Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, January 27, 2015

പിക്കറ്റ് 43

പിക്കറ്റ് 43 :

ഒരു വശത്ത് കുറെ പോസിറ്റീവ് നിരൂപണങ്ങൾ....മറുവശത്ത് 'മേജർ രവി' ഫാക്ടർ. 'പിക്കറ്റ് 43' കാണാൻ പോകുമ്പോ ഈ ചിന്തകളായിരുന്നു മനസ്സിൽ. 'കീർത്തിചക്ര' എന്ന സിനിമയ്ക്കു ശേഷം (മിഷൻ 90 ഡേയ്സും എനിക്കിഷ്ടപ്പെട്ടിരുന്നു) മേജർ രവി സിനിമകൾ എല്ലാം തന്നെ 'മേജർ ഡെസ്പ്' പടങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ മേജർ വീണ്ടും ചതിക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.  പിന്നെ,പതിവിനു വിപരീതമായി ഒരു മേജർ രവി സിനിമക്ക് നല്ല റിവ്യുകൾ കാണുകയും , പ്രിത്വിരാജ് എന്ന നടനോടുള്ള വിശ്വാസവും കൊണ്ടങ്ങു പോയി. മോശം പറയരുതല്ലോ, പടം തരക്കേടില്ല.

ദേശസ്നേഹത്തിന്റെ 'ഓവർഡോസ്' ആയിരുന്നു മിക്ക മേജർ രവി പട്ടാള സിനിമകളും. അതിന്റെ അളവ് കുറച്ചു മിതപ്പെടുതിയത് കൊണ്ട്, കാണാൻ ഒരു സുഖം ഉണ്ടായിരുന്നു ഈ സിനിമ. ചിലയിടങ്ങളിലെ അതിനാടകീയതയും, പിന്നെ തേഞ്ഞ ഒരു ഫ്ലാഷ്ബാക്കും ഒഴിവാക്കിയാൽ, മേജർ രവി സാർ, താങ്കളിൽ ഒരു നല്ല സംവിധായകനും മോശമല്ലാത്ത ഒരു എഴുത്തുകാരനുമുണ്ട്. നല്ലൊരു തീം...നല്ല ലൊക്കേഷൻ...നല്ല അഭിനേതാക്കൾ...അങ്ങനെ നല്ല കുറെ കാര്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ സിനിമ. എന്നും കരുതി, 'സൂപ്പർ സിനിമ' ആണോ എന്ന് ചോദിച്ചാൽ... അല്ല. നല്ലൊരു തീം, വാണിജ്യ സിനിമയ്ക്ക് ആവശ്യമായ ചേരുവകൾ ചേർത്തപ്പോൾ , വെറും ഒരു സാധാരണ നിലവാരത്തിലേക്ക് മാറിപ്പോയി. പിക്കറ്റിലെ ഏകാന്തതയും ഭീകരതയും മറ്റും അല്പം കൂടി ഫോക്കസ് ചെയ്തിരുന്നേൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു. പാകിസ്ഥാനിലെ ആഭ്യന്തര അവസ്ഥയും , താലിബാനും , മുസല്മാനും മറ്റു വിഷയങ്ങളും ഒക്കെ നന്നായി തന്നെ കഥയിലേക്ക് തുന്നി ചേര്ക്കാൻ മേജർ രവിക്ക് സാധിച്ചു.

ജോമോൻ ടി ജോണിന്റെ ക്യാമറ വളരെ മികച്ചു നിന്നു. പാട്ടുകൾ അരോചകം. പശ്ചാത്തല സംഗീതം നന്നായി. പ്രിത്വി കലക്കി. ആദ്യം ഈ റോളിനു വേണ്ടി മോഹൻലാലിനെയാണ് മേജർ രവി സമീപിച്ചതെന്ന് കേട്ടു, എന്തിനാണോ എന്തോ! (പിന്നെ, മോഹൻലാൽ തന്നെ ആണ് പ്രിത്വിയെ സജ്ജെസ്റ്റ് ചെയ്തതെന്ന് കേട്ടു...നന്നായി!).
അഭിനയിക്കാൻ അറിയാത്ത ഒരു നായിക ( മലയാളി അല്ലെന്നു തോന്നുന്നു). രണ്‍ജി പണിക്കർ നല്ലൊരു 'ബോംബ്ലാസ്ടിക്' പ്രകടനം തന്നെ കാഴ്ച വെച്ചു.

മേജർ രവിയുടെ കയ്യില നിന്നും ഇങ്ങനെ ഒരു സിനിമ കിട്ടിയപ്പോൾ ഉണ്ടായ ഒരു അത്ഭുദത്തിൽ നിന്നാവാം കുറെ നല്ല റിവ്യുസ് വന്നത്. പക്ഷെ, അമിത പ്രതീക്ഷയുമായി പോയാൽ , ഒരു പക്ഷെ നിരാശപ്പെടേണ്ടി വരും. ഒരു പ്രതീക്ഷയുമില്ലാതെ പോയാൽ, ഒരു 'ഫീൽ ഗുഡ്' മൂവി കാണാം.

വാൽ: ഇത്രയും മനോഹരമായ ഒരു പ്രദേശത്താണല്ലോ ഇത്രയും രക്തചൊരിച്ചിൽ നടക്കുന്നത്! വളരെ വേഗം അവിടെ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.

No comments:

Post a Comment