Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, November 24, 2014

തല കുനിക്കുന്ന യുവത

തല കുനിക്കുന്ന യുവത:

ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

വൃദ്ധയായ സ്ത്രീ റോഡ്‌ മുറിച്ചു കടക്കാൻ സഹായമില്ലാതെ വിഷമിക്കുന്നു...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

ഒരു നേരത്തെ ഭക്ഷണത്തിനു വകയുണ്ടാക്കാൻ കൈ നീട്ടുന്ന കൊച്ചു പെണ്‍കുട്ടി...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

മുന്നിൽ നിവർന്നു കിടക്കുന്ന പത്രത്താളുകളിലെ വാർത്തകൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല...
കാരണം, ഞങ്ങൾ കാണുന്നില്ല.  ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

സ്വന്തം പങ്കാളിയുടെ തമാശകൾ കേൾക്കാനോ, കണ്ണുകളിലെ പ്രണയം കാണാനോ കഴിയുന്നില്ല...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

അമ്മ സ്നേഹത്തോടെ വിളമ്പിയ ചോറിൽ ഈച്ച സദ്യ ഉണ്ണുന്നു...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

ആകാശത്ത് നീലയുടെ മുകളിൽ ഏഴു വർണങ്ങളിൽ മഴവില്ല്...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

വാഹനം ഓടിക്കുമ്പോൾ എതിരെ ഒരു വലിയ ലോറി വരുന്നു...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

ഞങ്ങൾ ചുറ്റുപാടുകൾ കാണുന്നില്ല. പ്രകൃതിയെ കാണുന്നില്ല. സഹജീവികളെ കാണുന്നില്ല. സമൂഹത്തെ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ  കുനിഞ്ഞിരിക്കുകയാണ്‌.

അതെ, ഞങ്ങളുടെ തലകൾ കയ്യിലുള്ള മൊബൈൽ ഫോണുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്‌. വാട്സാപ്പിലൂടെയും ഫേസ്ബൂക്കിലൂടെയും സ്നേഹം പങ്കു വെയ്ക്കുകയാണ്....സാമൂഹ്യസേവനം നടത്തുകയാണ്...വിപ്ലവം നടത്തുകയാണ്! ഒരു പെണ്‍ ജീവിതം തകർന്നാലും, ഗാസയിൽ ബോംബിട്ടാലും, ആയിരം വിശക്കുന്ന വയറുണ്ടായാലും , ഞങ്ങൾ ഫേസ്ബുക്കിൽ 'ഷെയർ' ചെയ്തു അതെല്ലാം പരിഹരിച്ചു നിർവൃതി അടയും!

കാലമേ, ക്ഷമിക്കുക.  വിരൽത്തുമ്പിലെ വിപ്ലവമെന്നാൽ മനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന അവസ്ഥാവിശേഷമാണെന്നു നീ അറിഞ്ഞു കാണില്ല. എല്ലാ നഗരങ്ങളിലും, എന്തിനു, ഗ്രാമങ്ങളിൽ വരെ, കുനിഞ്ഞ കുറെ തലകൾ മാത്രം. മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക് 'വളരുന്ന' യുവതയ്ക്ക് സമർപ്പിക്കുന്നു.

(ആ യുവതയുടെ ഒരു ചെറിയ ഭാഗമാണ് ഞാനും എന്ന് അൽപം ജാള്യതയോട് കൂടി ഞാനും മനസ്സിലാക്കുന്നു!)

No comments:

Post a Comment