സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പേര്. പ്രതികാരത്തിന്റെ തീയും ചൂടും ആവാഹിച്ച പേര്. പക്ഷെ, ആ തീവ്രത പ്രേക്ഷകനിലേക്ക് പകർത്തുന്നതിൽ ഈ സിനിമ പരാജയപ്പെടുന്നു. ഈ കനലിനു ചൂട് പോര.
ഒരു സംഭവകഥയെ ആസ്പദമാക്കിയെടുത്ത സിനിമ, പക്ഷെ ആ ഒരു ഫീൽ ഒരിടത്തും ജനിപ്പിക്കുന്നില്ല. അതി നാടകീയത പലയിടത്തും പ്രകടമായി (ഒരു പക്ഷെ, കഥയെക്കാൾ നാടകീയമാണ് യഥാർത്ഥ ജീവിതം എന്ന പറച്ചിലിൽ സത്യം ഉണ്ടായിരിക്കാം!). ഒരു പ്രതികാര കഥയുടെ മൂഡോ ഉദ്വേഗമോ ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞില്ല. ഒന്നാം പകുതി നല്ല രീതിയിൽ ഇഴഞ്ഞപ്പോൾ , രണ്ടാം പകുതിയിൽ അൽപം വേഗത കണ്ടു, പക്ഷെ അത് നിരാശയിലേക്കുള്ള പോക്കായിരുന്നു. ഒരു സൂപ്പർ താര ചിത്രത്തിന് ടിക്കറ്റ് എടുത്തെങ്കിലും, ഒരു അമാനുഷിക പ്രകടനം പ്രതീക്ഷിച്ചല്ല പോയത്. ആ പ്രതീക്ഷ കാത്തെങ്കിലും, സംവിധാനത്തിലെയോ തിരക്കഥയിലേയോ പാളിച്ചകൾ പോരായ്മയായി.
പതിവ് പോലെ ലാലേട്ടൻ തകർത്തു. ഒരു സീനിൽ പോലും നമ്മളെ അദ്ദേഹം നിരാശപ്പെടുത്തില്ല. പ്രതികാരവും പ്രണയവും അദ്ദേഹം നന്നായിത്തന്നെ പകർന്നാടി. അതുൽ കുൽക്കർണിയും അനൂപ് മേനോനും മികച്ച പിന്തുണ നൽകി. ചില aerial visuals നന്നായിരുന്നെന്നു ഒഴിച്ചാൽ ക്യാമറ average ആയിട്ടാണ് തോന്നിയത്. സിനിമയുടെ നീളം തികയ്ക്കാനാണോ എന്തോ, ഒരാവശ്യവും ഇല്ലാത്ത പാട്ടുകൾ ഉണ്ടായിരുന്നു, അതും കേൾക്കാൻ ഒരു സുഖവുമില്ലാതതു.
നല്ല തീം. നല്ല അഭിനേതാക്കൾ. പക്ഷെ, ഇതൊക്കെ വേണ്ട വിധം ഉപയോഗിക്കാൻ സംവിധായകന് കഴിയാതെ പോയി. മോഹൻലാൽ എന്ന നടന്റെ നല്ലൊരു പ്രകടനം കാണണമെങ്കിൽ മാത്രം ടിക്കറ്റ് എടുക്കാം.
വാൽ : സിനിമ രണ്ടാം പകുതിയിലേക്ക് അൽപം കയറിയപ്പോ മുന്നിൽ നിന്നും കൂർക്കം വലികൾ കേട്ടു. കയ്യടികൾക്ക് പകരം ഇത്തരം കൂർക്കം വലികൾക്ക് വഴി മാറരുത് മലയാള സിനിമ എന്ന പ്രാർത്ഥന മാത്രം ബാക്കി.
No comments:
Post a Comment