Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, November 12, 2014

ഇയ്യോബിന്റെ പുസ്തകം

ഇയ്യോബിന്റെ പുസ്തകം :
കുറച്ചു നാളുകളുടെ ഇടവേളക്കു ശേഷമാണ് "ഇയ്യോബിന്റെ പുസ്തകം" കാണാൻ പോയത്. സംസ്ഥാന അവാർഡ്‌ ജേതാവായ ലാൽ, യുവ നടന പ്രതിഭ ഫഹദ്, വ്യത്യസ്ത വേഷങ്ങളുടെ തോഴൻ ജയസൂര്യ, അതി ഗംഭീര ക്യാമറമാൻ അമൽ നീരദ്, പിന്നെ കുറെ ഓണ്‍ലൈൻ പോസിറ്റീവ് നിരൂപണങ്ങളും. എന്നാ പിന്നെ ഈ പടം കണ്ടേക്കാമെന്നു വെച്ചു. നല്ല പ്രതീക്ഷകളോട് കൂടിയാണ് ടിക്കറ്റ്‌ എടുത്തത്‌. ഒള്ളത് പറയാമല്ലോ, ഒട്ടും നിരാശപ്പെടുത്തിയില്ല. നിസ്സംശയം, അമൽ നീരദിന്റെ ഇത് വരെയുള്ള സിനിമകളിൽ ഏറ്റവും മികച്ചത്.

ഒരു ചരിത്ര കാലഘട്ടത്തിന്റെ കഥ അൽപം ഭാവനയും ഫാന്റസിയും ചേരേണ്ട അളവിൽ ചേർത്ത് നല്ലൊരു സിനിമാക്കൂട്ട് തന്നെ നിർമ്മിക്കാൻ അമൽ നീരദിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഉടയോൻ-അടിയാൻ സംഘർഷങ്ങളും  , അധികാര ലഹരിയും, ജാതി വ്യവസ്ഥയും, കാമവും, സ്നേഹവും എല്ലാം ഈ സിനിമയിൽ , ഒരു പക്ഷെ, വളരെ ബോൾഡ് ആയി തന്നെ വരച്ചു കാട്ടിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ പല സംഭവങ്ങളും നേതാക്കളും സാമൂഹ്യ പ്രശ്നങ്ങളും മറ്റും , കഥയുടെ ഇടയിലെ ഏച്ചുകെട്ടൽ ആകാതെ, കഥയുടെ കൂടെ തന്നെ ഇഴചേർന്നു നിൽക്കുകയാണ്.സംവിധായകനും എഴുത്തുകാരനും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണിത്. "മൂന്നാറിലെ പുൽനാമ്പുകൾക്ക് വരെ അരിവാളിന്റെ മൂർച്ചയായിരുന്നു അന്ന്" എന്ന ഡയലോഗൊക്കെ കോരിത്തരിപ്പിച്ചു !

ലാൽ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എവിടെയോ വായിച്ചു കേട്ടു, ഇയ്യോബിന്റെ റോൾ മോഹൻലാൽ ചെയ്തിരുന്നേൽ ഇതിലും നന്നായേനെ എന്ന്. എനിക്കങ്ങനെ തോന്നുന്നില്ല, മോഹൻലാൽ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ കഥാപാത്രത്തിന്റെ സ്വത്വം തന്നെ മാറിയേനെ, മാത്രമല്ല, പ്രേക്ഷകർക്ക്‌ ദഹിക്കത്തുമില്ല. അത് കൊണ്ട് ഈ റോളിൽ ആ ലാലേട്ടനെക്കാൾ നല്ലത് ഈ ലാലേട്ടനാണ്. ഫഹദ് 'ഹെവി' റോൾ തനിക്കു പറ്റുന്നത് പോലെ ഭംഗിയാക്കി. ശാരീരികമായും ശബ്ദം കൊണ്ടും ഉള്ള പരിമിതികൾ , തന്റെ അഭിനയപാടവം കൊണ്ടും സ്ക്രീൻ പ്രെസൻസും കൊണ്ടും അദ്ദേഹം മാറി കടന്നു. ജയസുര്യ തന്റെ വില്ലൻ വേഷം ഗംഭീരമാക്കി. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഇതിലെ എല്ലാ നടീ-നടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി എന്നതാണ്.

അമൽ നീരദിന്റെ ക്യാമറ വർക്ക്‌ നമ്മളെ എന്നും അത്ഭുതപ്പെടുത്തിയിട്ടെ ഉള്ളു. എന്നാൽ ഈ സിനിമയിൽ അദ്ദേഹം തന്റെ ഏറ്റവും മികച്ച വർക്ക്‌ ആണ് പുറത്തെടുതിരിക്കുന്നത്‌. അത്രയ്ക്ക് മനോഹരം, നിങ്ങൾ അത് കണ്ടറിയണം ! തിരക്കഥയും നന്നായിരുന്നു, ചിലയിടങ്ങളിലെ ഇഴച്ചിൽ ഒഴിച്ച് നിർത്തിയാൽ. പാട്ടുകളും പശ്ചാത്തല സംഗീതവും നന്നായി. ചുരുക്കത്തിൽ കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് 'ഇയ്യോബ്'.

എഴുതാൻ ഒരുപാടുണ്ട്. പക്ഷെ, ബോറടിപ്പിക്കുന്നില്ല. കാണുക, ഈ ദ്രിശ്യ വിരുന്നു.

വാൽ: നല്ല മധുരമുള്ള അലുവയിൽ വളിച്ച മത്തിച്ചാറു ഒഴിച്ചത് പോലെയായി അമലാ പോളിന്റെ 'ഐറ്റം' ഡാൻസ്. ഒരു ആവശ്യവുമില്ലാരുന്നു!

No comments:

Post a Comment