Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, November 16, 2015

അനാർക്കലി



പ്രണയം എന്ന വിഷയം ഒരുപാട് ഓടിയ വിഷയം ആണെങ്കിലും , പുതുമ ചാലിച്ച് കാണിച്ചാൽ ഇപ്പോഴും പ്രേക്ഷകർ ഉണ്ടാവും എന്നതിന്റെ തെളിവാണ് തട്ടത്തിൻ മറയത്തിനും , പ്രേമത്തിനും, മൊയ്തീനുമൊക്കെ കിട്ടിയ കയ്യടി സാക്ഷ്യപ്പെടുതുന്നത്. ആ ശ്രേണിയിലേക്ക് ഇതാ മറ്റൊരു സിനിമ കൂടി : 'അനാർക്കലി'.

പ്രണയവും കാത്തിരിപ്പും ഒരു എസ്.എം.എസ് കിട്ടിയില്ലെങ്കിൽ അവസാനിക്കുന്ന ഈ ന്യു ജെൻ കാലഘട്ടത്തിലെ 'കമിതാക്കൾക്ക്' ഒരു അത്ഭുതം ആയിരുന്നു മൊയ്തീൻ എന്ന സിനിമ (ജീവിതം!). ഏതാണ്ട് അതേ രീതിയിലുള്ള മറ്റൊരു പ്രണയമാണ് 'അനാർക്കലി' മുന്നോട്ട് വെയ്ക്കുന്നത്. പ്രണയസാക്ഷാതകാരത്തിന് ജാതിയും, മതവും, കാലവും, മരണവും ഒന്നും ആരു തടസമല്ല എന്ന് കാട്ടിതന്ന മൊയ്തീന്റെ അതേ സന്ദേശത്തിന് മേൽ 'ഭാഷ', 'ദേശം' എന്നീ അതിരുകൾ കൂടി ചേർത്താൽ 'അനാർക്കലി' ആയി. ഇതൊരു മോഷണം എന്നല്ല പറഞ്ഞു വരുന്നത്, പക്ഷെ, ചർച്ച ചെയ്ത അടിസ്ഥാന വിഷയം ഒരേ പോലെയാണെന്നെ പറഞ്ഞുള്ളൂ. അല്ലേലും, പ്രണയം പറയുമ്പോ ക്ലീഷേ വരുന്നതും, സാമ്യം തോന്നുന്നതും, ഒരു കുറ്റമല്ല.

പതിഞ്ഞ താളത്തിലാണ് സിനിമ പോകുന്നത്. സിനിമയുടെ പശ്ചാത്തലവും ലൊക്കേഷനും ദ്രിശ്യങ്ങളും ഭാഷയും എല്ലാം തന്നെ  ഒരു 'relaxed' ആയിട്ടുള്ള കപ്പൽ യാത്ര പോലെ തോന്നും. ഇടയ്ക്കിടെ ആടിയുലഞ്ഞു , അവസാന തീരത്തണയുന്ന ഒരു കപ്പൽ യാത്ര.  പ്രിത്വിയുടെ കയ്യടക്കമുള്ള അഭിനയശൈലി തന്നെയാണ് ഈ സിനിമയുടെ കാതൽ. മൊയ്തീനും അമർ-അക്ബർ-അന്തോണിക്കും ശേഷം മറ്റൊരു വ്യത്യസ്ത മുഖവും അവതരണവും.  സിനിമയുടെ പതിഞ്ഞ താളത്തിന് ഒരു വേഗത തോന്നിപ്പിക്കാൻ ബിജു മേനോന്റെ മികച്ച റ്റൈമിങ്ങിനും പ്രകടനത്തിനും കഴിഞ്ഞു. കൂടുതലും വില്ലൻ വേഷങ്ങളിൽ തളയ്ക്കപ്പെടുന്ന സുരേഷ് കൃഷ്ണക്കും ഈ സിനിമയിലെ വ്യത്യസ്ത വേഷത്തിൽ തിളങ്ങാൻ സാധിച്ചു. നായികയായി പ്രിയാൽ ഗോറും മിതത്വമുള്ള അഭിനയം കാഴ്ചവെച്ചു. പ്രഥമ സംവിധാന സംരംഭമെന്ന നിലയിൽ സച്ചിക്ക് അഭിമാനിക്കാം. ലക്ഷദ്വീപിന്റെ സൌന്ദര്യം മനോഹരമായി പകർത്തിയ  സുജിത് വാസുദേവിന്റെ ക്യാമറക്കും സല്യുട്ട്.

'അനാർക്കലി' ഒരു നല്ല സിനിമയാണ്. പേരിനോട് നീതി പുലർത്തുന്ന ചിത്രം. ഒരു പക്ഷെ, നിങ്ങളെ ചിരിപിച്ചു കൊല്ലില്ലായിരിക്കാം...അല്ലെങ്കിൽ കണ്ണുകൾ നനയിക്കില്ലായിരിക്കാം...പക്ഷെ, നല്ലൊരു സിനിമ കണ്ടു എന്ന സംതൃപ്തിയോട് കൂടി തിയറ്റർ വിടാം.

വാൽ: മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് പ്രിത്വിരാജ് വീണ്ടും കൊതിപ്പിക്കുന്നു.  താരപരിവേഷതിലകപ്പെടാതെ ഇനിയും നല്ല സിനിമകൾ ചെയ്യുക.

No comments:

Post a Comment