മുത്തശ്ശികഥകൾ എന്നും കൌതുകം ഉണർത്തുന്നവയാണ്. ഫാൻറ്റസിയുടെയും യാഥാർഥ്യത്തിന്റെയും, നല്ലൊരു സന്ദേശത്തിന്റെയും രസക്കൂട്ടാണ് മുത്തശികഥകൾ. തിന്മക്ക് മേൽ നന്മ ജയിക്കുന്ന സ്ഥിരം ഫോർമുല ആണെങ്കിലും ആ കഥകൾക്ക് നമ്മെ പിടിച്ചിരുത്താനുള്ള മാന്ത്രികത ഉണ്ടായിരുന്നു. അത് കഥയുടെ മേന്മയെക്കാൾ കഥ പറച്ചിലിന്റെ മേന്മയാണ്. അത്തരം ഒരു ഫാന്റസി മുത്തശികഥ യാത്രയാണ് 'ലോർഡ് ലിവിങ്ങ്സ്റ്റൻ 7000 കണ്ടി' എന്ന സിനിമ.
സ്വന്തം മണ്ണ് രക്ഷിക്കാൻ പൊരുതുന്ന സമൂഹത്തിന്റെ കഥകൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, കാൽച്ചുവട്ടിൽ നിന്നും സ്വന്തം നിലനിൽപ് ചോർന്നോലിക്കുന്നത് അറിയാത്ത, നിഷ്കളങ്കരായ, പ്രാകൃതരായ ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ സിനിമ. അവരെ ആ വിപത്തിൽ നിന്നും രക്ഷിക്കാൻ, ഫിലിപ്പോസ് ജോണ്‍ വർക്കി എന്ന പ്രകൃതി സ്നേഹിയും , അദ്ദേഹം വിളിച്ചു വരുത്തുന്ന , സമൂഹത്തിലെ നാനാ തുറകളിൽ നിന്നുല്ലുവരും ചേർന്നുള്ള പോരാട്ടമാണ് ഈ സിനിമ. നാട്ടിൽ നിന്നും കാടിനെ രക്ഷിക്കാൻ പറയാൻ വളരെ എളുപ്പമാണ്, എന്നാൽ ആ പറച്ചിൽ കാട്ടിനുള്ളിൽ നിന്ന് പറയുകയാണ് സംവിധായകൻ.
ഇത് ശെരിക്കും സംവിധായകന്റെ സിനിമയാണ്. ചിത്രത്തിന്റെ ഓരോ കോണിലും അദ്ധേഹത്തിന്റെ സ്വതസിദ്ധമായ കയ്യൊപ്പ് കാണാം. സിനിമ തുടങ്ങുമ്പോൾ അദ്ധേഹത്തിന്റെ തന്നെ 'നോർത്ത് 24 കാതം' എന്ന സിനിമയുടെ ഒരു ഫീൽ തരുമെങ്കിലും, പിന്നീടങ്ങോട്ട് ഒരു adventure മൂഡ് ആണ് സിനിമയ്ക്കു. ശ്രീ അനിൽ രാധാകൃഷ്ണൻ മേനോൻ ..താങ്കൾ വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഈ സിനിമയുടെ ആത്മാവെന്നു പറയുന്നത് കാടാണ്. ആ കാടിന്റെ മനോഹാരിത കണ്ണഞ്ചിപ്പിക്കുന്ന വിധം പകർത്തിയിരിക്കുന്നു ഇതിന്റെ ക്യാമറ ചലിപ്പിച്ച ജയേഷ് നായർ. ടൈറ്റിൽ കാർഡ് മുതൽ ക്ലൈമാക്സ് വരെ കണ്ണിനു ഒരു ആഘോഷമാണു ഈ സിനിമയുടെ വിഷ്വൽസ്. കാട്ടിലേക്ക് ഒരു പിക്നിക് പോയത് പോലെ! VFX ടീമും ആർട്ട് വർക്കും കയ്യടി അർഹിക്കുന്നു. അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിനു മിഴിവേകി.
നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ഇക്കാലത്ത് വിരളമാണ്. 'ലോർഡ് ലിവിങ്ങ്സ്റ്റൻ 7000 കണ്ടി' പക്ഷെ, സമൂഹത്തിനു നല്ലൊരു സന്ദേശം നൽകുന്നു...ഒരു മുത്തശ്ശികഥ പോലെ.
വാൽ: സ്ക്രീനിൽ "Directed By : Anil Radhakrishnan Menon" എന്നെഴുതി കാണിച്ചപ്പോൾ തിയറ്ററിൽ നല്ല കയ്യടി ആയിരുന്നു. പ്രേക്ഷകർ ഈ സംവിധായകനിൽ എത്ര മാത്രം പ്രതീക്ഷ അർപ്പിക്കുന്നു എന്നതിന്റെ തെളിവാണത്. കാത്തിരിക്കുന്നു, ഇനിയും താങ്കളുടെ നല്ല സിനിമകൾക്കായി.
No comments:
Post a Comment