മുൻനിര നായകന്മാരെ വെച്ച് ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ നമ്മെ രസിപ്പിച്ചു വിജയിച്ചവയും, രസിപ്പിക്കാതെ സാറ്റലൈറ്റ് തുക കൊണ്ട് മാത്രം രക്ഷപെട്ടവയും , വെറുപ്പിച്ചവയും ഉൾപ്പെടുന്നു. ചില ചില്ലറ പാളിച്ചകൾ മറന്നാൽ 'അമർ അക്ബർ അന്തോണി' നമ്മെ രസിപ്പിക്കുന്ന സിനിമ തന്നെയാണ്. ഒരു ആഘോഷ സിനിമ.
കാലിക പ്രശ്നങ്ങളിൽ ഊന്നിയുള്ള ഹാസ്യ സിനിമകൾ പൊതുവെ, ആ പ്രശ്നത്തിന് ഊന്നൽ കൊടുക്കാതെ, ഹാസ്യത്തിന്റെ ആധിക്യത്തിൽ മുങ്ങിപ്പോകാറുണ്ട്. ഈ സിനിമയിലും അങ്ങനെ ഒരു പ്രശ്നം കടന്നു കൂടിയിട്ടുണ്ട്. പ്രേക്ഷകന് നല്കുന്ന സന്ദേശം സിനിമയുടെ മൊത്ത സമയത്തിന്റെ ഒരു ചെറിയ ശതമാനത്തിൽ മാത്രമേ കാണിക്കുന്നുള്ളൂ. എങ്കിൽ തന്നെയും, അതിന്റെ ഗൌരവം ഒട്ടും തന്നെ ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ന്യൂ ജെൻ തമാശകളിൽ മാത്രം ഒതുങ്ങാതെ , നാദിർഷ ടച് ഉള്ള ഒരുപാട് കൌണ്ടർ തമാശകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ.
പ്രിത്വിരാജ്-ഇന്ദ്രജിത്ത്-ജയസൂര്യ കോമ്പോ കലക്കി മറിക്കുന്ന കാഴ്ചയാണ് നമുക്ക് സിനിമയിൽ കാണാൻ കഴിയുക. പതിവ് പോലെ ഇന്ദ്രനും ജയനും തങ്ങളുടേതായ ശൈലികളിൽ കോമഡി രംഗങ്ങളിൽ തകർത്തപ്പോൾ, തനിക്ക് കോമഡി വഴങ്ങില്ല എന്ന് വിമർശിച്ചവരോടുള്ള ശക്തമായ മറുപടിയായി പ്രിത്വിയുടെ പ്രകടനം. യുവത്വത്തിന്റെ ഊർജ്ജവും സൗഹൃദവും നന്നായി തന്നെ സ്ക്രീനിൽ കാണാം. ജടായുവിനെയും (ഷാജോണ്‍) 'നല്ലവനായ ഉണ്ണി'യെയും (പിഷാരടി) പാഷാണത്തിനെയും കോപ്രായങ്ങൾക്ക് വിടാതെ ഒതുക്കമുള്ള നല്ല കഥാപാത്രങ്ങളാക്കി വെച്ചത് സംവിധായകന്റെ മിടുക്ക്. യുവ നായകന്മാരുടെ ആഘോഷ അഭിനയ പ്രകടനങ്ങൾക്കിടയിൽ വലുതായൊന്നും ചെയ്യാനില്ലാത്ത നായികയായി നമിത പ്രമോദും സിനിമയിലുണ്ട്.
ആദ്യ സംരഭമെന്ന നിലയിൽ സംവിധായകന്റെ മേലങ്കിയണിഞ്ഞ നാദിർഷ കയ്യടി അർഹിക്കുന്നു (തിയറ്ററിലും അത് പ്രകടമായിരുന്നു). പാട്ടുകൾ വലിയ മെച്ചം പറയാനില്ലെങ്കിലും, ആ കവിത നന്നായിരുന്നു. പലയിടത്തും എടുത്തു വെച്ചത് പോലുള്ള സീനുകൾ ഉണ്ടായിരുന്നെങ്കിലും തിരക്കഥയിലെ വേഗത കൊണ്ടും നല്ല നർമം കൊണ്ടും എഴുത്തുകാർ ആ പോരായമയെ ഒരു പരിധി വരെ മറി കടന്നു. മിക്കവാറും എല്ലാ രംഗങ്ങളിലും ബാക്ക് ലൈറ്റിന്റെ അമിതമായ ഉപയോഗം ഉണ്ടായിരുന്നു, അത് തികച്ചും പ്രകടവും ആയിരുന്നു (ബൾബ് വരെ കാണാരുന്നു ).
ഇതൊരു മഹത്തരമായ സിനിമയൊന്നും അല്ല. പക്ഷെ,കുറച്ചു നാൾ മുൻപ് വെറുപ്പിച്ചു കൊണ്ടിരുന്ന ജനപ്രിയനായകന്റെ 'ൻ' സിനിമകളേക്കാൾ നമ്മെ ചിരിപ്പികുകയും ചിന്തിപ്പികുകയും ചെയ്യുന്ന സിനിമയാണിത്. ഓർത്തു വെക്കാവുന്ന തമാശകൾ കുറവാണെങ്കിലും രണ്ടു രണ്ടര മണിക്കൂർ ചിരിച്ചു രസിക്കാവുന്ന സിനിമയാണ് 'അമർ അക്ബർ അന്തോണി'.
വാൽ : നിത്യ ഹരിത ഗാനങ്ങൾ ആയ 'കടുവായെ കിടുവ പിടിക്കുന്നെ', 'പുതിയ മുഖം ...ഓ ..' എന്നിവ റീമിക്സ് ചെയ്തു ഇന്ദ്രജിത്തിന്റെ ശബ്ദത്തിൽ ഈ സിനിമയിൽ കേൾക്കാം. അതെന്തായാലും മിസ്സ് ചെയ്യരുത്!
No comments:
Post a Comment