കാണിക്കാം എന്ന് വിനീത് ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.
'ജേക്കബിന്റെ സ്വർഗ്ഗരാജ്യം ' ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ്. അവരുടെ സ്വപ്നങ്ങളുടെയും അദ്ധ്വാനത്തിന്റെയും കഥയാണ്. ജേക്കബ് എന്ന നല്ലവനായ വ്യവസായിയുടെ സന്തുഷ്ട കുടുംബം. ഒരുപാട് സൗഹൃദങ്ങളും , അതിനൊപ്പം തന്നെ സമ്പാദ്യവും ഉള്ള ജേക്കബിനെ ഒരാൾ ചതിക്കുന്നു. അയാൾ കടുത്ത കടക്കാരനാകുന്നു. ആ സാഹചര്യങ്ങളിൽ ജേക്കബിന്റെ ഭാര്യയും മകനും നടത്തുന്ന അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ . ഈ അവസരത്തിൽ യഥാർത്ഥ ജേക്കബ് കുടുംബത്തിനു ഒരു സല്യുട്ട്.
കഥാപരമായി അല്പം കൂടി വലിയ ക്യാൻവാസ്സിൽ വരേണ്ട ചിത്രമാണിത്. ഒരുപാട് സംഭവങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ കാണിക്കുന്നു എന്നുള്ളത് ശരി തന്നെ, പക്ഷെ, ചിലയിടങ്ങളിൽ തിരക്കഥയിൽ ചില മിസ്സിംഗ് അനുഭവപ്പെട്ടു. പക്ഷെ, അഭിനേതാക്കളുടെ സ്ക്രീൻ പ്രെസൻസിൽ അത് മുഴച്ചു നിൽക്കുന്നില്ല. വിനീതിന്റെ സംവിധാനവും, ജോമോന്റെ ക്യാമറയും മികച്ചു നിന്നപ്പോൾ, തിരക്കഥയിൽ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. പശ്ചാത്തല സംഗീതവും അത്ര എറിച്ചില്ല.
നിവിൻ പോളി വീണ്ടും 'സേഫ്' ആയ ഒരു വേഷം തന്നെ തിരഞ്ഞെടുത്തു. അധികം അഭിനയ മുഹൂർത്തങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന് ഈ സിനിമയിൽ ഇല്ല, പക്ഷെ, തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് തന്റെ റോൾ വെടിപ്പാക്കി. അത് പോലെ , ഒരു ബ്രോ ടൈപ്പ് കഥാപാത്രം പോലെ തോന്നിപ്പിചെങ്കിലും, ശ്രീനാഥ് ഭാസി നല്ലൊരു പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷെ, സിനിമയുടെ പ്രധാന ആകർഷണം രൺജി പണിക്കർ ആണ്. ജൂഡ് ആന്റണിക്ക് നന്ദി, ഇദ്ദേഹത്തെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നതിനു. അല്ലെങ്കിൽ ഈ റോൾ ചിലപ്പോ ലാലു അലക്സ് 'പേർസണൽ ആയി' കൊളമാക്കിയേനെ. അത് പോലെ തന്നെ ശക്തയായ ഭാര്യയായി ലക്ഷ്മി രാമകൃഷ്ണനും തകർത്തു.
ഈ അവധിക്കാലത്ത് കുടുംബങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു ചിത്രം തന്നെയാണിത്. ആ നിലയിൽ ഈ ചിത്രം 100% നീതി പുലർത്തുന്നുണ്ട്. സന്തോഷങ്ങളും, സങ്കടങ്ങളും, സന്ദേശങ്ങളും നിറഞ്ഞ ഒരു ക്ലീൻ ഫാമിലി മൂവി. കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. പക്ഷെ, നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകനായ വിനീതിൽ നിന്നും ഇതിലും മുകളിൽ നിൽക്കുന്ന സിനിമകൾ പ്രതീക്ഷിക്കുന്നു.
വാൽ : എല്ലാ കുടുംബങ്ങളും സ്വർഗ്ഗരാജ്യങ്ങളാണ്. അത് നരകമാക്കാൻ ഒന്നിനെയും, ഒരുത്തനെയും അനുവദിക്കരുത്.

No comments:
Post a Comment