Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, November 25, 2014

ഇന്റർസ്റ്റെല്ലാർ

ഇന്റർസ്റ്റെല്ലാർ:
ഓണ്‍ലൈൻ നിരൂപണങ്ങളിൽ ഒരുപാടു കീറി മുറിക്കപ്പെട്ട സിനിമയാണ് നോളന്റെ "ഇന്റർസ്റ്റെല്ലാർ". അതിനാൽ തന്നെ സിനിമയുടെ സങ്കീർണമായ ശാസ്ത്ര വശങ്ങളിലേക്ക് ഞാൻ അധികം കടക്കുന്നില്ല. ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ വിലയിരുത്താൻ ഒരു ശ്രമം.

ക്രിസ്റ്റഫർ നോളൻ എന്ന സംവിധായകൻ ലോക സിനിമാപ്രേമികളെ തന്റെ ഭാവനാപരമായ ഉൾക്കാഴ്ചകൾ കൊണ്ട് അത്ഭുദപ്പെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. അദ്ദേഹം ഒരു 'ജീനിയസ്' ആണെന്നതിൽ തർക്കമേതുമില്ല. ഈ സിനിമയും നമ്മെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വിസ്മയസൃഷ്ടിയാണ്. ലോകത്തെ രക്ഷിക്കുന്നത് എപ്പോഴും അമേരിക്കക്കാരാണ്---അങ്ങനെയാണ് അമേരിക്കൻ സിനിമകൾ നമ്മെ കാണിക്കുന്നത്. ആ ഒരു 'ക്ലിഷെ' ഇതിലും ആവർത്തിക്കുന്നുണ്ട്. പക്ഷെ, അങ്ങനെയൊരു ക്ലീഷെയിലും മനോഹരമായ വ്യത്യസ്ഥത കൊണ്ട് വരാൻ നോളനു കഴിഞ്ഞിട്ടുണ്ട്.

ബഹിരാകാശ യാത്രയുടെ കാണാപ്പുറങ്ങളും, ശാസ്ത്രത്തിനു ഇത് വരെ ഉത്തരം പറയാനാകാത്ത ചില ബഹിരാകാശ രഹസ്യങ്ങളും കൊണ്ട് സമൃദ്ധം ആണ് "ഇന്റർസ്റ്റെല്ലാർ". ബ്ലാക്ക്‌ ഹോളുകളും, വോം ഹോളുകളും, റെസ്സെരാക്ടുകളും , ഭൂഗുരുത്വാകർഷണവും അങ്ങനെ അങ്ങനെ പല ശാസ്ത്ര പ്രതിഭാസങ്ങളെ തന്റേതായ വീക്ഷണകോണിൽ കൂടി നോക്കി കാണുകയാണ് നോളൻ. എന്ന് കരുതി ഒരു അടിസ്ഥാനവുമില്ലാത്ത ഒരു "ശാസ്ത്ര ബ്ലണ്ടർ" അല്ല ഈ സിനിമ. പല പാളിച്ചകൾ ഉണ്ടെങ്കിൽ തന്നെയും ഇതിലെ എല്ലാ സംഭവങ്ങളും ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. "ഗ്രാവിറ്റി" എന്ന സിനിമയുടെ അത്രയും ശാസ്ത്രപരമായി ക്ലിനിക്കൽ അല്ലെങ്കിൽ കൂടിയും "ഇന്റർസ്റ്റെല്ലാർ" സാങ്കേതികപരമായും കഥാപരമായും ഒരു ദ്രിശ്യവിസ്മയം തന്നെയാണ്. തന്റെ മറ്റു പല സിനിമകളിൽ എന്ന പോലെ, ഈ സിനിമയിലും മനുഷ്യസഹജമായ വികാരങ്ങളും, ശാസ്ത്ര തത്വങ്ങളും മറ്റും മനോഹരമായി തന്നെ സമന്വയിപ്പിചിരിക്കുന്നു. മനുഷ്യ രാശിയെ രക്ഷിക്കുന്ന ഒരു മഹാ ദൗത്യത്തിന് യാത്രയാകുന്ന ബഹിരാകാശ യാത്രികന്റെ അതിശയിപ്പിക്കുന്ന കഴിവുകൾക്കപ്പുറം, ഒരു അച്ഛന്റെയും മകളുടെയും സ്നേഹ ബന്ധത്തിന്റെ കഥയും മനോഹരമായി തന്നെ തുന്നി ചേർത്തിരിക്കുന്നു.

അമ്പരിപ്പിക്കുന്ന വിഷ്വൽസ്, ഹാൻസ് സിമ്മരിന്റെ കിടിലൻ പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനം....അങ്ങനെ നല്ല ഒരുപാട് വശങ്ങൾ ഉള്ള മറ്റൊരു 'നോളൻ വിസ്മയം' ആണ് "ഇന്റർസ്റ്റെല്ലാർ".
കണ്ടിട്ടില്ലാത്തവർ കാണണം! ഇല്ലെങ്കിൽ, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് മറ്റൊരു ദ്രിശ്യവിരുന്നാണ്.

വാൽ: നോളൻ അണ്ണാ...നമിച്ചു! ഇതൊക്കെ എങ്ങനെ ആലോചിച്ചു കൂട്ടുന്നു ? ഇനി ഏതെങ്കിലും 'ഫ്യുച്ചർ ഹുമൻസ്' ഇങ്ങേരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതാണോ? എന്തായാലും, താങ്കളുടെ ഓരോ സിനിമ കഴിയുമ്പോഴും, ഒന്ന് രണ്ടു ദിവസം അതും ആലോചിച്ചു ഇരിക്കേണ്ടി വരും. അതിനു ശേഷം, അടുത്തതിനായുള്ള അടങ്ങാത്ത കാത്തിരിപ്പും!

No comments:

Post a Comment