Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, February 21, 2015

ബദ് ലാപൂർ

ബദ് ലാപൂർ

സ്പോയിലേർസ് ഉണ്ടാവാം

'The axe forgets, the tree remembers' - - - ഈയൊരു ആഫ്രിക്കൻ ചിന്തയിൽ നിന്നാണ് 'ബദ് ലാപൂർ ' യാത്ര ആരംഭിക്കുന്നത്. സിനിമയിലുടനീളം ഈ ഒരു വരി തന്നെയാണ് നിറഞ്ഞു നിൽകുന്നതും. ഒന്നാമത്തെ സീനിൽ തന്നെ, നല്ല പോലെ ഹോം വർക്ക്‌ ചെയ്ത ഒരു തിരക്കഥയാണിതെന്നു നമുക്ക് കാട്ടി തരുന്നു ഈ സിനിമ. ഒരുപാട് പ്രതികാരകഥകൾ നാം കണ്ടിട്ടുണ്ട്, എന്നാൽ 'ബദ് ലാപൂർ'  ഒരു പ്രത്യേക അനുഭവമാണ്.

ബോളിവുഡിൽ തന്നെ നമ്മൾ ഒരുപാട് പ്രതികാര കഥകൾ കണ്ടിട്ടുണ്ട്. എന്നാൽ, 'ബദ് ലാപൂർ' എന്ന സിനിമയെ അതിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ തിരക്കഥയും, കഥപറച്ചിലിന്റെ വേഗതയും, കഥാപാത്രങ്ങളുടെ മാനസിക നിലവാരങ്ങളുടെ പ്രത്യേകതകളുമാണ്. സ്വന്തം ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ദുഷ്ടന്മാരെ കണ്ടെത്തി നിഗ്രഹിക്കുന്ന സ്ഥിരം നായകൻ തന്നെയാണിതിലും.പക്ഷെ, അതിനായി അയാൾ കാത്തിരിക്കുന്ന സമയം, പ്രതികാരം നിർവഹിക്കുന്ന രീതി, അതിനു ശേഷവും അതിനൊപ്പവും ഉള്ള മന:സംഘർഷങ്ങൾ....ഇതൊക്കെയാണ് 'ബദ് ലാപൂർ 'നെ വ്യത്യസ്തമാക്കുന്നത്. ഇതിൽ സസ്പെൻസ് ഇല്ല, കൊന്നയാൾ ആരെന്നാദ്യമേ നായകനും പ്രേക്ഷകനും അറിയാം. പ്രേക്ഷകൻ കാത്തിരിക്കുന്നത്, നായകൻറെ പ്രതികാരമാണ്...അത് എങ്ങനെ ചെയ്യുന്നു എന്നതാണ്. ഒന്നാം പകുതിയിൽ നായകൻറെ വികാരം പ്രേക്ഷകനിലേക്ക് പകർത്താൻ സംവിധായകന് സാധിച്ചു എങ്കിലും, രണ്ടാം പകുതിയിൽ വെറും ഒരു ഉപദേശ പ്രസംഗത്തിലേക്ക് സിനിമ ചുരുണ്ട് കൂടി. പൊതുവെ സിനിമക്ക് പതിഞ്ഞ വേഗതയാണെങ്കിലും , ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ആ ചടുലത പിന്നീട് നഷ്ടപ്പെടുന്നു .

സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് വരുണ്‍ ധവാന്റെയും നവസുദ്ദീൻ സിദ്ദിഖിയുടെയും അഭിനയപ്രകടനമാണ്. പ്രതികാര നായകനായി വരുണും , സാഹചര്യങ്ങൾ കൊലപാതകി ആക്കിയ , സമൂഹത്തോട് യാതൊരു ബഹുമാനവും ഇല്ലാത്ത ഒരു  ചേരി മനുഷ്യനായി സിദ്ദിഖിയും തകർത്തു. 20 വർഷം വരുണിന്റെ കഥാപാത്രം കാത്തിരിക്കുന്നത് തന്റെ കുടുംബം ശിധിലമാക്കിയവന്റെ മരണം ആണെങ്കിൽ, സിദ്ദിഖിയുടെ കഥാപാത്രം കാത്തിരിക്കുന്നത് സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രണയത്തിന്റെയും ഒരു ലോകമാണ്. മറ്റു അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ ഗംഭീരമാക്കി. പാട്ടുകൾ മോശമാക്കിയില്ല, പശ്ചാത്തല സംഗീതം നന്നായി. വരുണ്‍ ധവാന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച വേഷം തന്നെയാണിത്. പക്ഷെ, പല സീനുകളിലും തന്റെ കഥാപാത്രം ആവശ്യപ്പെടുന്നത്ര ശബ്ദഗാംഭീര്യം അദ്ദേഹത്തിന് ഇല്ലാതെ പോയി.

സ്ഥിരം ബോളിവുഡ് 'അടി, ഇടി, വെടി, ചോര' പ്രതികാര സിനിമകളിൽ നിന്നും വ്യത്യസ്തമാണ് 'ബദ് ലാപൂർ'. പ്രേക്ഷകനെ കൂടെ കൊണ്ട് പോകുന്ന തീവ്രമായ വികാരങ്ങളുള്ള ഒരു സിനിമ  തന്നെയാണിത്.പക വീട്ടാനുള്ളതാണ്, എന്നാൽ അതിനു ശേഷം എന്ത് എന്ന സന്ദേശവും ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നു. നഷ്ട്ടപ്പെടുത്തരുത്, ഈ 'ബദ് ലാപൂർ ' യാത്ര.


വാൽ: സെക്സും വയലൻസും ഉള്ള സിനിമകൾക്ക് 'എ' സെർട്ടിഫിക്കറ്റ് ഉള്ളതാണ്. എന്നിട്ടും, ചില മാതാപിതാക്കൾ നാലും അഞ്ചും വയസ്സുള്ള മക്കളെയും കൊണ്ടാണ് ഇത്തരം സിനിമകൾക്ക് കയറുന്നത്. മാതാപിതാക്കളും തിയറ്റർ അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment