Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Thursday, December 28, 2017

മായാനദി

ജീവിതത്തിൻറെ മായിക സൗന്ദര്യം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല, മറിച്ചു അനുഭവിക്കേണ്ട യാഥാർഥ്യം ആണെന്ന് വില്യം വെർഡ്സ് വെർത് പറഞ്ഞിട്ടുണ്ട്. 'മായാനദി' എന്ന സിനിമ അത് പോലെ ഒരു അനുഭവമാണ്. ഓരോ മനുഷ്യമനസ്സും മായികമായ ഒരു നദി പോലെയാണല്ലോ, പ്രണയവും വെറുപ്പും,കോപവും , തെറ്റും ശരിയും എല്ലാം കലങ്ങി മറിഞ്ഞു ഒഴുകിയകലുന്ന ഒരു നദി. 

ആഷിക് അബുവിന്റെ സിനിമകളിൽ പലതും ശക്തരായ , പോരാളികളായ സ്ത്രീകളുടെ കഥകൾ പറയുന്നവയാണ്. ടെസ്സ ആയാലും, മായ ആയാലും, റാണിയോ പദ്മിനിയോ ആയാലും അടിച്ചമർത്തപ്പെട്ടപ്പോൾ അടിമ ആവുന്നതിനു പകരം, തങ്ങളാൽ കഴിയുന്ന വിധം പ്രതിരോധം തീർത്തു , പോരാടി വിജയിച്ച സ്ത്രീ കഥാപാത്രങ്ങൾ ആണിവർ. ആ പട്ടികയിലേക്ക് ഇതാ അപർണ്ണയും. ഡോക്ടർ ആയ, എന്നാൽ പ്രാക്ടീസ് ചെയ്യാത്ത അമ്മയെയും സഹോദരനേയും തന്നാൽ കഴിയുന്ന വിധം പോറ്റുകയും , തന്റെ സ്വപ്നങ്ങൾക്ക് ചിറക് വെയ്ക്കാൻ അശ്രാന്തം പരിശ്രമിക്കുകയും, തന്റെ ആത്മാഭിമാനത്തെ പറ്റിച്ച കാമുകനെ ഒരുപാട് സ്നേഹിച്ചു കൊണ്ട് വെറുക്കുകയും (അല്ലെങ്കിൽ ഒരുപാട് വെറുത്തു കൊണ്ട് സ്നേഹിക്കുകയും) ചെയ്യുന്ന അപർണ്ണ. ലൈംഗികത ഒരു വാക്കുകൊടുക്കലോ, വാഗ്ദാനമോ അല്ലെന്നു പറയുന്ന , ശരീരങ്ങൾക്ക് അപ്പുറമുള്ള പ്രണയത്തിന്റെ ആഴത്തെ കാട്ടിത്തരുന്ന അപർണ്ണ. സിനിമയിലെ തിളങ്ങി നിൽക്കുന്ന നായികയും തന്റെ സുഹൃത്തുമായ താരത്തേക്കാൾ കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അപർണ്ണ. അവൾ അതിജീവനമാണ്. പോരാളിയാണ്.

സാഹചര്യങ്ങൾ മൂലം വഴി തെറ്റി പല വഴികളിലൂടെ ഓടുന്ന മാത്തനാണ് അപർണ്ണയുടെ കാമുകൻ. പൂച്ചയുടെ ജന്മമാണ്, അവൻ ഏതു അവസ്ഥയിലും രക്ഷപെടും എന്നാൽ പക്വത ഇല്ലാത്തവൻ എന്ന് അപർണ്ണ പറയുന്ന മാത്തൻ. സാഹചര്യങ്ങൾ കൊലപാതകി ആക്കിയ മാത്തൻ, തന്റെ ഭാവി കാണുന്നത് ഒരു രക്ഷപെടലിലൂടെ അല്ല. താൻ മൂലം അകന്നു പോയ തന്റെ പ്രണയിനിയുടെ ഒപ്പം ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു, തുടർച്ചയായ അവഗണനകളിലോ തിരിച്ചടികളിലോ തളരാതെ തന്റെ പ്രണയത്തിനായി വീണ്ടും വീണ്ടും തിരികെ അപർണ്ണയിലേക്ക് എത്തുന്ന മാത്തൻ. അവസാന നിമിഷത്തിലും , തന്റെ പ്രണയവും പ്രണയിനിയും സത്യമായിരുന്നു എന്ന് വിശ്വസിച്ചുകൊണ്ട് മരണത്തിന്റെ മായാനദിയിലേക്ക് ഊളിയിട്ടു പോകുന്ന മാത്തൻ. അവൻ പ്രണയമാണ്. പ്രതീക്ഷയാണ്.

ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടെയും തൂലികയിൽ നിന്നും മനോഹരമല്ലാത്തതു ഒന്നും ജന്മം എടുക്കില്ലല്ലോ. 'മായാനദി'യും അങ്ങനെ തന്നെ. കണ്ണിമ ചിമ്മുന്ന പ്രതീതിയിലൂടെ , അവസാന രംഗത്തിലെ 'അപ്സ്' വിളിയിലൂടെ , പ്രതീക്ഷയുടെ ഒരു തരി വെട്ടം സംവിധായകനും എഴുത്തുകാരും ബാക്കി വെച്ചോ? അവൻ പൂച്ചയുടെ ജന്മമല്ലേ....അറിയില്ല.

മായാനദി ഒരു കാശുവാരി പടമായിരിക്കില്ല. ആകാശത്തു പറന്നു നടക്കുന്ന താരങ്ങളും ഇതിലില്ല. പക്ഷെ, ഒന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോ ഇടനെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ, തിരിഞ്ഞു നോക്കുമ്പോൾ എവിടെയോ മാത്തനും അപർണ്ണയും !

Monday, July 24, 2017

After Hours (1985)



"The Last Temptation of Christ" എന്ന സിനിമ പ്രൊഡക്ഷന് നാലാഴ്ച മുൻപ് Paramount Pictures ക്യാൻസൽ ചെയ്യുന്നു. തന്റെ സ്വപ്നമായ സിനിമ നടക്കില്ല എന്ന ഞെട്ടലിൽ മാനസികമായി തകർന്ന് നിൽക്കുന്ന Martin Scorcese . ആ ഒരു അവസ്ഥയിൽ, തന്റെ calibre തെളിയിക്കാൻ വെമ്പൽ കൊണ്ട് നടക്കുമ്പോഴാണ്  "After Hours"ന്റെ തിരക്കഥ സ്കോർസിസിക് കിട്ടുന്നത്. വളരെ ചടുലമായ, വേഗതയുള്ള, ത്രില്ലിംഗ് ആയിട്ടുള്ള ഒരു ഹ്യൂമർ സിനിമ.

പോൾ ഹാക്കറ്റ് എന്നൊരു ഡാറ്റാ പ്രോസസ്സർ ഒരു രാത്രിയിൽ കോഫി ഷോപ്പിൽ വെച്ച് ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അയാൾ ആ രാത്രിയിൽ തന്നെ, ആ പെൺകുട്ടിയുടെ ക്ഷണപ്രകാരം , അവളുടെ അപാർട്മെന്റിലേക്ക് തിരിക്കുന്നു. ആ യാത്രയിൽ തന്റെ  കയ്യിൽ ആകെയുണ്ടായിരുന്ന 20 ഡോളർ അയാൾക്ക് നഷ്ടപ്പെടുന്നു. സിനിമ മുന്നോട്ടു പോകും തോറും സീനുകളുടെ വേഗത കൂടുന്നു. താൻ കാണാൻ വന്ന പെൺകുട്ടിയുടെ ആത്മഹത്യ, ആ സ്ട്രീറ്റിലെ മോഷണങ്ങൾ തുടങ്ങി പല സംഭവങ്ങളും തന്റെ തലയിലേക്ക് വരുന്ന പ്രതിഭാസം അയാളെ ഒരു 'man on the run ' ആക്കുന്നു.

ഇതിലെ എടുത്തു പറയേണ്ട ചില  എലെമെന്റ്സ് :
പോൾ ഹാക്കറ്റ് ആയി തകർത്താടിയ Griffin Dunne. സിനിമയിലെ ആദ്യ സീനിൽ നിന്നും ഓരോ സീനിലും ട്രാൻസ്ഫോർമേഷൻ ആവശ്യമുള്ള  character ആണ് പോൾ. ആ ഉദ്യമം വളരെ മനോഹരമായി തന്നെ Griffin Dunne കൈകാര്യം ചെയ്തു. താൻ കടന്നു പോകുന്ന അവസ്ഥകൾ , ദയനീയ അവസ്ഥകൾ വളരെ കൃത്യതയോടെ തന്നെ അദ്ദേഹം  ചെയ്തു വെച്ചിരിക്കുന്നു.

 സിനിമാട്ടോഗ്രഫി. ഡിജിറ്റൽ സിനിമ പിറക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ഈ സിനിമ ഉണ്ടാവുന്നത്. രണ്ടു സീനുകൾ ഒഴിച്ചാൽ ബാക്കി മുഴുവൻ സിനിമയും രാത്രി വെളിച്ചത്തിലാണ് നടക്കുന്നത്. എക്സ്ട്രാ ലൈറ്റുകളുടെ (ഉണ്ടെങ്കിൽ) കൃത്രിമത്വം ഒരിടത്തും നിഴലിക്കാതെ, വളരെ natural ആയ രംഗങ്ങളാണ് കാണാൻ കഴിയുക. അത് പോലെ , close up shots . ഹിച്ച്കോക്കിയൻ ശൈലിയിൽ close up ഷോട്ടുകൾ പ്രാധാന്യമുള്ള സംഭവങ്ങളെ ഫോക്കസ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്കോർസിസ് , നായകൻ പ്രാധാന്യമുള്ളതെന്നു  കരുതുകയും, എന്നാൽ യാതൊരു പ്രാധാന്യവും ഇല്ലാത്തതുമായ എലെമെന്റ്സിലാണ്  ആ ഷോട്ടുകൾ കൊണ്ട് വരുന്നത്.

ആ കാലഘട്ടത്തിലെ ഒരു പിടി സാമൂഹിക കാപട്യങ്ങളിലും സിനിമ തൊട്ടു പോകുന്നുണ്ട്. ഹിച്ച്കോക് പ്ലോട്ട് അടിസ്ഥാനമാക്കി (the Innocent Man Wrongly Accused), തന്റേതായ കയ്യൊപ്പോടു കൂടി നല്ലൊരു ത്രില്ലിംഗ് ഹ്യൂമർ സിനിമയാണിത്. ഒരു ആത്മഹത്യ, ഒരു 20 ഡോളർ നോട്ട്, ഒരു ശില്പകലാ രീതി, കുറെ മോഷണങ്ങൾ...അങ്ങനെ പലതിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണിത്. Martin Scorcese -ന്റെ ക്ലാസിക്കുകൾ  എടുക്കുമ്പോൾ ഈ സിനിമ ആരും consider ചെയ്യാറില്ല എന്ന് പലയിടത്തും വായിച്ചു കണ്ടു. പക്ഷെ, അദ്ദേഹത്തിന്റെ കഴിവിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ തന്നെയാണിത്.

Monday, May 15, 2017

Tesis (1996)



മനുഷ്യൻ, അവൻ എത്ര മാന്യനായാലും ഒരു അപകടം നടന്നാലോ ഒരു അക്രമ സംഭാവമുണ്ടായാലോ, അവിടേക്ക് എത്തി നോക്കി ആ രംഗം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവനാകും. അപകടങ്ങളിൽ പെട്ട് ചോര വാർന്നു കിടക്കുമ്പോഴും , അവരെ രക്ഷിക്കാതെ, ആ ദൃശ്യങ്ങൾ  ക്യാമറകളിൽ ഒപ്പിയെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ ഒരു വിഷയത്തെ , അതായത് വയലൻസിനോടുള്ള മനുഷ്യന്റെ പ്രതികരണത്തെ , പറ്റിയുള്ള ഒരു പ്രബന്ധം തയ്യാറാക്കുന്ന ഒരു സിനിമാ വിദ്യാർത്ഥിനിയുടെയും , അവർ കടന്നു പോകുന്ന ഞെട്ടിക്കുന്ന സന്ദർഭങ്ങളുടെയും കഥയാണ് ഈ സിനിമ.

സിനിമകളിലെ വയലൻസിന്റെ അതിപ്രസരവും അത് കുടുംബങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നുള്ള വിഷയത്തിൽ പ്രബന്ധം തയ്യാറാക്കുന്ന ആൻജെല എന്ന പെൺകുട്ടി.  തീസിസിനു വേണ്ടി, തന്റെ അധ്യാപകനോട് , പുറം ലോകം കാണാത്ത , വയലൻസ് അധികമുള്ള ടേപ്പുകൾ ലഭ്യമാണോ എന്നാരായുന്നു. യൂണിവേഴ്സിറ്റിയുടെ വീഡിയോ ലൈബ്രറിയിൽ ആരും കാണാത്ത ഒരു മുറിയിൽ നിന്നും ഒരു ടേപ്പ് ആ മുതിർന്ന അദ്ധ്യാപകൻ കണ്ടെടുക്കുന്നു. അടുത്ത ദിവസം, സ്ക്രീനിംഗ് റൂമിൽ മരിച്ച നിലയിൽ അദ്ദേഹത്തെ ആഞ്ചേല കാണുന്നു. പക്ഷെ, ആരെയും അറിയിക്കാതെ അദ്ദേഹം കണ്ടു കൊണ്ടിരുന്ന ടേപ്പ് മോഷ്ടിച്ച് കൊണ്ട് ആൻജെല പുറത്തു കടക്കുന്നു. എന്തായിരിക്കും ആ ടേപ്പിനുള്ളിൽ? ആരായിരിക്കും ആ അധ്യാപകന്റെ കൊലയാളി? ആ ടേപ്പിനു വേണ്ടി ആരെങ്കിലും ആഞ്ജലയെ പിന്തുടരുന്നുണ്ടോ? ഇങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഉദ്വേഗജനകമായ രീതിയിൽ സിനിമയിൽ പറയുന്നത്.

സിനിമയുടെ ആകെമൊത്തമുള്ള മൂഡ് തന്നെയാണ് സിനിമയുടെ ഒരു രംഗങ്ങളും കാണിക്കുന്നത്. ഓരോ സീനിന്റെയും ലൈറ്റിംഗ്, കളർ ടോൺ, രംഗപരിസരങ്ങൾ ....അങ്ങനെ എല്ലാം ഒരു ത്രില്ലർ മൂഡ് തരുന്നുണ്ട്. പിന്നെ കിടിലൻ പശ്ചാത്തല സംഗീതവും. അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവുറ്റതാണ്. ഭയവും , പ്രതികാരവും, പ്രണയവും, എല്ലാം കൃത്യമായി മുഴച്ചു നിൽക്കാത്ത രീതിയിൽ കാണിച്ചിട്ടുണ്ട്. സിനിമ നിർമിച്ച കാലഘട്ടത്തിൽ സ്പെയിനിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വമ്പിച്ച ജനരോഷത്തിനിടയാക്കിയിരുന്നു. സ്ത്രീ തന്നെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രവും. അന്ന് മാത്രമല്ല, ഇന്നും പ്രസക്തിയുള്ള ഒരു ശക്തമായ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

സംവിധായകനായ  Alejandro Amenábar ('The Others' സംവിധാനം ചെയ്ത അതേ ആൾ) മാഡ്രിഡിൽ പഠിച്ചു കൊണ്ടിരിക്കെ ചെയ്ത ആ സിനിമ ആറോളം സ്പാനിഷ് ദേശിയ പുരസ്കാരങ്ങൾ നേടി. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ഉറപ്പായും കാണാവുന്ന സിനിമ!

Saturday, May 13, 2017

Le Samouraï (1967)



പാരിസ് നഗരത്തിലെ ഒരു നിശാ ക്ലബ്. ആ ക്ലബ്ബിലേക്ക് ഒരു കറുത്ത ഫെഡോറയും, ഗ്രേ റയിൻകോട്ടും ധരിച്ച, ഉയരമുള്ള ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. തന്ത്രപരമായി ആരുടേയും കണ്ണിൽ പെടാതെ ആ ക്ലബ്ബിന്റെ മറ്റൊരു വശത്തുള്ള, ഒരു ഇടനാഴിയിലേക്ക് അയാൾ കടക്കുന്നു. അവിടെയുള്ള ഒരു മുറിയിലേക്ക് തള്ളിക്കയറുന്നു. അവിടെ ഒരു മേശക്കപ്പുറം ഇരിക്കുന്ന മധ്യവയസ്ക്കൻ ഞെട്ടിക്കൊണ്ട് ചോദിക്കുന്നു,' നീ ആരാണ്? നിനക്കെന്തു വേണം?". തണുത്ത കണ്ണുകൾ ഉള്ള ആ ചെറുപ്പക്കാരൻ നിസ്സാരമായി പറയുന്നു,' I came to kill  you ". വെടിയൊച്ചകൾക്കവസാനം ആ ചെറുപ്പക്കാരൻ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നു. ക്ലബ്ബിൽ പിയാനോ വായിച്ചു കൊണ്ടിരുന്ന യുവതി യാദൃശ്ചികമായി കൊലയാളിയെ കാണുന്നു. തരിമ്പും ഞെട്ടലില്ലാതെ പുറത്തേക്ക് പോകുന്ന കൊലയാളിയെ പലരും ഒരു പുകമറ പോലെ കാണുന്നു.

സിനിമയുടെ ആദ്യ 30 മിനിറ്റ് ആണിത്. ആ മുപ്പത് മിനുട്ടിൽ ആകെയുള്ളത് മുകളിൽ പറഞ്ഞ രണ്ടേ രണ്ടു സംഭാഷണങ്ങൾ മാത്രം. പക്ഷെ ആ രണ്ടു സംഭാഷണങ്ങളിലേക്കുള്ള ബിൽഡ് അപ്പ് ഗംഭീരമായിരുന്നു. കൊലയാളിയെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ദൃക്‌സാക്ഷികൾ, അതിൽ മനപ്പൂർവം 'മനസിലാക്കാത്ത' പിയാനിസ്റ്. കൊലയ്ക്ക് മുൻപേ കൊലയാളി create  ചെയ്യുന്ന ശക്തമായ double alibi, ആരാണ് തന്നെ ഈ  കൊലപാതകത്തിന് കൂലി കൊടുത്തിരിക്കുന്നത്....അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് സിനിമ പുരോഗമിക്കുന്നത്.

ജെഫ് കോസ്റ്റല്ലോ എന്ന ഒരു വാടക കൊലയാളിയാണ് നമ്മുടെ കഥാനായകൻ . തികച്ചും ഏകാന്തജീവിതം നയിക്കുന്ന, തണുത്ത കണ്ണുകളുള്ള , സുന്ദരനായ ഒരു കൊലയാളി. അയാൾ എവിടുന്നു വന്നു, അയാളുടെ ബാക്ക്ഗ്രൗണ്ട് എന്ത് , അയാൾ എങ്ങനെയുള്ള ആളാണ് തുടങ്ങിയ സംഭവങ്ങൾ ഒന്നും കാണിക്കുന്നില്ല. ആ നഗരത്തിലെ ഒരു ചെറിയ ഒരു മുറി വാടകവീട്ടിൽ കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയും അയാളും മാത്രം. ജെഫ് എന്ന കഥാപാത്രത്തിന്റെ detailing  ഗംഭീരമാണ്. ഒരു സമുറായിയുടെ ഏകാന്തതയ്ക്ക് അപ്പുറം ഒന്നുമില്ല എന്ന വാക്യത്തിന്  തുല്യം നിൽക്കുന്ന കഥാപാത്ര സൃഷ്ടി. വാക്കിലും, നോക്കിലും എല്ലാം ഒരു അചഞ്ചലത, പക്ഷെ തികഞ്ഞ  ശൂന്യതയുള്ള നോട്ടങ്ങൾ. ജെഫിന്റെ ഈ സവിഷേതകൾ വിളിച്ചോതുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. അത് പോലെ തന്നെ, ജെഫിന്റെ മുറിയിലെ കൂട്ടിൽ അടച്ച കിളിയും. ഒരു കൊലയാളിയുടെ മാനുഷിക വശം കാണിക്കാനുകുമോ അത്?  ക്ലൈമാക്സും അങ്ങനെയൊരു ചിന്ത മുന്നോട്ടു വെക്കുന്നു.

അലൈൻ ഡെലോൺ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ കാണാൻ കഴിയുക. പിന്നെ, Jean-Pierre Melville എന്ന അതുല്യ ഫ്രഞ്ച് സംവിധായകന്റെ കയ്യൊപ്പും (ആ ഓപ്പണിങ് ഷോട്ട് തന്നെ മാരകമാണ്‌! കട്ട detailing ). ക്ലാസിക്ക് നോയർ ക്രൈം ഡ്രാമകൾ കാണാൻ താൽപ്പര്യമുള്ളവർ  കാണേണ്ട സിനിമ.

Saturday, May 6, 2017

Consussion (2015)

'ദൈവം മനുഷ്യന് ഫുട്ബോൾ കളിക്കാനുള്ള ശരീരം കൊടുത്തിട്ടില്ല'. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഒമാലു പറയുന്നതാണിത്. അമേരിക്കൻ ഫുട്ബാളിനെ പറ്റിയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റിയും , ആ അപകടങ്ങളെ പറ്റി കളിക്കാരെ ബോധവാന്മാരാക്കാൻ ഡോ. ഒമാലു നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ സിനിമ.

ഫുട്ബാൾ (അതിപ്പോ അമേരിക്കൻ ആയാലും, സോക്കർ ആയാലും) ഒരു contact sport ആണ്. എന്ന് വെച്ചാൽ കളിക്കുമ്പോൾ കളിക്കാരുടെ ശരീരങ്ങൾ തമ്മിൽ ഇടിയും തൊഴിയും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവുമെന്ന് ലളിതമായി പറയാം. അങ്ങനെ വരുമ്പോ ശാരീരികമായ പരിക്കുകൾ ധാരാളമായി ഉണ്ടാവും. എന്നാൽ, ഈ പരിക്കുകൾ വിരമിച്ചു കഴിഞ്ഞു മരണകാരണമായാൽ? ആ കാരണം ഒരു സാധാരണ സ്കാനിങ്ങിൽ കാണാൻ കഴിയാതെ പോയാൽ? ആ പരിക്കുകളുടെ അനന്തരഫലങ്ങളെ പറ്റി കളിക്കാർ ബോധവാന്മാരല്ലെങ്കിൽ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചർച്ച ചെയ്താണ് സിനിമ വികസിക്കുന്നത്.

Will Smith ഡോ. ഒമാലുവായി 'ജീവിച്ച' സിനിമയാണിത്. തകർപ്പൻ പ്രകടനം. ശരിക്കും പുള്ളിയുടെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമ മുഴുവനും. NFL എന്ന വൻ ഫുട്ബാൾ അസ്സോസിയേഷനുമായി നടത്തുന്ന ഈ പോരാട്ടത്തിനിടയിൽ  തന്റെ ഔദ്യോഗിക-വ്യക്തി ജീവിതങ്ങളിൽ സംഭവിക്കുന്ന സംഘര്ഷങ്ങള് ഒക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഇതൊരു റിയൽ ലൈഫ് ഡ്രാമ ആണ്. കണ്ടിരിക്കേണ്ട കാഴ്ചയാണ്.

Tuesday, March 14, 2017

Spoorloos (1988)



ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിങ്ങൾ നിൽക്കുന്നു. താഴേക്ക് നോക്കുന്ന നിങ്ങൾ കാണുന്നത് കോൺക്രീറ്റ് തറയാണ്. നിങ്ങളുടെ മനസ്സിൽ അപ്പോൾ രണ്ടു ചിന്തകളാണ് ഉണ്ടാവുക - - - ചാടാൻ തുടിക്കുന്ന ശരീരവും, ചാടിയാൽ കാലൊടിയും എന്ന് ഓർമ്മപ്പെടുത്തുന്ന ബൗദ്ധിക മനസ്സും. നമ്മളിൽ  99% ആളുകളും ചാടില്ല. അതാണ് നമ്മുടെ obvious ആക്ഷൻ. പക്ഷെ, ഇതേ സാഹചര്യത്തിൽ പെട്ട ഒരു കുട്ടി ബൗദ്ധിക മനസ്സിനെ നിരാകരിക്കുന്നു, അവൻ against the obvious ചെയ്തു. അവൻ ചാടി.  ഈയൊരു ത്രെഡ് ആണ് Spoorloos എന്ന ഫ്രഞ്ച് സിനിമയുടെ ആത്മാവ്.

അവധിക്കാലം ആഘോഷിക്കാനായി ഫ്രാൻസിൽ കാറിൽ യാത്ര ചെയ്യുന്ന ദമ്പതികൾ. വഴിയിൽ വെച്ച് ഒരു സൂപ്പർ മാർക്കറ്റിൽ കയറിയ ഭാര്യയെ പിന്നെ കാണുന്നില്ല. സെക്കന്റുകൾക്ക് മുൻപ് എടുത്ത ഫോട്ടോയിൽ അവരുടെ മുഖമുണ്ട്, പക്ഷെ തൊട്ടടുത്ത നിമിഷത്തിൽ അവർ അപ്രത്യക്ഷമാവുകയാണ്. എങ്ങനെയാണ് അവർ കാണാതായത്? ആരാണ് ആ തിരോധാനത്തിന് പിന്നിൽ? എന്തൊനായിരിക്കും തന്റെ ഭാര്യയെ മറ്റൊരാൾ തട്ടിക്കൊണ്ട് പോയിരിക്കുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മൂന്നു വർഷങ്ങൾ അയാൾ അലഞ്ഞു. കുറ്റവാളി അയക്കുന്ന പോസ്റ്റ് കാർഡുകൾ പിന്തുടർന്ന് ഓരോ തവണയും അയാൾ മറഞ്ഞിരിക്കുന്ന ആ  സത്യങ്ങൾക്ക് അടുത്തെത്തി. പക്ഷെ, പിടി തരാതെ ഓരോ തവണയും ആ കുറ്റവാളി ആൾക്കൂട്ടത്തിൽ എവിടെയോ മറഞ്ഞു. അങ്ങനെ ഒരു ദിവസം, ആ കുറ്റവാളി തന്നെ അയാളെ തേടിയെത്തി, തന്റെ ഭാര്യയെ എന്തിനു കടത്തിക്കൊണ്ടു പോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ സത്യങ്ങൾ പറയാമെന്നു സമ്മതിച്ചു - -- പക്ഷെ ഒരു കണ്ടിഷൻ, അയാളും ആ കുറ്റവാളിക്കൊപ്പം തിരിച്ചു ഫ്രാൻസിലേക്ക് മടങ്ങണം.

വളരെ ലളിതമായ ഒരു ത്രെഡ് ആണീ സിനിമയുടേത്. കുറ്റവാളി ആരാണെന്നും, കഥാനായകന്റെ ഭാര്യയ്ക്ക് എന്ത് സംഭവിച്ചു എന്നും ഓരോ രംഗം കഴിയുമ്പോഴും നമുക്ക് മനസ്സിലാവുകയും ചെയ്യും. പക്ഷെ, എന്നിട്ടും നമ്മൾ അടുത്ത രംഗത്തിനായി  ആകാംഷയോടെയും ഭീതിയുടെയും കാത്തിരിക്കും. അതാണീ ഈ സിനിമയുടെ  മേക്കിങ് മേന്മ. മനഃശാസ്ത്ര പരമായ പ്രശ്നങ്ങൾ ഉള്ള ഒരു വില്ലനും, സ്വന്തം ഭാര്യയോടുള്ള അഗാധമായ സ്നേഹം മനസ്സിലുള്ള റി ഭർത്താവും - - - ഇവരുടെ മനസ്സുകൾ തമ്മിലുള്ള ഒരു വടം വലിയാണ് സിനിമ.

ഒരു ത്രില്ലർ എന്ന നിലയിൽ വളരെയധികം തൃപ്തി തരുന്ന ഒരു സിനിമയാണ് Spoorloos. മികച്ച ക്യാമറ വർക്കും, കൃത്യതയുള്ള സ്‌ക്രിപ്പിറ്റിങ്ങും ഈ സിനിമയെ മികച്ചതാക്കുന്നു. ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ കാണുക.

Saturday, March 11, 2017

STRANGERS ON A TRAIN (1951)


Director : Alfred Hitchcock

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഒരു ട്രെയിനിൽ വെച്ച് കണ്ടുമുട്ടുന്ന രണ്ടു അപരിചിതരുടെ കഥയാണ് ഈ സിനിമ. ഒരാൾ അത്യാവശ്യം പ്രശസ്തനായ ഒരു ടെന്നീസ് കളിക്കാരനും , മറ്റെയാൾ വിചിത്രമായ ചിന്തകളുള്ള ഒരു പ്രത്യേക മനുഷ്യനും. ഇവരുടെ ആദ്യ പത്തു മിനുട്ടുകളിലെ സംഭാഷണമാണ് സിനിമയുടെ ആകെ മൊത്തം ആത്മാവ്.

രണ്ടു പേർക്കും തങ്ങൾക്കിഷ്ടമില്ലാത്തവരെ കൊല്ലണം, ആ ദൗത്യം അവർ 'swap'ചെയ്യുന്നു. അങ്ങനെയാവുമ്പോൾ കുറ്റകൃത്യം നടന്ന സമയത്തു പ്രതിയെന്നു ആരോപിക്കപ്പെടുന്നയാൾ മറ്റൊരിടത്താകുമല്ലോ. പക്ഷെ, ഈ തന്ത്രം കൃത്യമായി നടക്കണമെങ്കിൽ, രണ്ടു പേരും ആ ദൗത്യത്തിന് സമ്മതിക്കണം. അത് പക്ഷെ സംഭവിക്കുന്നില്ല.

ഒരാളുടെ മേൽ ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുമ്പോൾ കുറ്റം ചെയ്തയാൾ മറവിലെവിടെയോ ചിരിക്കുകയാണ് പതിവ്. പക്ഷെ, ഇവിടെ കുറ്റം ആരോപിക്കപ്പെട്ടയാളും, കുറ്റം ചെയ്തയാളും പരസ്പരം അറിയാവുന്നവർ. അതിൽ ഒരാൾ രണ്ടു സ്ത്രീകൾക്കിടയിൽ മാനസികമായി പിരിമുറുക്കങ്ങൾ അനുഭവിക്കുന്നയാളും, മറ്റെയാൾ മാനസികമായി തന്നെ വൈചിത്ര്യം ഉള്ളയാളും. ഇവർ തമ്മിലുള്ള ഒരു മനഃശാസ്ത്രപരമായ വടംവലിയാണ് സിനിമ.

Patricia Highsmith -ന്റെ നോവലിനെ ആധാരമാക്കിയെടുത്ത ഈ സിനിമ നല്ല  എണ്ണം പറഞ്ഞ ത്രില്ലറാണ്. കാണണം.