Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, September 25, 2016

The Wailing (2016)

സിനിമാലോകത്തു ഇഷ്ടം പോലെ കാണപ്പെടുന്ന ഒരു കഥാപാത്രമാണ് പ്രേതം. ഒരുപാട് പ്രേതങ്ങളുടെ ഒരുപാട് പേടിപ്പെടുത്തുന്ന സിനിമകൾ നാം കണ്ടിട്ടുണ്ട്. കൊറിയൻ സംവിധായകൻ Na Hong-jin സംവിധാനം ചെയ്ത ഒരു കൊറിയൻ ഹൊറർ ത്രില്ലർ ആണ് 'The Wailing'. ആദ്യമേ പറയട്ടെ, ഇതൊരു ടിപ്പിക്കൽ ഹോളിവുഡ് ഹൊറർ സിനിമയല്ല, മറിച്ചു നമ്മൾ കണ്ട മിക്ക ഹോളിവുഡ് ഹൊറർ മൂവികളും എത്ര ഭാവനാരഹിതമായിരുന്നു എന്ന് തെളിയിച്ചു തരുന്ന ഒരു സിനിമയാണിത്.

ദക്ഷിണ കൊറിയയിലെ ഒരു ഗ്രാമത്തിൽ, ഒരു പ്രത്യേക രീതിയിൽ ആളുകൾ കൊല്ലപ്പെടുന്നു. അതന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഒരംഗമാണ് ജോംഗ്-ഗൂ എന്ന പോലീസുദ്യോഗസ്ഥൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ജോംഗ്-ഗോവിന്റെ മകളും ആ പൈശാചിക പ്രതിഭാസത്തിനു ഇരയാവുന്നു. തന്റെ മകളെ രക്ഷിക്കാൻ , ആ കൊലപാതകങ്ങൾക്ക് പിന്നിലെ ശക്തി എന്തെന്നറിയാൻ അയാൾ തീരുമാനിക്കുന്നു. ഞെട്ടിക്കുന്ന പല സംഭവങ്ങളും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നു.

പ്രേതവും പ്രേതബാധയും ഒഴിപ്പിക്കലും എല്ലാം ക്ളീഷേ വിഷയങ്ങളാണ്. ഒരു തരത്തിൽ നോക്കിയാൽ  ഈ സിനിമയും പറയുന്നത് ആ തീം തന്നെയാണ്.  പക്ഷെ, അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് ഈ സിനിമയുടെ വിജയം. വളരെ പതുക്കെ നമ്മളെ ഗ്രിപ്പ് ചെയ്യുന്ന രീതിയിലാണ് തിരക്കഥ സെറ്റ് ചെയ്തിരിക്കുന്നത്. അനാവശ്യ jump scare സീനുകളോ , ശബ്ദം കൊണ്ടുള്ള ഞെട്ടിപ്പിക്കലുകളോ ഒന്നും തന്നെ ഇതിൽ ഉപയോഗിച്ചിട്ടില്ല. പക്ഷെ ഓരോ ഹൊറർ എലെമെന്റും വളരെ സ്ലോ ആയി ബിൽഡ് അപ്പ് ചെയ്തിട്ടുണ്ട്. ലേശം കൺഫ്യൂസിങ് ആയിട്ടുള്ള എൻഡിങ്, ഒരു പക്ഷെ സംവിധായകൻ ഓപ്പൺ ആയി ഇട്ടതാവാനാണ് സാധ്യത.

മറ്റൊരു പ്രധാന ആകർഷണം എന്നത് ഈ സിനിമയുടെ ഛായാഗ്രഹണമാണ്. സിനിമ തുടങ്ങുന്നത് തന്നെ കാർമേഘങ്ങൾ നിറഞ്ഞ ആകാശത്തിൽ നിന്നാണ്. മഴക്കാറുള്ള ഒരന്തരീക്ഷം. ആ ഒരു മൂടാണ് സിനിമയിൽ 90 ശതമാനത്തോളം. സിനിമ കാണുന്ന പ്രേക്ഷകരും ആ ഒരു അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേർന്നു പോകും. മലനിരകളുടെയും , വനത്തിന്റെയും ഒക്കെ വിശാല ഷോട്ടുകളാണ് ഇതിൽ കാണാൻ കഴിയുക.

കൊറിയൻ സിനിമകൾ എപ്പോഴും നല്ല അനുഭവങ്ങളാണ്. 'The Wailing' എന്ന സിനിമയും ആ രീതിയിൽ നല്ലൊരു എക്സ്പീരിയൻസ് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കാണുക.

No comments:

Post a Comment