Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, January 30, 2015

മോഹൻലാൽ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മഹാനായ നടനാണെന്ന് തർക്കത്തിനതീതമായ വസ്തുതയാണ്. ഒരു പക്ഷെ, ഈ ഒരു വാചകം തന്നെ 'ക്ലിഷേ' ആണ്. ഒരുപാട് നല്ല സിനിമകളിലൂടെ മലയാളിയുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയെടുത്ത നടൻ. കുസൃതിയും, ദുഖവും, ആഹ്ലാദവും, തമാശയും...എല്ലാം 'കൂൾ' ആയി ചെയ്യാൻ കഴിയുന്ന വിധം പ്രതിഭയുള്ള കലാകാരൻ. ചിരിപ്പിച്ചും കരയിപ്പിച്ചും അത്ഭുതപ്പെടുതിയും, നമ്മുടെ ഇടയിലെ ഒരാളെ പോലെ തോന്നിപ്പിച്ച , 'മഞ്ഞിൽ നിന്നും വിരിഞ്ഞ' ഒരതുല്യ നടന പുഷ്പം. ഇതെല്ലാം ശെരി തന്നെ, പക്ഷെ മോഹൻലാലിനു, നമ്മുടെ ലാലേട്ടന് ഇതെന്തു പറ്റി ?

മൂന്നോ നാലോ തലമുറകളെ ഒരു പോലെ കയ്യിലെടുത്ത മറ്റൊരു നടൻ ഉണ്ടാവില്ല ( ഒരു പക്ഷെ, മമ്മൂട്ടിയും). എന്റെ വീട്ടിലെ കാര്യം തന്നെ ഒരുദാഹരണം : എന്റെ അമ്മൂമ്മ 'ലാലു' എന്നാണ് മോഹൻലാലിനെ വിളിച്ചിരുന്നത്‌. പണ്ടൊക്കെ ദൂരദർശനിൽ അദ്ധേഹത്തിന്റെ സിനിമയൊക്കെ സ്വന്തം മകന്റെ സിനിമ എന്ന പോലെയാണ് അമ്മൂമ്മ കണ്ടു കൊണ്ടിരുന്നത്. എന്റെ അച്ഛനും അമ്മയ്കും മോഹൻലാൽ സിനിമകളോട് ഒരു പ്രത്യേക സ്നേഹമാണ്. ഞാൻ ഒരു മോഹൻലാൽ ഫാൻ ഒന്നുമല്ലെങ്കിലും, നടന്മാരിൽ എറ്റവും ഇഷ്ടം മോഹൻലാലിനോടാണ്. എന്റെ പെങ്ങളുടെ 4 വയസ്സുള്ള മകൾ, ഒരു 'മോഗൻലാൽ' രസികയാണ്. പക്ഷെ, ആ ഒരു 'ലാൽ എഫ്ഫക്റ്റ്‌' പതുക്കെ മാഞ്ഞു പോകുകയാണോ എന്നൊരു സംശയം!

കഴിഞ്ഞ കുറെ സിനിമകൾ എടുത്താൽ നല്ലൊരു മോഹൻലാൽ സിനിമ എന്ന് പറയാൻ എത്രയെണ്ണം കാണും? 'ദൃശ്യം', 'സ്പിരിറ്റ്‌', 'പ്രണയം'. ഇതിൽ തന്നെ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയ കഥാപാത്രം ഒരു പക്ഷെ 'പ്രണയം' മാത്രമായിരിക്കും. കഴിഞ്ഞ ഒരു 25 സിനിമകൾ എടുത്താൽ , ആകെ ഓർത്തിരിക്കാൻ കഴിയുന്നത് ഈ മൂന്നു കഥാപാത്രങ്ങൾ ആയിരിക്കും. ബാക്കി സിനിമകൾ ഒരു പക്ഷെ വിജയങ്ങൾ ആയിരിക്കാം, പക്ഷെ ഓർത്തിരിക്കാൻ കഴിയുന്ന നല്ലതൊന്നും ഉണ്ടാവില്ല.

ഇന്ന് മോഹൻലാൽ ഒരു 'ബ്രാൻഡ്‌' ആണ്. ആ ബ്രാൻഡ്‌ വാല്യു പരമാവധി മുതലാക്കുക എന്നതാണ് പല സംവിധായകരുടെയും നിർമാതാക്കളുടെയും  ലക്‌ഷ്യം. ഒരുപാട് പരസ്യങ്ങൾ, സിനിമകൾ....ലാലേട്ടനും ഈ ഒരു 'വാല്യു' ചൂഷണം ചെയ്യുകയാണോ എന്നറിയെണ്ടിയിരിക്കുന്നു. പക്ഷെ, തിരിച്ചറിയേണ്ട ഒരു കാര്യം, ഈ 'ബ്രാൻഡ്‌ വാല്യു' എന്നത് താങ്കൾ വർഷങ്ങൾ കൊണ്ട് സമ്പാദിച്ച സാധാരണ മലയാളിയുടെ സ്നേഹവും വിശ്വാസവുമാണ്. ഇങ്ങനെ പോയാൽ, താമസിയാതെ അതും ഇല്ലാതാവും.

ഒരു നടന്റെ ധർമം അഭിനയമാണ്, അതിനപ്പുറമുള്ള ഒരു ലോകത്ത് ഒരു പക്ഷെ അയാൾ ശോഭിക്കില്ല. ഇത് ഞാൻ പറഞ്ഞതല്ല, താങ്കൾ തന്നെ പറഞ്ഞതാണ്. പാട്ട് പാടാനും, രാഷ്ട്രീയം കളിക്കാനും ക്രിക്കറ്റ്‌ കളിക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. സ്വന്തം തട്ടകമായ അഭിനത്തിൽ ഇനിയും താങ്കളിൽ നിന്നും ഒരുപാട് 'വിസ്മയങ്ങൾ' ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയുള്ള സിനിമകൾ എങ്ങനെയുള്ളതാനെന്നു അറിയില്ല, എന്നാലും പറയാൻ അഭിമാനം തോന്നുന്ന സിനിമകളുമായി താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

അഭ്രപാളിയിൽ നിന്നും മനസ്സിലേക്കിറങ്ങി വരുന്ന ഒരു മോഹൻലാൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, താങ്കൾ അഭ്രപാളിയിലെ വെറും കഥാപാത്രങ്ങളായി മാത്രം ഒതുങ്ങി പോകുകയാണ്. തിരിച്ചു വരൂ, ഞങ്ങളുടെ മനസ്സുകളിലേക്ക്...

Tuesday, January 27, 2015

പിക്കറ്റ് 43

പിക്കറ്റ് 43 :

ഒരു വശത്ത് കുറെ പോസിറ്റീവ് നിരൂപണങ്ങൾ....മറുവശത്ത് 'മേജർ രവി' ഫാക്ടർ. 'പിക്കറ്റ് 43' കാണാൻ പോകുമ്പോ ഈ ചിന്തകളായിരുന്നു മനസ്സിൽ. 'കീർത്തിചക്ര' എന്ന സിനിമയ്ക്കു ശേഷം (മിഷൻ 90 ഡേയ്സും എനിക്കിഷ്ടപ്പെട്ടിരുന്നു) മേജർ രവി സിനിമകൾ എല്ലാം തന്നെ 'മേജർ ഡെസ്പ്' പടങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ മേജർ വീണ്ടും ചതിക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.  പിന്നെ,പതിവിനു വിപരീതമായി ഒരു മേജർ രവി സിനിമക്ക് നല്ല റിവ്യുകൾ കാണുകയും , പ്രിത്വിരാജ് എന്ന നടനോടുള്ള വിശ്വാസവും കൊണ്ടങ്ങു പോയി. മോശം പറയരുതല്ലോ, പടം തരക്കേടില്ല.

ദേശസ്നേഹത്തിന്റെ 'ഓവർഡോസ്' ആയിരുന്നു മിക്ക മേജർ രവി പട്ടാള സിനിമകളും. അതിന്റെ അളവ് കുറച്ചു മിതപ്പെടുതിയത് കൊണ്ട്, കാണാൻ ഒരു സുഖം ഉണ്ടായിരുന്നു ഈ സിനിമ. ചിലയിടങ്ങളിലെ അതിനാടകീയതയും, പിന്നെ തേഞ്ഞ ഒരു ഫ്ലാഷ്ബാക്കും ഒഴിവാക്കിയാൽ, മേജർ രവി സാർ, താങ്കളിൽ ഒരു നല്ല സംവിധായകനും മോശമല്ലാത്ത ഒരു എഴുത്തുകാരനുമുണ്ട്. നല്ലൊരു തീം...നല്ല ലൊക്കേഷൻ...നല്ല അഭിനേതാക്കൾ...അങ്ങനെ നല്ല കുറെ കാര്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ സിനിമ. എന്നും കരുതി, 'സൂപ്പർ സിനിമ' ആണോ എന്ന് ചോദിച്ചാൽ... അല്ല. നല്ലൊരു തീം, വാണിജ്യ സിനിമയ്ക്ക് ആവശ്യമായ ചേരുവകൾ ചേർത്തപ്പോൾ , വെറും ഒരു സാധാരണ നിലവാരത്തിലേക്ക് മാറിപ്പോയി. പിക്കറ്റിലെ ഏകാന്തതയും ഭീകരതയും മറ്റും അല്പം കൂടി ഫോക്കസ് ചെയ്തിരുന്നേൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു. പാകിസ്ഥാനിലെ ആഭ്യന്തര അവസ്ഥയും , താലിബാനും , മുസല്മാനും മറ്റു വിഷയങ്ങളും ഒക്കെ നന്നായി തന്നെ കഥയിലേക്ക് തുന്നി ചേര്ക്കാൻ മേജർ രവിക്ക് സാധിച്ചു.

ജോമോൻ ടി ജോണിന്റെ ക്യാമറ വളരെ മികച്ചു നിന്നു. പാട്ടുകൾ അരോചകം. പശ്ചാത്തല സംഗീതം നന്നായി. പ്രിത്വി കലക്കി. ആദ്യം ഈ റോളിനു വേണ്ടി മോഹൻലാലിനെയാണ് മേജർ രവി സമീപിച്ചതെന്ന് കേട്ടു, എന്തിനാണോ എന്തോ! (പിന്നെ, മോഹൻലാൽ തന്നെ ആണ് പ്രിത്വിയെ സജ്ജെസ്റ്റ് ചെയ്തതെന്ന് കേട്ടു...നന്നായി!).
അഭിനയിക്കാൻ അറിയാത്ത ഒരു നായിക ( മലയാളി അല്ലെന്നു തോന്നുന്നു). രണ്‍ജി പണിക്കർ നല്ലൊരു 'ബോംബ്ലാസ്ടിക്' പ്രകടനം തന്നെ കാഴ്ച വെച്ചു.

മേജർ രവിയുടെ കയ്യില നിന്നും ഇങ്ങനെ ഒരു സിനിമ കിട്ടിയപ്പോൾ ഉണ്ടായ ഒരു അത്ഭുദത്തിൽ നിന്നാവാം കുറെ നല്ല റിവ്യുസ് വന്നത്. പക്ഷെ, അമിത പ്രതീക്ഷയുമായി പോയാൽ , ഒരു പക്ഷെ നിരാശപ്പെടേണ്ടി വരും. ഒരു പ്രതീക്ഷയുമില്ലാതെ പോയാൽ, ഒരു 'ഫീൽ ഗുഡ്' മൂവി കാണാം.

വാൽ: ഇത്രയും മനോഹരമായ ഒരു പ്രദേശത്താണല്ലോ ഇത്രയും രക്തചൊരിച്ചിൽ നടക്കുന്നത്! വളരെ വേഗം അവിടെ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.

പുനർജന്മം എന്നൊന്നുണ്ടോ? അങ്ങനെയെങ്കിൽ കഴിഞ്ഞ ജന്മത്തിൽ താങ്കൾ ആരായിരുന്നു? വരും ജന്മത്തിൽ താങ്കൾ ആരായിരിക്കും? ഇങ്ങനെ രണ്ടു മൂന്നു ചോദ്യങ്ങൾ ഞാനൊരു 'വിശ്വാസി'യോട് ചോദിച്ചു. പുള്ളി പറഞ്ഞത്, പുനർജന്മം ഉണ്ട്...പക്ഷെ, കഴിഞ്ഞ ജന്മത്തിലോ വരും ജന്മത്തിലോ ആരായിരുന്നെന്നോ എന്താകുമെന്നൊ തനിക്കറിയില്ല എന്നാണു.

ഈ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു സാധനവും ഇവരുടെ പക്കലുണ്ട് : 'മോനെ, പുനർ ജനിച്ചു കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ ജന്മത്തിലെ ഒന്നും ഓർമയുണ്ടാവില്ല'. ആഹ, എത്ര മനോഹരമായ സിദ്ധാന്തം! ഇനിയിപ്പോ എന്തേലും ചോദിച്ചാൽ ,  'മറന്നു പോയി', എന്ന് പറഞ്ഞു തടി തപ്പാമല്ലോ.

ഒരു പക്ഷെ, ഒരു മനുഷ്യായുസ്സിൽ നല്ല കർമങ്ങൾ മാത്രം ചെയ്യാൻ വേണ്ടി, പൂർവികർ തന്നെ നിർമ്മിച്ചെടുത്ത ഒരു കഥയാകാം 'പുനർജ്ജന്മം'. അതായത്, ഈ ജന്മത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്താൽ, അടുത്ത ജന്മത്തിൽ നല്ലൊരു ജീവിതം ഉണ്ടാകുമെന്നും, മോശം കർമങ്ങൾ ചെയ്‌താൽ വല്ല പട്ടിയായിട്ടോ മറ്റോ ജനിച്ചേക്കാം എന്നും ഉള്ള ഒരു സിദ്ധാന്തം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, മതത്തെയും മതവിശ്വാസങ്ങളെയും സാമ്പത്തിക ലാഭങ്ങൾക്കായി വളച്ചൊടിക്കുന്ന ചില 'മേലാളന്മാർ' ഈ ഒരു വിഷയത്തെയും അവരുടെ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട് (കല്ല്‌, മാല, തുടങ്ങിയവ ).

പുനർജ്ജന്മം ഉണ്ടെന്നു വിശ്വസിക്കുന്നവർക്ക് അതൊരു 'ഫാന്റസി' ലോകമാണ്. ആരും കണ്ടിട്ടുമില്ല, എന്നാൽ കേൾക്കാൻ രസമുള്ള ഒരു സംഭവം. ചുരുക്കത്തിൽ, അടുത്ത ജന്മത്തിലെ നല്ലതിന് വേണ്ടി ഒള്ള ജന്മം പാഴാക്കുന്ന മണ്ടന്മാർ. നല്ലത് ചെയ്യനാണേൽ ഈ ജന്മത്തിൽ അങ്ങ് ചെയ്‌താൽ പോരെ ?

ആരോ പറഞ്ഞിട്ടുണ്ട്, ' മരണത്തിനു ശേഷമുള്ള ഇരുട്ടിനെ ഭയക്കുന്നവർക്കായി മെനഞ്ഞ കെട്ടുകഥയാണ് പുനർജ്ജന്മം '. അത്രെയേ ഉള്ളു. സ്തോത്രം!

Sunday, January 25, 2015

രസം

രസം:

'പിക്കറ്റ് 43' എന്ന സിനിമയ്ക്കു നല്ല അഭിപ്രായം ഉണ്ടെന്നു കേട്ട്, രാവിലെ പത്രം തുറന്നു ഇതു തിയട്ടറിലാ പടം ഓടുന്നതെന്ന് നോക്കി. അപ്പൊ ദാ, മാവേലിക്കര-ഹരിപ്പാട്-കായംകുളം ഏരിയയിലെങ്ങും 'പിക്കറ്റ് 43' ഇല്ല.ഒള്ളതിൽ 'മറിയംമുക്ക്', 'ഐ' തുടങ്ങിയവ കണ്ടതുമാണ്. പിന്നെ, ബാക്കി വന്നത് 'രസം' എന്ന സിനിമയാണ്. നമ്മുടെ ലാലേട്ടനും (ഗസ്റ്റ് റോൾ) ഇന്ദ്രജിത്തും ഒക്കെയല്ലേ, പടം കണ്ടേക്കാം എന്നും വെച്ച് പോയി. ഒള്ളത് പറയാമല്ലോ, പടം ഒരു 'രസവും' ഇല്ല.

ലാലേട്ടൻ ഇതിൽ ഗസ്റ്റ് റോൾ ആണെന്നാണ്‌ വെയ്പ്പെങ്കിലും ഏതാണ്ട് മുഴുവൻ സമയവും പുള്ളിയുണ്ട്. വെയ്പ്പിന്റെ കാര്യം പറഞ്ഞപ്പോഴാ, 'വെപ്പ് കാരെ' ചുറ്റി പറ്റി ആണ് കഥ. തെറ്റിദ്ധരിക്കരുത്, പാചകം എന്നാണ് ഞാൻ 'വെപ്പ്' എന്നത് കൊണ്ട് ഉദ്ദേശിച്ചത്. പടം തുടങ്ങുമ്പോഴേ അവസാനം എന്താണെന്ന് വ്യക്തമായി പറയുന്ന സിനിമ. സിനിമയുടെ നിർമാണം 'ഗ്രൂപ്പ് 10' എന്ന ഒരു ടീം ആണ് (പത്തു പേരുടെയും പേരുകളും താഴെ താഴെ ആയി എഴുതി കാണിക്കുകയും ചെയ്തു). എനിക്ക് തോന്നുന്നത്, ഈ പത്തു പേരും കൂടി കുറെ കാശ് അധികം വന്നപ്പോ എന്ത് ചെയ്യണം എന്നറിയാതെ, എന്നാൽ ഒരു പടം പിടിച്ചു കളയാം എന്നും കരുതി എടുത്തതാണ് ഈ സിനിമ എന്ന് തോന്നുന്നു. അതേ, അവർ പടം പിടിച്ചു കളഞ്ഞു...അവരുടെ ആ കാശ്.

ഇതിൽ അഭിനയിച്ച ആർക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നെടുമുടിയുടെ വേഷം മാത്രം അല്പം നന്നായി എന്ന് തോന്നി. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ്‌ ഇന്ദ്രജിത്ത്, പക്ഷെ, ഇത്തരം സിനിമകളിൽ അഭിനയിച്ചു തന്റെ പേര് കളയല്ലേ എന്നാണു എന്റെ വ്യക്തിപരമായ അപേക്ഷ. നായിക കാണാൻ കൊള്ളാം, പക്ഷെ അഭിനയം എന്തൊക്കെയോ കാട്ടി കൂട്ടി( ഈ ഗ്രൂപ്പ് 10ലെ ആരുടെയെങ്കിലും മകൾ ആകാനുള്ള സാധ്യത തള്ളി കളയാനാവില്ല). ആകെ നന്നായി തോന്നിയത് പശ്ചാത്തല സംഗീതമാണ്. പിന്നെ, പുലി വരും പുലി വരുമെന്നും വിചാരിച്ചു, എന്തേലും സംഭവിക്കും എന്നൊക്കെ പ്രതീക്ഷിച്ചു ഇരിക്കുമ്പോ ദാ പടം തീർന്നു. അന്തോം കുന്തോം ഇല്ലാത്ത തിരക്കഥയും, ഒരു പ്ലാനിങ്ങും ഇല്ലാത്ത സീനുകളും സിനിമയെ ആകെ നശിപ്പിച്ചു.

സിനിമയിൽ നെടുമുടിയുടെ കഥാപാത്രം മോഹൻലാലിനോട് ചോദിക്കുന്നുണ്ട്," നിങ്ങളെ കണ്ടിട്ടാണ് ഞങ്ങൾ വന്നത്" എന്ന്. അതാണ് എനിക്കും പറയാനുള്ളത്. മോഹൻലാലിനോട് മലയാളിക്ക് വിശ്വാസത്തെക്കാളുപരി സ്നേഹമാണ്. അത് കൊണ്ടാണ് അദ്ധേഹത്തിന്റെ തല കാണുമ്പോ തന്നെ ആളുകൾ തിയറ്ററിൽ കേറുന്നത്. എന്നാൽ കഴിഞ്ഞ കുറെ സിനിമകളായി  അദ്ദേഹം ആ സ്നേഹത്തെ ചൂഷണം ചെയ്യുകയാണ്, മോശം സിനിമകളിലൂടെ. നല്ല സിനിമകളിലൂടെ താങ്കളുടെ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു.

വാൽ: പടം കണ്ടപ്പോ എനിക്ക് തോന്നിയത്:  എന്തിനോ വേണ്ടി തിളച്ച സാമ്പാർ...അല്ല..'രസം'.

Friday, January 23, 2015

മറിയംമുക്ക്

മറിയംമുക്ക്:
ജെയിംസ്‌ ആൽബെർട്ട് - ഫഹദ് ഫാസിൽ...ഈ ഒരു കൂട്ടുകെട്ടിൽ പ്രതീക്ഷ വെച്ചുകൊണ്ടാണ്‌ 'മറിയംമുക്കിനു' ടിക്കറ്റ് എടുത്തത്‌. പക്ഷെ, പ്രതീക്ഷകൾ കെടുത്തി, ശരാശരി നിലവാരം പോലും കാഴ്ച വെക്കാത്ത ഒരു സിനിമയായി 'മറിയംമുക്ക്'. ഒരുപാട് എഴുതുന്നില്ല, കാരണം അതിനും വേണ്ടി ഒന്നുമില്ല ഈ സിനിമയിൽ.

സംഭവം പഴയ ബോംബ്‌ കഥ തന്നെ. സ്വൽപം കടലും , മീനും , പിന്നെ ഫഹദും. എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറെ സീനുകളും കഥാപാത്രങ്ങളും.ഒരു പിടി നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും, അവർക്ക് പോലും നാലര മുറി ഡയലോഗും ആറര മുറി സീനും.പിന്നെ, ആർക്കും മനസിലാവുന്ന ഒരു വമ്പൻ ട്വിസ്റ്റും. ഇടവേള വരെ ഒന്നും സംഭവിച്ചില്ല. (ഇടവേള കഴിഞ്ഞും, പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല!).

'പടം മോശമാണെങ്കിലും ലാലേട്ടൻ കലക്കി'. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാൽ സിനിമകൾക്ക്‌ കേള്ക്കുന്ന ഒരു സ്ഥിരം പല്ലവിയാണിത്. സംഭവം കുറെയൊക്കെ ശെരിയാണ് താനും. ഈ സിനിമയിലെ മോഹൻലാൽ ആണ് ഫഹദ്. തന്റെ റോൾ ഭംഗിയായി പുള്ളി ചെയ്തു(അധികം ചെയ്യാനില്ല, എന്നാലും.). നായിക നിരാശപ്പെടുത്തി. അജു, സ്ഥിരം നായകന്റെ 'സഹ' റോളുകളിൽ നിന്നും ഒന്ന് മാറി ചെയ്ത ഇതിലെ കഥാപാത്രം നന്നായി. പക്ഷെ, അജുവിനും അധികം പെർഫോം ചെയ്യാനുള്ള സ്പേസ് കഥയിൽ ഇല്ലാതെ പോയി. ബാക്കി ഉള്ള നടന്മാർ എല്ലാം തന്നെ നന്നായി ചെയ്തു, പക്ഷെ അവരുടെ കഥാപാത്രങ്ങൾ മിക്കതും വളരെ ചെറുതും, മുഴച്ചു നില്ക്കുന്നതും ആയിപ്പോയി. പിന്നെ, മതങ്ങൾക്കും മതാലയങ്ങൽക്കും ഇട്ടു ഒരു കൊട്ട്, ഈ സിനിമയിൽ കൊടുക്കുന്നുണ്ട്.

'ക്ലാസ്സ്‌മേറ്റ്‌സ്' , 'ഇവിടം സ്വർഗമാണ്' തുടങ്ങിയ നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച ജെയിംസ്‌ ആൽബെർട്ട്, താങ്കളിൽ നിന്നും ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. താങ്കൾ നല്ലൊരു എഴുത്തുകാരനനാണ്, പക്ഷെ നല്ലൊരു സംവിധായകൻ അല്ല എന്ന് 'മറിയംമുക്ക്' സാക്ഷ്യപ്പെടുത്തുന്നു.

വാൽ: പഴയ ബോംബ്‌ കഥകൾ എങ്ങനെ ഇറക്കി വിജയിപ്പികണം എന്ന് ശങ്കർ എന്ന സംവിധായകനിൽ നിന്നും നാം മനസ്സിലാക്കണം. പഴകിയ കഥകളോ, കഥാസന്ദർഭങ്ങളോ വീണ്ടും ഇറക്കുന്നതിൽ വലിയ തെറ്റില്ല. പക്ഷെ, ആ ഒരു പഴക്കം, അവതരണശൈലി കൊണ്ട് മറികടക്കാൻ സാധിക്കണം. അവിടെയാണ് 'ഐ' ഒരു നല്ല ഉദാഹരണവും, 'മറിയംമുക്ക്' ഒരു മോശം ഉദാഹരണവും ആകുന്നതു.

Tuesday, January 20, 2015

ഐ (തമിഴ്)

ഐ (തമിഴ്):

'ഐ' സിനിമ കണ്ടു.  വളരെ വൈകിയാണ് സിനിമ കാണാൻ കഴിഞ്ഞത്. ഈ പോസ്റ്റ്‌ വായിക്കുന്നവരിൽ ഭൂരിഭാഗം പേരും പടം കണ്ടിട്ടുണ്ടാകും. പിന്നെ സോഷ്യൽ മീഡിയയിലും ഒരുപാട് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതുമാണ.  അത് കൊണ്ട് അധികം എഴുതി ബോറാക്കുന്നില്ല.

സിനിമയെ കുറിച്ച് വേണേൽ ഇങ്ങനെ പറയാം: നഗരത്തിലെ വളരെ വലിയ, ഒരു ബേക്കറി. വർഷങ്ങളായി നല്ല സാധനങ്ങൾ വിറ്റു, നല്ല ബേക്കറി എന്ന പേര് സമ്പാദിച്ച ബേക്കറി. പക്ഷെ, ആ നല്ല ബേക്കറി മൂന്നാഴ്ച പഴക്കമുള്ള പരിപ്പ് വട, നല്ല അടിപൊളി പാക്കിങ്ങിൽ കൊടുത്തു എന്ന് കരുതുക. അത് പോലെയാണ് 'ഐ'. പറഞ്ഞു പരിപ്പിളകിയ കഥ, അതി മനോഹരമായ മേക്കിങ്ങിലൂടെ നമുക്ക് മുന്നിൽ കാട്ടി. അതിൽ ഒരു തെറ്റുമില്ല, പക്ഷെ, ആ ബേക്കറിയുടെ പേര് പോകുമെന്ന പോലെ, ശങ്കർ എന്ന ബ്രഹ്മാണ്ട സംവിധായകന്റെ ആ ഒരു പേരിനു ചെറുതായെങ്കിലും ഒരു കോട്ടം സംഭവിക്കാം.

വിക്രം എന്ന നടനാണ് ഈ സിനിമയുടെ ആത്മാവ്, അല്ലാതെ കഥയോ വിഷ്വൽ ഗിമ്മിക്സോ അല്ല. ഒരു തവണ എന്തായാലും കാണാം. വീണ്ടും കാണാൻ ആരെങ്കിലും നിർബന്ധിക്കുവാണേൽ പഴയ പരിപ്പ് വട കഴിച്ചു വയർ കേടാണെന്ന് പറഞ്ഞു ഒഴിവായേരെ.


വാൽ : ഹാറ്റ്സ് ഓഫ്‌, വിക്രം!

Sunday, January 18, 2015

ഞാൻ ഒരു നിരീശ്വര വാദിയല്ല. എന്നാൽ 'ദൈവം' എന്ന ഒരാളോ പ്രസ്ഥാനമോ ഉണ്ടെന്നു വാദിക്കുന്നവർ മണ്ടന്മാർ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ്. 'ദൈവം' എന്ന പദം വിഗ്രഹങ്ങളിലും അമ്പലങ്ങളിലും ചുവർ ചിത്രങ്ങളിലും, അതിലുപരി ഒരു 'ബിസിനസ്‌ ഐഡിയ'യും  ആയി മാറുന്നത് കണ്ടാകാം ഞാൻ അത്തരം ഒരു വാദത്തിലേക്ക് ഉറച്ചു പോയത്.

ദൈവം  ഉണ്ട്. പക്ഷെ, മതങ്ങൾ പറയുന്നത് പോലെയോ , അമ്പലങ്ങളിലും പള്ളികളിലും  കൊത്തി വെച്ചെക്കുന്നത് പോലെയോ, അന്ധ വിശ്വാസികൾ വിശ്വസിക്കുന്നത് പോലെയോ അല്ല എന്റെ വിശ്വാസത്തിലെ ദൈവം . എന്റെ ദൈവത്തിനു ത്രിശൂലമോ , ചക്രമോ , കുരിശോ ഇല്ല. എന്റെ ദൈവത്തിനു ആചാരങ്ങളോ, അനുഷ്ടാനങ്ങളോ, സംഭാവനകളോ ആവശ്യമില്ല. എന്റെ ദൈവത്തിനു മതമില്ല, മതഗ്രന്ഥങ്ങൾ ഇല്ല , സ്തുതിഗീതങ്ങൾ ഇല്ല , പൂജാരികളോ ആചാര്യന്മാരോ ഇല്ല. എന്നാൽ, എന്റെ ദൈവത്തിനും മതങ്ങളുടെ ദൈവത്തിനും ഒരു പൊതുവായ കാര്യമുണ്ട് : ദൈവം പല രൂപങ്ങളിൽ, ഭാവങ്ങളിൽ ഈ ഭൂമിയിൽ  നിറഞ്ഞു നിൽക്കുന്നു.

സംഗീതം എന്റെ ദൈവമാണ്. ഫുട്ട്ബോൾ എനിക്ക് ദൈവമാണ്. നല്ലൊരു പുസ്തകം എനിക്ക് ദൈവമാണ്. എന്റെ മാതാപിതാക്കൾ എനിക്ക് ദൈവമാണ്. ഈ പ്രകൃതിയിലെ സൗന്ദര്യം എനിക്ക് ദൈവമാണ്. അങ്ങനെ കലയും, കായികവും, ബന്ധങ്ങളും, സൗന്ദര്യവും, സാഹിത്യവും ...ഇതിലെല്ലാമാണ് ഞാൻ എന്റെ ദൈവത്തെ കാണുന്നത്. അല്ലാതെ, അമ്പലങ്ങളിലും മസ്ജിദുകളിലും പള്ളികളിലും അല്ല.

ചിന്ത എപ്പോൾ ആത്മഹത്യ ചെയ്യുന്നോ,അപ്പോൾ വിശ്വാസം ജനിക്കുന്നു. ചിന്തയെ എപ്പോൾ കൊലപാതകം ചെയ്യുന്നോ, അപ്പോൾ അന്ധവിശ്വാസം ജനിക്കുന്നു. എന്റെ വിശ്വാസം ഭൂമിയിൽ ആരും ഇത് വരെ കാണാത്ത, കേൾക്കാത്ത ദൈവങ്ങളിൽ അല്ല, ഞാൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുറച്ചു ദൈവങ്ങളിലാണ്.

ആ രീതിയിൽ, അതേ, ഞാൻ ഒരു ദൈവ വിശ്വാസിയാണ്.

Thursday, January 15, 2015

തേവർ (ഹിന്ദി)

തേവർ (ഹിന്ദി) :

'ഗില്ലി' ഞാൻ കണ്ടിട്ടില്ല. അതിനാൽ തന്നെ ഒരു താരതമ്യം നടത്താൻ എനിക്ക് സാധിക്കില്ല. 'ഗില്ലി'യുടെ ഹിന്ദി പതിപ്പാണ്‌ 'തേവർ' എന്ന് കേട്ടിട്ടാണ് പടത്തിനു പോയത്. 'ഗില്ലി' കണ്ടവരോട് ചോദിച്ചപ്പോ 'ഗില്ലി' ഒരു നല്ല വാണിജ്യ സിനിമയാണെന്നും വിജയ്ക്ക് ബ്രേക്ക്‌ കൊടുത്ത പടമാണെന്നും അറിയാൻ കഴിഞ്ഞു. പിന്നെ, ആകെ ഒരു പേടി അർജുൻ കപൂർ ആണ് നായകൻ എന്നതായിരുന്നു. പക്ഷെ, ബുധനാഴ്ച അല്ലെ, പി.വി.ആർ സിനിമാസിൽ 100  രൂപയ്ക്കു ടിക്കെറ്റും കിട്ടും. എന്നാ കണ്ടേക്കാം എന്ന് വെച്ചു. എന്നാൽ, ചുമ്മാ പോലും തല വെക്കാൻ പാടില്ലാത്ത ഒരു സിനിമയാണ് 'തേവർ'  എന്ന് ഞാൻ അനുഭവിച്ചു മനസ്സിലാക്കി.

ഈ സിനിമ റിലീസ് ചെയ്തപ്പോ അർജുൻ കപൂറിന്റെ പിതാവ് പറഞ്ഞു, തനിക്ക് തന്റെ മകന്റെ കഴിവിൽ വല്ലാത്ത അഭിമാനം തോന്നുന്നു എന്ന്. എന്നാൽ, അത് വെറും പുത്ര സ്നേഹം മാത്രമാണെന്ന് പടം കണ്ടപ്പോ മനസ്സിലായി. വിജയ്‌ എന്ന നടനെ അത്ര കണ്ടു ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ, പക്ഷെ, അർജുൻ കപൂറിന്റെ 'അഭിനയം' കണ്ടപ്പോ എന്തോ വിജയ്നോട് ഒരു ബഹുമാനമൊക്കെ തോന്നിപ്പോയി. 'കലിപ്പ്' തനിക്ക് അത്ര വഴങ്ങില്ല എന്ന് 'ഗുണ്ടേ' എന്ന സിനിമയിലൂടെ ഇദ്ദേഹം തെളിയിച്ചതാണ്. പക്ഷെ, കുറ്റം പറയരുതല്ലോ, കലിപ്പ് ഒഴിച്ചുള്ള രംഗങ്ങളൊക്കെ പുള്ളി അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ട്. നൃത്ത രംഗങ്ങൾ വിജയ്നോട് താരതമ്യം ചെയ്യുന്നത് തന്നെ പാതകമാണ്. സോനാക്ഷി സിൻഹ, പതിവ് പോലെ തന്നെ ...ഒന്നും ചെയ്യാനില്ല. സ്വന്തം ചേട്ടൻ കൊല്ലപ്പെട്ടതിന്റെ രണ്ടാം ദിവസം തന്നെ നല്ല കിടിലൻ ഡാൻസ് ചെയ്യുന്ന സ്നേഹ സമ്പന്നയായ അനുജത്തി.

ഈ സിനിമയിലെ 'ഷോ സ്റ്റീലർ' എന്ന് പറയുന്നത് വില്ലനായ മനോജ്‌ ബാജ്പായ് ആണ്. തന്റെ റോൾ വളരെ ഭംഗിയോടു കൂടി തന്നെ അദ്ദേഹം ചെയ്തു. ഒരു പക്ഷെ, അഭിനയത്തിൽ തന്റെ ഒപ്പം നില്ക്കുന്ന ഒരു നായകൻ ആയിരുന്നേൽ അല്പം കൂടി മികച്ച കോമ്പിനേഷൻ സീനുകൾ കാണാൻ സാധിച്ചേനെ. പാട്ടുകൾ ഒന്നും ഓർമയിൽ നിൽക്കുന്നവയല്ല. പിന്നെ, ക്യാമറയും കളർ ടോണ്‍/ മിക്സിങ്ങ്...രണ്ടും മികച്ചു നിന്നു. പക്ഷെ, ശബ്ദ വിന്യാസം അൽപം താഴ്ന്ന നിലവാരത്തിൽ ആയിരുന്നു. പടം കഴിഞ്ഞപ്പോ ഒരു ചെറിയ തല വേദനയുമായി ആണ് ഞാൻ ഇറങ്ങിയത്‌.

ചുരുക്കത്തിൽ, 'ഗില്ലി' കണ്ടവർ ആരും ഈ സിനിമ കാണണമെന്നില്ല. മറ്റൊരു, നിരാശാജനകമായ റീ-മേയ്ക്ക് ആണ് 'തേവർ'. പിന്നെ, 'ഗില്ലി' കാണാത്തവർ എങ്ങനയെലും 'ഗില്ലി' തന്നെ കാണുന്നതായിരിക്കും നല്ലത്!

വാൽ: മറ്റൊരു അഭിഷേക് ബച്ചനാകാനുള്ള നല്ലൊരു ചാൻസ് അർജുൻ കപൂരിനുണ്ട്. ഗുഡ് ലക്ക് !
പിന്നെ, പടം കണ്ടിട്ട് എന്റെ സുഹൃത്ത്‌ പറഞ്ഞത് ഞാൻ ശെരി വെയ്ക്കുന്നു. 'ഇമ്മാതിരി പടങ്ങളിൽ, വിജയ്‌ പോലെ വരുമാ!"

Sunday, January 11, 2015

ടേക്കൻ 3

ടേക്കൻ 3 :

വൻ വിജയം നേടിയ ഒരു സിനിമയുടെ തുടർ ഭാഗങ്ങൾ അതേ ആവേശത്തോടെ വിജയിപ്പിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. മലയാള സിനിമയിൽ പൊതുവെ അത്തരം ശ്രമങ്ങൾ പാളി പോകാറാണ് പതിവ്. എന്നാൽ ഹോളിവൂട്ഡിൽ ചില സിനിമകളുടെ തുടർഭാഗങ്ങൾ മുൻ പതിപ്പുകളെ പോലെയോ അതിനു മുകളിലോ വിജയം കൈവരിച്ചിട്ടുണ്ട്.  ടെർമിനെറ്റർ 2, മിഷൻ ഇമ്പോസ്സിബിൾ....എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. പക്ഷെ, 'ടേക്കൻ' ആ നിലയിൽ ഒരു നിരാശയാണ് നമുക്ക് സമ്മാനിക്കുന്നത്. ഒന്നാം ഭാഗം കിടിലം, രണ്ടാം ഭാഗം ഓക്കേ-ഓക്കേ, ദാ മൂന്നാം ഭാഗം അതിലും താഴെ !

'ടേക്കൻ' ഒന്നാം ഭാഗത്തിലെ തീമിലും ട്രീറ്റ്‌മെന്റിലും ഒരു പുതുമ ഉണ്ടായിരുന്നെങ്കിൽ( അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിചെങ്കിൽ), മൂന്നാം ഭാഗം എത്തിയപ്പോഴേക്കും ,സിനിമയുടെ പോക്ക് ആർക്കും പ്രവചിക്കാവുന്ന അവസ്ഥയായി. പോരാത്തതിന്, ഒരുപാട് ശരാശരി മലയാളം സിനിമകളിൽ വന്നു പോയ ഒരു തീമും. പക്ഷെ, ഇത്രയും ക്ലിഷേ ആയ ഒരു ത്രെഡ്, ബോറടിപ്പിക്കാതെ കാണിക്കാൻ കഴിഞ്ഞ സംവിധായകനു ഒരു ഷേക്ക്‌ ഹാൻഡ്.

ലിയാം നീസണ്‍ പതിവ് പോലെ തന്നെ. ബാക്കി എല്ലാം പതിവ് ആക്ഷൻ പടങ്ങൾ പോലെ തന്നെ. പ്രത്യേകിച്ച് പറയാനുള്ള ഒരു സീൻ പോലുമില്ല. ആറേഴു മെഷീൻ ഗണ്ണുകളിൽ നിന്നും ചറപറാ ഉണ്ടകൾ വെടി വെച്ചിട്ടും ഒരെണ്ണം പോലും കൊള്ളാത്ത പതിവ് ആക്ഷൻ നായകൻ. മൂന്നാലു സഹായികൾ. പിന്നേം കുറെ ഏറെ ക്ലിഷെകൾ. ചുരുക്കത്തിൽ ചുമ്മാ പോയി കാണാം, അല്ലാതെ ഇതിൽ വിശേഷാൽ ഒന്നുമില്ല.

'it  ends  here ' എന്നാണ് ഈ സിനിമയുടെ ടാഗ് ലൈൻ. പക്ഷെ, ഇനിയും ഒരു തുടർച്ച ഉണ്ടാവും എന്ന ഒരു ക്ലു അവശേഷിപ്പിച്ചാണ് പടം തീരുന്നത്. എന്റെ അഭിപ്രായത്തിൽ ഇതിവിടെ നിർത്തുന്നതാണ് നല്ലത്, വെറുപ്പീരായി തുടങ്ങിയിരിക്കുന്നു. "it  should end here"

വാൽ: ഹോളിവൂട്ഡിൽ നായകൻ വെടി കൊള്ളാതെ ഓടിയാൽ 'ഹോ ഹോ', മമ്മൂട്ടിയോ മോഹൻലാലോ വെടി കൊള്ളാതെ ഓടിയാൽ 'ഭൂലോക കത്തി'. കഷ്ടം തന്നെ! ജയ് മലയാള സിനിമ!

Thursday, January 8, 2015

ഇനി ഞാൻ ഉറങ്ങട്ടെ

ഇനി ഞാൻ ഉറങ്ങട്ടെ :
(പി. കെ. ബാലകൃഷ്ണൻ)

കർണ്ണൻ! ആദ്യം മനസ്സിലോടിയെത്തുന്നത് ഒരു പ്രതിനായക പരിവേഷമാണ്. എന്നാൽ, 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന ഈ കൃതി നമുക്കറിയാത്ത ഒരു കർണ്ണനെ ആണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. അതും കർണ്ണനെ ഏറ്റവും കൂടുതൽ വെറുത്ത ദ്രൗപദിയുടെ  കണ്ണുകളിലൂടെ, ഓർമകളിലൂടെ, ചിന്തകളിലൂടെ. കുരുക്ഷേത്ര യുദ്ധം അവസാനിച്ചു, പാണ്ഡവർ വിജയലഹരിയിൽ നിൽക്കുമ്പോൾ, പാണ്ഡവ മാതാവ് തന്നെ പറയുന്നു, കർണ്ണൻ പാണ്ഡവരുടെ ജ്യേഷ്ഠൻ ആണെന്ന്. ഭ്രാതൃ ഹത്യ ചെയ്തതിൽ മനം നൊന്തു യുധിഷ്ഠിരൻ തകർന്നിരിക്കുമ്പോൾ, ദ്രൗപദിയുടെ മനസ്സിൽ സംഘർഷം സൃഷ്ടിക്കുന്ന ഒരു പിടി ചോദ്യങ്ങളിലൂടെയാണ് നോവൽ കടന്നു പോകുന്നത്. വർഷങ്ങൾക്കു മുന്പ്, കൗരവ മഹാസഭയിൽ തന്നെ ദുശാസനൻ മാനം കെടുത്തിയപ്പോൾ, പരിഹാസത്തോടെ ചിരിച്ച കർണനെ മാത്രം അറിയാവുന്ന ദ്രൗപദി. പെട്ടെന്ന്, ആ കർണൻ പലരുടെയും വിവരണങ്ങളിലൂടെയും മറ്റും മഹാൻ ആയി മാറുന്നത് കേട്ട് നില്ക്കുന്ന ദ്രൗപദി. ആ ദ്രൗപദിയിലൂടെയാണ് നമ്മൾ ഇതിലെ കർണ്ണനെ കാണുന്നത്.

 വാക്ക് പാലിക്കുന്ന കർണ്ണൻ, ദാന ധർമ്മിയായ കർണ്ണൻ, ഉദാരമതിയായ കർണ്ണൻ തുടങ്ങിയ ചിന്തകൾക്ക് ചിറക് മുളക്കുമെന്നതിൽ സംശയം വേണ്ട. കവചകുണ്ഠലങ്ങൾ ഐരാവതവാഹനന്‌, തന്റെ നാശമുറപ്പിച്ച് കൊണ്ട് ചോദിക്കുമ്പോൾപ്പോലും നല്കുന്ന കർണ്ണൻ എന്ന വ്യക്തിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൃതി കഥാപാത്രങ്ങളെ അമാനുഷിക വീരന്മാരെന്നതിനു പകരം മാനുഷികമായി നോക്കിക്കാണുന്നു. എങ്കിൽ തന്നെയും, 'രണ്ടാമൂഴം' അല്പം കൂടി മാനുഷിക പരിവേഷം മഹാഭാരത കഥയ്ക്ക്‌ കൊടുത്തു എന്നാണു എന്റെ അഭിപ്രായം.

ഭാഷ അൽപം കട്ടി കൂടുതാലാണ്, അതിനാൽ തന്നെ നല്ല ക്ഷമയോട് കൂടി വായിക്കേണ്ട ഒരു കൃതിയാണിത്. ധർമ-അധർമങ്ങളുടെ  വിശാലവും ആഴമേറിയതും ആയ ചർച്ചകൾ ആണ് ഈ പുസ്തകത്തിലുടനീളം. പല രംഗങ്ങളും അതി ദീർഘമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ പല രംഗങ്ങളും നമ്മുടെ മുന്നിൽ തന്നെ കാണുന്നത് പോലെ തോന്നും. ഒരു സമ്പൂർണ 'ഫിലോസഫിക്കൽ' മൂടിലാണ് നോവൽ സെറ്റ് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ ഒരു ക്ലാസ്സിക്‌ എന്ന നിലയിൽ വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് 'ഇനി ഞാൻ ഉറങ്ങട്ടെ'. പക്ഷെ, 'അതിസാഹിത്യം' അലർജി ആണെങ്കിൽ ഇത് വായിക്കാൻ ധൈര്യപ്പെടണ്ട. മലയാളത്തിൽ നമ്മളുടെ തലമുറ കേൾക്കാത്ത ഒരുപാട് വാക്കുകളും പ്രയോഗങ്ങളും യഥേഷ്ടം ഈ നോവലിൽ ഉണ്ട്.

വാൽ: വ്യക്തിപരമായി , എനിക്ക് 'രണ്ടാമൂഴം' ആണ് കൂടുതൽ ഇഷ്ടപെട്ടത്. ഭാഷയുടെ ലാളിത്യം ആയിരിക്കാം അതിനു കാരണം.