Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, February 15, 2015

അനേഗൻ (തമിഴ്)

അനേഗൻ (തമിഴ്)

ഒരു കാലത്ത് തമിഴ് സിനിമയെന്നാൽ 'ലോജിക്' ഇല്ലാത്ത അതിമാനുഷ കഥകളാൽ അല്ലെങ്കിൽ അതിമാനുഷ കഥാപാത്രങ്ങളാലോ സമ്പന്നമായ സിനിമകൾ ഇറങ്ങുന്ന ഇണ്ടസ്ട്രി എന്നായിരുന്നു. എന്നാൽ ഒരുപാട് മനോഹര സിനിമകളിലൂടെ, ജീവിതത്തോട് അടുത്ത് നിൽക്കുന്ന സിനിമകളും തങ്ങൾക്കു എടുക്കാൻ അറിയാം എന്ന് തമിഴ് സിനിമാലോകം  നമുക്ക് കാട്ടി തന്നു. നൂറു ശതമാനം അല്ലെങ്കിലും , ആ പഴയ ലോജിക്ക് ഇല്ലായ്മയുടെയും അതിമാനുഷികതയുടെയും സിനിമാക്കാഴ്ചകളിലേക്കുള്ള ഒരു 'റിവേർസ് ഗിയർ' ആണ് കെ.വി. ആനന്ദിന്റെ ധനുഷ് ചിത്രമായ 'അനേഗൻ'.

'അനേഗൻ' എന്ന വാക്കിന് ദൈവം എന്നും അർത്ഥമുണ്ട്. ഒരുപാട് രൂപങ്ങളിൽ ഒരാൾ.അല്ലെങ്കിൽ, ഒരുപാട് മനുഷ്യരിൽ ഒരാൾ. ഈ തലക്കെട്ടിനോട് ഒരു പരിധി വരെ നീതി പുലർത്തുന്നുണ്ട് ഈ സിനിമ. പുനർജ്ജന്മം എന്ന വിഷയം തമിഴ് സിനിമയിലും മറ്റു പല ഭാഷാ സിനിമകളിലും ഒരുപാട് ചർച്ച ചെയ്യപ്പെട്ട തീം ആണ്, അതും അറുപതകുളിലും എഴുപതുകളിലും ഇറങ്ങിയ സിനിമകളിൽ. പക്ഷെ, ആ സിനിമകൾ ഒക്കെ തന്നെ, സിനിമയുടെ അടിസ്ഥാന തീം പുനർജ്ജന്മം തന്നെയാണ് എന്ന് അടിവരയിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, 'അനേഗൻ' ആ തീരുമാനം പ്രേക്ഷകന് നൽകുകയാണ്. പുനർജന്മത്തിനു സാധുതയേകുന്ന രീതിയിലും, എന്നാൽ അതല്ല, അത് ഒരു സൈക്കോളോജിക്കൽ പുനർസൃഷ്ടിയാണെന്ന രീതിയിലും കഥ പറയുന്ന ഒരു തിരക്കഥാകൃത്തിനെ നമുക്കീ സിനിമയിൽ കാണാൻ കഴിയും. (അതിനെക്കുറിച്ച് ഒരുപാട് പറയുന്നില്ല).

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ആദ്യ പകുതി, പതുക്കെ നമ്മെ സിനിമയിലേക്ക് അടുപ്പിക്കുന്നു. ഇടവേളയാകുമ്പോ ഉറപ്പായും നമ്മൾ ചായ കുടിക്കാനോ പെപ്സി വാങ്ങാനോ പോകില്ല, കാരണം ഒരുപാട് ചിന്തകൾ നമ്മുടെ മനസ്സിലേക്ക് തന്നിട്ടാണ് സംവിധായകൻ 'ഇന്റെർവൽ' കാർഡ്‌ ഇടുന്നത്. പക്ഷെ, രണ്ടാം പകുതിയിൽ  സിനിമക്ക് അതിന്റെ ഒഴുക്ക് നഷ്ടപ്പെടുകയും, വല്ലാതെ ക്ലിഷേഡ് ആകുകയും ചെയ്യുന്നു. കണ്ടു മടുത്ത 'പ്രണയ' സീനുകളും, വേണ്ടാതിടത്തുള്ള ഒന്ന് രണ്ടു പാട്ടുകളും സിനിമയെ കൊല്ലുന്നു. തിരക്കഥ ഇടക്കികിടക്ക് ഇഴയുന്നുണ്ടെങ്കിലും ആകെ മൊത്തം നല്ലൊരു സൃഷ്ടിയായിരുന്നു. പാട്ടുകൾ മോശമാക്കിയില്ല. സംഘട്ടന രംഗങ്ങൾ അതിമാനുഷമായിരുന്നെങ്കിലും കാണാനൊരു ഗുമ്മുണ്ടായിരുന്നു.

ധനുഷ് ഈ സിനിമയിലും തന്റെ റോൾ മോശമാക്കിയില്ല. മൂന്നു കാലഘട്ടങ്ങളിലെ മൂന്നു സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ തന്റെതായ ശൈലിയിലൂടെ അദ്ദേഹം നന്നായി തന്നെ ചെയ്തു. പക്ഷെ, ആ ശൈലി പലയിടങ്ങളിലും വല്ലാത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു. പിന്നെ, പല രംഗങ്ങളിലും പുള്ളിക്ക് തന്നെ ഒരു താൽപര്യമില്ലാത്ത പോലെയായിരുന്നു. നായിക നന്നായി. കാണാൻ ഇഷ തൽവാരിന്റെ ചായ കാച്ചിയ പോലെയുണ്ടായിരുന്നുവെങ്കിലും അഭിനയം മികച്ചതായിരുന്നു. 'നവരസ നായകൻ' കാർത്തിക്കും തന്റെ റോൾ ഗംഭീരമാക്കി. ബാക്കിയുള്ളവർക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

കെ.വി. ആനന്ദിന്റെ (സംവിധായകനായി) ഞാൻ കണ്ടിട്ടുള്ള സിനിമകളിൽ, 'കനാ കണ്ടേനും' , 'അയനും' താഴെയും, എന്നാൽ 'കോ'യ്ക്ക് മുകളിലും ആണ് 'അനേഗൻ' എന്ന സിനിമയുടെ സ്ഥാനം. ഇടക്കൊക്കെ ഒന്ന് ബോറടിപ്പിച്ചും ചിലപ്പോഴൊക്കെ ത്രില്ലടിപ്പിച്ചും പോകുന്ന ഒരു 'വണ്‍ ടൈം വാച്ച്' ആണ് 'അനേഗൻ'. പിന്നെ, പുനർജന്മമാണോ അതോ ആ പെണ്ണിന്റെ ഭ്രാന്താണോ എന്ന് കണ്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക. കണ്ടു കഴിഞ്ഞു നിങ്ങൾക്ക് ഭ്രാന്തായാൽ എന്നെ ചീത്ത വിളിക്കരുത്.

വാൽ: സിനിമയുടെ പല ഫ്ലാഷ്ബാക്ക് സീനുകളിലും നായികയുടെ 'വെളിപാടുകൾ' കാണുമ്പോ, സുരാജിന്റെ ഒരു ഡയലോഗാണ് ഓർമ വന്നത് : "ഇവൾക്കെന്തെഡേയ് പ്രാന്താ!!???".

ശുഭം.

No comments:

Post a Comment