Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, May 15, 2017

Tesis (1996)



മനുഷ്യൻ, അവൻ എത്ര മാന്യനായാലും ഒരു അപകടം നടന്നാലോ ഒരു അക്രമ സംഭാവമുണ്ടായാലോ, അവിടേക്ക് എത്തി നോക്കി ആ രംഗം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവനാകും. അപകടങ്ങളിൽ പെട്ട് ചോര വാർന്നു കിടക്കുമ്പോഴും , അവരെ രക്ഷിക്കാതെ, ആ ദൃശ്യങ്ങൾ  ക്യാമറകളിൽ ഒപ്പിയെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ ഒരു വിഷയത്തെ , അതായത് വയലൻസിനോടുള്ള മനുഷ്യന്റെ പ്രതികരണത്തെ , പറ്റിയുള്ള ഒരു പ്രബന്ധം തയ്യാറാക്കുന്ന ഒരു സിനിമാ വിദ്യാർത്ഥിനിയുടെയും , അവർ കടന്നു പോകുന്ന ഞെട്ടിക്കുന്ന സന്ദർഭങ്ങളുടെയും കഥയാണ് ഈ സിനിമ.

സിനിമകളിലെ വയലൻസിന്റെ അതിപ്രസരവും അത് കുടുംബങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നുള്ള വിഷയത്തിൽ പ്രബന്ധം തയ്യാറാക്കുന്ന ആൻജെല എന്ന പെൺകുട്ടി.  തീസിസിനു വേണ്ടി, തന്റെ അധ്യാപകനോട് , പുറം ലോകം കാണാത്ത , വയലൻസ് അധികമുള്ള ടേപ്പുകൾ ലഭ്യമാണോ എന്നാരായുന്നു. യൂണിവേഴ്സിറ്റിയുടെ വീഡിയോ ലൈബ്രറിയിൽ ആരും കാണാത്ത ഒരു മുറിയിൽ നിന്നും ഒരു ടേപ്പ് ആ മുതിർന്ന അദ്ധ്യാപകൻ കണ്ടെടുക്കുന്നു. അടുത്ത ദിവസം, സ്ക്രീനിംഗ് റൂമിൽ മരിച്ച നിലയിൽ അദ്ദേഹത്തെ ആഞ്ചേല കാണുന്നു. പക്ഷെ, ആരെയും അറിയിക്കാതെ അദ്ദേഹം കണ്ടു കൊണ്ടിരുന്ന ടേപ്പ് മോഷ്ടിച്ച് കൊണ്ട് ആൻജെല പുറത്തു കടക്കുന്നു. എന്തായിരിക്കും ആ ടേപ്പിനുള്ളിൽ? ആരായിരിക്കും ആ അധ്യാപകന്റെ കൊലയാളി? ആ ടേപ്പിനു വേണ്ടി ആരെങ്കിലും ആഞ്ജലയെ പിന്തുടരുന്നുണ്ടോ? ഇങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഉദ്വേഗജനകമായ രീതിയിൽ സിനിമയിൽ പറയുന്നത്.

സിനിമയുടെ ആകെമൊത്തമുള്ള മൂഡ് തന്നെയാണ് സിനിമയുടെ ഒരു രംഗങ്ങളും കാണിക്കുന്നത്. ഓരോ സീനിന്റെയും ലൈറ്റിംഗ്, കളർ ടോൺ, രംഗപരിസരങ്ങൾ ....അങ്ങനെ എല്ലാം ഒരു ത്രില്ലർ മൂഡ് തരുന്നുണ്ട്. പിന്നെ കിടിലൻ പശ്ചാത്തല സംഗീതവും. അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവുറ്റതാണ്. ഭയവും , പ്രതികാരവും, പ്രണയവും, എല്ലാം കൃത്യമായി മുഴച്ചു നിൽക്കാത്ത രീതിയിൽ കാണിച്ചിട്ടുണ്ട്. സിനിമ നിർമിച്ച കാലഘട്ടത്തിൽ സ്പെയിനിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വമ്പിച്ച ജനരോഷത്തിനിടയാക്കിയിരുന്നു. സ്ത്രീ തന്നെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രവും. അന്ന് മാത്രമല്ല, ഇന്നും പ്രസക്തിയുള്ള ഒരു ശക്തമായ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

സംവിധായകനായ  Alejandro Amenábar ('The Others' സംവിധാനം ചെയ്ത അതേ ആൾ) മാഡ്രിഡിൽ പഠിച്ചു കൊണ്ടിരിക്കെ ചെയ്ത ആ സിനിമ ആറോളം സ്പാനിഷ് ദേശിയ പുരസ്കാരങ്ങൾ നേടി. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ഉറപ്പായും കാണാവുന്ന സിനിമ!

Saturday, May 13, 2017

Le Samouraï (1967)



പാരിസ് നഗരത്തിലെ ഒരു നിശാ ക്ലബ്. ആ ക്ലബ്ബിലേക്ക് ഒരു കറുത്ത ഫെഡോറയും, ഗ്രേ റയിൻകോട്ടും ധരിച്ച, ഉയരമുള്ള ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. തന്ത്രപരമായി ആരുടേയും കണ്ണിൽ പെടാതെ ആ ക്ലബ്ബിന്റെ മറ്റൊരു വശത്തുള്ള, ഒരു ഇടനാഴിയിലേക്ക് അയാൾ കടക്കുന്നു. അവിടെയുള്ള ഒരു മുറിയിലേക്ക് തള്ളിക്കയറുന്നു. അവിടെ ഒരു മേശക്കപ്പുറം ഇരിക്കുന്ന മധ്യവയസ്ക്കൻ ഞെട്ടിക്കൊണ്ട് ചോദിക്കുന്നു,' നീ ആരാണ്? നിനക്കെന്തു വേണം?". തണുത്ത കണ്ണുകൾ ഉള്ള ആ ചെറുപ്പക്കാരൻ നിസ്സാരമായി പറയുന്നു,' I came to kill  you ". വെടിയൊച്ചകൾക്കവസാനം ആ ചെറുപ്പക്കാരൻ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നു. ക്ലബ്ബിൽ പിയാനോ വായിച്ചു കൊണ്ടിരുന്ന യുവതി യാദൃശ്ചികമായി കൊലയാളിയെ കാണുന്നു. തരിമ്പും ഞെട്ടലില്ലാതെ പുറത്തേക്ക് പോകുന്ന കൊലയാളിയെ പലരും ഒരു പുകമറ പോലെ കാണുന്നു.

സിനിമയുടെ ആദ്യ 30 മിനിറ്റ് ആണിത്. ആ മുപ്പത് മിനുട്ടിൽ ആകെയുള്ളത് മുകളിൽ പറഞ്ഞ രണ്ടേ രണ്ടു സംഭാഷണങ്ങൾ മാത്രം. പക്ഷെ ആ രണ്ടു സംഭാഷണങ്ങളിലേക്കുള്ള ബിൽഡ് അപ്പ് ഗംഭീരമായിരുന്നു. കൊലയാളിയെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദൃക്‌സാക്ഷികൾ, അതിൽ മനപ്പൂർവം 'മനസിലാക്കാത്ത' പിയാനിസ്റ്. കൊലയ്ക്ക് മുൻപേ കൊലയാളി create  ചെയ്യുന്ന ശക്തമായ double alibi, ആരാണ് തന്നെ ഈ  കൊലപാതകത്തിന് കൂലി കൊടുത്തിരിക്കുന്നത്....അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് സിനിമ പുരോഗമിക്കുന്നത്.

ജെഫ് കോസ്റ്റല്ലോ എന്ന ഒരു വാടക കൊലയാളിയാണ് നമ്മുടെ കഥാനായകൻ . തികച്ചും ഏകാന്തജീവിതം നയിക്കുന്ന, തണുത്ത കണ്ണുകളുള്ള , സുന്ദരനായ ഒരു കൊലയാളി. അയാൾ എവിടുന്നു വന്നു, അയാളുടെ ബാക്ക്ഗ്രൗണ്ട് എന്ത് , അയാൾ എങ്ങനെയുള്ള ആളാണ് തുടങ്ങിയ സംഭവങ്ങൾ ഒന്നും കാണിക്കുന്നില്ല. ആ നഗരത്തിലെ ഒരു ചെറിയ ഒരു മുറി വാടകവീട്ടിൽ കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയും അയാളും മാത്രം. ജെഫ് എന്ന കഥാപാത്രത്തിന്റെ detailing  ഗംഭീരമാണ്. ഒരു സമുറായിയുടെ ഏകാന്തതയ്ക്ക് അപ്പുറം ഒന്നുമില്ല എന്ന വാക്യത്തിന്  തുല്യം നിൽക്കുന്ന കഥാപാത്ര സൃഷ്ടി. വാക്കിലും, നോക്കിലും എല്ലാം ഒരു അചഞ്ചലത, പക്ഷെ തികഞ്ഞ  ശൂന്യതയുള്ള നോട്ടങ്ങൾ. ജെഫിന്റെ ഈ സവിഷേതകൾ വിളിച്ചോതുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. അത് പോലെ തന്നെ, ജെഫിന്റെ മുറിയിലെ കൂട്ടിൽ അടച്ച കിളിയും. ഒരു കൊലയാളിയുടെ മാനുഷിക വശം കാണിക്കാനുകുമോ അത്?  ക്ലൈമാക്സും അങ്ങനെയൊരു ചിന്ത മുന്നോട്ടു വെക്കുന്നു.

അലൈൻ ഡെലോൺ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ കാണാൻ കഴിയുക. പിന്നെ, Jean-Pierre Melville എന്ന അതുല്യ ഫ്രഞ്ച് സംവിധായകന്റെ കയ്യൊപ്പും (ആ ഓപ്പണിങ് ഷോട്ട് തന്നെ മാരകമാണ്‌! കട്ട detailing ). ക്ലാസിക്ക് നോയർ ക്രൈം ഡ്രാമകൾ കാണാൻ താൽപ്പര്യമുള്ളവർ  കാണേണ്ട സിനിമ.

Saturday, May 6, 2017

Consussion (2015)

'ദൈവം മനുഷ്യന് ഫുട്ബോൾ കളിക്കാനുള്ള ശരീരം കൊടുത്തിട്ടില്ല'. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഒമാലു പറയുന്നതാണിത്. അമേരിക്കൻ ഫുട്ബാളിനെ പറ്റിയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റിയും , ആ അപകടങ്ങളെ പറ്റി കളിക്കാരെ ബോധവാന്മാരാക്കാൻ ഡോ. ഒമാലു നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ സിനിമ.

ഫുട്ബാൾ (അതിപ്പോ അമേരിക്കൻ ആയാലും, സോക്കർ ആയാലും) ഒരു contact sport ആണ്. എന്ന് വെച്ചാൽ കളിക്കുമ്പോൾ കളിക്കാരുടെ ശരീരങ്ങൾ തമ്മിൽ ഇടിയും തൊഴിയും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവുമെന്ന് ലളിതമായി പറയാം. അങ്ങനെ വരുമ്പോ ശാരീരികമായ പരിക്കുകൾ ധാരാളമായി ഉണ്ടാവും. എന്നാൽ, ഈ പരിക്കുകൾ വിരമിച്ചു കഴിഞ്ഞു മരണകാരണമായാൽ? ആ കാരണം ഒരു സാധാരണ സ്കാനിങ്ങിൽ കാണാൻ കഴിയാതെ പോയാൽ? ആ പരിക്കുകളുടെ അനന്തരഫലങ്ങളെ പറ്റി കളിക്കാർ ബോധവാന്മാരല്ലെങ്കിൽ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചർച്ച ചെയ്താണ് സിനിമ വികസിക്കുന്നത്.

Will Smith ഡോ. ഒമാലുവായി 'ജീവിച്ച' സിനിമയാണിത്. തകർപ്പൻ പ്രകടനം. ശരിക്കും പുള്ളിയുടെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമ മുഴുവനും. NFL എന്ന വൻ ഫുട്ബാൾ അസ്സോസിയേഷനുമായി നടത്തുന്ന ഈ പോരാട്ടത്തിനിടയിൽ  തന്റെ ഔദ്യോഗിക-വ്യക്തി ജീവിതങ്ങളിൽ സംഭവിക്കുന്ന സംഘര്ഷങ്ങള് ഒക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഇതൊരു റിയൽ ലൈഫ് ഡ്രാമ ആണ്. കണ്ടിരിക്കേണ്ട കാഴ്ചയാണ്.