പ്രതീക്ഷകൾ ഒരു സിനിമക്ക് ഭാരമാണ്. പ്രത്യേകിച്ച് മലയാള സിനിമയിലെ ഏറ്റവും വലിയ crowd puller ആയ നടനും, ഒരു കാലഘട്ടത്തെ മുഴുവൻ ചിരിപ്പിച്ച സംവിധായകനും വീണ്ടും ഒന്നിക്കുമ്പോൾ, അതും മറ്റൊരു ട്രാക്കിൽ. അത്രയേറെ പ്രതീക്ഷകളുമായി ഒരു ലാൽ-പ്രിയൻ ത്രില്ലർ കാണാൻ ടിക്കറ്റ് എടുത്ത എനിക്ക് പക്ഷെ , 'ഒപ്പം' എന്ന സിനിമക്ക് ആ പ്രതീക്ഷകളോട് മുഴുവൻ നീതി പുലർത്താനായോ എന്ന് സംശയമുണ്ട്. ഒരു ഒറ്റയാൾ പ്രകടനം താങ്ങി നിർത്തുന്ന , ഒരു ആവറേജ് സിനിമ തന്നെയാണ് 'ഒപ്പം' (അതിപ്പോ ഫാൻസുകാർ പൊങ്കാലയിട്ടാലും പറയും )
'ഒപ്പം' ഒരു ത്രില്ലറാണ്. പക്ഷെ പ്രിയൻ തന്നെ പറഞ്ഞിരുന്നു , മലയാള സിനിമയിലേക്ക് ഒരു കംപ്ലീറ്റ് ത്രില്ലർ കൊണ്ട് വരാൻ ബുദ്ധിമുട്ടാണെന്ന്. അതിനാൽ, തന്നെ കൊമേർഷ്യൽ ചേരുവകളോട് മാത്രമേ അത്തരം ഒരു സിനിമ ചെയ്യാൻ കഴിയൂ എന്നും. അന്ധനായ ഒരാൾ ഒരു കൊലപാതകം ചെയ്തതാര് എന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ഒരു നല്ല തീം. വളരെ detailed ആയ, എന്നാൽ ലാഗ് ചെയ്യുന്ന build -up ഉള്ള ആദ്യ പകുതി. കേസ് തെളിയിക്കാൻ അന്ധനായ നായകൻ നടത്തുന്ന ശ്രമങ്ങളും, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും ചേർന്ന രണ്ടാം പകുതി.
ആദ്യമേ പറഞ്ഞത് പോലെ ഇതൊരു പെർഫോമൻസ് ബേസ്ഡ് മൂവി ആണ്. മോഹൻലാൽ എന്ന നടൻ അതിമനോഹരമായി തന്നെ അന്ധനായ നായകനെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ വഴക്കവും തഴക്കവും നഷ്ട്ടപെട്ടു എന്ന് മുറവിളി കൂട്ടിയ വിമർശകർക്ക് നല്ല കിടിലൻ മറുപടി ആണ് അദ്ദേഹം 'ഒപ്പ'ത്തിലൂടെ നൽകിയിരിക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന നായകൻ, അതിന്റെ എല്ലാ സാധാരണത്വത്തോട് കൂടിയും അദ്ദേഹം അവതരിപ്പിച്ചു (ഒരു സീനിൽ ഒഴികെ). മാമുക്കോയ പതിവ് പോലെ ചിരിപ്പിച്ചു. നല്ല രസികൻ സൗണ്ട് മിക്സിങ്ങും കിടിലൻ വിശ്വല്സും സിനിമക്ക് മുതൽക്കൂട്ടാണ്. ആകെ നിരാശപ്പെടുത്തിയത് തിരക്കഥയാണ്. ആവശ്യമില്ലാതിരുന്ന രണ്ടു പാട്ടുകൾ. പ്ലോട്ട് explain ചെയ്യാൻ വേണ്ടി ഒന്ന് രണ്ടു എക്സ്ട്രാ രംഗങ്ങൾ, ക്ലൈമാക്സിലേക്ക് ഏതാണ് വേണ്ടി വലിച്ചു നീട്ടിയ ചില രംഗങ്ങൾ ...അങ്ങനെ തിരക്കഥയിലെ ചില കല്ലുകടികൾ സിനിമയുടെ താളത്തെ ബാധിച്ചു. അത് നല്ല രീതിയിൽ തന്നെ ആസ്വാദനത്തെ ബാധിച്ചു.
മോഹൻലാൽ എന്ന നടനെ നമുക്കീ സിനിമയിൽ കാണാം. അത് പോലെ തന്നെ പ്രിയദർശൻ എന്ന നല്ല സംവിധായകനെയും. ഒരു കുടുംബ സിനിമ എന്ന നിലയിലും, ഫാൻസ് സിനിമ എന്ന നിലയിലും സിനിമ വിജയമായിരിക്കാം. പക്ഷെ, പലരും കൊട്ടിഘോഷിച്ച പോലൊരു വമ്പൻ സിനിമ ആയിട്ടല്ല 'ഒപ്പം' എനിക്ക് തോന്നിയത്. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർക്ക് 'ഒപ്പ'വും ഇഷ്ടപ്പെടും.

No comments:
Post a Comment