Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, February 27, 2015

കാൽപന്തു കളിയുടെ സൗന്ദര്യം, അതേതു രാജ്യം കളിക്കുന്നു എന്നതിലല്ല. അതെങ്ങനെ കളിക്കുന്നു എന്നതിലാണ്. ഞാനിതിവിടെ പറയാൻ കാരണം എന്റെയൊരു സുഹൃത്തിന്റെ പരിഹാസമാണ് : ' ഇന്ത്യാക്കാരനായ നീ എന്തിനാടാ ഇംഗ്ലണ്ട് ക്ലബ്ബുകളെയും സ്പാനിഷ് ക്ലബ്ബുകളെയും ബ്രസീലിനെയും ഒക്കെ ഫോളോ ചെയ്യുന്നത്? നമുക്കുമില്ലെ ക്ലബ്ബുകൾ? നല്ല രാജ്യസ്നേഹം തന്നെ!'. ഈ പരിഹാസത്തിന്റെ അടിസ്ഥാനപരമായ കാരണം വിവരമില്ലായ്മ ആണെങ്കിലും, ഇതിനു ഒരു മറുപടി അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു.

അതെ, ഞാൻ ഒരു മാഞ്ചസ്റ്റർ യുണൈട്ടഡ് ഫാൻ ആണ്. അതിലുപരി, ഫുട്ബോൾ എന്ന കളിയെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയും കൂടിയാണ്. ഫുട്ബോൾ ഒരുപാട് കളിച്ചിട്ടുമുണ്ട്, ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ കളിക്കാറുമുണ്ട്. ഫുട്ബോൾ എന്നല്ല, ഏതൊരു കളിക്കും രാജ്യങ്ങളുടെ അതിർവരമ്പുകൾ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് പോലെ, ഹോക്കിയെ സ്നേഹിച്ചാൽ രാജ്യസ്നേഹം കൂടുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.ഞാൻ ഫുട്ബോൾ കാണുന്നതും കളിക്കുന്നതും എന്റെ സന്തോഷത്തിനാണ്, എന്നെ പോലെ ലക്ഷക്കണക്കിന്‌ ആൾക്കാർക്കും ഇതേ അഭിപ്രായമായിരിക്കും.

പിന്നെ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്നില്ല എന്ന ചോദ്യം. ഇവിടെ ഐ.എസ്.എൽ വരുന്നതിനു മുൻപ് ഏതെങ്കിലും ഒരു ഫുട്ബോൾ ടൂർണമെന്റ് വമ്പിച്ച ജനപങ്കാളിതതോട് നടത്തിയ ചരിത്രമുണ്ടോ? ദശാബ്ദങ്ങൾ പഴയ ക്ലബ്ബുകൾ ആണെങ്കിലും ഇത്രയും വർഷങ്ങൾ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ കയ്യിലെടുക്കാൻ ഇവർക്കാർക്കെങ്കിലും സാധിച്ചിട്ടുണ്ടോ? അഴിമതിയും കുതികാൽവെട്ടും ഈഗോയും (സീക്കോ പറഞ്ഞത് പോലെ) അരങ്ങു വാഴുന്ന ചരിത്രമാണ് ഇന്ത്യൻ ഫുട്ബോളിന്‌ ഉള്ളത്( ദേശിയ കായിക ഇനമായ ഹോക്കിയുടെ അവസ്ഥ എന്താണ്?). എന്നാൽ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ലീഗ് നടക്കുന്നത് എത്ര ആവേശകരമായാണെന്ന് കണ്ടു തന്നെ അറിയണം. ബിസിനസ് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ തന്നെയും ആ ലീഗുകളുടെ നടത്തിപ്പും ജനപങ്കാളിത്തവും വളരെ മികച്ചതാണ്. പിന്നെ, ഓരോ ക്ലബ്ബുകൾക്കും നൂറോ അതിൽ മുകളിലോ പഴക്കമുള്ള ചരിത്രമുണ്ട്. മാത്രമല്ല, ഫുട്ബോൾ ആ ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്.

നമ്മുടെ നാട്ടില നടന്ന ഐ.എസ്.എൽ  വളരെ നല്ലൊരു തുടക്കമായിരുന്നു. മറ്റൊരിക്കലും കാണാത്ത വിധം ഫുട്ബോൾ പ്രേമികൾ സ്റ്റേടിയങ്ങളിലെക്ക് ഒഴുകിയെത്തി. ഞാനും ഓരോ കളിയും ആവേശത്തോടെ തന്നെ കണ്ടിരുന്നു. പക്ഷെ, വിദേശ ലീഗുകളിലെ മനോഹാരിതയും കളി ചന്തവും ഇവിടെയെത്താൻ ഇനിയും നാളുകലെടുക്കും (അധികം താമസിക്കില്ല എന്ന് പ്രത്യാശിക്കാം).

ഞാനുൾപ്പെടുന്ന യുവത  മാഞ്ചസ്റ്റർ യുണൈട്ടഡിന് വേണ്ടിയും, മാഡ്രിഡിനും ബാർസക്കും വേണ്ടിയും ആർപ്പു വിളിക്കുമ്പോ  ഓർക്കണം, അത് പോലെ സൗന്ദര്യവും , സംഘാടക മികവും, കളി മികവും ചേർന്ന ഒരു 'ഫുട്ബോൾ ബ്രാൻഡ്‌' ഇവിടെയിതുവരെ ഇല്ലായെന്ന്. അങ്ങനെയൊരു കാലം വരുന്നത് വരെ ഞാനും (ഞങ്ങളും)
റൊണാൾഡോയ്ക്കും മെസ്സിക്കും റൂണിക്കും ഒക്കെ ആർപ്പു  വിളിക്കും.  കാൽപന്തു കളിയുടെ കാൽപനികത ഇന്ത്യയിൽ വിരിയുന്നത് വരെ...

Thursday, February 26, 2015

ഫയർമാൻ

ഫയർമാൻ

കുറച്ചു സിനിമകൾ തുടരെ പരാജയപ്പെട്ടത് കാരണം, മമ്മൂട്ടിയുടെ സിനിമകൾ  ഒരു 'മിനിമം ഗ്യാരണ്ടി' ഇല്ലാത്ത സിനിമകൾ ആയി മാറിയിട്ടുണ്ട് (ഞാൻ പറഞ്ഞതല്ല, ഒന്ന് രണ്ടു കുടുംബ പ്രേക്ഷകരാണ് പറഞ്ഞത്). അതിന്റെ കൂടെ, ഓണ്‍ലൈൻ നിരൂപക ലോകത്തും മമ്മൂട്ടി സിനിമകൾക്ക് 'നെഗറ്റീവ്' അഭിപ്രായങ്ങളാണ് കൂടുതലും വരാറ്. അങ്ങനെ കുറെ നിരൂപണങ്ങളും അഭിപ്രായങ്ങളും വായിച്ചും കേട്ടുമാണ് 'ഫയർമാൻ' കാണാൻ പോയത്. അപ്പൊ നിങ്ങൾ ചോദിക്കും ഇത്രയുമൊക്കെ 'നല്ല' അഭിപ്രായങ്ങൾ കേട്ടിട്ട് എന്തിനാ പോയതെന്ന്. കൂട്ടുകാരന്റെ ക്രെഡിറ്റ്‌ കാർഡിൽ എന്തോ ഓഫർ ഉണ്ടായിരുന്നു, അത് കൊണ്ട് 50 രൂപക്ക് കാണാൻ പറ്റി. അതാണ്‌ പോയേക്കാം, തല വെച്ചേക്കാം എന്ന് കരുതിയത്‌. ഒള്ളത് പറയാമല്ലോ, 'ഫയർമാൻ' ഒരു മോശം സിനിമയല്ല.

ഒരു നഗരത്തിൽ ഒരു വാതക ലോറി മറിഞ്ഞുണ്ടാകുന്ന ദുരന്തവും, തീ പിടുത്തവും, അത് അണയ്ക്കാൻ വരുന്ന അഗ്നിശമന സേനയുടെ നിസ്വാർത്ഥ പ്രവർത്തനവും, മറ്റു ചില അനുബന്ധ പ്രശ്നങ്ങളുമാണ് 'ഫയർമാൻ'. പുതുമയുള്ള ഒരു കഥയെ ഒട്ടും മുഷിപ്പിക്കാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്. നല്ല വേഗതയുള്ള , തീ പിടിച്ചത് പോലെയുള്ള തിരക്കഥ. ചടുലമായ ക്യാമറ. നല്ല പശ്ചാത്തല സംഗീതം. മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസ്. അങ്ങനെ സീറ്റിൽ പിടിച്ചിരുത്താനുള്ള വകുപ്പൊക്കെയുണ്ട് ഈ സിനിമയിൽ. പ്രധാന കഥ ഫയർ ഫോർസിന്റെ പ്രവർത്തനങ്ങളെ ബഹുമാനിക്കുകയും അവരുടെ സാഹസികതയെ ഉയർത്തിക്കാട്ടുകയുമാണ്. എങ്കിൽ തന്നെയും ചില ഉപകഥകൾ സിനിമയെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നു.

മമ്മൂട്ടി സാധാരണ പോലെ തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് (ചില രംഗങ്ങളിലെ 'താൽപര്യക്കുറവു' ഒഴിച്ച് നിർത്തിയാൽ ). സലിം കുമാർ എന്ന നടനെ  എനിക്കിഷ്ടമാണ് , പക്ഷെ ഇതിൽ അല്പം ഓവർ ആയില്ലേ എന്നൊരു ഇത്. ബാക്കി ഉള്ളവർക്ക് ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും വെറുപ്പിച്ചില്ല. ഇങ്ങനെ ഒക്കെയാണെങ്കിലും , ഇതൊരു 'പെർഫക്റ്റ്' സിനിമയല്ല. നല്ല കൂതറ ഗ്രാഫിക്സ്. അതിഭാവുകത്വം നിറഞ്ഞ ചില രംഗങ്ങൾ. മമ്മൂട്ടിയെ ഒരു 'സൂപ്പർ ഫയർമാൻ' ആക്കി കാട്ടാനുള വ്യഗ്രത.ജയിലിലെ ചില മണ്ടൻ സീനുകൾ. ആവറേജ് ആർട്ട് വർക്കും മേക്ക് അപ്പും ....അങ്ങനെ പോകുന്നു.

പക്ഷെ, 'ഫയർമാൻ' നല്ലൊരു അറ്റംപ്റ്റ് ആണ്. അല്പം കൂടി ബട്ജറ്റും, തിരക്കഥയിൽ അല്പം കൂടി ബുദ്ധിയും കൊടുത്തിരുന്നേൽ കുറച്ചു കൂടി മികച്ച ഒരു സിനിമ ലഭിച്ചേനെ. ദീപു കരുണാകരന്റെ അടുത്ത സിനിമയിൽ നല്ലൊരു 'ഇമ്പ്രൂവ്ഡ്' നിലവാരം ഞാൻ പ്രതീക്ഷിക്കുന്നു.

വാൽ: ഉണ്ണി മുകുന്ദന്റെ മസ്സിലുകൾ കൊണ്ടുള്ള അഭിനയം ഇനിയെങ്കിലും നിർത്തണം എന്നാണെന്റെ വിനീതമായ അഭിപ്രായം. ഇങ്ങളെന്ത് വെറുപ്പിക്കലാണ് ഉണ്ണിയേട്ടാ !

Sunday, February 22, 2015

ഹരം

ഹരം

കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും വേർപിരിയലും വിഷയമാക്കി കാക്കത്തൊള്ളായിരം സിനിമകൾ പല ഭാഷകളിലായിട്ടു ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ആ ഒരു വിഷയത്തിലൂടെ സമൂഹത്തിലേക്കും ചില സാമൂഹിക പ്രശ്നങ്ങളിലേക്കും കണ്ണോടിക്കുന്ന സിനിമകൾ ഒരുപാടുണ്ടാവില്ല. അങ്ങനെ ഒരു സിനിമയാണ് 'ഹരം' എന്ന് ഞാൻ പറയില്ല.  പക്ഷെ,അങ്ങനെയൊരു സിനിമയിലേക്കുള്ള ഒരു ശ്രമമായിരുന്നു 'ഹരം'.

പല പ്രമുഖ ഓണ്‍ലൈൻ സിനിമ നിരൂപകരും മഹത്തരം എന്ന് വാഴ്ത്തിയപ്പോൾ, കണ്ടു കളയാം ആ മനോഹര സൃഷ്ടി എന്ന് കരുതി കൂട്ടുകാരെയും കൂട്ടി പോയതാണ്. ഒരുപാട് പ്രതീക്ഷ വെച്ചത് കൊണ്ടാകാം, നിരാശയായിരുന്നു ഫലം. ആദ്യ സീൻ മുതൽ, ഓരോ സീനും 'ഡീറ്റെയൽഡ്' ആയി ചെയ്യാൻ ആണ് സംവിധായകനും തിരക്കഥാകൃത്തും ഉദ്ദേശിച്ചതെങ്കിൽ, അത് പാടെ പാളി എന്നാണു തിയറ്റർ റെസ്പോൻസ്. കാരണം, ഭൂരിഭാഗം സീനുകളും വളരെ മന്ദഗതിയിലും, ക്ഷമ പരീക്ഷിക്കുന്നതും ആയിരുന്നു.

ഒരു കാൾ സെന്ററിൽ ജോലി ചെയ്യുന്ന രണ്ടു പേർ പ്രണയത്തിലാകുകയും, വിവാഹത്തിന് ശേഷം രണ്ടു പേരുടെയും അഭിരുചികൾ രണ്ടായിരുന്നു എന്ന് മനസ്സിലാക്കി പിരിയുകയും ചെയ്യുന്നതാണ് അടിസ്ഥാന കഥാതന്തു( പഴയ ബോംബ്‌ കഥ തന്നെ). അതിന്റെ കൂടെ തന്നെ സ്ത്രീ സമത്വവും, സ്ത്രീകളുടെ സുരക്ഷിതത്വവും, സ്ത്രീ സ്വാതന്ത്ര്യവും (ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് ഞാൻ പറയില്ല ), കമ്മ്യുണിസവും, കാമവും...അങ്ങനെ ഒരുപാട് വിഷയങ്ങളിൽ ഒന്ന് തൊട്ടു പോകുന്നുണ്ട് ഈ സിനിമ. പല രംഗങ്ങളും ചില തത്വങ്ങൾ പറയാൻ വേണ്ടി ഏച്ചുകെട്ടിയത് പോലെ തോന്നി.

ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് എപ്പോഴും ഒരു കരുതലോട് തന്നെയാണ്. ഈ സിനിമയും ആ പതിവ് തെറ്റിക്കുന്നില്ല. പക്ഷെ, തന്റേതായ, ചില സ്ഥിരം മാനറിസങ്ങൾ തന്നെയാണ് ഇതിലും അദ്ദേഹം കാഴ്ചവെക്കുന്നത്. ചിലയിടങ്ങളിൽ നല്ല ഓവർ ആക്ടിങ്ങും. ഇതിലെ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് മലയാളി അല്ലാത്ത, മലയാളം അറിയാത്ത രാധിക ആപ്തെ ആണ്. എസ്.പി. ശ്രീകുമാറിന്റെയും തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ബാക്കി ഉള്ളവർക്ക് അധികം ഒന്നും ചെയ്യാനില്ല. രണ്‍ജി പണിക്കർ ഒരൊറ്റ സീനിൽ വന്നു നന്നായി തന്നെ കൊളമാക്കി. മിക്കവാറും പുള്ളിയുടെ ആ ഒരു  'എക്സ്പ്രെഷൻ' അടുത്ത ഒരു ഫോട്ടോ കമന്റ്‌ ആയി വരാൻ സാധ്യതയുണ്ട്( പടം കണ്ടവർക്ക് മനസ്സിലാവും). തൈക്കൂടം  പാലത്തിന്റെ ഗാനമേള സംഗീതം നന്നായി തന്നെ വെറുപ്പിച്ചു. സംവിധാനവും എഡിറ്റിങ്ങും എഴുത്തും എല്ലാം ഒരാളായത് കൊണ്ടാകാം, ഒന്നും അത്രക്ക് അങ്ങട് ഗുമ്മിയില്ല.

സ്ഥിരം സിനിമാ ഹൈവേയിൽ നിന്നും മാറി തന്റെ വണ്ടി ഓടിച്ചതിന് വേണമെങ്കിൽ സംവിധായകന് ഒരു സല്യുട്ട് നൽകാം. പക്ഷെ, ആ വണ്ടി പ്രേക്ഷകന്റെ ക്ഷമയെ നന്നായി പരീക്ഷിച്ചു. ഒരു രണ്ടു മണിക്കൂർ എന്റർടെയ്ൻമെന്റ്  പ്രതീക്ഷിച്ചു ആരും 'ഹരം' കാണാൻ പോകരുത്. അൽപം പതുക്കെയോടുന്ന, ചില ചെറിയ വ്യത്യസ്തതയുള്ള  ഒരു പരീക്ഷണ സിനിമാവണ്ടിയാണ് 'ഹരം'. അത്തരം വണ്ടികൾ ഇഷ്ടപ്പെടുന്നവർ കയറിക്കോളു.

വാൽ: തൈക്കൂടം പാലത്തിന്റെ 'തീവണ്ടി' എന്നൊരു പാട്ടുണ്ട് ഈ സിനിമയിൽ. നല്ല ഒരു സംഗീത പ്രേമി ആ പാട്ട് കേട്ടാൽ , ഉടനെ തന്നെ ഏതെങ്കിലും തീവണ്ടിക്ക് തല വെക്കാനാണ് സാധ്യത. എന്താ പാട്ട്!

Saturday, February 21, 2015

ബദ് ലാപൂർ

ബദ് ലാപൂർ

സ്പോയിലേർസ് ഉണ്ടാവാം

'The axe forgets, the tree remembers' - - - ഈയൊരു ആഫ്രിക്കൻ ചിന്തയിൽ നിന്നാണ് 'ബദ് ലാപൂർ ' യാത്ര ആരംഭിക്കുന്നത്. സിനിമയിലുടനീളം ഈ ഒരു വരി തന്നെയാണ് നിറഞ്ഞു നിൽകുന്നതും. ഒന്നാമത്തെ സീനിൽ തന്നെ, നല്ല പോലെ ഹോം വർക്ക്‌ ചെയ്ത ഒരു തിരക്കഥയാണിതെന്നു നമുക്ക് കാട്ടി തരുന്നു ഈ സിനിമ. ഒരുപാട് പ്രതികാരകഥകൾ നാം കണ്ടിട്ടുണ്ട്, എന്നാൽ 'ബദ് ലാപൂർ'  ഒരു പ്രത്യേക അനുഭവമാണ്.

ബോളിവുഡിൽ തന്നെ നമ്മൾ ഒരുപാട് പ്രതികാര കഥകൾ കണ്ടിട്ടുണ്ട്. എന്നാൽ, 'ബദ് ലാപൂർ' എന്ന സിനിമയെ അതിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ തിരക്കഥയും, കഥപറച്ചിലിന്റെ വേഗതയും, കഥാപാത്രങ്ങളുടെ മാനസിക നിലവാരങ്ങളുടെ പ്രത്യേകതകളുമാണ്. സ്വന്തം ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ദുഷ്ടന്മാരെ കണ്ടെത്തി നിഗ്രഹിക്കുന്ന സ്ഥിരം നായകൻ തന്നെയാണിതിലും.പക്ഷെ, അതിനായി അയാൾ കാത്തിരിക്കുന്ന സമയം, പ്രതികാരം നിർവഹിക്കുന്ന രീതി, അതിനു ശേഷവും അതിനൊപ്പവും ഉള്ള മന:സംഘർഷങ്ങൾ....ഇതൊക്കെയാണ് 'ബദ് ലാപൂർ 'നെ വ്യത്യസ്തമാക്കുന്നത്. ഇതിൽ സസ്പെൻസ് ഇല്ല, കൊന്നയാൾ ആരെന്നാദ്യമേ നായകനും പ്രേക്ഷകനും അറിയാം. പ്രേക്ഷകൻ കാത്തിരിക്കുന്നത്, നായകൻറെ പ്രതികാരമാണ്...അത് എങ്ങനെ ചെയ്യുന്നു എന്നതാണ്. ഒന്നാം പകുതിയിൽ നായകൻറെ വികാരം പ്രേക്ഷകനിലേക്ക് പകർത്താൻ സംവിധായകന് സാധിച്ചു എങ്കിലും, രണ്ടാം പകുതിയിൽ വെറും ഒരു ഉപദേശ പ്രസംഗത്തിലേക്ക് സിനിമ ചുരുണ്ട് കൂടി. പൊതുവെ സിനിമക്ക് പതിഞ്ഞ വേഗതയാണെങ്കിലും , ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ആ ചടുലത പിന്നീട് നഷ്ടപ്പെടുന്നു .

സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് വരുണ്‍ ധവാന്റെയും നവസുദ്ദീൻ സിദ്ദിഖിയുടെയും അഭിനയപ്രകടനമാണ്. പ്രതികാര നായകനായി വരുണും , സാഹചര്യങ്ങൾ കൊലപാതകി ആക്കിയ , സമൂഹത്തോട് യാതൊരു ബഹുമാനവും ഇല്ലാത്ത ഒരു  ചേരി മനുഷ്യനായി സിദ്ദിഖിയും തകർത്തു. 20 വർഷം വരുണിന്റെ കഥാപാത്രം കാത്തിരിക്കുന്നത് തന്റെ കുടുംബം ശിധിലമാക്കിയവന്റെ മരണം ആണെങ്കിൽ, സിദ്ദിഖിയുടെ കഥാപാത്രം കാത്തിരിക്കുന്നത് സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രണയത്തിന്റെയും ഒരു ലോകമാണ്. മറ്റു അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ ഗംഭീരമാക്കി. പാട്ടുകൾ മോശമാക്കിയില്ല, പശ്ചാത്തല സംഗീതം നന്നായി. വരുണ്‍ ധവാന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച വേഷം തന്നെയാണിത്. പക്ഷെ, പല സീനുകളിലും തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത്ര ശബ്ദഗാംഭീര്യം അദ്ദേഹത്തിന് ഇല്ലാതെ പോയി.

സ്ഥിരം ബോളിവുഡ് 'അടി, ഇടി, വെടി, ചോര' പ്രതികാര സിനിമകളിൽ നിന്നും വ്യത്യസ്തമാണ് 'ബദ് ലാപൂർ'. പ്രേക്ഷകനെ കൂടെ കൊണ്ട് പോകുന്ന തീവ്രമായ വികാരങ്ങളുള്ള ഒരു സിനിമ  തന്നെയാണിത്.പക വീട്ടാനുള്ളതാണ്, എന്നാൽ അതിനു ശേഷം എന്ത് എന്ന സന്ദേശവും ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നു. നഷ്ട്ടപ്പെടുത്തരുത്, ഈ 'ബദ് ലാപൂർ ' യാത്ര.


വാൽ: സെക്സും വയലൻസും ഉള്ള സിനിമകൾക്ക് 'എ' സെർട്ടിഫിക്കറ്റ് ഉള്ളതാണ്. എന്നിട്ടും, ചില മാതാപിതാക്കൾ നാലും അഞ്ചും വയസ്സുള്ള മക്കളെയും കൊണ്ടാണ് ഇത്തരം സിനിമകൾക്ക് കയറുന്നത്. മാതാപിതാക്കളും തിയറ്റർ അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

Wednesday, February 18, 2015

മിലി

മിലി

സിനിമയിറങ്ങി ഏറെ നാളുകൾക്ക് ശേഷമാണ് ബംഗ്ലൂരിൽ 'മിലി' വന്നത്. ഇന്നലെയാണ് കാണാൻ സാധിച്ചത്. കണ്ടും കേട്ടും വായിച്ചും എല്ലാവരും ഈ സിനിമയെ കുറിച്ച് അറിഞ്ഞു കാണുമെന്നാണ് എന്റെയൊരു വിശ്വാസം. അത് കൊണ്ട് തന്നെ ഒരുപാട് വിസ്തരിക്കുന്നില്ല .

'മിലി' അതിമനോഹരമായ ഒരു സിനിമയൊന്നുമല്ല. പക്ഷെ, തരക്കേടില്ലാത്ത, കണ്ടിരിക്കാവുന്ന ഒരു നല്ല കൊച്ചു ചിത്രമാണ്. അപകർഷതാബോധം, അല്ലെങ്കിൽ ആത്മാവിശ്വാസക്കുറവു തുടങ്ങിയ വിഷയങ്ങളാണ് 'മിലി'യിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിക്കുന്നത്. ഏതൊരാളും പ്രതീക്ഷിക്കുന്ന 'ക്ലിഷേ' ക്ലൈമാക്സ്‌ ആണ് 'മിലി'യിലും. പക്ഷെ, അതിലേക്കെത്തുന്ന രീതി, വേഗം കുറവാണെങ്കിലും നന്നായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ, ചില 'ക്ലിഷേ' സീനുകൾ മാറ്റി നിർത്തിയാൽ നല്ലൊരു രചനയാണ് ഈ സിനിമയിൽ കാണാൻ കഴിയുക. രാജേഷ്‌ പിള്ളയും തന്റെ സംവിധാനമികവു വേണ്ട തോതിൽ കാഴ്ച വെച്ചു. നല്ല പാട്ടുകളും, നല്ല പശ്ചാത്തല സംഗീതവും സിനിമ ആസ്വദിക്കുന്നതിനു മുതൽക്കൂട്ടായി.

അമല പോളിന്റെ ഇത് വരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല റോൾ തന്നെയാണ് 'മിലി'. തികഞ്ഞ കയ്യടക്കത്തോടെ തന്നെ തന്റെ റോൾ അമല പോൾ ഭംഗിയാക്കി. ബാക്കി അഭിനേതാക്കൾക്ക് അധികം ഒന്നും ചെയ്യാനില്ലെങ്കിലും  നിവിൻ പോളി പ്രത്യേക പരാമർശം അർഹിക്കുന്നു. പിന്നെ, മിലിയുടെ പ്രണയം അധികം ഫോക്കസ് ചെയ്യാതെ സിനിമയുടെ മൂഡ്‌ ചളമാക്കാതെ ഇരുന്നതിനു പ്രത്യേക നന്ദി.

'ട്രാഫിക്' എന്ന സിനിമയുമായി തട്ടിച്ചു നോക്കുമ്പോൾ ചിലർക്ക് ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ, യാതൊരു വിധ താരതമ്യപ്പെടുത്തലുകളുമില്ലാതെ കണ്ടാൽ 'മിലി' ഒരു 'ഫീൽ ഗുഡ്' സിനിമ ആണ്. ഇമോഷണൽ ഓവർലോഡ്‌ ഇഷ്ട്ടപ്പെടുന്നവർക്കും അൽപമെങ്കിലും അപകർഷതാബോധം ഉള്ളിൽ ഉള്ളവർക്കും സിനിമ നല്ല ഒരു അനുഭവമായിരിക്കും.

വാൽ: അവസാന സീനിലെ ആ ഒരു പ്രസംഗം! കിടു, പൊരിച്ചു!

Sunday, February 15, 2015

അനേഗൻ (തമിഴ്)

അനേഗൻ (തമിഴ്)

ഒരു കാലത്ത് തമിഴ് സിനിമയെന്നാൽ 'ലോജിക്' ഇല്ലാത്ത അതിമാനുഷ കഥകളാൽ അല്ലെങ്കിൽ അതിമാനുഷ കഥാപാത്രങ്ങളാലോ സമ്പന്നമായ സിനിമകൾ ഇറങ്ങുന്ന ഇണ്ടസ്ട്രി എന്നായിരുന്നു. എന്നാൽ ഒരുപാട് മനോഹര സിനിമകളിലൂടെ, ജീവിതത്തോട് അടുത്ത് നിൽക്കുന്ന സിനിമകളും തങ്ങൾക്കു എടുക്കാൻ അറിയാം എന്ന് തമിഴ് സിനിമാലോകം  നമുക്ക് കാട്ടി തന്നു. നൂറു ശതമാനം അല്ലെങ്കിലും , ആ പഴയ ലോജിക്ക് ഇല്ലായ്മയുടെയും അതിമാനുഷികതയുടെയും സിനിമാക്കാഴ്ചകളിലേക്കുള്ള ഒരു 'റിവേർസ് ഗിയർ' ആണ് കെ.വി. ആനന്ദിന്റെ ധനുഷ് ചിത്രമായ 'അനേഗൻ'.

'അനേഗൻ' എന്ന വാക്കിന് ദൈവം എന്നും അർത്ഥമുണ്ട്. ഒരുപാട് രൂപങ്ങളിൽ ഒരാൾ.അല്ലെങ്കിൽ, ഒരുപാട് മനുഷ്യരിൽ ഒരാൾ. ഈ തലക്കെട്ടിനോട് ഒരു പരിധി വരെ നീതി പുലർത്തുന്നുണ്ട് ഈ സിനിമ. പുനർജ്ജന്മം എന്ന വിഷയം തമിഴ് സിനിമയിലും മറ്റു പല ഭാഷാ സിനിമകളിലും ഒരുപാട് ചർച്ച ചെയ്യപ്പെട്ട തീം ആണ്, അതും അറുപതകുളിലും എഴുപതുകളിലും ഇറങ്ങിയ സിനിമകളിൽ. പക്ഷെ, ആ സിനിമകൾ ഒക്കെ തന്നെ, സിനിമയുടെ അടിസ്ഥാന തീം പുനർജ്ജന്മം തന്നെയാണ് എന്ന് അടിവരയിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, 'അനേഗൻ' ആ തീരുമാനം പ്രേക്ഷകന് നൽകുകയാണ്. പുനർജന്മത്തിനു സാധുതയേകുന്ന രീതിയിലും, എന്നാൽ അതല്ല, അത് ഒരു സൈക്കോളോജിക്കൽ പുനർസൃഷ്ടിയാണെന്ന രീതിയിലും കഥ പറയുന്ന ഒരു തിരക്കഥാകൃത്തിനെ നമുക്കീ സിനിമയിൽ കാണാൻ കഴിയും. (അതിനെക്കുറിച്ച് ഒരുപാട് പറയുന്നില്ല).

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ആദ്യ പകുതി, പതുക്കെ നമ്മെ സിനിമയിലേക്ക് അടുപ്പിക്കുന്നു. ഇടവേളയാകുമ്പോ ഉറപ്പായും നമ്മൾ ചായ കുടിക്കാനോ പെപ്സി വാങ്ങാനോ പോകില്ല, കാരണം ഒരുപാട് ചിന്തകൾ നമ്മുടെ മനസ്സിലേക്ക് തന്നിട്ടാണ് സംവിധായകൻ 'ഇന്റെർവൽ' കാർഡ്‌ ഇടുന്നത്. പക്ഷെ, രണ്ടാം പകുതിയിൽ  സിനിമക്ക് അതിന്റെ ഒഴുക്ക് നഷ്ടപ്പെടുകയും, വല്ലാതെ ക്ലിഷേഡ് ആകുകയും ചെയ്യുന്നു. കണ്ടു മടുത്ത 'പ്രണയ' സീനുകളും, വേണ്ടാതിടത്തുള്ള ഒന്ന് രണ്ടു പാട്ടുകളും സിനിമയെ കൊല്ലുന്നു. തിരക്കഥ ഇടക്കികിടക്ക് ഇഴയുന്നുണ്ടെങ്കിലും ആകെ മൊത്തം നല്ലൊരു സൃഷ്ടിയായിരുന്നു. പാട്ടുകൾ മോശമാക്കിയില്ല. സംഘട്ടന രംഗങ്ങൾ അതിമാനുഷമായിരുന്നെങ്കിലും കാണാനൊരു ഗുമ്മുണ്ടായിരുന്നു.

ധനുഷ് ഈ സിനിമയിലും തന്റെ റോൾ മോശമാക്കിയില്ല. മൂന്നു കാലഘട്ടങ്ങളിലെ മൂന്നു സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ തന്റെതായ ശൈലിയിലൂടെ അദ്ദേഹം നന്നായി തന്നെ ചെയ്തു. പക്ഷെ, ആ ശൈലി പലയിടങ്ങളിലും വല്ലാത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു. പിന്നെ, പല രംഗങ്ങളിലും പുള്ളിക്ക് തന്നെ ഒരു താൽപര്യമില്ലാത്ത പോലെയായിരുന്നു. നായിക നന്നായി. കാണാൻ ഇഷ തൽവാരിന്റെ ചായ കാച്ചിയ പോലെയുണ്ടായിരുന്നുവെങ്കിലും അഭിനയം മികച്ചതായിരുന്നു. 'നവരസ നായകൻ' കാർത്തിക്കും തന്റെ റോൾ ഗംഭീരമാക്കി. ബാക്കിയുള്ളവർക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

കെ.വി. ആനന്ദിന്റെ (സംവിധായകനായി) ഞാൻ കണ്ടിട്ടുള്ള സിനിമകളിൽ, 'കനാ കണ്ടേനും' , 'അയനും' താഴെയും, എന്നാൽ 'കോ'യ്ക്ക് മുകളിലും ആണ് 'അനേഗൻ' എന്ന സിനിമയുടെ സ്ഥാനം. ഇടക്കൊക്കെ ഒന്ന് ബോറടിപ്പിച്ചും ചിലപ്പോഴൊക്കെ ത്രില്ലടിപ്പിച്ചും പോകുന്ന ഒരു 'വണ്‍ ടൈം വാച്ച്' ആണ് 'അനേഗൻ'. പിന്നെ, പുനർജന്മമാണോ അതോ ആ പെണ്ണിന്റെ ഭ്രാന്താണോ എന്ന് കണ്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക. കണ്ടു കഴിഞ്ഞു നിങ്ങൾക്ക് ഭ്രാന്തായാൽ എന്നെ ചീത്ത വിളിക്കരുത്.

വാൽ: സിനിമയുടെ പല ഫ്ലാഷ്ബാക്ക് സീനുകളിലും നായികയുടെ 'വെളിപാടുകൾ' കാണുമ്പോ, സുരാജിന്റെ ഒരു ഡയലോഗാണ് ഓർമ വന്നത് : "ഇവൾക്കെന്തെഡേയ് പ്രാന്താ!!???".

ശുഭം.

Sunday, February 8, 2015

കേശവന്റെ വിലാപങ്ങൾ

കേശവന്റെ വിലാപങ്ങൾ
എം. മുകുന്ദൻ

ഇ. എം. എസ് ! കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും അസ്തമിക്കാത്ത ചുവന്ന സൂര്യൻ. 'കേശവന്റെ വിലാപങ്ങൾ', എന്നാൽ, അദ്ധേഹത്തെ പറ്റിയുള്ള പുസ്തകമല്ല. ഇ.എം.എസ്സിന്റെ ചരിത്രമോ, പ്രവർത്തനമോ ഒന്നും തന്നെ വിശദമായി ചർച്ച ചെയ്യുന്നില്ല. എന്നിട്ടും, ഇ.എം.എസ് ഈ പുസ്തകത്തിൽ നിറഞ്ഞു നില്കുന്നു...ഒരു ഈശ്വരനെ പോലെ!  'കേശവന്റെ വിലാപങ്ങൾ' ചർച്ച ചെയ്യുന്നത് രാഷ്ട്രീയമാണ്....ചുവപ്പിന്റെ രാഷ്ട്രീയം.

കേശവൻ ഒരു പ്രശസ്ത നോവലിസ്റ്റ്‌ ആണ്. അദ്ദേഹം തന്റെ പുതിയ നോവൽ എഴുതുകയാണ്, സാക്ഷാൽ ഇ.എം.എസ്സിനെ പറ്റി. ഇതറിയുന്നതും, സുഹൃത്തും പ്രമുഖ വിമർശകനുമായ രാവുണ്ണി കേശവനെ ഉപദേശിക്കുകയാണ്, ശെരിയായ ചരിത്ര ബോധവും രാഷ്ട്രീയ പക്വതയും ഇല്ലാതെ ഇ.എം.എസ്സിനെ പോലെയോരാളിനെ പറ്റി എഴുതരുതെന്ന്. എന്നാൽ, ആ വിമർശകനെ കൊണ്ട് തന്നെ തന്റെ നോവലിനു സ്തുതിഗീതം എഴുതിക്കാൻ തക്ക വണ്ണം ഉള്ള ഒരു സര്ഗ്ഗസൃഷ്ടിയാണ് കേശവൻ എഴുതി വെച്ചത്.

അപ്പുക്കുട്ടൻ എന്ന ഒരു കുട്ടിയിലൂടെയാണ് കേശവൻ കഥ പറയുന്നത്. തൊട്ടിലിൽ കിടന്നു ഇ.എം.എസ്സിന്റെ ഫോട്ടോ കണ്ട കാലം മുതൽ അപ്പുക്കുട്ടന്റെ മനസ്സിലെ വീര നായകനാണ് ഇ.എം.എസ്. എന്നാൽ, ഒരിക്കൽ നക്സലൈറ്റ് ആയിരുന്ന, ഇപ്പോൾ ജീവിതത്തെ ഭയപ്പെടുന്ന, അപ്പുക്കുട്ടന്റെ അച്ഛനായ അനന്തകൃഷ്ണൻ, തന്റെ മകനെ ഒരിക്കലും ഒരു ചെങ്കൊടി ആരാധകനായി കാണാൻ ആഗ്രഹിച്ചിരുന്നില്ല. അനന്തകൃഷ്ണന്റെ ഭൂതകാലത്തിലൂടെ ആ കാലഘട്ടത്തിലെ സാമൂഹ്യ അവസ്ഥയും, നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ധാർമികതയും ചർച്ച ചെയ്യപ്പെടുന്നു. അപ്പുക്കുട്ടന്റെ കണ്ണിലൂടെ അവന്റെ കാലഘട്ടത്തിലെ രാഷ്ട്രീയവും മറ്റും കാണപ്പെടുന്നു. ആമൻ സാറിന്റെ വരവോടെ, അപ്പുക്കുട്ടൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി മാറുകയാണ്. പ്രസ്ഥാനത്തെ പറ്റിയും, ഇ.എം.എസ് ഉൾപ്പടെയുള്ള സഖാക്കന്മാരുടെ ധീര പ്രവർത്തികളെ പറ്റിയും , കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളെയും നയങ്ങളെയും പറ്റിയും ഒരു ധാരണ ആമൻ സാർ, അപ്പുക്കുട്ടന് മനസ്സിലാക്കി കൊടുക്കുന്നു. ഈ അവസരങ്ങളിൽ ഒക്കെ തന്നെ, ഒരച്ഛന്റെ ആധിയും മറ്റും അനന്തകൃഷ്ണനിലൂടെ വരച്ചു കാട്ടുന്നു. ഫോട്ടോകളിലും, ഒരിക്കൽ വിദൂരതയിലുള്ള വേദിയിലും, പിന്നെ സ്വപ്നങ്ങളിലും മാത്രം കണ്ട ഇ.എം.എസ്സിന്റെ പോസ്ടറിൽ ഒരു മദ്യപാനി മൂത്രമൊഴിക്കുമ്പോൾ, അയാളെ കൊലപ്പെടുത്തുന്ന അപ്പുക്കുട്ടൻ ഒരു പ്രസ്ഥാനത്തിന് വേണ്ടിയല്ല അത് ചെയ്തതെന്ന് വ്യക്തമാണ്. ജയിലിൽ കിടക്കുമ്പോൾ , ആകാശത്ത് കണ്ട ചുവന്ന നക്ഷത്രത്തിൽ നിന്നും ഇറങ്ങി വന്നു തന്നെ തലോടിയ, ഇ.എം.എസ്സിന് വേണ്ടിയാണ് അവൻ അത് ചെയ്തത്.

അങ്ങനെ തന്റെ നോവലിലെ ഒരു 'മിതിക്കൽ' കഥാപാത്രമായ ഇ.എം.എസ് തന്റെ വീട്ടില് അഭിനന്ദിക്കാനായി എത്തുമ്പോൾ അത് സത്യമാണോ മിഥ്യയാണോ എന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുകയാണ് കേശവന്. ഒടുവിൽ, തന്റെ സൃഷ്ടി തന്നെ ഒരു കോടാലിയായി തന്റെ കഴുത്തിൽ വീഴുമ്പോൾ, ഒരു സാഹിത്യകാരന്റെ സൃഷ്ടി സ്വാതന്ത്ര്യത്തിനു മേൽ  എത്ര മാത്രം കോടാലികൾ വീഴാൻ കാത്തു നിൽക്കുകയാണെന്ന് മുകുന്ദൻ അടിവരയിടുന്നു.

ഇ.എം.എസ് കേരള രാഷ്ട്രീയത്തിലെ വളരെ പ്രബുദ്ധനായ നേതാവായിരുന്നു. അദ്ധേഹത്തിന്റെ സാമൂഹ്യ ഇടപെടലുകൾ പലതും നാം വായിച്ചു അറിയുന്നവരാണ്. എന്നാൽ, നമ്മിൽ കൂടുതൽ പേര്ക്കും അദ്ദേഹം ഒരു 'മിത്ത്' ആണ്. അത് പോലെ അപ്പുക്കുട്ടനും, കേശവനും. 'മിതിക്കൽ' ആയ ഇ.എം.എസ്സിനെയും 'റിയൽ' ആയ ഇ.എം.എസ്സിനെയും ചർച്ച ചെയ്യുക എന്ന വളരെ ശ്രമകരമായ ദൌത്യമാണ് ശ്രീ.മുകുന്ദൻ മനോഹരമായി ചെയ്തിരിക്കുന്നത്. വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു പുസ്തകം തന്നെയാണിതെന്ന് തർക്കമില്ല.

വാൽ : ഇക്കാലത്തെ കമ്മ്യൂണിസ്റ്റ്‌ പാർടിക്ക് , നല്ലൊരു സന്ദേശം ഈ പുസ്തകത്തിലെ 121-ആം പേജിൽ ഉണ്ട്.
" ഒരിക്കലും ജനങ്ങളിൽ നിന്നും അകന്നു ജീവിക്കരുത്".  ലാൽ സലാം.

Saturday, February 7, 2015

ഷമിതാഭ്

ഷമിതാഭ് :

(സ്പോയിലെർസ് ഉണ്ടാവാം)

രണ്ടു ദേശീയ അവാർഡ് ജേതാക്കൾ. ഒരാൾ തമിഴ് സിനിമയിലെ, തന്റേതായ ഒരു ഇരിപ്പടം സ്വന്തമാക്കിയ,  യുവ നടൻ, ധനുഷ്. മറ്റൊരാൾ, ഇന്ത്യൻ സിനിമയിലെ തന്നെ പ്രായം ഏറാത്ത, അഭിനയ കുലപതി, സാക്ഷാൽ അമിതാഭ് ബച്ചൻ. ഇവർ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന മാജിക്കാണ് 'ഷമിതാഭ്. സ്ക്രീനിൽ നമുക്ക് കാണാൻ സാധിക്കുന്നത്, രണ്ടു തലമുറകളിലെ, രണ്ടു രീതികളിലുള്ള അഭിനയ ശൈലികളുടെ മത്സരമാണ്. അത് സിനിമയ്ക്കു ഗുണം ചെയ്തു എന്ന് വേണം കരുതാൻ.

'ഷമിതാഭ്' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി, കഥയിലെ പുതുമയാണ്. ഒരു പാവപ്പെട്ടവൻ, കഷ്ടപ്പാടുകളിലൂടെ, സമ്പന്നതയുടെ ലോകം കീഴടക്കുന്നത്‌ പഴയ കഥയാണ്‌. അത് പോലെ, കഷ്ടപ്പാടുകളിലൂടെ ഒരുവൻ സിനിമാലോകത്ത് വലിയവൻ ആവുന്നതും കേട്ട് പരിചയമുള്ള തീം ആണ്. എന്നാൽ, ജന്മനാ ഊമയായ ഒരുവൻ, അവനു സിനിമയിൽ അഭിനയിക്കണം എന്ന അദമ്യമായ ആഗ്രഹം, അതും നായകനായി! ചില സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റൊരാളുടെ ശബ്ദം, അവനെ ഒരു സൂപ്പർ സ്റ്റാർ ആകാൻ സഹായിക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥ. ഇവിടെ, ശബ്ദം നൽകുന്ന ആൾ, വർഷങ്ങൾക്കു മുൻപ് സിനിമയിൽ കയറാൻ ശ്രമിച്ചു, ശബ്ദത്തിന്റെ പേരിൽ തന്നെ തഴയപ്പെട്ട വ്യക്തിയാണ്.
ഊമയായ സൂപ്പർ സ്റ്റാർ ആയി ധനുഷും, ശബ്ദമായി ബച്ചനും തകർത്തു .

ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്നവന്റെയും, ഒരു ഉയരത്തിലും എത്താൻ സാധിക്കാത്തവാന്റെയും  'ഈഗോ'കൾ തമ്മിലുള്ള ഒരു യുദ്ധം നമുക്ക് ഈ സിനിമയിൽ കാണാം. ശബ്ദവും വ്യക്തിയും രണ്ടാവുകയും, വ്യക്തിക്ക് ആധിപത്യ മനോഭാവവും , ശബ്ദത്തിനു അപകർഷതാ ബോധവും നഷ്ടബോധവും ആവുകയും ചെയ്യുമ്പോൾ ഉള്ള സംഘർഷങ്ങൾ മനോഹരമായി തന്നെ സംവിധായകൻ കാണിച്ചിരിക്കുന്നു. അത് പോലെ തന്നെ, ബോളിവുഡ് എന്ന ഗ്ലാമർ സിനിമാലോകത്തെ കണക്കിന് കളിയാക്കിയിട്ടുമുണ്ട്, ഈ ചിത്രത്തിൽ. അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും ചില ജീവിത സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ എവിടെ വെച്ചോ മറ്റൊരു ബോളിവുഡ് മെലോഡ്രാമ ലെവെലിലെക്കു പടം വീഴുന്നുണ്ട്.

അമിതാഭ് ബച്ചന്റെ മറ്റൊരു ക്ലാസ്സിക്‌ പ്രകടനം ആണ് നമുക്ക് കാണാൻ സാധിക്കുക. കുടിയനായ, അപകർഷതാബോധവും, നഷ്ടബോധവും പേറുന്ന, സ്വന്തമായി ഘനഗാംഭീര്യമുള്ള ശബ്ദം മാത്രമുള്ള കഥാപാത്രം അദ്ദേഹം മനോഹരമാക്കി. ധനുഷും ഒപ്പത്തിനൊപ്പം തന്നെ തന്റെ റോൾ ഗംഭീരമാക്കി. പലയിടങ്ങളിലും തിരക്കഥ സ്പീഡ് കുറയുമ്പോൾ ഇവരുടെ പ്രകടനം ഒന്ന് മാത്രമാണ് സിനിമയെ താങ്ങി നിർത്തുന്നത്. അക്ഷര ഹാസൻ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഈ സിനിമയിലെ പല സംഭാഷണങ്ങളും അർത്ഥവത്താകുന്നത് ക്ലൈമാക്സിൽ ആണെന്ന് കൂടി പറയട്ടെ. ബാൽക്കി വീണ്ടും താൻ നല്ലൊരു സംവിധായകാൻ ആണെന്ന് അടിവരയിടുന്നു ഈ ചിത്രത്തിലൂടെ. പി.സി. ശ്രീരാമിന്റെ ക്യാമറയും , ഇളയരാജയുടെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.

ഒരു അമിതാഭ് ഫാനോ ധനുഷ് ഫാനോ മാത്രം കണ്ടിരിക്കേണ്ട ഒരു സിനിമ അല്ല 'ഷമിതാഭ്'. എല്ലാവരും കാണേണ്ട ഒരു ചിത്രം തന്നെയാണ്. പിന്നെ, സാധാരണ ബോളിവുഡ് മസാലയെ ദഹിക്കു എന്നാണെങ്കിൽ ഇത് കണ്ടാൽ ചിലപ്പോ ദഹനക്കേട് വന്നേക്കാം. എന്തായാലും'ഷമിതാഭ്' കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

 വാൽ: സിനിമയിൽ ബച്ചന്റെ കഥാപാത്രം പറയുന്നുണ്ട്,  " എന്റെ ഈ ശബ്ദം ഏതു പട്ടിയുടെ വായിൽ നിന്ന് കേട്ടാലും ഗംഭീരമായിരിക്കും" എന്ന്. സത്യം തന്നെ!  എന്താ ശബ്ദം!! അതിന്റെ കൂടെ കിടിലൻ ആക്ടിങ്ങും ! 'ആറാം തമ്പുരാനിലെ' ലാലേട്ടൻ പറയുന്ന ഹിന്ദി ഡയലോഗ് , ബച്ചൻ പറഞ്ഞിരുന്നേൽ എത്ര കിടുക്കിയേനെ എന്ന് ഒരു നിമിഷം ആലോചിച് പോയി.

ലാലേട്ടൻ ഫാൻസ്‌, നോ പൊങ്കാല പ്ലീസ്‌!ഷമിതാഭ് :

(സ്പോയിലെർസ് ഉണ്ടാവാം)

രണ്ടു ദേശീയ അവാർഡ് ജേതാക്കൾ. ഒരാൾ തമിഴ് സിനിമയിലെ, തന്റേതായ ഒരു ഇരിപ്പടം സ്വന്തമാക്കിയ,  യുവ നടൻ, ധനുഷ്. മറ്റൊരാൾ, ഇന്ത്യൻ സിനിമയിലെ തന്നെ പ്രായം ഏറാത്ത, അഭിനയ കുലപതി, സാക്ഷാൽ അമിതാഭ് ബച്ചൻ. ഇവർ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന മാജിക്കാണ് 'ഷമിതാഭ്. സ്ക്രീനിൽ നമുക്ക് കാണാൻ സാധിക്കുന്നത്, രണ്ടു തലമുറകളിലെ, രണ്ടു രീതികളിലുള്ള അഭിനയ ശൈലികളുടെ മത്സരമാണ്. അത് സിനിമയ്ക്കു ഗുണം ചെയ്തു എന്ന് വേണം കരുതാൻ.

'ഷമിതാഭ്' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി, കഥയിലെ പുതുമയാണ്. ഒരു പാവപ്പെട്ടവൻ, കഷ്ടപ്പാടുകളിലൂടെ, സമ്പന്നതയുടെ ലോകം കീഴടക്കുന്നത്‌ പഴയ കഥയാണ്‌. അത് പോലെ, കഷ്ടപ്പാടുകളിലൂടെ ഒരുവൻ സിനിമാലോകത്ത് വലിയവൻ ആവുന്നതും കേട്ട് പരിചയമുള്ള തീം ആണ്. എന്നാൽ, ജന്മനാ ഊമയായ ഒരുവൻ, അവനു സിനിമയിൽ അഭിനയിക്കണം എന്ന അദമ്യമായ ആഗ്രഹം, അതും നായകനായി! ചില സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റൊരാളുടെ ശബ്ദം, അവനെ ഒരു സൂപ്പർ സ്റ്റാർ ആകാൻ സഹായിക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥ. ഇവിടെ, ശബ്ദം നൽകുന്ന ആൾ, വർഷങ്ങൾക്കു മുൻപ് സിനിമയിൽ കയറാൻ ശ്രമിച്ചു, ശബ്ദത്തിന്റെ പേരിൽ തന്നെ തഴയപ്പെട്ട വ്യക്തിയാണ്.
ഊമയായ സൂപ്പർ സ്റ്റാർ ആയി ധനുഷും, ശബ്ദമായി ബച്ചനും തകർത്തു .

ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്നവന്റെയും, ഒരു ഉയരത്തിലും എത്താൻ സാധിക്കാത്തവാന്റെയും  'ഈഗോ'കൾ തമ്മിലുള്ള ഒരു യുദ്ധം നമുക്ക് ഈ സിനിമയിൽ കാണാം. ശബ്ദവും വ്യക്തിയും രണ്ടാവുകയും, വ്യക്തിക്ക് ആധിപത്യ മനോഭാവവും , ശബ്ദത്തിനു അപകർഷതാ ബോധവും നഷ്ടബോധവും ആവുകയും ചെയ്യുമ്പോൾ ഉള്ള സംഘർഷങ്ങൾ മനോഹരമായി തന്നെ സംവിധായകൻ കാണിച്ചിരിക്കുന്നു. അത് പോലെ തന്നെ, ബോളിവുഡ് എന്ന ഗ്ലാമർ സിനിമാലോകത്തെ കണക്കിന് കളിയാക്കിയിട്ടുമുണ്ട്, ഈ ചിത്രത്തിൽ. അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും ചില ജീവിത സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ എവിടെ വെച്ചോ മറ്റൊരു ബോളിവുഡ് മെലോഡ്രാമ ലെവെലിലെക്കു പടം വീഴുന്നുണ്ട്.

അമിതാഭ് ബച്ചന്റെ മറ്റൊരു ക്ലാസ്സിക്‌ പ്രകടനം ആണ് നമുക്ക് കാണാൻ സാധിക്കുക. കുടിയനായ, അപകർഷതാബോധവും, നഷ്ടബോധവും പേറുന്ന, സ്വന്തമായി ഘനഗാംഭീര്യമുള്ള ശബ്ദം മാത്രമുള്ള കഥാപാത്രം അദ്ദേഹം മനോഹരമാക്കി. ധനുഷും ഒപ്പത്തിനൊപ്പം തന്നെ തന്റെ റോൾ ഗംഭീരമാക്കി. പലയിടങ്ങളിലും തിരക്കഥ സ്പീഡ് കുറയുമ്പോൾ ഇവരുടെ പ്രകടനം ഒന്ന് മാത്രമാണ് സിനിമയെ താങ്ങി നിർത്തുന്നത്. അക്ഷര ഹാസൻ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഈ സിനിമയിലെ പല സംഭാഷണങ്ങളും അർത്ഥവത്താകുന്നത് ക്ലൈമാക്സിൽ ആണെന്ന് കൂടി പറയട്ടെ. ബാൽക്കി വീണ്ടും താൻ നല്ലൊരു സംവിധായകാൻ ആണെന്ന് അടിവരയിടുന്നു ഈ ചിത്രത്തിലൂടെ. പി.സി. ശ്രീരാമിന്റെ ക്യാമറയും , ഇളയരാജയുടെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.

ഒരു അമിതാഭ് ഫാനോ ധനുഷ് ഫാനോ മാത്രം കണ്ടിരിക്കേണ്ട ഒരു സിനിമ അല്ല 'ഷമിതാഭ്'. എല്ലാവരും കാണേണ്ട ഒരു ചിത്രം തന്നെയാണ്. പിന്നെ, സാധാരണ ബോളിവുഡ് മസാലയെ ദഹിക്കു എന്നാണെങ്കിൽ ഇത് കണ്ടാൽ ചിലപ്പോ ദഹനക്കേട് വന്നേക്കാം. എന്തായാലും'ഷമിതാഭ്' കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

 വാൽ: സിനിമയിൽ ബച്ചന്റെ കഥാപാത്രം പറയുന്നുണ്ട്,  " എന്റെ ഈ ശബ്ദം ഏതു പട്ടിയുടെ വായിൽ നിന്ന് കേട്ടാലും ഗംഭീരമായിരിക്കും" എന്ന്. സത്യം തന്നെ!  എന്താ ശബ്ദം!! അതിന്റെ കൂടെ കിടിലൻ ആക്ടിങ്ങും ! 'ആറാം തമ്പുരാനിലെ' ലാലേട്ടൻ പറയുന്ന ഹിന്ദി ഡയലോഗ് , ബച്ചൻ പറഞ്ഞിരുന്നേൽ എത്ര കിടുക്കിയേനെ എന്ന് ഒരു നിമിഷം ആലോചിച് പോയി.

ലാലേട്ടൻ ഫാൻസ്‌, നോ പൊങ്കാല പ്ലീസ്‌!

Monday, February 2, 2015

ദി ഇമിറ്റേഷൻ ഗെയിം

ദി ഇമിറ്റേഷൻ ഗെയിം :

ഒരു വ്യക്തിയുടെ ജീവിതം സിനിമയാക്കുമ്പോൾ ഹോളിവുഡ് , ബോളിവൂട്ഡിൽ നിന്നും എത്ര മുകളിലാണ് എന്നത് പല സിനിമകളിൽ കൂടി നമുക്ക് മനസ്സിലായതാണ്.  എന്നാൽ, ഇംഗ്ലീഷ് സിനിമാലോകത്ത് തന്നെ ഒരു 'ബയോ പിക് ' , മറ്റുള്ളവയിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് 'ദി ഇമിറ്റേഷൻ ഗെയിം'. ഒരുപാട് കോലാഹലങ്ങൾ ഇല്ലാതെ, എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തി കൊണ്ട് തന്നെ , മനോഹരമായി കഥ പറഞ്ഞു പോകുന്ന ഒരു നല്ല സിനിമ....അതാണ്‌ 'ദി ഇമിറ്റേഷൻ ഗെയിം'.

വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ , അതിന്റെ ഗതിവേഗം പിടിക്കുമ്പോ പ്രേക്ഷകനും അതേ പോലെ തന്നെ സിനിമയുടെ ഒപ്പം സഞ്ചരിക്കുന്നു. അലൻ ടുറിംഗ് എന്ന അതിബുദ്ധിമാനായ ഗണിതശാസ്ത്രന്ജന്റെ ജീവിതമാണ് ഈ സിനിമ. അദ്ധേഹത്തിന്റെ ജീവിതത്തിന്റെ മൂന്നു കാലഘട്ടങ്ങൾ കോർത്തിണക്കിയാണ് സിനിമയുടെ സഞ്ചാരം. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ , നാസി കോഡ് ആയ 'എനിഗ്മ' ബ്രേക്ക്‌ ചെയ്യാൻ അലനും , ബ്രിട്ടനിലെ മറ്റു ഗണിത വിദഗ്ധരും ഒത്തു ചേരുന്നതും , പതിയെ അവർ ആ ഉദ്യമത്തിൽ വിജയിക്കുകയും , സഖ്യ കക്ഷികളെ യുദ്ധത്തിൽ വിജയിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് കഥാ തന്തു. അതിനൊപ്പം തന്നെ, ബ്രിട്ടനിലെ അക്കാലത്തെ സമൂഹ്യസ്ഥിതിയും, അലൻ എന്ന നായകൻറെ സ്വവർഗ പ്രേമവും, അത്തരം ആൾക്കാർക്ക്  ആ കാലഘട്ടത്തിൽ അനുഭവിക്കേണ്ട ദുരവസ്ഥകളും, യുദ്ധക്കെടുതികളും, ജോവാൻ എന്ന നായികയുടെ അലൻ പ്രണയവും......അങ്ങനെ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നു ഈ സിനിമ.

ഈ സിനിമയിൽ , ബെനെടിക്റ്റ് കമ്പർബാക്ക് ഒരു 'ജീനിയസ്' ലെവലിൽ ഉള്ള അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒരു സ്വവർഗ പ്രേമിയുടെ എല്ലാ സംഘർഷങ്ങളും, ഒരു ലോകോത്തര ജീനിയസിന്റെ മാനറിസങ്ങളും അദ്ദേഹം അവിസ്മരണീയമാക്കി. സിനിമയുടെ അവസാന ഭാഗങ്ങളിൽ അതി മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങി, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന, മാജിക് ടച്ച്‌ ഉള്ള തിരക്കഥ, പക്വതയാർന്ന സംവിധാനം , കാലഘട്ടാനുസൃതമായ ആർട്ട് വർക്ക്‌, മനോഹരമായ പശ്ചാത്തല സംഗീതം..അങ്ങനെ ഒരുപാട് പോസിടീവ്സ് ഉള്ള ഒരു നല്ല സിനിമ. അല്പം കൂടി, അലന്റെ വ്യക്തിജീവിതത്തെയും സ്വവർഗ പ്രശ്നത്തെയും ഫോക്കസ് ചെയ്തിരുന്നേൽ അല്പം കൂടി നന്നായേനെ എന്നാണു എന്റെയൊരു ഇത്.

എന്തായാലും, നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ആരും തന്നെ ഈ സിനിമ മിസ്സ്‌ ചെയ്യരുത്. കാണണം !

വാൽ: നിങ്ങൾ ഈ കുറിപ്പ് വായിക്കുന്നത് നിങ്ങളുടെ കമ്പ്യുട്ടറിലോ ലാപ്ടോപ്പിലോ ആണെങ്കിൽ ഓർക്കുക. അതിനു തുടക്കം കുറിച്ച മഹാവ്യക്തിയുടെ കഥയാണ്‌ 'ദി ഇമിറ്റേഷൻ ഗെയിം'. അലൻ ടുറിംഗ് എന്ന മഹാ പ്രതിഭയ്ക്ക് മുന്നിൽ ഒരു സല്യുട്ട്!

ഒളിവിലെ ഓർമ്മകൾ

ഒളിവിലെ ഓർമ്മകൾ
തോപ്പിൽ ഭാസി

ഒന്നാം പേജ് മുതൽ ഇത്രയും രസകരമായി കഥ പറയുന്ന മറ്റൊരു പുസ്തകം ഞാൻ ഇത് വരെ വായിച്ചിട്ടില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ, ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണ് ഈ പുസ്തകം. അതിസാഹിത്യമില്ലാതെ തന്നെ വളരെ മനോഹരമായൊരു സാഹിത്യസൃഷ്ട്ടി നൽകാൻ കഴിയുമെന്നു ശ്രീ. തോപ്പിൽ ഭാസി തെളിയിച്ചിരിക്കുന്നു. ലളിതമായ ശൈലിയെങ്കിലും വിപ്ലവത്തിന്റെയും കമ്മ്യൂണിസത്തിന്റെയും തീ , കെടാതെ തന്നെ തന്റെ വാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നു.

ഒരുപാട് കഥാപാത്രങ്ങളുണ്ട് ഈ ഓർമപ്പുസ്തകത്തിൽ. എല്ലാവരും തന്നെ പാർട്ടിയുടെ വളർച്ചക്കും മറ്റും പല രീതികളിൽ സഹായമായവർ. അതിൽ നേതാക്കന്മാരുണ്ട്, തൊഴിലാളികളുണ്ട്, അടിയാന്മാരുണ്ട്, കൊച്ചു കുട്ടികൾ വരെയുണ്ട്. ഇപ്പോൾ നാം കാണുന്ന വള്ളികുന്നവും ശൂരനാടും കായംകുളവും ഒക്കെ, ഒരു കാലത്ത് കോണ്‍ഗ്രസ് സർകാരിന്റെ 'ജനാധിപത്യ' പോലീസിന്റെ നരനായാട്ടിനു സാക്ഷ്യം വഹിക്കേണ്ടി വന്ന ഭൂമികകൾ ആണെന്ന വസ്തുത, അല്പം ഞെട്ടലോടെ മാത്രമേ നമുക്ക് വായിച്ചിരിക്കാൻ പറ്റൂ. നാമിപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം , ഗാന്ധിജി നേടി തന്നത് മാത്രമല്ല എന്നും തിരിച്ചറിയാൻ ഈ പുസ്തകം സഹായകമാകുന്നു.

ഇത്രയേറെ യാതനകൾ അനുഭവിക്കുന്ന സമൂഹത്തിൽ, ജന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ എന്തൊക്കെ സഹിക്കണം എന്നും ഈ പുസ്തകം വരച്ചു കാട്ടുന്നു. ഒരു മനുഷ്യന്റെ ചിന്തകളെ, സ്വഭാവങ്ങളെ, സഹജീവികളോടുള്ള പെരുമാറ്റത്തെ എങ്ങനെയൊക്കെ ഈ സ്ഥിതിവിശേഷങ്ങൾ രൂപപ്പെടുത്തുന്നു എന്നും സ്വന്തം അനുഭവങ്ങളിലൂടെ ശ്രീ. ഭാസി വിവരിക്കുന്നു.  വാക്കുകളിൽ മുറ്റി നിൽക്കുന്ന ഭീകരതയും,  ഭയവും,വിപ്ലവവും, ആവേശവും , വായനക്കാരനിലേക്ക് പകരുന്ന ഒരു അത്ഭുതം ഈ പുസ്തകം വായിക്കുമ്പോൾ സംഭവിക്കുന്നു. ആത്മ കഥയെന്നാൽ ആത്മ പ്രശംസ എന്ന് കരുതുന്ന 'ആത്മകഥാ എഴുത്തുകാരോട്' ഒരു വാക്ക് :  'ഒളിവിലെ ഓർമ്മകൾ' വായിക്കുക.

ഒരുപാട് സന്ദർഭങ്ങൾ ഓർത്തിരിക്കാനുണ്ട് ഈ പുസ്തകത്തിൽ നിന്നും. തമാശയും, ഭയവും, ഭീകരതയും, പട്ടിണിയും, സ്നേഹവും...അങ്ങനെ എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്ന ഒരുപാട് സന്ദർഭങ്ങൾ. മൊന്തയിൽ പായസം കൊണ്ട് വരുന്ന വൃദ്ധൻ, കുഞ്ഞച്ചനും അഞ്ചു മക്കളും, അമ്മിണിയും പെണ്ണ് കാണലും, ശൂരനാട് സംഭവം, തോപ്പിൽ ഭാസിയുടെ അറസ്റ്റ്....അങ്ങനെ അങ്ങനെ പോകുന്നു. ആകെ മൊത്തം, വളരെ സംതൃപ്തി നൽകുന്ന ഒരു വായനാനുഭവമാണ് 'ഒളിവിലെ ഓർമ്മകൾ'.

ഇതൊരു പ്രത്യേക പാർട്ടിയുടെ 'പ്രോപോഗാണ്ട' പുസ്തകമല്ല. ഏതു പാർട്ടികാർക്കും വായിക്കാവുന്ന, വിമർശിക്കാവുന്ന, ആസ്വദിക്കാവുന്ന ഒരു പുസ്തകമാണ്. പക്ഷെ, ഒരു മുന്നറിയിപ്പ് : ഏതെങ്കിലും സന്ദർഭത്തിൽ, ഈ പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ  ഇടനെഞ്ചിൽ നിന്നും ഒരു 'ലാൽ സലാം' പറഞ്ഞു പോയാൽ, അപ്പൊ നിർത്തിക്കോ. അല്ലെങ്കിൽ, പിന്നെ നിങ്ങളും ഒരു കമ്മ്യൂണിസ്റ്റ്‌ ആയെന്നു വരും !

വാൽ :  ലാൽ സലാം!

Sunday, February 1, 2015

ഖാമോഷിയാൻ (ഹിന്ദി )

ഖാമോഷിയാൻ (ഹിന്ദി ):

ഒന്നും പറയാനില്ല. സ്ഥിരം വിക്രം / മുകേഷ്/ മഹേഷ്‌ ഭട്ട് 'ബോംബ്‌' കഥ തന്നെ.
വിജനമായ ഗ്രാമം - - ചെക്ക്‌....വലിയ കോട്ട - - ചെക്ക്‌....സുന്ദരിയായ, ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കൊടി - - ചെക്ക്‌...പ്രേമം/ കാമം - - - ആവശ്യത്തിനു....കൊല/ ചോര - - - കുറഞ്ഞു പോയി....പ്രേതം- - ഒറ്റ ഒരെണ്ണം...ലോജിക് - -ഒട്ടുമില്ല ( വിനയൻ ലോജിക്ക് പോലുമില്ല).

വാൽ: ചുരുക്കി പറഞ്ഞാൽ , " ഹോട്ടൽ ആണെന്നു കരുതി ഒരു ഭാർഗ്ഗവീനിലയത്തിലേക്ക് നടന്നു കയറിയ ഒരു മസ്സിൽ മാൻ കഥാകാരന്റെ കഥന കഥ ".