സ്റ്റീഫൻ ഹോക്കിങ്ങ്സ്, ഹെലൻ കെല്ലർ , ബീതോവൻ , ജോണ്‍ നാഷ്, ലയണൽ മെസ്സി.....തങ്ങളുടെ പല വിധത്തിലുള്ള കുറവുകളെയും വിഷമതകളെയും അതിജീവിച്ചു , ജീവിതത്തിൽ വിജയം വരിച്ചവരാണ് ഇവർ. സഹതാപത്തിനും സഹായങ്ങൾക്കും കാത്തു നിൽക്കാതെ , പ്രതികൂലാവസ്ഥകളോട് പൊരുതി ലോക ചരിത്രത്തിൽ തങ്ങളുടെ കയ്യൊപ്പ് പതിച്ചവർ. അത് പോലെ, വിക്ക് മൂലം ജീവിതം തകർന്നു പോകും എന്ന അവസ്ഥയിൽ നിന്നും ജീവിത വിജയം കൈവരിക്കുന്ന സുധിയുടെ കഥയാണ് 'സു ..സു..സുധി വാത്മീകം'.
ഈ സിനിമ 'inspiration movie ' എന്ന വിഭാഗത്തിൽ പെടുന്നതാണ്. മലയാളത്തിൽ ഇത്തരം സിനിമകൾ അധികമില്ല എന്നാണു എന്റെ അറിവ് (തെറ്റാണെങ്കിൽ തിരുത്തണം). ഇത്തരം സിനിമകൾക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒരു സസ്പെൻസോ , അല്ലെങ്കിൽ ട്വിസ്റ്റുകളോ ഉണ്ടാവില്ല. തുടങ്ങുമ്പോഴേ അറിയാം സിനിമ നായകൻ വിജയിക്കുന്നിടത്താണ് അവസാനിക്കുന്നതെന്ന്. പക്ഷെ, ഈ സിനിമയുടെ കഥ യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്തതായതിനാൽ ഒരു സമയത്തും ഇതൊരു സിനിമയാണെന്ന് തോന്നുന്നില്ല. കഥപറച്ചിലിനു വേണ്ടി ചില രംഗങ്ങളും കഥാപാത്രങ്ങളും (ഉദാ : മുകേഷിന്റെ വേഷം ) കൂട്ടിചേർത്തെങ്കിലും അതൊരു എച്ചുകെട്ടലായി തോന്നിയില്ല.
ആദ്യമായി ഇതിലെ യഥാർത്ഥ സുധിക്ക് ഒരു സല്യൂട്ട്. നിങ്ങളെ പോലെ ഉറച്ച മനസ്സുള്ളവർക്ക് മുന്നിൽ ഞങ്ങളൊന്നും ഒന്നുമല്ല. പിന്നെ, സുധിയായി സ്ക്രീനിൽ ജീവിച്ച ജയസുര്യക്കും ഒരു സല്യൂട്ട്. വിക്ക് കൊണ്ട് ഒരാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും , സമൂഹവുമായി ഇടപെടാനുള്ള ബുദ്ധിമുട്ടുകളും കയ്യടക്കത്തോട് തന്നെ ജയസൂര്യ അഭിനയിപ്പിച് പ്രതിഫലിപ്പിച്ചു. നിങ്ങളൊരു പ്രതിഭയാണ് ജയസൂര്യ. ആറേഴു പേര് ചേർന്ന് വിധിക്കുന്ന അവാർഡില്ലെങ്കിലും , നിങ്ങളൊരു വിന്നർ തന്നെയാണ്. സ്ഥിരം 'എർത്ത്' കളിക്കാതെ അജു മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. മറ്റു അഭിനേതാക്കളും നന്നായി( പ്രത്യേകിച്ച് സുനിൽ സുഖദയും ശിവദയും ) . സംവിധായകൻ എന്ന നിലയിൽ രഞ്ജിത്ത് ശങ്കർ വീണ്ടും പ്രതീക്ഷ നൽകുന്നു. എഴുത്തുകാരൻ എന്ന നിലയിലും. സിനെമാക്കാവശ്യമായ രീതിയിൽ മാത്രം ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലംപള്ളിയും നന്നായി.
സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ഒരുപാടുണ്ട്. എന്നാൽ, ജീവിതത്തിൽ വിജയിക്കാൻ പ്രചോദനം തരുന്ന സിനിമകൾ കുറവാണ്. അക്കാര്യത്തിൽ 'സു ..സു..സുധി വാത്മീകം ' വിജയിക്കുന്നുണ്ട്. നല്ലൊരു ജീവിതഗന്ധിയായ സിനിമക്കും , ജയസൂര്യയുടെ മറ്റൊരു മനോഹര പ്രകടനത്തിനും വേണ്ടി ഈ സുധിക്ക് ടിക്കറ്റ് എടുക്കാം.
വാൽ : സു..സു...സൂപ്പർ പടം!

No comments:
Post a Comment